28 March Thursday

കുഞ്ഞിക്കഥകളുടെ അനന്തലോകം തുറന്നുതന്ന സുമംഗല മുത്തശ്ശി

ജിഷ അഭിനയUpdated: Tuesday Apr 17, 2018

 കാലത്തിന്റെ കൈവരിയിൽ തൊട്ടുതഴുകി ഒരു സഞ്ചാരം, പുഴ പോലെ. കൂട്ടിനുണ്ട് കുന്നോളം കഥകളുമായി കുറുനരിയും അണ്ണാറക്കണ്ണനും. കുഞ്ഞിക്കഥകളുടെ അനന്തലോകം തുറന്നുതന്ന ബാലസാഹിത്യകാരി സുമംഗലയുടെ ജീവിതത്തിന് അങ്ങിനെയൊരു പശ്ചാത്തലമുണ്ട്. അക്ഷരക്കൂട്ടുകളാൽ കൊച്ചുകഥകളൊരുക്കി ഈ മുത്തശ്ശി ഇന്നും നമ്മെ തേടിയെത്തുന്നു. തലമുറകളും കടന്ന്, കുഞ്ഞുമനസ്സുകളിൽ പുഞ്ചിരിയായി പടരുന്നു. കൽപനാ ലോകത്തിന്റെ വർണ്ണമൊഴിയാത്ത മഷിക്കുപ്പി തുറക്കുന്നു. ലീലയിൽ നിന്നും സുമംഗലയായെത്തി പറഞ്ഞുതന്ന നാടോടിക്കഥകളും പഞ്ചതന്ത്രകഥകളും മറ്റും ഇന്നും വായനക്കാരുടെ ഇഷ്ട വിഭവങ്ങൾ. അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത്, ഈ 84‐ാം വയസ്സിലും എഴുത്തിലും വായനയിലും സജീവമാണ് സുമംഗല.

 ഞാനെന്ന ഞാൻ

1934 മെയ് 16ന് ഒളപ്പമണ്ണ മനയ്ക്കൽ ഒഎംസി നമ്പൂതിരിപ്പാടിന്റേയും കുറൂർ ഉമ അന്തർജനത്തിന്റേയും മകളായാണ് ജനനം. വീട്ടിൽ നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. അധികവും കവിതകൾ. ഒന്നിച്ച് ഒരുപാട് പുസ്തകങ്ങൾ വാങ്ങുന്നതായിരുന്നു അച്ഛന്റെ ശീലം. എത്ര കണ്ട് പുസ്തകങ്ങൾ ആവശ്യപ്പെട്ടാലും അച്ഛൻ വാങ്ങിത്തരും. വേദജ്ഞനും ബിദുധദാരിയുമായിരുന്നു അദ്ദേഹം.  ഇംഗ്ലീഷും സംസ്കൃതവും അച്ഛൻ തന്നെയാണ് പഠിപ്പിച്ചതും. പത്തുമക്കളായിരുന്നെങ്കിലും അച്ഛന് ഒരൽപ്പം സ്നേഹക്കൂടുതൽ എന്നോടാണെന്ന തോന്നൽ പണ്ടേ എനിക്കുണ്ടായിരുന്നു.~അക്കാലത്ത് വള്ളത്തോൾ  മിക്കപ്പോഴും വീട്ടിലെത്തും. അച്ഛൻ അക്കാലത്ത് കലാമണ്ഡലത്തിൽ ഭരണസമിതി അംഗമായിരുന്നു. 1963 വരെയും തുടർന്നു. അതുകൊണ്ട് തന്നെ കലാമണ്ഡലത്തിൽ എത്തുന്ന പലരും വീട്ടിലുമെത്തും. അവരെല്ലാം അച്ഛനോട് സാഹിത്യപരമായ കാര്യങ്ങൾ സംസാരിക്കുന്നതും കേൾക്കാമായിരുന്നു. എന്നെ എഴുത്തിന്റേയും വായനയുടേയും ലോകത്തിലേക്ക് കൈപിടിച്ച് നടത്താൻ ഇത് ഏറെ സഹായകരമായി. പെണ്ണെന്ന മാറ്റി നിർത്തൽ ഒരിക്കൽ പോലും അക്കാലത്ത് അനുഭവപ്പെട്ടിട്ടില്ല. കവി ഒളപ്പമണ്ണയും അച്ഛന്റെ ബന്ധുവാണ്. സാഹിത്യചർച്ചകളിൽ അദ്ദേഹവും കൂടും. പിന്നെ വൈവിധ്യമാർന്ന വിഷയങ്ങളിൽ നിറയും വാഗ്വാദത്തിന്റെ തീപ്പൊരിപ്പാറൽ. സാഹിത്യത്തിന്റെ കൊടുക്കൽ വാങ്ങലുകൾ നിറയുന്ന ദിനങ്ങളായിരുന്നു അതെല്ലാം. കാലം കാത്തുവച്ച അക്ഷരകാലത്തേക്കുള്ള യാത്രയ്ക്ക് കൈപിടിച്ചു നടത്തിച്ചത് അക്ഷരം പുരണ്ട ഗൃഹാന്തരീക്ഷമായിരിക്കാം.
സമ്പന്നമായിരുന്നു തറവാട്. കുടുംബക്കാരും ആശ്രിതരുമായി കുറെ പേരുണ്ടായിരുന്നു മനയിൽ. ഖാദി മാത്രമെ അന്ന് ധരിച്ചിരുന്നുള്ളൂ. അത് നിർബന്ധമായിരുന്നു.

