29 March Friday

പ്രിയപ്പെട്ട ചിക്ക ; മാപ്പ്‌

ആൻ പാലിUpdated: Sunday Dec 15, 2019

സോസിബിനി ടൂൺസിക്ക്  വിശ്വസുന്ദരിപട്ടം കിട്ടിയപ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വന്ന മുഖം ചിക്കയുടേതാണ്. മൂന്ന് നേരവും ഫെയർ ആൻഡ്‌ ലൗലി തേച്ച് മുഖം വെളുപ്പിക്കാനുള്ള മഹായജ്ഞത്തിൽ സ്ഥിരമായി പങ്കെടുക്കുകയും ഒപ്പം  തരം കിട്ടുമ്പോളൊക്കെ നിറമല്ല മനസ്സിന്റെ നന്മയാണ് ഏറ്റവും പ്രധാനമെന്നൊക്കെ ഒരു മടിയും കൂടാതെ സോഷ്യൽ മീഡിയയിൽ എഴുതി വിടുകയും ചെയ്യുന്ന കപടത സ്വന്തമായുള്ള ഒരു പറ്റം മനുഷ്യർ ഇന്നും നമുക്ക് ചുറ്റുമുണ്ട്.

പലപ്പോഴും സവർണ്ണതയുടെയും കുടുംബമഹിമയുടെയും ഒക്കെ ചിഹ്നമാണ് ഇന്ത്യക്കാർക്ക്‌ വെളുത്ത നിറം. നിറം മാത്രമല്ല അല്പം ചുരുണ്ടതും കളർ ചെയ്യാത്തതുമായ മുടി കൂടി  ഉണ്ടെങ്കിൽ ‘ ആർ യു മദ്രാസി ?' എന്ന ചോദ്യം കേൾക്കേണ്ടി വരുമെന്ന് മനസ്സിലായത് ലണ്ടനിൽ പഠിക്കുമ്പോളാണ്. എണ്ണക്കറുപ്പുള്ള ആന്ധ്രക്കാരിയും   തൂവെള്ള നിറമുള്ള  ഗുജറാത്തിയും സുഹൃത്തുക്കളായപ്പോൾ കണ്ടു നിന്ന ചേട്ടന്മാർക്ക്  പിന്നെയും സംശയം ," മദ്രാസികൾക്ക്  നേരാംവണ്ണം ഹിന്ദി സംസാരിക്കാൻ അറിയാത്തതെന്താ ?" എന്നെപ്പോലൊരു  കോട്ടയംകാരിയോട് ഈ ചോദ്യം ന്യായമാണെങ്കിലും , ഞാൻ പ്രതികരിച്ചത് മറ്റൊരു വിഷയത്തിൽ ആയിരുന്നു. ദിവസവും എണ്ണ തേച്ച് , കുറിയിട്ട് ക്യാമ്പസിലെത്തുന്ന മധുരക്കാരിയെ രജനീകാന്ത് ഡയലോഗിന്റെ പേരിൽ  കളിയാക്കിയപ്പോൾ എന്നിലെ ദ്രാവിഡരക്തം ഒന്ന് തിളച്ചു, അന്ന് അവർക്കൊക്കെ അസ്സലൊരു മറുപടിയും കൊടുത്തിരുന്നു, എങ്കിലും ഞങ്ങളുടെ ക്യാമ്പസ്സിൽ പലദേശങ്ങളിൽ നിന്നുമുള്ള  സൗഹൃദങ്ങൾ പിന്നെയും പൂത്തും തളിർത്തും തണൽ വിരിച്ചുമൊക്കെ നിന്നു. 

അതിനിടയിൽ  ഒരു ഗുണവുമില്ലാത്ത കുറെ മതിലുകൾ സൃഷ്ടിച്ചു പരിഹാസത്തിന്റെ കറയുള്ള തുപ്പലും തെറിപ്പിച്ച് നടക്കുന്ന 'ഭാരതീയ യുവാക്കളുടെ ' ഇടയിലെ വേറിട്ട മുഖമായിരുന്നു സന്ദീപ്‌ എന്ന ആർകിടെക്റ്റ് വിദ്യാർഥി, മിടുക്കൻ, ശാന്തൻ, ബാംഗ്ലൂർ സ്വദേശി.

