20 April Saturday

ഒറ്റയ്ക്ക് പാടുന്ന പക്ഷികൾ

കെ എ അനിൽകുമാർUpdated: Sunday Feb 16, 2020


അവിവാഹിത അമ്മമാരുടെ കണ്ണീർ കുതിർന്ന ഭൂമിയായിരുന്നു ഒരിക്കൽ വയനാട്. പതുക്കെ ആ കഥ മറ്റൊന്നിലേക്ക് മാറി. വിവാഹ ചൂതാട്ടത്തിലെ ഇരകളായി പുറംതള്ളപ്പെട്ട  സ്ത്രീകളുടെ നാട് കൂടിയായി. മൂവായിരത്തോളം അമ്മമാരായിരുന്നു  നീതി നിഷേധത്തിന്റെ ഇരകളായത്.

ഇവർക്കുമുണ്ടായിരുന്നു നിറമുള്ള  വിവാഹ സ്വപ്‌നങ്ങൾ.  പുതിയ നാട്‌,  ഭർതൃഗൃഹം, പുതിയ ബന്ധുക്കൾ, കുട്ടികൾ.. അങ്ങനെയങ്ങനെ. ആ സ്വപ്‌നങ്ങൾ തകരാൻ ഏറെ സമയമൊന്നും പലരുടെയും ജീവിതത്തിൽ  വേണ്ടിവന്നില്ല. ഒരു കാരണവുമില്ലാതെ  ഭർതൃവീട്ടീൽ നിന്നും ആട്ടിയിറക്കപ്പെട്ടപ്പോൾ  ഉദരത്തിലൂം  കൈകളിലും കുട്ടികളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.  കണ്ണീർപൊഴിച്ച്‌ വിറങ്ങലിച്ച നിമിഷങ്ങൾ.  മറ്റ്‌ പോംവഴിയില്ലാതെ, വിവാഹ സർട്ടിഫിക്കറ്റ്‌ പോലുമില്ലാതെ സ്വന്തം വീടുകളിലേക്ക്‌ തലതാഴ്‌ത്തി മടങ്ങേണ്ടിവന്നു.

ഔദ്യാഗിക കണക്കു പ്രകാരം   2500 സ്‌ത്രീകളാണ്‌  ഇത്തരത്തിൽ ദുരിതാവസ്ഥയിൽ നീറിക്കഴിയുന്നത്‌. ഒറ്റപ്പെടലിനെ ചേർത്തുപിടിച്ച്‌  ആയിരത്തോളം പേർ  പുറംലോകത്ത്‌ വരാതെ വേറെയും.   സന്നദ്ധസംഘടനയായ ജ്വാലയും കുടുംബശ്രീയും കൈകൊടുത്തപ്പോൾ പുതിയ പ്രതീക്ഷകളിലേക്ക്‌ ചുവടുവക്കുകയാണ്‌ ഈ ഹതഭാഗ്യർ.  കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിധിയെ പഴിച്ചിരിക്കുകയല്ല ഇന്ന്‌.  തന്നെയും കുട്ടികളെയും വഴിയാധാരമാക്കിയവരോടുള്ള നിയമപോരാട്ടത്തിലും അതിജീവന പാതയിലും കർമനിരതരാണ്‌ സംഘടിതരായ ഈ സ്‌ത്രീകൾ. വയനാട് ഇതുവരെ കാണാത്ത വേറിട്ട പോരാട്ടം.

മൈസൂർ കല്യാണം മുതൽ മനുഷ്യക്കടത്ത്‌ വരെ
ഉപേക്ഷിക്കപ്പെട്ടവരിലേറെയും മൈസൂർ കല്യാണങ്ങളിൽപെട്ടവരാണ്‌. തോട്ടം മേഖലയിലാണ്‌  കൂടുതൽ . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികളെ ചെറിയ സ്‌ത്രീധനത്തിന്‌ മൈസൂരുള്ള യുവാക്കൾ വിവാഹം കഴിക്കും. അതുകൊണ്ടുതന്നെ വരനെയോ ചുറ്റുപാടോ കാര്യമായി പെൺകുട്ടിയുടെ ബന്ധുക്കൾ അന്വേഷിക്കാറുമില്ല.  ഇതിനായി ഇടനിലക്കാരായ ലോബികളും സജീവമാണ്‌.  വിവാഹം കഴിഞ്ഞ്‌ ഏതാനും ആഴ്‌ചകൾ പിന്നിടുമ്പോഴായിരിക്കും വഞ്ചിക്കപ്പെട്ടതായി പെൺകുട്ടികൾ തിരിച്ചറിയുക.  ഭർത്താവിന്‌ വേറെ ഭാര്യയും മക്കളും വരെ ഉണ്ടാവും. ചിലർക്ക്‌ ഇതൊരു ധനാഗമമാർഗമാണ്‌.