വേളിപ്പെണ്ണായ്...
ഒറ്റപ്പാലത്തെ പത്താം ക്ലാസ് പഠനശേഷം ഉടൻതന്നെ വിവാഹം കഴിഞ്ഞു. കോളേജിൽ ചേരാനിരിക്കേയായിരുന്നു അത്. ദേശമംഗലം അഷ്ടമൂർത്തി നമ്പൂതിരിപ്പാടായിരുന്നു വരൻ. അന്നദ്ദേഹത്തിന് 24 വയസ്സ്. വേളി കഴിഞ്ഞ് ആദ്യ ദിവസം രാത്രിയിലാണ് അദ്ദേഹത്തെ കണ്ടത്.  വേളിയായി ആ വീട്ടിലെത്തിയപ്പോൾ തന്നെ ആശങ്കയുടെ നിമിഷങ്ങൾ. എന്തിനും ഏതിനും പഴമയുടെ ഗന്ധം... ചിന്തകൾ, ഇതെന്നെ വല്ലാതെ ഭയപ്പെടുത്തി.

പക്ഷേ എന്തിനു ശങ്കിയ്ക്കണം. ചിതറിയ സ്വപ്നങ്ങളുടെ പടുതിരികളല്ല, ആളുന്ന അക്ഷരങ്ങളുടെ തീനാളങ്ങളാണ് കൂട്ടിനുള്ളതെന്ന തിരിച്ചറിവിലൂടെ ആ പെൺകുട്ടി നടന്നു നീങ്ങി. പിന്നിലുയരുന്ന നെടുവീർപ്പുകളും അശരീരികളും കാലത്തിന്റെ പിൻകാഴ്ചകളായി കണ്ടു.

