10 June Saturday

കരുത്തിൽ ഇന്നും യുവത്വം; 95ാം വയസിലും ചുണക്കുട്ടിയായി ചീരമ്മ

ആർ ഹേമലതUpdated: Wednesday Jan 17, 2018

എഴുപതുകളിൽ മിച്ചഭൂമി സമരം നടക്കുന്ന കാലം. പൊലീസിനെയും പട്ടാളത്തിനെയും പേടിച്ച് വീടുകളിൽ നിന്നെല്ലാം പുരുഷന്മാർ പ്രത്യേകിച്ചും കമ്യൂണിസ്റ്റ് അനുഭാവികൾ മാറിനിന്നിരുന്ന കാലം. കായലോര ഗ്രാമമായ എറണാകുളം ഉദയംപേരൂരിലെ വീടുകളിലും സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആ സമയത്താണ് സഖാവ് പി എസ് വേലപ്പന്റെ അമ്മ മരിക്കുന്നത്. സഖാവ് വേലപ്പന്  ഒളിവിൽ നിന്ന് അമ്മയെ കാണാൻ എത്തണം. മരണമറിഞ്ഞെത്തിയ ബന്ധുക്കൾക്കും മറ്റ് സ്ത്രീജനങ്ങൾക്കും ഭയം. പൊലീസ് തങ്ങളെ കൂടി പിടിച്ചു കൊണ്ട് പോകുമോ.... നിശബ്ദത ഭേദിച്ച് ചീരമ്മയുടെ ഉറച്ച സ്വരം ഉയർന്നു... 'വരിനെടാ... ആരും തടയില്ല.... അമ്മയ്ക്ക് ഒരിറക്ക് വെള്ളം കൊടുക്ക്...' കൈയിലൊരു കുറുവടിയുമായി ചീരമ്മ മുന്നിൽ നിന്നു. അവരുടെ വാക്കുകൾ കേട്ട സ്ത്രീകൾ സംഘടിച്ചു. സഖാവ് വേലപ്പൻ എത്തി അമ്മയ്ക്ക് അവസാനതുള്ളി വെള്ളം നൽകി. മൃതദേഹം കാണാനെത്തിയ എ കെ ജി പോലും ചീരമ്മയുടെ ധൈര്യത്തെ പ്രശംസിച്ചു.

ചീരമ്മയെന്ന മത്സ്യത്തൊഴിലാളി സ്ത്രീയുടെ ധൈര്യം അവിടംകൊണ്ട് അവസാനിച്ചില്ല... മൃതദേഹം കുളിപ്പിച്ചതിന് ശേഷം ധരിപ്പിക്കാനുള്ള മുണ്ടും ബ്ലൗസും തുന്നൽകാരന്റെ അടുത്തു നിന്നും വാങ്ങാൻ പോകാൻ ആർക്കും ധൈര്യമില്ല.. അതും ചീരമ്മ തന്നെ എത്തിച്ചു നൽകി.

ഉദയംപേരൂരിൽ ഇത്രയധികം സംഘർഷാവസ്ഥയുണ്ടാകാൻ കാരണം കണ്ണികാടൻ പാപ്പച്ചൻ എന്ന മുതലാളിയുടെ ഭൂമി കൈയേറി തൊഴിലാളികൾ പാർടിയുടെ നേതൃത്വത്തിൽ കൊടി നാട്ടിയതാണ്. തെങ്ങുകയറാൻ എത്തുന്നവരെ ഉപരോധിക്കാനും പാർടി തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് സംഘർഷവും പൊലീസ് മർദ്ദനവും നടന്നും. കൈയിൽ കിട്ടിയവരെ ഒക്കെ പൊലീസ് മർദ്ദിച്ചിരുന്നു. തൊഴിലാളികളായവരോ അവരെ സംഘടിപ്പിക്കുന്ന പാർടിക്കാരായ പുരുഷന്മാരോ പുറത്തിറങ്ങി നടന്നാൽ പൊലീസ് പിടിച്ചു കൊണ്ടുപോകും. സ്ത്രീകളെയും ജയിലിൽ അടച്ച കാലം. ആകെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ആ അന്തരീക്ഷത്തിലും ചീരമ്മയുടെ ധൈര്യം അപാരമായിരുന്നു.