ഒരു ആപ്പിൾ കംപ്യൂട്ടറും കൈയിൽ തൂക്കി, നീല, പച്ച, മഞ്ഞ എന്നിങ്ങനെ സർവനിറങ്ങളിലും ഉള്ള കണ്ണട ഫ്രേയ്മുകൾ മാറ്റി വെയ്ക്കുന്ന കക്ഷിക്ക് ഗേൾഫ്രണ്ട് ഒരു  കെനിയക്കാരിയാണ്‌ . പേര് ‘ചിക്ക'. വലിയ കണ്ണുകളും തോൾ വരെ പിന്നിയ മുത്തുകളിട്ട മുടിയും സമൃദ്ധമായ പിൻഭാഗവും ഒക്കെയുള്ള സുന്ദരി .  രണ്ടു പേരും ഹോസ്റ്റലിൽ എന്റെ ഫ്ലോറിലാണ് താമസം. അത് കൊണ്ട് തന്നെ ഞങ്ങളുടേത് ഒരൊറ്റ അടുക്കളയുമാണ്.

കുളി കഴിഞ്ഞു തലയിലും നെഞ്ചിലും ഓരോ ടവലും കെട്ടി അടുക്കളയിൽ എത്തുന്ന ചിക്ക ഉറക്കെ  പാട്ടൊക്കെ പാടിയാണ് പാചകം തുടങ്ങുന്നത്. തക്കാളികൾ കിടന്നു തിളയ്ക്കുന്ന വലിയ പാത്രത്തിലേക്ക് ടിന്നിൽ നിന്നെടുത്ത മത്തിയും ചേർത്ത് ചിക്ക ഭക്ഷണം ഉണ്ടാക്കിക്കഴിയുമ്പോളെക്കും കൊച്ചു  ബൗളുകളിൽ നൂഡിൽസ് കഴിക്കാൻ ഇരിക്കുന്ന ചില  പുരുഷകേസരികൾ  വെള്ളമിറക്കി നേരം കളഞ്ഞിട്ടുണ്ടാകും . ആഫ്രിക്കൻ രക്തത്തിന് ശുണ്ടി ഒരല്പം കൂടുതലാണെന്ന് അവരിൽ  പലർക്കും  മനസ്സിലായിട്ടുള്ളതുകൊണ്ടുതന്നെ ചിക്ക അവിടെയുള്ള വിവരം അറിഞ്ഞിട്ടേയില്ലയെന്നമട്ടിൽ ഇരിക്കുന്ന വേറെ ചിലരുമുണ്ട്.

എന്നാൽ ഇതിനിടയിൽ ചിക്ക സന്ദീപിനെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ തൊട്ടാണ് എനിക്കു മറ്റൊരു കാര്യം മനസിലായത്, അവൾക്ക്  അത്യാവശ്യം ഹിന്ദി അറിയാം. ‘ഹരേ രാമ ഹരേ കൃഷ്ണാ ' എന്ന് പാടാനും , അതിനൊപ്പം ഇന്ത്യൻ നൃത്തം ചെയ്യാനും അവൾക്കൊരു പ്രത്യേക താല്പര്യവും കഴിവുമുണ്ടായിരുന്നു.  ഇന്ത്യക്കാർ കൂടുതലുള്ള പ്രദേശത്ത്  താമസിച്ചിരുന്നതുകൊണ്ടുതന്നെ ബോളിവുഡ്  സിനിമകളും ചിക്കൻ ടിക്കയും നാനും ഗുലാബ് ജാമുമൊക്കെ  അവൾക്ക് ഏറെ  പ്രിയപെട്ടതുമായിരുന്നു .

പ്രണയം പൂർണ്ണമാവണമെങ്കിൽ ഒരു കാഴ്ചക്കാരി കൂടി വേണമെന്ന രവീന്ദ്രനാഥടാഗോറിന്റെ വരി സത്യമാക്കുവാനാവാം  അന്നൊക്കെ അവരുടെ പ്രണയം ഏറ്റവുമധികം കണ്ടാനന്ദിച്ചത്  ഞാനാവും