'അക്കാലത്ത് വായിക്കാൻ ഒരുതുണ്ടുകടലാസ് പോലും കിട്ടിയിരുന്നില്ല. എന്നാൽ എന്റെ സാഹിത്യപശ്ചാത്തലം അറിയുന്ന ഭർത്താവ് എല്ലാം മനസിലാക്കിയിരുന്നു. അദ്ദേഹം പുറത്തുപോയി വരുമ്പോഴെല്ലാം എനിക്ക് ആഴ്ചപ്പതിപ്പുകളും വാരികകളും കൊണ്ടുതരും. അതോടെ നഷ്ടപ്പെടുമെന്ന ഭയന്നുപോയതെല്ലാം തിരിച്ചുകിട്ടി വീണ്ടും ഞാൻ വായനയിലേക്കെത്തി. ഒരു പെൺകുട്ടി വിവാഹാനന്തരം അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥകൾ എന്തെല്ലാമെന്ന് ഏറെ ആശങ്കയോടെ കണ്ടു. അതുവരെ ഖാദി വസ്ത്രം ധരിച്ചിരുന്നതെല്ലാം മാറ്റി പുത്തൻ പളപളപ്പൻ നേര്യതുകളിലേക്ക് ഞാൻ ചുരുണ്ടു. യഥാർഥത്തിൽ പരിഷ്ക്കാരമല്ല, സംസ്കാരമാണ് വേണ്ടതെന്ന് ഉറക്കെപ്പറയാൻ തോന്നിയ നാളുകൾ. പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിൽക്കും പോലെ. എങ്കിലും ചെറിയ ചില പ്രവൃത്തികളിലൂടെ അത്തരം വിയോജിപ്പുകൾ ഞാൻ പ്രകടമാക്കി. അൽപ്പം പരിഷ്ക്കാരിയെന്ന പേരും എനിക്ക് കിട്ടി. എന്തെന്നോ, ഞാൻ ബ്ലൗസ് ധരിക്കുമായിരുന്നു. ചേലപ്പുതപ്പും ഓലക്കുടയും ചൂടുകയുമില്ല. അതവിടെ മുഴുവൻ ചർച്ചയായി. സത്യത്തിൽ എന്റെ വേളിക്ക് മുമ്പേ അച്ഛൻ എടുത്ത തീരുമാനമായിരുന്നു ചേലപ്പുതപ്പും ഓലക്കുടയും എനിക്ക് സമ്മാനിക്കില്ലെന്ന്. അന്ന് വധു വരന്റെ വീട്ടിൽ പോകുമ്പോൾ അച്ഛൻ നൽകുന്ന സമ്മാനമാണത്. അതും ചൂടിയേ അമ്പലത്തിൽ പോകാവുയെന്നും. പക്ഷേ ഇതൊന്നുമില്ലാതെ ഭർതൃഗൃഹത്തിലെത്തിയ എന്നെ ഏറെ ആശ്ചര്യത്തോടെ എല്ലാവരും കാണാനെത്തി, 'കഷ്ടം' പറഞ്ഞു. അതിന്റെ ഖേദം തീർക്കാൻ എനിക്ക് വേണ്ടി ഭർതൃവീട്ടുകാർ തന്നെ അതൊന്ന് തരപ്പെടുത്തി. പക്ഷേ എന്നിട്ടും ഞാനതുപയോഗിച്ചില്ല. ഏറെ കൗതുകത്തോടെയാണതു നോക്കി നിന്നത്.

എന്നാലൊരിക്കൽ, എന്റെ തന്നെ തീരുമാനപ്രകാരം ഞാനതെല്ലാം കൈയ്യിലെടുത്തു. ഭർത്താവിന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന് പിന്നെ ഒരുവർഷക്കാലം ദീക്ഷയെടുക്കണം. അതോടെ എനിക്ക് വായിക്കാൻ കിട്ടുന്ന വാരികകളെല്ലാം മുടങ്ങി. പുറം കാഴ്ചകൾ കാണാൻ എല്ലാ അവസരവും നഷ്ടമായി. വായനയും കാറ്റും വെളിച്ചവുമേൽക്കാത്ത ആ കറുത്ത ദിനങ്ങൾ. മുന്നിൽ വേറെ മാർഗങ്ങളൊന്നുമില്ല. അതോടെ ഞാൻ തീരുമാനിച്ചു. എന്റെ തീരുമാനങ്ങളെ തിരുത്താൻ. ഒരിക്കൽ നിഷേധിച്ചവയെ വീണ്ടും ചേർത്തെടുക്കാൻ. ചേലപ്പുതപ്പും ഓലക്കുടയും കൈയ്യിലെടുത്ത് അമ്പലത്തിലേക്ക് ഞാൻ പുറപ്പെട്ടു. മനസാ അച്ഛനോട് പറഞ്ഞു, അന്നച്ഛൻ സമ്മാനിക്കാത്ത ചേലപ്പുതപ്പും ഓലക്കുടയുമായി ഇതാ ഈ മകൾ പുറം കാഴ്ചകൾ കാണാനിറങ്ങുന്നു. കേവലം അമ്പലക്കാഴ്ചകൾ...  ഇതിനിടെ ഭർത്താവിന്റെ ജോലി ആവശ്യാർഥം സുമംഗല കുടുംബസമേതം കോഴിക്കോട്ടേക്ക് താമസം മാറ്റി.

