26 April Friday

ആർത്തിരമ്പുന്ന ചുവപ്പിൽ മടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Apr 17, 2022

കണ്ണൂരിൽ പാർടി കോൺഗ്രസിൽ പങ്കെടുത്ത എം സി ജോസഫൈനൊപ്പം നിഴൽപോലെ ഉണ്ടായിരുന്നു അഞ്ജലി സന്തോഷ് എന്ന റെഡ് വളന്റിയർ. ആകസ്മികമായി മരണത്തിനു കീഴടങ്ങിയ സഖാവിനൊപ്പമുള്ള  അവസാന നാളുകളെക്കുറിച്ച്‌ പരിയാരം ആയുർവേദ കോളേജ് വിദ്യാർഥിയായ അഞ്ജലി പറയുന്നു

‘‘ഹൃദയത്തോട്‌ ചേർത്തു നിർത്തിയ ദിനങ്ങൾ.. ശാരീരിക അവശതകൾക്കിടയിലും മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടായോ എന്ന്‌ ചിന്തിക്കുന്ന യഥാർഥ കമ്യൂണിസ്റ്റ്‌ ...’’ 23–-ാം പാർടി കോൺഗ്രസിന്റെ വേദിയിൽ  എം സി ജോസഫൈനൊപ്പം ചുരുക്കം ദിവസങ്ങൾ പങ്കിട്ട വളന്റിയർ അഞ്ജലി സന്തോഷിന്റെ വാക്കുകൾ.

പരിയാരം ആയുർവേദ കോളേജിൽ നാലാംവർഷ വിദ്യാർഥിയാണ്‌ പയ്യന്നൂർ മമ്പലം നന്ദനത്തിൽ അഞ്‌ജലി സന്തോഷ്‌. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം. കേട്ടറിഞ്ഞ കാർക്കശ്യക്കാരിയായ നേതാവല്ല  അടുത്ത്‌ പരിചയപ്പെട്ടപ്പോൾ. അഞ്‌ജലിയുടെ വാക്കുകൾ: 

‘സ്റ്റാലിന്റെ വരവ് പ്രതീക്ഷിച്ച്‌ കാത്തിരുന്ന നഗരത്തിരക്കിനെ കീറിമുറിച്ചു കൊണ്ടായിരുന്നു സമ്മേളന നഗരിയിൽനിന്നുള്ള ആംബുലൻസ് കടന്നുപോയത്. അൽപ്പസമയം മുമ്പുവരെ ചിരിയോടെ എതിരേറ്റ ജോസഫൈൻ സഖാവായിരുന്നു ആ ആംബുലൻസിൽ എന്നറിഞ്ഞത് വല്ലാത്ത മരവിപ്പോടെയായിരുന്നു. സഖാവിനെ മുമ്പൊരിക്കലും  നേരിട്ടു കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല.  

സഖാവിന്റെ എല്ലാകാര്യങ്ങളും നോക്കി കൂടെ ഉണ്ടാകണം എന്ന നിർദേശം ലഭിക്കുമ്പോൾ  ആശങ്കയോടെയായിരുന്നു കാറിനടുത്തേക്ക് ചെന്നത്. കാരണം, കേട്ടുപഴകിയ കഥകളിലൊക്കെ സഖാവിനു കാർക്കശ്യക്കാരിയുടെ മുഖം. വേവലാതികളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു കാറിൽനിന്ന് ഇറങ്ങിവന്നത്. നിറഞ്ഞ ചിരിയോടെ മോളേ എന്നു വിളിച്ചുകൊണ്ടായിരുന്നു എന്റെ ആശങ്കകളുടെ  മഞ്ഞുരുക്കിക്കളഞ്ഞത്. ഇതിനുമുമ്പുവരെ തീർത്തും അന്യരായ രണ്ടുപേർ, ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ലാത്തവർ എത്ര പെട്ടന്നായിരുന്നു ചിരപരിചിതരായത്.
കൈ ചേർത്ത് പിടിച്ച് കൂടെ നടക്കുമ്പോൾ "ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ മോളേ" എന്ന  ചോദ്യം  ആവർത്തിച്ചുകൊണ്ടേയിരുന്നു. അല്പനേരത്തെ പരിചയം മാത്രമുള്ള എന്റെ ബുദ്ധിമുട്ടുകളെകളെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ  അത്ഭുതമായിരുന്നു. 

