19 April Friday

പാവകൾ കൊണ്ടൊരു പ്രതിരോധം

എം പി നിത്യൻUpdated: Sunday Apr 17, 2022

സോയി ടെറിയും കൂട്ടുകാരി എറിൻ മയോയും കുട്ടികൾക്കൊപ്പം


ദേശം, നിറം, ജാതി ഇവയുടെ അടിസ്ഥാനത്തിൽ എല്ലായിടത്തും വിവേചനമുണ്ട്. വ്യത്യസ്തത അംഗീകരിക്കാൻ എല്ലാവരും തയ്യാറല്ല. വിദേശയാത്രയിലും മറ്റു പലയിടത്തും ചിലർക്കുമാത്രം പ്രാധാന്യം. ഈ വിവേചനം അമേരിക്ക ഉൾപ്പെടെ ലോകത്ത്‌ എല്ലായിടത്തുമുണ്ട്. ആ അവസ്ഥയെപ്പറ്റി സ്വയം അറിയുകയും അവയെ ചെറുക്കുകയും വേണം. എല്ലാ ഇടത്തിലും സ്‌ത്രീക്കും  പുരുഷനും തുല്യ പ്രാതിനിധ്യം വേണം. അതിന് ആത്മവിശ്വാസം ഉള്ളവരായി നമ്മൾ മാറണം. കുട്ടികളുമായി ആശയസംവാദത്തിനിടെ ഉറച്ച ശബ്ദത്തിൽ  കൈയിലിരുന്ന വയലറ്റ്  നിറമുള്ള പാവ ഉയർത്തി വിടർന്ന കണ്ണുകളോടെ സോയി ടെറി വിളിച്ചുപറഞ്ഞു. ‘ഞാൻ സുന്ദരിയാണ്, ഞാൻ ശക്തയാണ്, ഞാൻ സ്നേഹമാണ്’. സോയി ടെറിയുടെ മുഴങ്ങുന്ന വാക്കുകൾ കുട്ടികൾ ഏറ്റുപറഞ്ഞു.

വർണവിവേചനത്തിനെതിരെ ബ്രൗൺ പാവകൾ നിർമിച്ചു നൽകി ലോകം മുഴുവൻ ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലോക പ്രശസ്തയായ കൊച്ചു സംരംഭക സോയി ടെറി കേരളത്തിൽ എത്തിയത്.  ആലുവയിലും ഇടപ്പള്ളിയിലും കുട്ടികളുമായി സംവദിച്ചു. സെൽഫികൾ എടുത്തു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അവരെ ചേർത്തുനിർത്തി ഉത്തരം നൽകി.  കുട്ടികളോടെപ്പം അവരുടെ ആത്മവിശ്വാസം ഉണർത്തുന്ന പാട്ടുപാടി. അവർക്ക് വയലറ്റ്  പാവകളും നൽകി. അമ്മ നൽകിയ ബൗളിങ്, കൂട്ടുകാരി എറിൻ മയോ ഉൾപ്പെടെയുള്ള സംഘത്തിനൊപ്പമായിരുന്നു ടെറിയുടെ കേരള സന്ദർശനം.

രണ്ടാമത്തെ വയസ്സിൽ സംഭവിച്ച  വാഹനാപകടത്തിൽ സോയി ടെറി ശരീരം തളർന്നു കിടപ്പിലായി. തളർന്നുപോയ കൈകൾക്ക്‌ ചലനശേഷി വീണ്ടെടുക്കാനുള്ള ചികിത്സയുടെ ഭാഗമായാണ്  ടെറിയെ അമ്മ പാവകളുണ്ടാക്കാൻ പഠിപ്പിച്ചത്.  സ്‌കൂൾ പഠനത്തിന്‌ എത്തിയ ടെറിക്ക് ക്ലാസിൽ നിന്നുമുള്ള  വിവേചനവും പരിഹാസങ്ങളും അനുഭവിക്കേണ്ടിവന്നു. ഇതോടെ ഇരുണ്ട നിറമുള്ള പാവകൾ നിർമിച്ച് വർണ വിവേചനത്തിന്‌ എതിരെയുള്ള പോരാട്ടത്തിലായി. സോയീസ് ഡോൾ എന്ന സ്ഥാപനം കെട്ടിപ്പടുത്തു. ഇപ്പോൾ 15 വയസ്സിൽ എത്തിയ സോയി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിൽ ഒരാളാണ്.  ഇതിനകം വിവിധ രാജ്യത്താലായി 30,000ത്തിലേറെ പാവകൾ വിതരണം ചെയ്തു. ‘സിംപ്ലി സോയി' എന്ന പുസ്തകവും എഴുതി. രണ്ടാമതൊരു പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ്. ആത്മവിശ്വാസം ഉണർത്തുന്ന വാക്കുകളാണ് കുട്ടികൾക്ക് ടെറിയിൽനിന്ന്‌ കിട്ടിയത്.

വർണവിവേചനത്തിന്‌ എതിരെ വെറുപ്പിനും നിഷേധാത്മകതയ്ക്കും പകരം സ്‌നേഹത്തിന്റെയും പോസിറ്റിവിറ്റിയുടെയും സന്ദേശം ലോകം മുഴുവൻ നൽകുകയാണ് ടെറിയുടെ ലക്ഷ്യം. ഇതിന് ടെന്നീസ് താരം സെറീന വില്യംസ് അടക്കമുള്ളവരുടെ പിന്തുണയുമുണ്ട്.  ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ലഭിച്ച സ്നേഹവും സ്വീകരണവും കൂടുതൽ കരുത്തുപകർന്നതായും സോയി പറയുന്നു. ഫാന്റം ആൻഡ്‌ ഫ്രണ്ട്സ് സ്ഥാപക പാർവതി മോഹൻ മുൻകൈയെടുത്താണ് സോയി ടെറിയെയും സംഘത്തയും കേരളത്തിൽ എത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top