ഒന്നിനെയും കൂസാത്ത സ്വഭാവം ഈ 95 ാം വയസിലും ചീരമ്മ കൈവിട്ടിട്ടില്ല. പഴയ കാലത്തെ സാഹസികതകൾ ഓർത്തെടുക്കുമ്പോഴും അതേ വീര്യമാണ് വാക്കുകളിൽ. കമ്യൂണിസ്റ്റ് പാർടിക്ക് വേണ്ടി കൊടിപിടിക്കാൻ പോയ കാലവും അന്നത്തെ മുദ്രാവാക്യങ്ങളും ഇന്നും ആ മനസിൽ കെടാതെ നിൽക്കുന്നു. 'വാടാ വടക്കരെ... വാടാ നീ എന്നോട് പോര് വിളിക്കാൻ...'

എഴുപുന്ന സ്വദേശിയായ ചീരമ്മ പത്താംകുഴി വീട്ടിൽ പപ്പുവിനെ വിവാഹം കഴിച്ചാണ് ഉദയംപേരൂരിൽ എത്തുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ചീരമ്മ ചുണക്കുട്ടിയായിരുന്നു. മകളെ വീടിനടുത്തുള്ള സെമിനാരിയോട് ചേർന്ന പള്ളിക്കൂടത്തിലാണ് അപ്പൻ പഠിക്കാൻ വിട്ടത്. ഏതാനും ദിവസങ്ങൾക്കകത്തു തന്നെ ചീരമ്മ പഠിപ്പിക്കുന്ന കത്തനാരോട് പിണങ്ങി സ്‌കൂളു വിട്ടുപോന്നു. പിന്നെ വല്ല നിവർത്തിയും ഉണ്ടോ? അതോടെ പഠനം അവസാനിച്ചു... പിന്നീടാണ് പാപ്പുവിനെ വിവാഹം കഴിക്കുന്നത്. മത്സ്യത്തൊഴിലാളിയായ പാപ്പുവും ചീരമ്മയും മീൻ തലയിൽ ചുമന്ന് വിറ്റാണ് മക്കളെ പോറ്റിയത്. 10 മക്കൾ ഉണ്ടായിരുന്നു. ഇന്നിപ്പോൾ അനുഭവത്തിൽ മൂന്നുപേർ മാത്രം. മത്സ്യത്തൊഴിലാളിയായ ഇളയമകൻ സന്തോഷിനൊപ്പമാണ് ചീരമ്മയുടെ ജീവിതം. 

മകന്റെ മകൾ അമ്മാളുവാണ് മുത്തശ്ശിയുടെ ഇപ്പോഴത്തെ കൂട്ടുകാരി. അവൾ പക്ഷെ തന്നോളം ധൈര്യശാലിയല്ല എന്നൊരു പരിഭവം മാത്രം...
നേരം പുലരുമ്പോൾ തലയിൽ ഒരു ചെരുവം നിറച്ച് മീനുമായി കിലോമീറ്ററുകൾ നടന്നും ബസിൽ കയറിയും മീൻ വിറ്റിരുന്ന ഒരു കാലം ചീരമ്മയ്ക്കുണ്ടായിരുന്നു. പുലർച്ചെ തുടങ്ങുന്ന യാത്ര അവസാനിക്കുന്നത് രാത്രി ഒൻപതോടെയാണ്. ഉദയം പേരൂരിൽ നിന്നും വണ്ടികയറി കൊച്ചിയുടെ അതിർത്തിയായ കണ്ടനാട് ചൗക്കയും കടന്ന് പുത്തൻകുരിശ് വരെ പോകും. സർക്കാർ വണ്ടികൾ കുറവായിരുന്നു അക്കാലത്ത്. കോലഞ്ചേരിയിലെ ചാക്കുട്ടി മുതലാളിയുടെ 'തോംസൺ വണ്ടി'യാണ് പിന്നത്തെ ആശ്രയം.

