29 March Friday

സാവിത്രി ഫൂലെ; ഇന്ത്യൻ ഫെമിനിസത്തിന്റെ മാതാവ്

രാജേഷ് കെ എരുമേലിUpdated: Tuesday Apr 17, 2018

 പത്തൊമ്പതാം നൂറ്റാണ്ട് ലോകത്തെന്നപോലെ ഇന്ത്യയിലും വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. പുതിയ ചിന്തയുടെയും ഉണർവിന്റെയും ഭാഗമായി നവോത്ഥാന പ്രസ്ഥാനങ്ങളും അത്തരം ചിന്താധാരകളും സജീവമായി. ബംഗാളിൽ രാജാറാം മോഹൻറോയിയും കേരളത്തിൽ നാരായണഗുരുവും അയ്യൻകാളിയും പൊയ്കയിൽ കുമാരഗുരുവും നവപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ മഹാരാഷ്ട്രയിൽ ജ്യോതിറാവു ഫൂലെയാണ് പുരോഗമന ചിന്താധാരക്ക് തുടക്കമിടുന്നത്. അതിനായി ഒരു പ്രസ്ഥാനം തന്നെ അദ്ദേഹം ആരംഭിച്ചു. അതിന്റെ ചാലക ശക്തിയായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇന്ത്യൻ ഫെമിനിസത്തിന്റെ മാതാവ് എന്നു വിളിക്കുന്ന സാവിത്രി ഫൂലെ. 2018 മാർച്ച് പത്തിന് സാവിത്രി ഫൂലെ വിടപറഞ്ഞിട്ട് 121 വർഷം തികഞ്ഞു. പൊതുസമൂഹത്തിൽനിന്നും ബഹിഷ്കൃതരാക്കപ്പെട്ട പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകിച്ച് ദലിത് വനിതകൾക്ക് വഴികാട്ടിയായ നവോത്ഥാന നക്ഷത്രമാണ് സാവിത്രി ഫൂലെ. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളാണ് സാവിത്രി ഫൂലെ നടപ്പാക്കിയത്. ഇന്ത്യൻ നവോത്ഥാന ചരിത്രം എന്നാൽ സാവിത്രിക്ക്് അർഹമായ പ്രാധാന്യം നൽകിയിട്ടില്ല. സാവിത്രി ഫൂലെയുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുടെ അന്തസ് ഉയരാൻ കാരണമായി. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടീച്ചറെന്ന് സാവിത്രി ഫൂലെയെ വിളിക്കുന്നത് അതുകൊണ്ടാണ്. ഉയർന്ന സമുദായത്തിലുള്ളവർ നടത്തിയിരുന്ന സ്കൂളുകളിൽ അക്കാലത്ത് അധഃസ്ഥിത സമൂഹത്തിലെ പെൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചരുന്നില്ല. മാത്രമല്ല ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും അവർക്ക് വിരോധമായിരുന്നു. ഇത്തരം തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് സാമൂഹിക മാറ്റത്തിന്റെ പ്രക്രീയയിലേയ്ക്ക് സാവിത്രിയെ നയിച്ചത്. 

മഹാരാഷ്ട്രയിലെ നവോത്ഥാന ചരിത്രം പരിശോധിച്ചാൽ ഫൂലെയെയും സാവിത്രി ഫൂലെയെയും വേറിട്ടു നിർത്തി പഠിക്കാൻ കഴിയില്ല. എല്ലാവർക്കും പഠിക്കാവുന്ന സ്കൂൾ എന്ന സങ്കൽപ്പത്തിലാണ് ഇരുവരും സ്കൂൾ സ്ഥാപിക്കുന്നത്. ഫൂലെയുടെ നേതൃത്വത്തിൽ ആരംഭിച്ച സത്യശോധക് സമാജ് എന്ന പ്രസ്ഥാനമാണ് ഇത്തരം പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സമഗ്രമായ സാമൂഹിക മാറ്റം ലക്ഷ്യംവെച്ച് ആരംഭിച്ച പ്രസ്ഥാനത്തിന്റെ മുൻനിരയിൽ ധൈര്യത്തോടെ മുന്നേറാൻ സാവിത്രി ഫൂലെക്ക് കഴിഞ്ഞു. ഇന്ത്യയിലെ എല്ലാത്തരം മുന്നേറ്റങ്ങളിലും സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആദിവാസി വിഭാഗത്തിലെ സാന്താൾ സ്ത്രീകളുടേതുൾപ്പെടെയുള്ള ചെറുത്തുനിൽപ് കണ്ടെത്താൻ കഴിയും.   ഇന്ത്യൻ നവോത്ഥാന ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ചും കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല.