കഥയമ്മ
മൂത്ത മകൾക്ക് എട്ടുവയസ്സുള്ളപ്പോഴാണ് കഥയെഴുത്ത് തുടങ്ങിയത്. എന്നു ഉറങ്ങാൻ നേരം മകൾക്ക് കഥ കേൾക്കണം. വീട്ടിലെ പൂച്ചയെ പറ്റിയെഴുതിയതാണ് ആദ്യ കഥ. കുറിഞ്ഞിയും കൂട്ടുകാരും. പിന്നെ അണ്ണാനെ പറ്റിയും കാക്ക, പശു ... ഇങ്ങനെ നീണ്ടു. പുഴക്കരയിലെ വീട്, രഹസ്യം, കള്ളനോട്ട്, നെയ്പായസം, മഞ്ചാടിക്കുരു, മിഠായിപ്പൊതി തുടങ്ങി നിരവധി കുഞ്ഞു കഥകൾ എഴുതി.

തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന പൂമ്പാറ്റയുടെ ഉടമയും പത്രാധിപരുമായ പി എ വാരിയർ കുടുംബസുഹൃത്തായിരുന്നു. അക്കാലത്ത് ഞാൻ കുറേശ്ശേ എഴുതുമായിരുന്നു. ഇതുകണ്ട അദ്ദേഹം പറഞ്ഞു. 'സുമംഗലയുടെ കഥകൾ സ്വന്തം കുട്ടികൾക്ക് മാത്രമല്ല മറ്റു കുട്ടികൾക്കും വായിക്കണം' എന്ന്. അദ്ദേഹം തന്നെയാണ് എന്റെ കഥകൾ പൂമ്പാറ്റയിൽ കൊടുത്തു തുടങ്ങിയത്. കുട്ടികൾക്ക് വേണ്ടി പിന്നെ നിരന്തരം എഴുതി. ഇതിനിടെ ഒരിക്കൽ, 'മുതിർന്നവർക്കും വേണ്ടി എഴുതൂ' എന്ന് മറ്റുചിലർ പറഞ്ഞു. അങ്ങനെയാണ് പഞ്ചസ്ത്രീരത്നങ്ങളെ കുറിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ഭക്തപ്രിയയിൽ എഴുതിയത്.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കുട്ടികൾക്കായുളള 'സമ്മാനപൊതി'യിലേക്കും കുറെയെഴുതി. ഡി സി കിഴക്കേമുറിയാണ് പഞ്ചതന്ത്രം വിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടത്. 1965ലാണത്. ഒരു വർഷത്തിനകം പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം 30 എഡിഷൻവരെ ഇറങ്ങി.

ലീലയിൽ നിന്നും സുമംഗലയിലേക്ക്
എഴുതി തുടങ്ങിയ കാലത്ത് ലീലയെന്ന സ്വന്തം പേരിൽ എഴുതാൻ മടിയായിരുന്നു. എഴുത്ത് നന്നായില്ലെങ്കിൽ അച്ഛൻ വിമർശിക്കും. അത് ഒഴിവാക്കാനാണ് സുമംഗലയെന്ന് സ്വീകരിച്ചത്. മറ്റു പല പേരുകളും മുമ്പിലുണ്ടായിരുന്നെങ്കിലും കൂട്ടുകാരി രാധാ പത്മനാഭനാണ് സുമംഗലയെന്ന് നിർദേശിച്ചത്. കോഴിക്കോട് ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറാണ് അവർ. വേളികഴിച്ചുകൊണ്ടുവന്ന ദേശമംഗലം ഇല്ലത്തെ മംഗലം കടമെടുത്ത് സുമംഗലയാക്കുകയായിരുന്നു.

ഇതിനിടെ കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് താമസം മാറ്റി. അക്കാലത്താണ് ഭൂനിയമം വന്നത്. ഭർത്താവ് ജോലി രാജി വെച്ച് ഷൊർണൂരിലേക്ക് മടങ്ങി. ജീവിതം മാറി മറിഞ്ഞ ദിനങ്ങൾ.

