26 April Friday

ഖനിയിലെ മാലാഖമാർ

നൈതിക നൈനUpdated: Sunday Jul 18, 2021


കുപ്പായം നിറയെ കരിയും പടർന്ന് അന്നും ആ കുഞ്ഞുങ്ങൾ തളർന്നിരുന്നു. അന്നവൻ അനിയത്തിയോട് പറഞ്ഞു. "ഈ കരിയെല്ലാം മായുന്ന ഒരു ദിനം വരും. ഞാൻ ഫുട്ബോൾ കളിക്കും’റൊസാരിയോ തെരുവിലെ കുഞ്ഞുവീട്ടിലെ ചുവരിൽ പടർന്ന കറുത്ത പൊടി നോക്കി പിന്നെയുമവൾ സങ്കടപ്പെടും. അതിനിടയിലും അവൻ തുകൽ പന്ത് തട്ടാൻ പോയി. തിരിച്ചെത്തുമ്പോൾ അവൻ കുഞ്ഞനിയത്തിയെ തേടും. ചേച്ചിക്കൊപ്പം അവൾ കൽക്കരി ഖനനത്തിലാകും. അവന്റെ ബൂട്ടുകളിൽ  ഒളിഞ്ഞിരിക്കുന്ന സ്വർണഖനി അവർ കിനാവ് കണ്ടു. അർജന്റീനയിലെ എല്ലാ കുഞ്ഞുങ്ങളെയും പോലെ ആകാശനീല കുപ്പായത്തിൽ അവൻ പന്ത് തട്ടുന്നത് ഒരു ഖനി തൊഴിലാളിയുടെ മൂന്ന് മക്കളും ഒരുപോലെ സ്വപ്‌നം കണ്ടു. ആ സ്വപ്‌നം നെയ്യാൻ അവർക്കുണ്ടായിരുന്നത് കരിപുരണ്ട കുഞ്ഞുമുറി മാത്രം. കുഞ്ഞുനാൾമുതൽ അവർ കൽക്കരി ഖനിയിൽ പണിയെടുത്തു.

ഡയാന ഹെർണാണ്ടസ്‌

ഡയാന ഹെർണാണ്ടസ്‌

അവനു പിന്നെയും ഫുട്ബോൾ കളിക്കണമായിരുന്നു. എന്നാൽ, അവന്റെ ബൂട്ടുകൾ തകർന്നു. പിന്നെ ബൂട്ടില്ലാതെ കളി മുടങ്ങി. ദാരിദ്ര്യം പുകഞ്ഞ വീട്ടിലിരുന്നു അച്ഛൻ ആലോചിച്ചു. അവനു ബൂട്ട് വാങ്ങിയാൽ ആ സഹോദരിമാർക്ക് ചെരിപ്പ് വാങ്ങാൻ പണം തികയില്ല. അവനു വേണ്ടി ആ സഹോദരിമാർ ചെരിപ്പിടാതെ സ്‌കൂളിൽ പോയി. ആ സഹനത്തിന് വിലയുണ്ടായി. ആ ബൂട്ടുകളാണ് ബ്രസീലിന്റെ ഹൃദയം പിളർന്നത്.

പ്രിയപ്പെട്ട എവിലിൻ, പ്രിയപ്പെട്ട വനേസാ, ഇതാ നിങ്ങളുടെ മാലാഖ 24 വർഷത്തിനുശേഷം അർജന്റീനയുടെ മണ്ണിലേക്ക് ഒരു രാജ്യാന്തര കിരീടം കൊണ്ടുവരുന്നു. ഇതാ നിങ്ങളുടെ മാലാഖ ഹീറോയാകുന്നു. കോപ അമേരിക്ക സ്വപ്‍ന ഫൈനലിൽ അർജന്റീനയ്‌ക്ക്‌ കിരീടം നൽകിയത് എയ്ഞ്ചൽ ഡി മരിയയുടെ മിന്നും ഗോളാണ്. ഒളിമ്പിക്‌സ്‌ ഫൈനലിലും ഡി മരിയയുടെ ഗോളിനാണ് അർജന്റീന ജേതാക്കളായത്.

ആ മിന്നും ബൂട്ടിനു നന്ദി പറയേണ്ടത് ചെരിപ്പിടാതെ നടന്ന രണ്ടു പെൺകുട്ടികളോടാണ്, അതിനുമുമ്പ്‌ വാഹനാപകടത്തിൽ അവനെ രക്ഷിച്ച അമ്മ ഡയാന ഹെർണാണ്ടസിനോടാണ്. ഈ മൂന്ന് സ്‌ത്രീകൾ ഇല്ലെങ്കിൽ എയ്ഞ്ചൽ ഡി മരിയ എന്ന ഫുട്ബോൾ താരം ഉണ്ടാകില്ല. എത്രയോ അഭിമുഖങ്ങളിൽ അവരുടെ സഹനത്തെക്കുറിച്ച് ഡി മരിയ പിന്നെയും പിന്നെയും പറഞ്ഞു.ഒരു ഫുട്ബോൾ താരം ആകില്ലെങ്കിൽ ആരാകുമായിരുന്നു, ഡി മരിയ പറയും "സംശയമെന്ത്, ഞാൻ ഒരു ഖനി തൊഴിലാളിയായി ജീവിക്കുന്നുണ്ടാകും’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top