20 April Saturday

ആള് പോലീസാ ; ലക്ഷ്യം 18000 അടി

റഷീദ‌് ആനപ്പുറംUpdated: Sunday Nov 17, 2019


അഞ്ജനയുടെ മനസ്സ്‌ കുതിക്കുകയാണ്‌, ഉയരങ്ങളിലേക്ക്‌. ഒരുനാൾ  ഹിമാലയത്തിന്റെ ആ മുകൾതട്ടിലൊന്ന്‌ ചുംബിക്കണം. അതിനായി   ആകാശത്തോളം കുതിക്കുകയാണ്‌  ഈ കടത്തനാട്ടുകാരിയുടെ മനസ്സ്‌.  അതെ, കാടും മേടും താണ്ടി, പക്ഷികളുടെയും പൂമ്പാറ്റകളുടെയും കൂട്ടുകാരിയായ ഈ പ്രകൃതി സ്‌നേഹിക്ക്‌ പർവതാരോഹണം ഹരമാണ്‌.  ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തിയിൽ ആകാശം ‘തൊട്ടു’ നിൽക്കുന്ന കാബ്‌റു ഡോം പർവതത്തിന്റെ  17,500 അടി ഉയരം കീഴടക്കിക്കഴിഞ്ഞു  കോഴിക്കോട്‌ കീഴ്‌പയ്യൂർ സ്വദേശി അഞ്ജന.

ജോലി പൊലീസിലാണ്‌. കേരളത്തിലെ  ആദ്യ വനിതാ കമാണ്ടോ സംഘത്തിൽ അംഗം. സാഹസികതയോടുള്ള പ്രണയമാണ്‌ ഏറെ ബുദ്ധിമുട്ടുള്ള കമാണ്ടോ ടീമിൽ എത്താൻ അഞ്ജനക്ക്‌   ധൈര്യം പകർന്നത്‌.   മലപ്പുറം അരീക്കോട്‌ പൊലീസ്‌ ക്യാമ്പിലുള്ള ഇവർ അടുത്ത പർവതാരോഹണത്തിന്‌ ഒരുക്കത്തിലാണ്‌. ആത്മവിശ്വാസം, നിശ്‌ചയ ദാർഢ്യം, ചങ്കൂറ്റം. ഇത്‌ മൂന്നുമാണ്‌ അഞ്ജനയുടെ കൈമുതൽ. വനിതാ പൊലീസിലെ ഏക പർവതാരോഹക കൂടിയാണ്‌ ഇവർ.

കോളേജ്‌ പഠനകാലത്ത്‌  വനയാത്രകൾ ഏറെ നടത്തിയിട്ടുണ്ട്‌ ഇവർ. പരിസ്ഥിതി സംഘടനകളും വനം വകുപ്പും നടത്തിയ സർവെകളിൽ പക്ഷി, പൂമ്പാറ്റ സർവെകളിലും പങ്കെടുത്തിട്ടുണ്ട്‌. തുടർന്ന്‌ ട്രക്കിങും മൗണ്ടൻറൈഡിംഗും  മനസ്സിൽ കൂടുകൂട്ടി.  ഈ മോഹം  ദേവികുളത്തെ നാഷണൽ അഡ്വൈഞ്ചർ അക്കാദമിയിൽ എത്തിച്ചു.  മൗണ്ടൻറൈഡിങും മൗണ്ടൻ സൈക്ലിങും അവിടെനിന്ന്‌  ശാസ്‌ത്രീയമായി  പഠിച്ചു. അതിനിടെയാണ്‌   ഡാർജിലിങിലെ നാഷണൽ ഹിമാലയൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മൗണ്ടനീയറിങിനെക്കുറിച്ച്‌ കേട്ടത്‌. തുടർന്ന്‌ യാത്ര അവിടേക്ക്‌. ആദ്യം ബേസിക്‌ കോഴ്‌സ്‌. തുടർന്ന്‌   മെയിൻ കോഴ്‌സ്‌. മെയിൻകോഴ്‌സിൽ പങ്കെടുത്ത 54 പേരിൽ ഏക മലയാളി വനിത.  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെിന്റെ അംഗീകാരത്തോടെയാണ്‌ നാഷണൽ ഹിമാലയൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മൗണ്ടനീയറിങ്‌ പ്രവർത്തിക്കുന്നത്‌.