പക്ഷേ, ഞാനറിയാതെ എന്റെ വലതു കൈയോടു ചേർന്ന് അത്രമേൽ വലിയ ലോകം എന്റെ തൊട്ടടുത്തായി മാറുകയായിരുന്നു. സമ്മേളനവേദിയിലെ കസേരയിലേക്കിരുത്തി തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ എന്റെ പേരിനൊപ്പം കുലുങ്ങിച്ചിരിച്ചുക്കൊണ്ടായിരുന്നു സഖാവ് എന്നെ യാത്രയാക്കിയത്. സമ്മേളനത്തിരക്കുകൾക്കിടയിൽ ഒരു നോക്കുമാത്രമായാണ് ഞാൻ സഖാവിനെ അവസാനമായി കണ്ടത്.

ഡോക്ടർമാർക്കിടയിൽ  നെബുലൈസർ മാസ്‌ക്‌ ഭാഗികമായി മറച്ച കാഴ്‌ച.  അതിനിടയിലും അവർ കൈപൊക്കി അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു അവസാന കാഴ്ചയെ അവിസ്മരണീയമാക്കിയത്. ആശുപത്രിയിൽനിന്ന്  ഫോൺ കോൾ വന്നപ്പോഴും മനസ്സ് പറഞ്ഞു, ഒന്നും സംഭവിക്കില്ലെന്ന്. കാരണം കൈകൾ ചേർത്തുപിടിച്ചപ്പോൾ ഞാൻ അനുഭവിച്ച നേർത്ത ചൂട് അപ്പോഴും അവിടെ തന്നെ ബാക്കിയായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരണവിവരം ഔദ്യോഗികമായി അറിയിക്കുമ്പോഴേക്കും കണ്ണൂർ നഗരംമുഴുവൻ ചുവപ്പിലലിഞ്ഞു ചേർന്നു കഴിഞ്ഞിരുന്നു. മൃതദേഹം വഹിച്ചുള്ള ആംബുലൻസ് പതിയെ ആ തിരക്കിനെയും വകഞ്ഞുമാറ്റി അങ്കമാലിയിലേക്ക്.

സമാപന സമ്മേളന വേദിയിലെ പതിനായിരക്കണക്കിനു ആൾക്കാർക്കിടയിലും എന്റെ കണ്ണുകൾ സഖാവിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്കുറപ്പായിരുന്നു അവർക്ക് അത്ര പെട്ടെന്നൊന്നും അവിടെനിന്നു പോകാൻ സാധിക്കയില്ലായെന്ന്. ആർത്തിരമ്പുന്ന ചുവപ്പിനെ നോക്കി ഇൻക്വിലാബ് വിളിക്കാതെ എങ്ങനെ മടങ്ങാനാകും. 

എന്തൊരു മരണമാണിത്. ദേശാഭിമാനിയുടെ തലവാചകം പോലെ അക്ഷരാർഥത്തിൽ ചുവപ്പിലലിഞ്ഞുചേർന്നുള്ള മടക്കം. പഴയ കാല നേതാവ് രാജമ്മ ഭാസ്‌കരനെ ആശ്ലേഷിച്ചുകൊണ്ട് ഉമ്മകൾ നൽകുന്ന വീഡിയോ പലവട്ടം കണ്ടുകഴിഞ്ഞു. എവിടെയോ ഒരു ശൂന്യതയാണിപ്പോഴും. പുറത്ത് മഴപെയ്തു കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരുടെ യാത്രാമൊഴിയാണോ മഴ?അറിയില്ല! പക്ഷേ  തോരാതെ മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top