20 April Saturday

അതെ അവള്‍ക്കൊപ്പം തന്നെ; പ്രതിരോധം തീര്‍ത്തവള്‍ക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

അവള്‍ക്കൊപ്പം കേരളം നിന്നു. സര്‍ക്കാരും സമൂഹവും സഹോദരിമാരും.
അവളോടൊപ്പം നിന്നവര്‍, അവള്‍ക്കായി പ്രാര്‍ഥിച്ചവര്‍, അവളെ പിന്തുണച്ചവര്‍...
അസാധ്യമെന്ന് കരുതിയ ഒരു അറസ്റ്റിനുവരെ അത് വഴിവച്ചു.
ഇനിയൊരാള്‍ക്കും ഈ അനുഭവമുണ്ടാകരുതെന്ന വികാരമുണ്ടായി.
അവള്‍ ഇന്ന് ഇരയല്ല, അതിജീവിച്ചവളാണ്. മുറിവേറ്റ, മുറിവേല്‍ക്കപ്പെട്ടേക്കാവുന്ന
അവളുടെ നിരവധി സഹോദരിമാര്‍ക്കായി പ്രതിരോധംതീര്‍ത്തവള്‍. 

നീ തന്നെ നിന്റെ കാവല്‍ക്കാരി: സുഗതകുമാരി

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കാലാകാലങ്ങളായി വര്‍ധിച്ചുവരുന്നത് ആശങ്കയുണര്‍ത്തുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട സമൂഹമായി മാറുന്നു നാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരായ എന്റെ ആജീവനാന്തപോരാട്ടം പാഴായോ എന്നുപോലും ഞാന്‍ സംശയിക്കുന്നു.

മദ്യപിച്ച് സ്ത്രീകളെ മര്‍ദിക്കുന്ന ഭര്‍ത്താക്കന്മാര്‍ അന്നും ഇന്നുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങളോടും ക്രൂരതതുടരുന്നു. ഒറ്റവഴിയേയുള്ള അതിക്രമങ്ങളെ, ചൂഷണങ്ങളെ, വിവേചനങ്ങളെ പെണ്‍വര്‍ഗം ധൈര്യപൂര്‍വം തിരിഞ്ഞുനിന്ന് ചോദ്യംചെയ്യുക. അത്രമാത്രം.

 

ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീയുടെ ഭയം: ഭാഗ്യലക്ഷ്മി

 സമൂഹത്തിലുള്ള കാര്യങ്ങള്‍ മാത്രമാണ് ചലച്ചിത്രമേഖലയിലുള്ളത്. അതിനാല്‍തന്നെ സമൂഹത്തില്‍ മാറ്റമുണ്ടായാലേ സിനിമയിലും മാറ്റമുണ്ടാകൂ. സ്ത്രീകള്‍ക്ക് മാന്യതയും അന്തസും കല്‍പിച്ചുനല്‍കേണ്ടത് പുരുഷന്മാരാണ്. അത് കുടുംബങ്ങളില്‍നിന്നുതന്നെ തുടങ്ങണം. വീടുകളിലായാലും പൊതുസ്ഥലങ്ങളിലായാലും തൊഴിലിടങ്ങളിലായാലും ചൂഷണത്തെ പ്രതിരോധിക്കാന്‍ സ്ത്രീ ഭയപ്പെടുന്നു. കുടുംബത്തിലെ പീഡനങ്ങള്‍ സഹിക്കുന്നത് കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും പുറന്തള്ളപ്പെടും എന്ന ഭയംകൊണ്ടാണ്. തൊഴിലിടങ്ങളിലെ ചൂഷണംസഹിക്കുന്നത് തൊഴില്‍ നഷ്ടപ്പെടും എന്ന ഭയംകൊണ്ടാണ്. തൊഴിലിലും സമൂഹത്തിലെ സ്ഥാനത്തിലും വലുതാണ് അഭിമാനം എന്ന് ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീയാണ്. സ്ത്രീ അവളുടെ ആത്മാഭിമാനം കണ്ടെത്തണം. സ്ത്രീകള്‍ തന്നെ സ്ത്രീകളുടെ ശത്രു എനന വിമര്‍ശനത്തില്‍ കഴമ്പില്ലാതില്ല. സ്ത്രീകളുടെ വിമര്‍ശകനും ശത്രുക്കളും ഒരു പരിധിവരെ സ്ത്രീകളാണ്.