പട്ടാളത്തിലുള്ളവരാണ്‌ പരിശീലകർ.  പരിശീലനം  വിജയകരമായി പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും ബാഡ്‌ജും ലഭിക്കും.  നല്ല, ദൃഢമായ മനസ്സും സാഹസികതയിൽ  താൽപര്യവുമുണ്ടെങ്കിൽ ആർക്കും ഈ പരിശീലനം നേടാം. പലപ്പോഴും കടുത്ത മഞ്ഞുവീഴ്‌ചയിലാകും പരിശീലനം.  

ബേസിക്‌ പരിശീലനത്തിന്റെ ഭാഗമായി വെസ്‌റ്റ്‌ സിക്കിമിലെ  റൈണോക്‌ കൊടുമുടിയാണ്‌ ആദ്യം കയറിയത്‌. 1650 മീറ്റർ ഉയരുമുണ്ട്‌ ഇതിന്‌.   മെയിൻ കോഴ്‌സിന്റെ ഭാഗമായി റോക്ക്‌ ക്ലിംബിംഗ്‌, തിയറി , എക്‌സ്‌പഡിറ്റേഷൻ പ്ലാനിങ്‌ തുടങ്ങിയക്കുശേഷം 8000 അടി ഇയരമുള്ള  ടൈഗർ ഹില്ലിൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രക്കിംഗ്‌ നടത്തി. തുടർന്ന്‌  14,200 അടി ഉയരമുള്ള ഡിസോംഗ്‌റി മല, 14,500 അടി ഉയരമുള്ള ചൗരികാംഗ്‌ മല എന്നിവയിലേക്ക്‌ മൗണ്ടനീയറിംഗ്‌ നടത്തി. ഒരാഴ്‌ചത്തെ പരിശീലനത്തിന്‌ ശേഷമാണ്‌ 17500 അടി ഉയരമുള്ള കാബ്‌റു ഡോം നോർത്ത്‌ കാമ്പ്‌ ഒന്നിൽ എത്തിയത്‌.  ഇതിന്റെ ഭാഗമായി ഐസ്‌ ക്ലിംബിംഗ്‌,  സ്‌നോ ക്ലിംബിംഗ്‌ തുടങ്ങിയവ പരിശീലിപ്പിച്ചു. രണ്ട്‌ ദിവസം കയറിയാൽ ബേസ്‌ കാമ്പിലെത്തും.  അവിടെ അടുത്ത പരിശീലനം. തുടർന്ന്‌ വീണ്ടും അടുത്ത ഉയരംതേടി യാത്ര.  18000 അടി ഉയരമായിരുന്നു ലക്ഷ്യമെങ്കിലും നല്ല മഞ്ഞുവീഴ്‌ചയായതിനാൽ 17500  അടിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നുവെന്ന്‌ അഞ്ജന പറഞ്ഞു. 

പൊലീസ്‌ ജോലിക്കിടെ പഠനവും തുടരുകകയാണ്‌  അജ്ഞന. പരിസ്ഥിതിയോടുള്ള ഇഷ്‌ടം കാരണം എംഎസ്‌സി എൻവയോർമെന്റൽ സ്‌റ്റഡീസിൽ  ബിരുദാനന്തര ബിരദമെടുത്തു. ഇതേ വിഷയത്തിൽ ഗവേഷക വിദ്യാർഥിയുമാണ്‌.   പൊലീസ്‌ ഉദ്യോഗസ്ഥരുടെ എല്ലാ സഹായവും പ്രോൽസാഹനവും ലഭിക്കുന്നതായി ഇവർ പറഞ്ഞു.  മേപ്പയൂർ വാഴക്കാങ്കിയിൽ  വി സി രാധാകൃഷ്‌നാണ്‌ അഛൻ. അമ്മ എൻ കെ രമ.  സഹോദരൻ ആർ അജിൻ ഇന്ത്യൻ ആർമിയിൽ പാരാ കമാണ്ടോയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top