23 April Tuesday

അതിർവരമ്പുകൾക്കപ്പുറം...

ആൻ പാലിUpdated: Sunday Feb 16, 2020

പ്രണയിക്കുന്നവർക്കായുള്ള ദിനത്തിന്റെ അവസാനനാഴികകളിലെപ്പോഴോ ആണ് അത് നഷ്ടമാവുന്നവരെക്കുറിച്ച്  പറഞ്ഞു തുടങ്ങിയത്. ഓരോരുത്തർക്കുമുണ്ടായിരുന്നു  ഒരു കഥ! എവിടെത്തുടങ്ങി എന്നത് പോലെ എങ്ങനെയൊടുങ്ങി എന്നും കൂടി പറഞ്ഞുതരുന്ന കഥകൾ... അവസാന പരീ ക്ഷയുടെ അന്ന്, കൂട്ടുപിടിക്കാൻ വാക്കുകൾ ഒന്നും കിട്ടാതെ പോയ ഒരു കാലത്തിനൊടുവിൽ, വീട്ടിലറിഞ്ഞപ്പോൾ ചെകിടത്തടിച്ച ആങ്ങളയുടെ ഹുങ്കിൽ, കുടുംബമഹിമയുടെ പേരിൽ വാശി പിടിച്ച ഒരമ്മാവന്റെയും സ്ത്രീധനത്തിന്റെ പേരിൽ മുഖം കടുപ്പിച്ചിറങ്ങിയ അമ്മയുടെയും  രോഷത്തിൽ , അങ്ങനെ എത്രയെത്ര സന്ദർഭങ്ങൾ... അവിടെനിന്നൊക്കെ നിസ്സഹായരായി കണ്ണീർ തുടച്ച ഓർമകൾ ആർക്കും അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ.

പിന്നെയും കഥവഞ്ചിയിൽ തുഴഞ്ഞു നീങ്ങുമ്പോൾ വെറുപ്പോടെ കത്തിമുനയിലും ആസിഡിലും ജീവിതം നശിപ്പിക്കുന്നവരെക്കുറിച്ചായി സംസാരം. "ഇതൊക്കെ വളർത്തുന്നവരുടെ കൂടി കുഴപ്പമാണ്", ആർക്കോ തോന്നിയ ഒരു അഭിപ്രായം. ആ മുന ചെന്ന് കുത്തുന്നത് കുറേ ക്രിമിനൽസിന്റെ അമ്മമാരുടെ നെഞ്ചിലേയ്ക്കാണ്. സത്യത്തിൽ അവർ മാത്രം കാരണമാണോ മക്കൾ ഇങ്ങനെ ആയത് ?

'നോ' എന്നത് വെറുമൊരു വാക്കല്ല, അതിലൊരു ആശയമുണ്ട്, അവനവന് അർഹതപ്പെട്ടതല്ലാത്തതെന്തും ആഗ്രഹിക്കാൻ പോവരുതെന്ന താക്കീത്. കുഞ്ഞുങ്ങൾ ആവശ്യങ്ങൾ  പറഞ്ഞു തുടങ്ങുന്നത് വീട്ടിലാണ്. അവിടെനിന്നും എന്തും എപ്പോഴും ലഭിക്കുമെന്ന അമിതവിശ്വാസം കിട്ടുമ്പോൾ തന്നെ കുട്ടികൾ സ്വാർഥരാവാൻ കൂടി പഠിക്കുകയാണ്. ആ പേരെന്റിങ്ങിനെക്കുറിച്ച് ബോധവാന്മാരാകുമ്പോൾത്തന്നെ നഷ്ടമാകുമെന്ന് തോന്നുന്ന പ്രണയത്തെ ആസിഡൊഴിച്ചു കരിച്ചു കളയാം എന്ന് ചിന്തിക്കുന്നവരിൽ ഒരു നല്ല പങ്കും 'ബോർഡർ ലൈൻ പേഴ്സണാലിറ്റി' ആണെന്ന കാര്യം നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ? പെട്ടെന്ന് വികാരവിക്ഷുബ്ധരാകുന്ന, ആക്രമണസ്വഭാവമുള്ള, ആളുകൾ ഉണ്ടാവുന്നതിന് സാമൂഹികചുറ്റുപാടുകൾ പോലെ ജനിതകപരവും  ശാരീരികവുമായ കാരണങ്ങൾ ഉണ്ടെന്ന് കൂടി അംഗീകരിച്ചേ പറ്റൂ. ഇതൊന്നും ഇന്നലെ പൊട്ടിമുളച്ച രോഗങ്ങളുമല്ല,

മനോവ്യതിയാനങ്ങളുടെ ആഴവും പരപ്പും കണ്ടെത്താൻ കഴിയുന്നവണ്ണമുള്ള ചോദ്യങ്ങളും അവയിലൂടെ തങ്ങൾ പരിധിവിടുന്നുവെന്ന തിരിച്ചറിവും നല്കാൻ കഴിഞ്ഞാൽ, സാധാരണ ജീവിതത്തിലേക്ക് നമ്മിൽ പ്രിയപ്പെട്ട പലരെയും കൂട്ടിക്കൊണ്ടുവരാനാവില്ലേ? സാമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാനും വേണ്ടരീതിയിൽ കൗൺസിലിങ്ങോ മറ്റ് വൈദ്യസഹായമോ നല്കാൻ കഴിയുന്ന ഒരു പദ്ധതിയുടെ ആവശ്യം നമുക്കില്ലേ ? ഒരു വ്യക്തിയുടെ നല്ല മാറ്റത്തിനായി ശ്രമിക്കുമ്പോൾ നാം രക്ഷപ്പെടുത്തുന്നത് അയാളെ മാത്രമല്ല, പൊള്ളാനും പുളഞ്ഞു കരയാനും പാതി വേവാനുമായി അയാൾ മനസ്സിൽ കുറിച്ചിട്ട കുറേ ജീവിതങ്ങളെക്കൂടിയാണ്, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാൻ നമ്മളല്ലാതെ മറ്റാരുണ്ട്? പ്രതീക്ഷയുണർത്തുന്നവരാവട്ടെ നമ്മുടെ കുഞ്ഞുങ്ങൾ...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top