പ്രണയം പൂർണ്ണമാവണമെങ്കിൽ ഒരു കാഴ്ചക്കാരി കൂടി വേണമെന്ന രവീന്ദ്രനാഥടാഗോറിന്റെ വരി സത്യമാക്കുവാനാവാം  അന്നൊക്കെ അവരുടെ പ്രണയം ഏറ്റവുമധികം കണ്ടാനന്ദിച്ചത്  ഞാനാവും.  ചിക്കയുടെ ജീൻസിന്റെ ബാക്ക്പോക്കറ്റിൽ കൈയിട്ട്‌ എല്ലാ വാരാന്തത്തിലും യാത്രക്കിറങ്ങുന്ന സന്ദീപും  എവിടെ നിന്നോ ഒപ്പിച്ച സ്‌റ്റിക്കർ  പൊട്ടും കുത്തി കുർത്തിയുമിട്ടു നടക്കുന്ന ചിക്കയും സന്തോഷമുള്ള രണ്ടു മുഖങ്ങളായിരുന്നു . പിന്നീടുള്ള രണ്ടു വർഷവും അവർ ഒരുമിച്ചു തന്നെയായിരുന്നു . ഇടയ്ക്കിടെ അയക്കുന്ന മെസ്സേജുകളും വല്ലപ്പോഴും ഓർമിക്കുന്ന പേരുകളും ആയിട്ടുകൂടിയും  അവരെ എന്നും ഒറ്റഫ്രെയിമിൽത്തന്നെ  ഓർമയിൽ വരുത്തുന്നതായിരുന്നു എന്റെ ശീലം .

തിരക്ക് പിടിച്ച മറ്റൊരു ദിവസത്തിന് കൂടി തിരശ്ശീലയിടുന്ന മിനിറ്റുകൾക്കിടയിലാണ് കഴിഞ്ഞ വർഷം എനിക്കു സന്ദീപിന്റെ വിവാഹക്ഷണക്കത്ത്  കിട്ടിയത്. അതിൽ വധുവിന്റെ  പേരായി ചേർത്ത് വായിക്കാൻ പറ്റിയത് വന്ദന റെഡ്‌ഡി എന്നാണ് . വിവാഹം വരെ എത്താനുള്ള സാധ്യതയൊക്കെ  കുറവായിരുന്നുവെങ്കിലും   അഞ്ചു വർഷം  ഒരുമിച്ചുണ്ടായിരുന്ന ഒരാളെ അത്ര പെട്ടെന്നെങ്ങനെയാണ്   ഒഴിവാക്കാൻ പറ്റിയതെന്നുള്ള ആധി കൊണ്ട് മാത്രം  ചോദിച്ചു,

"ചിക്ക സുഖമായിരിക്കുന്നോ? "
സന്ദീപിന് അതറിയില്ലത്രേ.

അയാളുടെ വാക്കുകളിൽ  ആ  ബന്ധം വിവാഹം വരെ എത്തിയിരുന്നതുമാണ്. എന്നാൽ നാട്ടിലെ അച്ഛനും അമ്മയ്ക്കും ഭാവി മരുമകളുടെ ചിത്രം കണ്ടപ്പോൾ ലേശം വിഷമം. അതായത്  നിറം ഒന്നും പ്രശ്നമാക്കാത്ത മോഡേൺ ഫാമിലി ആണെങ്കിലും  ആ  മുടി ഇങ്ങനെ നീണ്ടു നിവർന്നു  കിടന്നില്ലെങ്ങിൽ  സഹിക്കില്ലെന്ന അവസ്ഥ.  കുറ്റി മുടിയുള്ളവളെ മരുമകളായി അംഗീകരിക്കാൻ കഴിയില്ലെന്ന് ! ചിക്കയുടെ തലയിലെ മുത്തുകളും  ഇടയ്ക്കിടെ മാറുന്ന വിഗ്ഗും  ആർഷഭാരതീയ സംസ്ക്കാരവുമായി പ്രത്യേകിച്ചും കന്നഡബ്രാഹ്‌മണ സംസ്‌കാരവുമായി ഒട്ടും യോജിക്കില്ലാന്നു മനസ്സിലാക്കി അച്ഛനമ്മമാരുടെ  നല്ലവനായ മകൻ സന്ദീപ് പ്രിയപ്രണയത്തിനോട്  മാന്യമായി വിടപറഞ്ഞുവത്രേ.

