27 April Saturday

ഇന്ത്യയുടെ മകള്‍

എ പി സജിഷUpdated: Tuesday Apr 17, 2018

‘എരി പൊരി കൊണ്ട മാംസദാഹങ്ങളേ
നരകമാക്കുന്നു നിങ്ങളീപ്പാരിനെ,
വെറുതെ നിങ്ങൾ വിടില്ല, വിടില്ലൊരു ചിറകൊടിഞ്ഞ പൂന്പാറ്റയെ കൂടിയും’ ( ചങ്ങമ്പുഴ)
  

 എനിക്കൊരു മകളില്ല, ഉലയുന്ന സങ്കടങ്ങളിൽ ചേർത്ത്‌ പിടിക്കാൻ അനിയത്തിയോ, ചേച്ചിയോ ഇല്ല. പേറ്റു നോവിന്റെ ആകുലതകളും പ്രതീക്ഷകളുമറിയാൻ ഒരു കുരുന്നിന്റെ അമ്മ പോലുമല്ല. എന്നിട്ടും ഹൃദയത്തിൽ നിന്നും ഒരു മകൾ പിറന്നു. അവളുടെ നിലവിളിയോർത്ത്‌ ഹൃദയം പൊള്ളി. ആ പൊള്ളലിൽ  ഇന്നും അവൾ പിടയുകയാണ്. ആസിഫ, അവളിന്ന് വെറുമൊരു പേരല്ല. ഇന്ത്യയുടെ നോവാണ്. മരിച്ചിട്ടും ഒരു പാട്‌ഹൃദയങ്ങളിൽ പുനർജനിച്ച മകൾ. അവൾക്കു വേണ്ടി ഉരുകാൻ ഒരമ്മയാകണം എന്നില്ല. വയലറ്റ് നിറമുള്ള ഉടുപ്പിട്ട്, കാലുകൾ ഒടിഞ്ഞ് അവൾ കണ്മുന്നിൽ കിടപ്പുണ്ടാകും  അവളുടെ നഖങ്ങൾക്ക്‌ കറുത്ത പാട് വന്നിരുന്നു. നീലയും ചുവപ്പും പാടുകളിൽ ദേഹം വിങ്ങിയിരുന്നു .

  ഏഴു ദിവസം ഒരു ക്ഷേത്രത്തിൽ പൂട്ടിയിട്ടാണ് ആസിഫ ബാനു എന്ന എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നത്. മകളെ കാണാതായി എല്ലായിടത്തും തിരഞ്ഞ ആ പിതാവ് ക്ഷേത്രത്തിൽ മാത്രം തെരഞ്ഞില്ല. കാരണം, അതൊരു വിശുദ്ധ സ്ഥലമാണെന്ന് അവർക്ക്‌ തോന്നി. ആ സമയം അവളവിടെ മരണത്തോട് മല്ലടിച്ചു  കിടന്നു.  ആ നാടോടികൾക്ക്‌ വീടില്ല, ഒരു തുണ്ട് മണ്ണില്ല, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നവർ...പക്ഷെ അവർക്ക്‌  ഒന്നു മാത്രം മാറിയിട്ടില്ല,,,ഇന്ത്യൻ ദേശീയത, ആ രാജ്യ സ്നേഹം. അങ്ങനെ കരുതാനേ അവർക്ക്‌  കഴിയൂ. കാരണം ആസിഫയുടെ കുടുംബത്തിന് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു പ്രാധാന്യമുണ്ട്. 1999ൽ കാർഗിലിലേക്ക് പാക്‌സൈന്യം നുഴഞ്ഞു കയറുന്നത് ബക്കർവാലകളാണ് ഇന്ത്യൻ ക്യാന്പിൽ  അറിയിച്ചത്. അതിന് മുന്പ് രണ്ട് യുദ്ധങ്ങളിൽ അവർ   ഇന്ത്യയെ സഹായിച്ചു. ധീരതക്ക് പുരസ്കാരം കിട്ടിയ ബക്കർ വാലകളും ഉണ്ട്. അത്രയേറെ രാജ്യസ്നേഹികളായിരുന്നു ആ ആട്ടിടയന്മാർ. ഈ കുടുംബത്തിൽപെട്ടവളാണ് ആസിഫയും.