തെറ്റുകള്‍ തിരുത്തപ്പെടാന്‍ സാമൂഹികമായ വിമര്‍ശനം ആവശ്യമാണ്. വികലമായ പ്രതികരണങ്ങളും മൌനവുമാണ് മലയാളിസമൂഹത്തിന്റെ മുഖമുദ്ര. അതുമാറി ക്രിയാത്മകമായ പ്രതികരണങ്ങളുണ്ടാവണം. എങ്കിലേ സമൂഹം മാറൂ. സ്ത്രീകളെ ആദരിക്കുന്ന പുരുഷന്മാര്‍ ന്യൂനപക്ഷമാണ്. പുരുഷന്മാര്‍ ഒന്നടങ്കം 'എന്റെ സ്ത്രീയുടെ സ്ഥാനം എനിക്കൊപ്പം' എന്നു പറയുമ്പോഴേ സ്ത്രീപുരുഷസമത്വം സാധ്യമാകൂ. അതിന് പുരുഷന്മാര്‍ അധികാരമനോഭാവം വെടിയണം.

നടിയെ ആക്രമിച്ച സംഭവത്തില്‍ അവളെ അപമാനിക്കാനുള്ള ശ്രമം തുടക്കത്തില്‍ സഹപ്രവര്‍ത്തകരില്‍നിന്നുപോലുമുണ്ടായി. പ്രമുഖ നടന്മാരടക്കം അന്നുതന്നെ 'ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്' എന്ന് പറയേണ്ടിയിരുന്നു. അവരുടെ പിന്തുണ അല്‍പം വൈകിയായിപ്പോയി എന്നുപറയാതെ വയ്യ. സമൂഹത്തിലില്ലാത്ത ചൂഷണമൊന്നും സിനിമയിലില്ല. കാസ്റ്റിങ്ങ് കൌച്ച് പോലുള്ള കാര്യങ്ങളുണ്ട് എന്നുപറയുന്നവര്‍ ആരില്‍നിന്ന് ആ അനുഭവമുണ്ടായി എന്ന് തുറന്നുപറയണം. അല്ലെങ്കില്‍ മേഖലയാകെ അപമാനിതമാകും. സിനിമയില്‍ സ്ത്രീകള്‍ ഒതുക്കപ്പെടുന്നു എന്ന വിമര്‍ശനം ശരിയല്ല. സാമൂഹികവും ശാരീരികവുമായ പരിമിതികള്‍ അവിടെയുമുണ്ട് എന്നുമാത്രം. 

ലിംഗസമത്വം അവശ്യം: ശ്രീബാല കെ മേനോന്‍

ചലച്ചിത്രമേഖലയിലും ലിംഗസമത്വം ഉണ്ടാകണം. മറ്റു തൊഴിലിടങ്ങളില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷത്തില്‍ സ്ത്രീകള്‍ക്ക് ഈ രംഗത്ത് സുരക്ഷ ഉറപ്പാക്കണം. ട്രേഡ്യൂണിയന്‍ സംഘടന എന്ന നിലയില്‍ ഫെഫ്കയും താരങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമ്മയും പ്രവര്‍ത്തിക്കുമ്പോള്‍ സ്ത്രീകളുടെ ഒരു കൂട്ടായ്മ ഉറപ്പാക്കുക എന്നതാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ ലക്ഷ്യം. ജോലിസ്ഥലം നിര്‍വചിക്കുക എന്നത് ഇവിടെ പ്രധാനമാണ്. ജോലിക്കുവരുമ്പോള്‍ സ്വയം സുരക്ഷ ഉറപ്പാക്കാന്‍ വനിതാതാരങ്ങള്‍ ബാധ്യസ്ഥരാകുന്നു. ഷൂട്ടിങ് സമയത്ത് വസ്ത്രംമാറുന്നതിനും ടോയ്ലറ്റ് സൌകര്യങ്ങളും ഇവര്‍ക്ക് ഉറപ്പാക്കണം. ഒളിക്യാമറകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും ഇവിടെയുണ്ട്.