പ്രശസ്ത ചിത്രകാരി മാളവിക ആഷര്‍ വരച്ച സാവിത്രി ഫുലെ ചിത്ര പരമ്പരയില്‍ നിന്ന്

പ്രശസ്ത ചിത്രകാരി മാളവിക ആഷര്‍ വരച്ച സാവിത്രി ഫുലെ ചിത്ര പരമ്പരയില്‍ നിന്ന്


1853ൽ ഇരുവരും ചേർന്ന് വിദ്യാഭ്യാസ സൊസൈറ്റി രൂപീകരിച്ചു. പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് സൊസൈറ്റി രൂപീകരിച്ചത്. സ്ഥാപനത്തിനു ചുറ്റുമുള്ള വില്ലേജിലെ എല്ലാവരും ഇവിടെ വന്നു പഠനം ആരംഭിച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കായി സാവിത്രിയുടെ നേതൃത്വത്തിൽ ഒരു അഭയകേന്ദ്രം 1854ൽ ആരംഭിച്ചത് ഒരു ചരിത്ര സംഭവമായിരുന്നു. അനാഥരാക്കപ്പെട്ട സ്ത്രീകളെല്ലാം ഇവിടേയ്ക്ക് വന്നുകൊണ്ടോയിരുന്നു. എല്ലാ വിഭാഗം സ്ത്രീകളും ഇവിടെ സുരക്ഷിതരായി ജീവിച്ചു. ഇവരുടെ ദൈനംദിന കാര്യങ്ങൾ നോക്കുന്നതിനൊപ്പം നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് അയപ്പിക്കുന്നതിനും സാവിത്രി ഫൂലെ നേതൃത്വം നൽകി. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി അവരെ വിദ്യ അഭ്യസിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സാവിത്രി ഫൂലെ നടപ്പാക്കിയത്. അതിനായി ആരംഭിച്ച സ്കൂളിൽ വ്യത്യസ്തമായ അധ്യാപന രീതി നടപ്പാക്കാനും അവർക്ക് കഴിഞ്ഞു. ആശയം പ്രസംഗിക്കുക മാത്രമല്ല പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണ് എന്ന തിരിച്ചറിവ് സാവിത്രിക്കുണ്ടായിരുന്നു.  സ്ത്രീകളുടെ ഉന്നമനത്തിനായി പുതിയ കാഴ്ചപ്പാടുകൾ അവതരപ്പിച്ചതിനാലാണ് 'ഇന്ത്യൻ ഫെമിനിസത്തിന്റെ മാതാവ്' എന്ന് സാവിത്രി ഫൂലെയെ വിളിക്കുന്നത്. സാവിത്രിയുടെ സാമൂഹിക പ്രവർത്തനത്തിനു വലിയ എതിർപ്പാണ് അക്കാലത്ത് നേരിടേണ്ടി വന്നത്. 

മഹാരാഷ്ട്രയിലെ ചെറിയ ഗ്രാമമായ നൈഗോണിൽ 1831 ജനുവരി മൂന്നിനാണ് സാവിത്രി ഭായി ജ്യോതി റാവു ഫൂലെയെന്ന സാവിത്രി ജനിച്ചത്. വളരെ ചെറുപ്പത്തിൽതന്നെ അറിവ്  സമ്പാദിക്കാനുള്ള അഗാധമായ ആഗ്രഹം സാവിത്രിക്കുണ്ടായിരുന്നു. 1840ലാണ് ഫൂലെയെ വിവാഹം കഴിക്കുന്നത്. ഇത് ഇരുവരുടെയും സാംസ്കാരിക സാമൂഹിക പ്രവർത്തനത്തിന് കൂടുതൽ ഊർജം പകർന്നു. ഒരു ക്രിസ്ത്യൻ മിഷനറി എഴുതിയ പുസ്തകം തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വലിയ ഉൽസാഹം നൽകുകയായിരുന്നു. ഫൂലെയുടെ നവ ചിന്തകൾ വായിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തത് സാവിത്രി ഫൂലെയായിരുന്നു. ടീച്ചറാകാനുള്ള യോഗ്യത നേടിയ സാവിത്രി ഫൂലെ അതിനെ സ്ത്രീകൾക്കുവേണ്ടിയുള്ള സേവനമാക്കി മാറ്റി. സ്ത്രീകളുടെ വിദ്യാഭ്യാസവും അവരുടെ സാമൂഹിക ഉന്നമനവും സാമൂഹിക മാറ്റത്തിൽ പ്രധാനമാണെന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ തിരിച്ചറിയുന്നതുതന്നെ ഇവരുടെ പ്രവർത്തനങ്ങളിലൂടെയായിരുന്നു.

പൊതു കിണറിൽനിന്ന് വെള്ളമെടുക്കുന്നത് എല്ലാ മനുഷ്യരുടെയും അവകാശമാണെന്നും അത് നേടിയെടുക്കാൻ എല്ലാവരും ഒത്തുചേരണമെന്ന ആഹ്വാനവുമായി മഹാരാഷ്ട്രയിൽ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ നേതൃനിരയിൽ നിൽക്കാൻ സാവിത്രി ഫൂലെയ്ക്ക് കഴിഞ്ഞു. തന്റെ ജീവിതകാലം മുഴുവൻ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളാണ് സാവിത്രി നടത്തിയത്. ഒപ്പം മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയായി.  1897 മാർച്ച് പത്തിന് ലോകത്തോടു വിട പറയുമ്പോൾ നവോത്ഥാനത്തിന്റെ ചരിത്രത്തിൽ ആ പേര് സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top