ചില ചോദ്യങ്ങൾ  ഉത്തരമില്ലാത്തവയാണല്ലോ. സുഹൃത്തിനെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ 'ഓക്കേ' എന്ന സുന്ദരപദത്തിൽ   ആ വിശേഷംപറച്ചിൽ ഞാനങ്ങ് അവസാനിപ്പിച്ചു. പിന്നെയും കലമ്പിക്കൊണ്ടിരുന്ന മനസ്സിനെ ശാന്തമാക്കുവാൻ  വെറുതേ ഒന്ന് തെരഞ്ഞു നോക്കിയപ്പോൾ, ചിക്കയുടെ ഫേസ്ബുക്  പേജിൽ  അതുവരെയും ഒരുമിച്ചു നിന്നും, ചുംബിച്ചും ചിരിച്ചും സന്തോഷിച്ചുമുള്ള അവരുടെ  ചിത്രങ്ങൾ എന്നോ മായ്ച്ചു കളഞ്ഞതായും കണ്ടു. ഒപ്പം റിലേഷൻഷിപ് സ്റ്റാറ്റസ് ‘സിംഗിൾ 'എന്നുമാക്കിയിരിക്കുന്നു. സാരമില്ല എന്നോ, എല്ലാം നല്ലതിനല്ലേ എന്നോ പറഞ്ഞുള്ള ഒരു പ്രഹസനസന്ദേശമയക്കാൻ തീരെ താൽപര്യമില്ലാത്തതുകൊണ്ട് തന്നെ നിശബ്ദമായി അവിടെ നിന്നും ഇറങ്ങി വന്നു.

പ്രിയപ്പെട്ട കൂട്ടുകാരി, ആരോ ആരോപിച്ച ആ  സൗന്ദര്യക്കുറവ്  നിന്റെ ഇരുണ്ടനിറത്തിനോ  ചുരുണ്ട, നീളം കുറഞ്ഞ ആ മുടിക്കോ അല്ല, ഞങ്ങളുടെയൊക്കെ സങ്കല്പങ്ങൾക്കാണ്

എന്നാലും എനിക്ക് കാണാൻ  കഴിയും, സൗത്ത് ലണ്ടനിലുള്ള കൊച്ചു വീട്ടിലെ അടുക്കളയിൽ ആരോടും സംസാരിക്കാതെയിരിക്കുന്ന ചിക്ക എന്ന യുവതിയെ. ഓർമ്മകളുടെ വേലിയേറ്റങ്ങളിൽ  മണിക്കൂറുകളോളം അവൾ പുതപ്പിനുള്ളിൽ മൂടി കിടക്കുമായിരിക്കും , ചില ദിവസങ്ങളിൽ ഒന്നും കഴിക്കാതെയും മറ്റു  ചിലപ്പോൾ വലിയ ഐസ്ക്രീം ഡബ്ബകളിൽ ആശ്വാസം തേടുകയും ചെയ്യുന്ന ഒരുവളായി വേഷപ്പകർച്ച നടത്തുന്നുണ്ടാവാം.  ഓരോ മധുരം നിറഞ്ഞ ഓർമ്മകളും കനൽത്തുള്ളികളായി ഊർന്നിറങ്ങുന്ന രാവുകളെ അവൾ എന്ന്, എങ്ങനെ തോൽപ്പിക്കുമെന്നൊന്നുമറിയില്ല. എങ്കിലും പറയാതെ വയ്യ!

പ്രിയപ്പെട്ട കൂട്ടുകാരി, ആരോ ആരോപിച്ച ആ  സൗന്ദര്യക്കുറവ്  നിന്റെ ഇരുണ്ടനിറത്തിനോ  ചുരുണ്ട, നീളം കുറഞ്ഞ ആ മുടിക്കോ അല്ല, ഞങ്ങളുടെയൊക്കെ സങ്കല്പങ്ങൾക്കാണ്, ഇങ്ങനെയൊക്കയേ സൗന്ദര്യമാകാവൂ എന്ന ഞങ്ങളുടെ ശാഠ്യങ്ങൾക്കാണ്, അതിനായി സ്വന്തം കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളെ വരെ ബലികൊടുക്കുന്ന ഞങ്ങളുടെമാത്രം  കൗശലങ്ങൾക്കാണ്.

നിന്നോട് ചെയ്ത തെറ്റ് തിരുത്താൻ കഴിയില്ലന്നറിയാം. എങ്കിലും മാപ്പ് മാത്രം ചോദിക്കുന്നു. മനസ്സുകളെയും കർമങ്ങളേയും ബഹുമാനിക്കാനും  സ്നേഹിക്കാനും പ്രാപ്തമാക്കുന്ന ഒരു തലമുറയെ ഇന്ന് ഞങ്ങൾ വളർത്തുന്നുണ്ട് . തിരിച്ചറിവുള്ള അവർ നാളെ നിന്റെ ജനതയുടെ  തോൾ ചേർന്ന്  നടക്കും. അതുവരേയ്ക്കും നിനക്കൊപ്പം ഞാനും കാത്തിരിക്കാം . ശുഭപ്രതീക്ഷയോടെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top