കലാമണ്ഡലം സെക്രട്ടറിയായിരുന്ന വി ടി ഇന്ദുചൂഡനുമായി ഭർത്താവ് നല്ല സൗഹൃദമായിരുന്നു. അദ്ദേഹത്തെ പോയി കണ്ടു. 38‐ാം വയസ്സിലാണ് കലാമണ്ഡലത്തിൽ എനിക്ക് ഒരു ജോലിക്കായ് ശ്രമിച്ചത്. ഒരു സർക്കാർ ഓഫീസുപോലും കാണാത്ത ഞാൻ ആദ്യമായി അതും കണ്ടു. സർക്കാറിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങിയായിരുന്നു നിയമനം. ഇല്ലത്ത് കഥകളിയുണ്ടാവുമ്പോൾ കാണാൻ വന്നിരുന്നവരെയെല്ലാം നേരിട്ട് കാണുന്നതിന്റെ ആശ്ചര്യം, ഒപ്പം ജോലിക്കാരിയാവുന്നുവെന്ന സന്തോഷം. പൈങ്കുളം രാമചാക്യാർ, രാമൻകുട്ടി നായർ, ഗോപിയാശാൻ, കൃഷ്ണൻകുട്ടി പൊതുവാൾ എന്നിവരെല്ലാം അവിടെ അധ്യാപകരായിരുന്നു. ആദ്യം എൽഡി ക്ലാർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നെ പി ആർഒയായി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലമായിരുന്നു അത്. 190 രൂപയായിരുന്നു തുടക്കത്തിൽ ശമ്പളം. 22 വർഷം ജോലി തുടർന്നു.

ഒട്ടൊരു അപമാനത്തോടെയാണ് ഞാൻ ജോലിക്ക് കയറിയതെങ്കിലും പിന്നീടത് തികച്ചും അഭിനന്ദനാർഹമായി മാറി.  ഒളപ്പമണ്ണയുടെ മകൾ ജോലിക്ക് പോവുകയോ, അതായിരുന്നു നാട്ടുകാരുടെ ആശ്ചര്യം. മൂക്കിൽ വിരൽ വെച്ചും നെറ്റി ചുളിച്ചും ഏവരും അതാവർത്തിച്ചപ്പോൾ ഇടക്കെപ്പോഴൊക്കേയോ തല കുനിഞ്ഞു. എന്നാൽ ജോലിയിൽ പ്രവേശിച്ചതോടെ മുന്നിൽ തുറന്നത് പുതുവഴികളായിരുന്നു. ഒളപ്പമണ്ണമനക്കലെ കലകളി പാരമ്പര്യവും സംസ്കൃതവും ഇംഗ്ലീഷും അറിയാമെന്നതും ജോലിയെ സഹായിച്ചു. കലാമണ്ഡ്ലത്തിന്റെ ചരിത്രവും എഴുതാനുള്ള ഭാഗ്യവും അതുകൊണ്ടുണ്ടായി. ഏറെ പണിപ്പെട്ടു അതിനായി. 1941‐ൽ ദേവസ്വം ഡിപ്പാർട്ട്മെന്റിന് കീഴിലായപ്പോൾ മുതലുള്ള ഫയലുകൾ പരിശോധിച്ചാണ് കലാമണ്ഡലം ചരിത്രം എഴുതിയത്. തുടക്കത്തിൽ യുഗസംക്രമം എന്ന പേരാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും ഒടുവിൽ കലാമണ്ഡലം എന്ന പേര് തന്നെ നിശ്ചയിക്കുകയായിരുന്നു. 1994‐ ൽ 60 ാം വയസിൽ കലാമണ്ഡലത്തിൽ ജോലിയിൽ നിന്ന് വിരമിച്ചു.

ഇപ്പോഴും കുറഞ്ഞത് ഒമ്പത് മണിക്കൂറെങ്കിലും വായിക്കും. ഭാഗവതം വായിച്ചാൽ വളരെ പെട്ടെന്ന് മനസിലാവും. പക്ഷേ ഇപ്പോഴത്തെ പുതിയ എഴുത്തുകാരുടെ സൃഷ്ടി വായിച്ചാൽ മനസിലാക്കാൻ നന്നേ പാടാണ്. ഉറൂബിന്റെ പുസ്തകങ്ങളാണ് ഏറെയിഷ്ടം. പിന്നെ പൊറ്റെക്കാട്, സി രാധാകൃഷ്ണൻ എന്നിവരെയും. സിനിമയും കഥകളിയും കാണാനുമിഷ്ടമാണ്. ടി വിയിൽ നിറയെ സിനിമ കാണും. 

