26 April Friday

അറയ്ക്കൽ റാണി - രാജപാരമ്പര്യത്തിലെ ചരിത്രപ്പെരുമ

സതീഷ്ഗോപിUpdated: Tuesday Jul 17, 2018

 കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലിൽ ജൂലൈ ആദ്യവാരം അത്യപൂർവമായ ഒരു ചടങ്ങ് നടന്നു. അറയ്ക്കലിന്റെ 38ാമത് റാണിയായി എൺപത്താറുകാരിയായ ഫാത്തിമ മുത്തുബീബി അധികാരമേറ്റു. ആദിരാജ സൈനബ മുത്തുബീബിയുടെ നിര്യാണത്തെ തുടർന്നാണ് പെൺകോയ്മയുടെ സുവർണചരിതം ഈടുവെപ്പായ രാജവംശത്തിൽ സ്ഥാനാരോഹണം നടന്നത്. അധികാരത്തിന്റെ ചിഹ്നമായ വെള്ളിവിളക്കും വാളും പരിചയും ബീബിക്ക് കൈമാറിയാണ് സ്ഥാനാരോഹണം. മുത്തുക്കുടയേന്തി പച്ചപ്പട്ട് ധരിച്ച അംഗരക്ഷകന്മാരാണ് ബീബിയെ സിംഹാസനത്തിലേക്ക് നയിച്ചത്. ആദിരാജ മുഹമ്മദ് റാഫി അധ്യക്ഷനാകുകയും സുൽത്താന്റെ ചെറുമകൾ നികിത മുംതാസ് രാജവിളംബരം വായിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ കാലത്തും ചരിത്രപ്പെരുമയുടെ തുകിലുണർത്തലായ സ്ഥാനാരോഹണം രാജപാരമ്പര്യത്തിലെ പെൺമയുടെ പദവി ഊട്ടിയുറപ്പിക്കുന്നതുമായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വായിക്കുകയും സർക്കാർ പ്രതിനിധിയായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുക്കുകയും ചെയ്ത ചടങ്ങ് ഗതകാലപ്രൗഢിയുടെയും സ്ത്രീപദവിയുടെയും വിളംബരമായി. കൃത്യമായി പാലിക്കുന്ന ചിട്ടകളുടെ ആരൂഡം കൂടിയാണ് അറയ്ക്കൽ. അറയ്ക്കൽ സ്വരൂപത്തിന് പുറത്ത്  കേയികുടുംബവുമായേ വിവാഹ ബന്ധത്തിന് അനുമതിയുള്ളു. മരുമക്കത്തായമാണ് മറ്റൊന്ന്.  അറയ്ക്കൽ രാജാക്കൻമാരിൽ മൂന്നിലൊരാൾ എന്ന  നിലയിൽ ബീവിമാരുടെ ഭരണം അരങ്ങേറിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഏതാണ്ട് പതിനേഴാം നൂറ്റാണ്ടിന്റെ മുക്കാൽ കാലംവരെയും ഭരിച്ച 19 രാജാക്കൻമാരും പുരുഷൻമാരായിരുന്നു. പോർച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും അറയ്ക്കലിനെ നോട്ടമിട്ട കാലത്ത് ഭരണനിർവഹണം ബീവിമാരായിരുന്നു.  പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ഡച്ചുകാരോടും പോർച്ചുഗീസുകാരോടുമായി ചെറുത്ത്നിൽപ്പ് നടത്തി നീണ്ട നാല് പതിറ്റാണ്ടോളം അറയ്ക്കലിന്റെ  ചെങ്കോലേന്തിയത് ജുനൂമ്മബിയാണ്.

1728ൽ അധികാരമേറ്റ ആദ്യത്തെ അറയ്ക്കൽ ബീവി (ഹറാബിച്ചി കടവൂബി ആദിരാജബീവി (1728‐ 1732) സാമ്രാജ്യത്വക്കഴുകന്മാരുമായി പടവെട്ടി. ഗത്യന്തരമില്ലാതെ ഇംഗ്ലീഷുകാരുമായി കരാറിലൊപ്പിട്ടു. നിരന്തരമായ  നിയമയുദ്ധത്തിന്റെയും കരാർ ലംഘനങ്ങളുടെയും ഒടുവിൽ ലക്ഷദ്വീപിന്റെ അധികാരം ഇംഗ്ലീഷുകാർ കൊണ്ടുപോയി. 1793ൽ കണ്ണൂർകോട്ട വളഞ്ഞ് അറയ്ക്കൽ സൈന്യത്തെ വേട്ടയാടിയപ്പോൾ അന്നത്തെ 23ാം ഭരണാധികാരിയായ  ജുനൂമ്മാബി കോട്ടയിൽ  തടവിലാക്കപ്പെട്ടു. മക്കയിലേക്കുള്ള യാത്രക്കിടെ കടൽ യുദ്ധക്കാർ ബീവിയുടെ മകനെ വധിച്ചു. പോർച്ചുഗീസ് അടിമത്തത്തിൽ നിന്ന് മുസ്ലിംകളെ രക്ഷിക്കാൻ അന്ന് ബീവി സുൽത്താൽ അലി ആദിൽഷായോട് അപേക്ഷിച്ചു. സുൽത്താൻ ഇതനുസരിച്ച് ഗോവ വരെ വന്ന് പോർച്ചുഗീസുകാരെ നേരിട്ടു. അറയ്ക്കൽ ബീവിമാരിൽ പലരും ദ്വിഭാഷാ നിപുണരായിരുന്നുവെന്ന് ചരിത്രരേഖകളിൽ കാണാം. ചില  ബീവിമാർ ഹിന്ദുസ്ഥാനിയും പേർഷ്യനും പഠിച്ചവരായിരുന്നു. 1780 കളിലെ കണ്ണൂർ അക്രമിച്ച മേജർ മക്ലിയോസിനോട് അന്നത്തെ ബീവി ദ്വിഭാഷിയുടെ സഹായമില്ലാതെ ഹിന്ദുസ്ഥാനി സംസാരിച്ചതായി  രേഖകളിലുണ്ട്.  23ാം കിരീടാവകാശി ജുനൂമ്മാബി 42 വർഷവും,  25ാം കിരീടാവകാശി ആയിഷബി 24 വർഷവും 24ാം കിരീടാവകാശി മറിയംബി 19 വർഷവും അധികാരത്തിലുണ്ടായി.

ഹറാബിച്ചി കടവൂമ്പി (1728‐1732) ജനൂമ്മാബി (1732‐1745) ജുനൂമ്മബി (1777‐1819) മറിയംബി (1819‐1838) ആയിഷാബി (1838‐1862)  ഇമ്പിച്ചിബീവി (1907‐1911)ആയിഷബീവി (1921‐1931)മറിയുമ്മബീവി (1946‐1957) ആമിനബീവിതങ്ങൾ (1957‐1980) ആയിഷമുത്തുബീവി (1998‐2006) സൈനബ ആയിഷബീവി തുടങ്ങിയവരാണ് മുൻഗാമികൾ. 37 കിരീടാവകാശികളിൽ 11 പേരും സ്ത്രീകളായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top