ഒരണയാണ് ഒരു അയിലയുടെ വില. മിക്കവാറും മീൻ വിറ്റാൽ പണം തന്നെ കിട്ടണം എന്ന് നിർബന്ധമില്ല. 'ബാർട്ടർ സമ്പ്രദായം' നിലനിന്നിരുന്ന കാലമായതിനാൽ അരിയായും നെല്ലായും തേങ്ങയായും ഒക്കെ ആളുകൾ മീനിന്റെ മൂല്യം തിരികെ നൽകും. ബാക്കിവരുന്ന മീനിനൊപ്പം ഇതും ചുമന്നാണ് പിന്നീടുള്ള നടത്തം. ഒരുപാട് ചുമടെടുത്തതിന്റെ ഫലമായി തലവേദനയുണ്ടെന്നതൊഴിച്ചാൽ നൂറു തികയാറായിട്ടും ചീരമ്മ ആരോഗ്യവതിയാണ്.
ഇതിനിടയിൽ പൊലീസുമായി വഴക്കുണ്ടാകും. തിരുവിതാംകൂറിൽ നിന്നും അരി കൊച്ചിരാജ്യത്തിലേക്ക് കൊണ്ടുവരാൻ അന്ന് അനുവാദമില്ല. കണ്ടനാട് ചൗക്കിലെത്തുമ്പോൾ ചീരമ്മയെ പൊലീസ് തടയും. മുണ്ടൊക്കെ പറിച്ചെറിഞ്ഞ് ൈകയിലെ കുറുവടി കുത്തി തലയിലെ ചുമട് ബാലൻസ് ചെയ്ത് ഒരോട്ടമാണ്. പോകുന്ന വഴിയിൽ ഉറക്കെ പറയും 'മക്കളെ വളർത്താനാണ് സാറന്മാരെ...' എന്നാൽ ഇത് സ്ഥിരമായപ്പോൾ ചീരമ്മയ്ക്ക് സഹിച്ചില്ല. അന്ന് ഉദയംപേരൂരിൽ ഒരു മത്സ്യത്തൊഴിലാളി സൊസൈറ്റിയുണ്ട്. കമ്യുണിസ്റ്റ്കാരാണ് അതിന്റെ നേതൃത്വ നിരയിൽ ഉള്ളത്. അവരാണ് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ തീർപ്പുകൽപ്പിക്കുന്ന ജഡ്ജിയും ന്യായാധിപനും ഒക്കെ. പൊലീസുകാരുടെ 'അരിപിടിത്തം' സഹിക്കാവുന്നതിനും അപ്പുറം ആയപ്പോൾ ചീരമ്മ സൊസൈറ്റിയിൽ പരാതി നൽകി. അക്കാലത്ത് ആണുങ്ങൾക്കെതിരെ പെണ്ണുങ്ങൾ പരാതി നൽകുന്നതൊക്കെ അപൂർവ്വമാണ്. പൊലീസുകാരനെ വിചാരണയ്ക്ക് വിളിച്ചുവരുത്തി. ചീരമ്മയ്ക്ക് ലഭിക്കുന്ന സാധന സാമഗ്രികളെ ചുങ്കം നൽകുന്നതിൽ നിന്നും ഒഴിവാക്കി വാങ്ങി എന്നു ചുരുക്കത്തിൽ പറയാം.

പതിനെട്ടു വർഷത്തോളമായി ചീരമ്മ മീൻ വിൽക്കുന്നത് നിർത്തിയിട്ട്. മക്കൾ പ്രാപ്തരായതിനാൽ അവരുടെ ഒപ്പം കഴിയുന്നു. ആറു വർഷം മുമ്പ് പപ്പുവും ചീരമ്മയെ വിട്ട് പോയി. ഒരു കണ്ണിന് കാഴ്ചയില്ല. ചുമടു താങ്ങിയതിന്റെ ദോഷമാണ് അതും എന്നാണ് ചീരമ്മയുടെ ശാസ്ത്രം...
കമ്യൂണിസ്‌റ്റെന്ന് പറഞ്ഞാൽ ഇന്നും ചീരമ്മയുടെ ചോര തിളയ്ക്കും. അവരൊക്കെ വലിയ മനുഷ്യത്വമുള്ളവരാണെന്നാണ് ചീരയമ്മയുടെ പക്ഷം.... 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top