കലാമണ്ഡലത്തിൽ ജോലി ചെയ്യുമ്പോഴാണ് സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതറിഞ്ഞത്. പെട്ടെന്ന് അവരെല്ലാം ചേർന്ന് എന്നെ അനുമോദിക്കാൻ യോഗം വിളിച്ചു കൂട്ടി. യോഗത്തിലിരിക്കേ ഇവരെല്ലാം പറയുന്നത് എന്നെക്കുറിച്ച് തന്നെയാേണാ എന്നായിപ്പോയി എന്റെ ചിന്ത.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടുമ്പോൾ മുമ്പൊരു സൂചനയും ഉണ്ടായിരുന്നില്ല. ടി വി യിൽ എഴുതിക്കാണിക്കൂമ്പോഴാണ് ഞാനറിഞ്ഞത്. 2013ൽ ' നടന്നു തീരാത്ത വഴികൾ' എന്ന പുസ്തകത്തിനാണ് സമ്മാനം ലഭിച്ചത്. ഗോവയിൽ നടന്ന ചടങ്ങിൽ നിന്നാണ് പുരസ്ക്കാരം ഏറ്റു വാങ്ങിയത്. വിമാന ടിക്കറ്റ് ലഭിച്ചിട്ടും ഞങ്ങൾ കുടുംബത്തോടെ ട്രെയിനിൽ പോയി. മൂത്ത മകൾക്ക് ഇപ്പോൾ 65 വയസായി. 

പുരസ്ക്കാരങ്ങൾ
കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, പത്മ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ കഥയുടെ ഈ മുത്തശ്ശിയെ തേടിയെത്തി. 2013ൽ ഒരു ലക്ഷം രൂപയുടെ അവാർഡ് മുംബൈയിൽ നിന്നും ഏറ്റുവാങ്ങിയ ആദ്യത്തെ മലയാളി ആയിരുന്നു സുമംഗല.
പറയുമ്പോൾ മുത്തശ്ശിക്കഥകൾ എന്നെങ്കിലും കുട്ടികളുടെ കഥകൾ എഴുതുന്നവരിൽ ഏറെയും പുരുഷന്മാരാണെന്നാണ് സുമംഗലയുടെ അഭിപ്രായം. സിപ്പി പള്ളിപ്പുറം ഉൾപ്പെടെയുള്ളവരെ തന്നെ നോക്കുക. ഈയിടെ ഒരു സ്ത്രീ വിളിച്ചു. എന്റെ പുസ്തകങ്ങൾ കിട്ടാനില്ലെന്നും പറഞ്ഞ്. അവർ, പിന്നെ അവരുടെ മകൾ, മകളുടെ മകൾ എല്ലാം എന്റെ കഥകൾ വായിച്ചുവളർന്നു. ഇപ്പോൾ പേരക്കുട്ടിക്ക് കൊടുക്കാനാണെന്നും അവർ പറഞ്ഞു. ഏറെ സന്തോഷം തോന്നി അതുകേട്ടപ്പോൾ. മറ്റെല്ലാ പുരസ്ക്കാരങ്ങളെക്കാൾ വിലപ്പെട്ടതല്ലേ ഈ വാക്കുകൾ. വാക്കിൽ നിറയും ഖേദം  ഇടയ്ക്ക് വാക്കിൽ ഒരൽപ്പം ഖേദം. ബാലസാഹിത്യകാരിയെന്ന് ഞാൻ അറിയപ്പെടുന്നതിൽ ഹൃദയം നിറഞ്ഞ സന്തോഷമെങ്കിലും ഒരു സങ്കടം പറയാതെ വയ്യ. ബാലസാഹിത്യത്തിനെന്നും അധഃകൃത സ്ഥാനമായിരുന്നു നൽകിയിരുന്നത്. കവി, കാഥിക എന്നു നൽകുന്ന പരിഗണന പോലും ബാലസാഹിത്യത്തിന് ആരും നൽകുന്നില്ല. അവാർഡുകളിൽ പോലും ഈ വേർതിരിവ് പ്രകടമാണ്. 1979ൽ സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചപ്പോൾ ബാക്കി സാഹിത്യമേഖലയിലുള്ളവർക്ക് പതിനായിരം നൽകിയപ്പോൾ ബാലസാഹിത്യത്തിന് എനിക്ക് കിട്ടിയതാകട്ടെ ആയിരം രൂപ. കേന്ദ്രസാഹിത്യ അക്കാദമിയിലുമുണ്ടായി ഇതേ അനുഭവം. മറ്റുള്ളവർക്ക് ലക്ഷങ്ങൾ... എനിക്കതിലൊരംശം പോലുമില്ല. കിട്ടുന്ന പണത്തിന്റെ ഏറ്റക്കുറച്ചിലിലല്ല എന്റെ പരാതി. എക്കാലവും പണത്തിലുപരി അക്ഷരങ്ങൾക്കാണ് മൂല്യം. ആ സാഹിത്യരംഗത്തോടുള്ള വേർതിരിവിനോടാണെന്റെ വിയോജിപ്പ്.