നടിക്കുനേരെ അതിക്രമങ്ങളുണ്ടായ സംഭവത്തില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് നടി ആയിരുന്നോ? സംഭവം നടന്നശേഷം 'അമ്മ'യുടെ പ്രതികരണമുണ്ടായത്- നടിമാര്‍ ഒറ്റയ്ക്ക് പോകാന്‍ പാടില്ല എന്നാണ്. പിറ്റേദിവസം കൊച്ചിയില്‍ പ്രൊമോ ഷൂട്ട് നടക്കാനിരിക്കേ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു നടി. ഇതിനിടെയാണ് അവര്‍ ആക്രമിക്കപ്പെട്ടത്. നടിക്കുണ്ടായ അനുഭവങ്ങളാണ് ഒരു വനിതാകൂട്ടായ്മ എന്ന ആശയത്തിലേക്ക് തങ്ങളെ നയിച്ചത്. ഇപ്പോള്‍ 21 പേരാണ് ഡബ്ള്യുസിസിയില്‍ ഉള്ളത്. രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള പ്രാരംഭനടപടികള്‍ നടന്നുവരികയാണ്. ഇതിനുശേഷം സമാനമനസ്കരായ വനിതകളെ ഉള്‍പ്പെടുത്തി സംഘടന വിപുലീകരിക്കും. സംഘടന സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമീഷനെ നിയോഗിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഇതാദ്യമായാണ് ഒരു ഗവണ്‍മെന്റ് ചലച്ചിത്രമേഖലയിലെ വനിതകളുടെ പരാതികള്‍കേള്‍ക്കാന്‍ തയ്യാറാകുന്നത്.

സിനിമാരംഗത്ത് എത്തുന്ന സ്ത്രീകളെക്കുറിച്ച് എന്തൊക്കെ ഗോസിപ്പുകളാണ് ഇറങ്ങുന്നത്? കഴിവും താല്‍പര്യവുമുള്ള പലരും ഈ രംഗത്തേക്ക് വരാന്‍ മടിച്ചുനില്‍ക്കുകയാണ്. അവര്‍ക്കും കടന്നുവരാന്‍ പറ്റുന്ന മേഖലയാണിതെന്ന് കാണിച്ചുകൊടുക്കാനും അവര്‍ക്കും അവസരംനല്‍കാനുമാണ് വിമന്‍ ഇന്‍ കലക്ടീവിന്റെ ശ്രമം.
സമൂഹത്തില്‍, ഇപ്പോള്‍ സിനിമാ മേഖലയിലും സംഭവിച്ച ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് വ്യാപകമായ പ്രതികരണങ്ങളുണ്ടാവുമ്പോഴും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ എങ്ങും നടക്കുന്നില്ല. സിനിമയുടെ ഭാഗമായി നില്‍ക്കുന്ന ഫെഫ്ക, മാക്ട, അമ്മ തുടങ്ങിയ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുണ്ട്. എന്നാല്‍ താരങ്ങളോടൊപ്പം എത്തുന്ന സഹായികള്‍ ആരെല്ലാമാണെന്നോ അവരുടെ പശ്ചാത്തലങ്ങളോ പലപ്പോഴും അറിയില്ല. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആള്‍ പോലും ഇവര്‍ക്കിടയില്‍പെട്ടതായാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. സിനിമാ നിര്‍മാതാക്കള്‍ എപ്പോഴും ചെലവുകുറഞ്ഞ രീതിയില്‍ സിനിമ എടുക്കാനാണ് ശ്രമിക്കുന്നത്. അംഗീകൃത സംഘടനകളില്‍പെട്ടവര്‍ക്ക് കൃത്യമായ വേതനവ്യവസ്ഥകളുണ്ട്. ഇതില്‍ ഉള്‍പ്പെടാത്തവരെ ഉപയോഗിച്ചാല്‍ ചെലവുകുറയും എന്ന കാരണത്താല്‍ നിര്‍മാതാക്കള്‍ സാങ്കേതികരംഗത്തുള്‍പ്പെടെ മറ്റു പലരെയും ഉപയോഗിക്കും. ഇവരുടെ കൃത്യമായ ഐഡന്റിറ്റി അറിയാതെയാണ് ഉള്‍പ്പെടുത്തുന്നത്. ലാഭം ലക്ഷ്യമാകുമ്പോള്‍ ക്രിമിനല്‍വല്‍ക്കരണത്തിന് സാധ്യതയേറുകയാണ്. 