  ബക്കർ വാലകൾ ആടിനെയും കുതിരയേയും  പശുവിനെയും മേയ്ച്ചു നടന്നു. അങ്ങനെയൊരു കുതിരയെ കൊണ്ടു വരാനായി കാട്ടിൽ പോയതാണ് കാശ്മീരി പെൺകുട്ടി ആസിഫ. അവൾ മടങ്ങി വന്നില്ല. അവളുടെ പിതാവും അയൽവാസികളുമെല്ലാം ഉൾക്കാടുകളിൽ അവളെ െതരഞ്ഞു. കാടിന്റെ നടുവിൽ എന്തെങ്കിലും അപകടം, അതിൽപ്പരം ചിന്തിക്കാൻ ആ പിതാവിന് കഴിഞ്ഞില്ല. തന്നെ പോലെ പെൺമക്കളെ സ്നേഹിക്കുന്നവർ ആകും ചുറ്റുമെന്ന് അയാൾ വെറുതെ തെറ്റിദ്ധരിച്ചു. ഈ ദിനങ്ങളിലെല്ലാം ദുർഗാക്ഷേത്രത്തിൽ അവൾ പിടയുന്നുണ്ടായിരുന്നു. അവളുടെ കരച്ചിൽ പുറത്തു വന്നില്ല. അവളെ മയക്കു മരുന്നു നല്കി, ബോധം കെടുത്തി പീഡിപ്പിക്കുന്പോൾ  ക്ഷേത്രത്തിലെ ദൈവം പോലും രക്ഷയ്‌ക്കെത്തിയില്ല. ഒരിക്കലും പ്രവേശനം ഇല്ലാത്ത ആ ക്ഷേത്രത്തിൽ , ബലാത്സംഗം ചെയ്യാനായി അവർക്ക്‌ പ്രവേശനം നല്കി.

  ബക്കർ വാലകളെ ഓടിക്കാനാണ് ഒരു കുരുന്നിനോട് അത്രയും ക്രൂരത ചെയ്തത്. മതേതര ഇന്ത്യ എന്ന പേർ പൊലും ഇന്ന് അന്യമാവുന്നു. ജനുവരിയിലാണ് ആസിഫ സംഭവം അരങ്ങേറിയത്. എന്നിട്ടും ഒരു കേസ് പോലും രജിസ്റ്റർ ചെയ്തില്ല. സിപിഐ എം ആണ് അന്വേഷണം ആവശ്യപ്പെട്ട് ആദ്യമായി രംഗത്തെത്തിയത്. പ്രതിഷേധങ്ങളും നടത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം യൂസഫ് തരിഗാമി ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചു. ബിജെപിയിലെ രണ്ട് മന്ത്രിമാർ പ്രതികൾക്ക്‌ അനുകൂലമായിരുന്നു. അവർ കുറ്റവാളികളെ സംരക്ഷിക്കാൻ നോക്കി.

എന്നാൽ ത്വരിതാനേഷണത്തിനായി തരിഗാമി വീണ്ടും നിയമസഭയിൽ ആഞ്ഞടിച്ചു. അതോടെ അന്വേഷണം നടത്തി. ആ ഇടപെടലിന്റെ  ഫലമാണ് ഇന്ന് രാജ്യം മുഴുവൻ അലയടിക്കുന്ന പ്രതിഷേധം. മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്നത് പുതിയ സംഭവം അല്ല. ഈ രാജ്യം പെണ്ണിന് വഴി നടക്കാൻ അനുവദിക്കാത്ത വിധം താറുമാറാക്കുകയാണ് ഹിന്ദുത്വ വാദികൾ. ഉത്തർപ്രദേശിലെ ഉന്നാവയിൽ  മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ബിജെപി എംഎൽഎയും ഇതിൽപ്രതിയാണ്. കുൽദിപ് സഞ്ചാരിനെതിരെ നപടിയെടുക്കാൻ  മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മടിച്ചു. ഒടുവിൽ  ആ പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി. കസ്റ്റഡിയിൽവെച്ച് അയാൾ മരിച്ചു.

    ഇത് മാത്രമല്ല, മുംബൈയിൽ, ഗുജറാത്തിൽ, ഉത്തർപ്രദേശിൽ , മധ്യപ്രദേശിൽ, കർണാടകയിൽ.....എല്ലാം ബിജെപിനേതാക്കൾക്കെതിരെ  പീഡനക്കേസുകളുണ്ട്. ഇരകളിൽ പലരും ദളിതരും മുസ്ലീങ്ങളുമാണ്.   ഇന്ത്യ മതേതര രാഷ്‌ട്രമാണ്. ഹിന്ദുവും മുസ്ലീമും പാഴ്സിയും ക്രിസ്ത്യനുമെല്ലാം ഒരേ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. ഇനിയും അനുഭവിക്കേണ്ടവരാണ്. ഹിന്ദു രാഷ്ട്രം വിഭാവനം ചെയ്യുന്ന സംഘപരിവാർ അജണ്ടയല്ല ഇവിടെ നടക്കേണ്ടത്. അതിനെതിരെ ഇനിയും പ്രതിഷേധങ്ങൾ ഉയരും. ആസിഫമാർക്ക്‌  ഈ മണ്ണിൽ വളരണം. പാട്ടുകൾ പാടി, അവളിവിടെ പാറി നടക്കണം, അവളുടെ സ്വപ്നങ്ങൾക്ക്‌ ചിറകു വിരിക്കണം. അതു കരിയിക്കാൻ ഇനിയൊരു ക്ഷേത്രവും വേദി ആവരുത്. കാരണം ആസിഫ നമ്മുടെ മകളാ... ഇന്ത്യയുടെ മകൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top