ഒരുപരിധി വരെ ഇന്നാ സ്ഥിതി മാറിയെങ്കിലും എഴുത്തുകാരുടെ മനോവീര്യം കുറക്കാൻ അതൊരു കാരണമായി. പിന്നെ കുട്ടികൾക്കുള്ള സാഹിത്യമല്ലേ അത്രയൊക്കെ മതിയെന്നാവും നിലപാട്. ഇന്നത്തെ ബാലസാഹിത്യ എഴുത്തിലുമുണ്ട് വേദനാജനകമായ നിരവധി സംഭവങ്ങൾ. പലരും മറ്റു സാഹിത്യമേഖലകളേക്കാളും എഴുത്തിൽ ശ്രദ്ധേയരാവാനും പെട്ടെന്ന് അറിയപ്പെടാനുമുള്ള കുറുക്കുവഴിയായാണ് ബാലസാഹിത്യത്തെ കാണുന്നത്. അതുകൊണ്ടുതന്നെ നിരവധി ബാലസാഹിത്യകാരന്മാർ നമുക്കു ചുറ്റുമുണ്ട്. പക്ഷേ അവരിൽ എത്ര പേർ യഥാർഥത്തിൽ അതിനർഹരാണ്.

ഏറ്റവും സങ്കീർണ്ണമാണ് കുട്ടികൾക്കായുള്ള സാഹിത്യരചന. പുറംമോടികളിൽ നിന്നെഴുതിക്കൂട്ടാവുന്ന ഒന്നല്ല ഇത്. ഒരു കുട്ടിയുടെ മനസിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാനാവണം. അവിടെ അവന്റെ ചിന്തകളുമായി ഒന്നാവാൻ കഴിയണം. ചിലപ്പോൾ നല്ലതെന്ന് തോന്നുന്ന ആശയങ്ങൾ കിട്ടിയാൽ പോലും എഴുതാനാവില്ല. എവിടെയൊക്കേയോ മുറിഞ്ഞുപോകുന്ന പോലെ തോന്നും. കുട്ടിയായി മാറാനാവാൻ കഴിയാത്ത മനസിന്റെ ശാഠ്യം പിടിക്കലായും അതുതോന്നാം. പൂച്ചയും എലിയും അണ്ണാനും കാക്കയുമെല്ലാം എന്താണോ ചിന്തിക്കുന്നത് അതായി മാറുകയെന്നത് ഏറെ ശ്രമകരം തന്നെയാണ്.    

16‐ 5‐ 1934, ഇടവമാസത്തിലെ രോഹിണി നാളിലാണ് ജനനം. കുമരനെല്ലൂർ ദേശമംഗലം മനയിൽ മകൻ നാരായണനും മരുമകൾ ഉഷക്കുമൊപ്പമാണ് താമസം. മറ്റുമക്കൾ: ഡോ. ഉഷ നമ്പൂതിരിപ്പാട്, ഡി അഷ്ടമൂർത്തി.   കഥകളുടെ നീരുറവ വറ്റുന്നില്ല. അത് കാലത്തിനപ്പുറം പടർന്നുകൊണ്ടേയിരിക്കുന്നു. വരണ്ട വർത്തമാനത്തിന്റെ ചിന്തകളിൽ നേർത്ത നനവു പടർത്തി കാലാതീതമായി ഒഴുകുകയാണ്, ഹൃദയത്തിൽനിന്നും മറ്റൊരു ഹൃദയങ്ങളിലേക്ക്. നിഷ്കളങ്കമായി കാഴ്ചകളെ കാണാനും തിരിച്ചറിവിന്റെ പാഠങ്ങൾ അവരറിയാതെ പകർന്നുനൽകാനും സ്വപ്നം കാണാനും പഠിപ്പിച്ച കുഞ്ഞുകഥകൾക്ക് ഇനിയും പിറവിയുണ്ടാകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top