നാട്ടിൽ തന്നെ ഒരു കാരണവുമില്ലാതെ ഉപേക്ഷിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്‌. ശരീരത്തിലെ മുറിവുപോലും ഒഴിവാക്കാനുള്ള കാരണമായി. വെള്ളമുണ്ടയിലെ രണ്ട്‌ യുവതികൾ അവിടെ തന്നെയുള്ള ഒരാളാൽ  ഒഴിവാക്കപ്പെട്ടവരാണ്‌. അതിർത്തി ഗ്രാമങ്ങളിലെ ആദിവാസി വിഭാഗത്തിലാണ്‌ പ്രധാനമായും മനുഷ്യക്കടത്ത്‌.  നിർധനയുവതികളെ ജോലിക്കെന്ന വ്യാജേന കർണാടകയിലേക്ക്‌ കടത്തുന്ന സംഘമാണ്‌ ഇതിന്‌ പിന്നിൽ. ലൈംഗിക ചൂഷണമാണ്‌ ലക്ഷ്യം. വർഷങ്ങൾ കഴിഞ്ഞാവും തിരിച്ചുവരവ്‌.  മാനന്തവാടി താലൂക്കിലാണ്‌  കൂടുതൽ. 

ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് കൽപ്പറ്റയിൽ നടത്തിയ കണ് വൻഷൻ

ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് കൽപ്പറ്റയിൽ നടത്തിയ കണ് വൻഷൻ


 

കുട്ടികളിലൂടെ അമ്മമാരിലേക്ക്‌
2011ൽ ചൈൽഡ്‌ ലൈൻ  സ്‌കൂളുകളിലെ ‘ പ്രശ്‌നക്കാരായ’  വിദ്യാർഥികളിൽ നടത്തിയ അന്വേഷണമാണ്‌ ശിഥിലമായ കുടുംബങ്ങളിലേക്ക്‌ എത്തിച്ചത്‌.   സന്നദ്ധ സംഘടനയായ  ജ്വാലയുടെ  ഡയറക്ടർ സി കെ ദിനേശ്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ഇവരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ   യോഗം വിളിച്ചു. 40ൽ താഴെയാണ്‌  പ്രതീക്ഷിച്ചതെങ്കിലും എത്തിയവർ 150 കടന്നു.  ഉള്ളിലൊതുക്കിയ സങ്കടങ്ങളും അനുഭവങ്ങളും  തുറന്നുപറഞ്ഞതോടെ വികാരഭരിതമായ രംഗങ്ങളായി.    ഉദ്‌ഘാടനം പോലും ഒഴിവാക്കി.  പിന്നീട്‌ എല്ലാ പഞ്ചായത്തുകളിലും യോഗങ്ങൾ വിളിച്ചു. വിധിയെന്ന്‌ കരുതി നിശബ്ദരായി ഇരിക്കുകയല്ല, നീതി നിഷേധത്തിനെതിരെ പോരാടുകയാണ്‌ വേണ്ടതെന്ന തീരുമാനങ്ങളിലേക്കുള്ള ആദ്യ ചുവടായിരുന്നു ഇത്‌.

ജീവിതം സ്വന്തം കാലിൽ
കുടുംബശ്രീ ജില്ലാ മിഷൻ ഇവരുടെ പ്രശ്‌നങ്ങളിലേക്ക്‌ കടന്നുവന്നതോടെ  കാതാലയ മാറ്റമുണ്ടായി.  ജില്ലാ കോ ഓർഡിനേറ്റർ പി സാജിതയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു.  സർവേ നടത്തി ഇവരെ കുടുംബശ്രീയിൽ അംഗങ്ങളാക്കി. സ്വന്തമായി വരുമാനം കണ്ടെത്താനുതകുന്ന മാർഗങ്ങൾ മുന്നിൽവച്ചു. തയ്യൽ, കൃഷി, കരകൗശല ഉൽപ്പന്ന നിർമാണം തുടങ്ങിയവ.  പലിശരഹിത വായ്‌പകളും അനുവദിച്ചു.

ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റിയുമായി ചേർന്ന്‌ സൗജന്യ നിയമസഹായവും ഉറപ്പ്‌ വരുത്തുന്നു.  ഇതിന്‌ രണ്ട്‌ മാസം മുമ്പ്‌ കൽപ്പറ്റയിൽ വിപുലമായ കൺവൻഷൻ നടത്തി. 18 വയസുള്ളവർ മുതൽ പ്രായമായവർ വരെ  എത്തി. ഉദ്‌ഘാടനം ചെയ്യാനെത്തിയ ‌ഹൈക്കോടതി ജഡ്‌ജി എ കെ ജയചന്ദ്രൻ നമ്പ്യാർ തനിക്ക്‌ ഇതൊരു  പുതിയൊരു അനുഭവമാണെന്ന്‌ സാക്ഷ്യപ്പെടുത്തി.

കൺവൻഷന്‌ എത്തിയവർക്ക്‌ നിയമങ്ങൾ സംബന്ധിച്ച്‌  അറിവുണ്ടായിരുന്നില്ല.  തങ്ങൾ വഞ്ചിക്കപ്പെട്ടതാണെന്ന തിരിച്ചറിവും ഉണ്ടായിരുന്നില്ല.  കേസിനെ കോടതിയെയും ഭയമായിരുന്നു. സർക്കാരിൽനിന്നും പെൻഷൻ ലഭിക്കുമെന്നറിയാത്തവരും ഉണ്ടായിരുന്നു. ഇതിനെല്ലാം മാറ്റം വരികയാണ്‌.  സ്വന്തം കാലിൽ നിൽക്കണം. കുട്ടികളെ നല്ലപോലെ വളർത്തണം, അതിജീവന പാതയിൽ  ഇവർക്ക്‌  ആത്മവിശ്വാസം ഏറുകയാണ്‌.   കുടുംബശ്രീയും ജ്വാലയും പിന്തുണയുമായി ഒപ്പമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top