സംഘടിതശ്രമം വേണം: ഷീന ജി സോമന്‍

സംഘടിതശ്രമത്തിലൂടെ മാത്രമേ സ്ത്രീപുരുഷ വിവേചനം എന്ന അനാചാരത്തിന് മാറ്റമുണ്ടാകൂ. അയിത്തം അടക്കമുള്ള അനാചാരങ്ങള്‍ പിന്തള്ളപ്പെട്ടത് ഇങ്ങനെയാണെന്ന് ഓര്‍ക്കുക. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ എളുപ്പത്തില്‍ അടിച്ചമര്‍ത്തപ്പെടും. അക്രമസംഭവങ്ങളുണ്ടാകുമ്പോഴുള്ള വൈകാരിക പ്രതികരണങ്ങള്‍ക്ക് അപ്പുറത്തേക്ക് കൂട്ടായ ശ്രമങ്ങളുണ്ടാകണം. പൊടുന്നനെയുള്ള വൈകാരിക പ്രതികരണം, പിന്നെ നിസ്സംഗത എന്ന നിലയില്‍നിന്ന് സാമൂഹിക പ്രസ്ഥാനമായി സ്ത്രീസമത്വം മാറണം. പാശ്ചാത്യ രാജ്യങ്ങളില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നതും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയതും ദീര്‍ഘകാലം കൊണ്ടാണ്. അത് ഒരു തുടര്‍പ്രക്രിയയാണ്.

എല്ലാ തൊഴിലിടങ്ങളിലും സുരക്ഷിതത്വത്തിന്റെ അന്തരീക്ഷം ഉണ്ടാകണം. ആശുപത്രികളിലും ഐടി മേഖലയിലും സുരക്ഷിതത്വ അന്തരീക്ഷമുള്ളതിനാലാണ് സ്ത്രീകള്‍ പണിയെടുക്കുന്നത്. ചലച്ചിത്രമേഖലയിലും അതുണ്ടാവണം. ലിംഗസമത്വം എന്ന അവബോധം ക്ളാസ്മുറികളില്‍ നിന്നുതന്നെ തുടങ്ങണം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും സഹപാഠികള്‍ എന്ന അവബോധം ഓരോ കുട്ടിക്കുമുണ്ടാകണം. അതിന് ചേരുംവിധം പാഠ്യപദ്ധതിയും അധ്യാപനവും പരിഷ്കരിക്കപ്പെടണം. മാറ്റങ്ങള്‍  വ്യക്തിതലത്തില്‍നിന്ന് തുടങ്ങണം. (ക്‌ളിനിക്കല്‍ സൈക്യാട്രിസ്റ്റ് മാനസികാരോഗ്യകേന്ദ്രം തിരുവനന്തപുരം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top