20 April Saturday

നീറിപ്പുകയുന്ന അഞ്ചാംപുരകൾ

ബൃന്ദ പുനലൂർUpdated: Sunday Sep 15, 2019

അപരിചിത ധാരയായിരുന്നു  മാധവിക്കുട്ടിയുടെ അനുരാഗവല്ലരികൾ. കുടമുല്ലപ്പൂ പടർപ്പുപോലെ മലയാള പ്രണയതരുവിൽ അത‌്  ഇണയെപ്പോലെ   ചുറ്റി വരിഞ്ഞു. ഇനിയൊരു മാധവിക്കുട്ടിയെ നമുക്ക‌് വേണ്ട. പക്ഷെ, പ്രണയത്തിന‌് സഞ്ചരിക്കണം, എങ്ങിനെ ?

പ്രണയികൾക്ക‌് ചോദ്യങ്ങളുണ്ട‌്, ആര‌് ഉത്തരം നൽകും ? പുതിയ കാലത്ത‌് പ്രണയവഴിയിൽ വിലങ്ങുകളായി പഴയ ആചാരങ്ങളുണ്ട‌്, എങ്ങിനെ മറികടക്കും.

എന്തിനെയും തച്ചുടച്ച‌് മൂന്നേറാനുള്ള ആ ധൈര്യം തന്നെയാണ്‌  പ്രണയം. പുതുകാല പ്രണയ രീതികളോട‌് അതി സമർഥമായി സംവദിക്കേണ്ടിയിരിക്കുന്നു.

എന്താണ് എനിക്ക് പ്രണയമെന്ന‌് വീണ്ടും വീണ്ടും ആലോചിക്കാറുണ്ട്. ആ വാക്കു പോലും വല്ലാത്തൊരു ഉന്മത്തതയാണ് പകർന്നുതരുന്നത്. അഗാധവും തീഷ്ണവും അടർത്തിമാറ്റാൻ കഴിയാത്തതുമായ ഇഷ്ടത്തെ മറ്റെന്തു പേരിട്ടാണ് വിളിക്കേണ്ടത്. അതിനൊരു മാന്ത്രികതയുണ്ട്. തനിച്ചിരിക്കുമ്പോൾ വെറുതെയൊന്ന് ഉരുവിട്ടു നോക്കൂ. ഉള്ളിൽ നിന്ന് കാലുഷ്യങ്ങളും കലാപങ്ങളും തിരിഞ്ഞുനോക്കാതെ ഇറങ്ങിപ്പൊയ്ക്കളയും. 

ഒരാളെ എത്രത്തോളം തീവ്രമായി പ്രണയിക്കാൻ കഴിയുമോ അത്രത്തോളം തീവ്രമാകണം. എന്റേതെന്ന് എന്റേതെന്ന് അലിയിച്ചേക്കണം. സാഫോ പറയുംപോലെ തൊട്ടുതീനാമ്പാക്കണം. അങ്ങനെ പ്രണയത്തിന്റെ മധുരവനികയിൽ സ്വയം മറന്ന് നൃത്തം ചെയ്യണം.

ഭൂമിയിൽ ഞാനെന്നും നീയെന്നും ഉണ്ടാകാത്ത സന്ദർഭം ഏതാണ‌്? സംശയമില്ല, പ്രണയം. എന്റേതെന്നും നിന്റേതെന്നുമുള്ള മാറ്റിവയ്ക്കലുകളും ഉണ്ടാവില്ല. അതായത‌് ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത കാലം സ്വപ‌്നം കാണുന്നതു പോലെ പ്രണയികളിൽ ഒരു തുല്യാകാശമുണ്ട‌്. അതു കൊണ്ടാണ് ലോകം പ്രണയത്തെ ഭയപ്പെടുന്നത്. അതിരുകളെ സ്വപ്നം കാണുന്നവർ, ഇത്തിരി ചതുരത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്കും രാജ്യത്തിനും ഹൃദയങ്ങൾക്കും മുള്ളുവേലികൾ തീർത്ത് നല്ലതല്ലാത്തതിനാക്കെ അടിമയാകുന്നു.

‘ അവന്റെ ഹൃദയം അവളുടെ കൈവശവും അവളുടെ ഹൃദയം അവന്റെ കൈവശവുമാണ്. അവർ പരസ്പരം മറ്റെയാളുടെ ഹൃദയത്തെ സ്നേഹിക്കുകയും ലാളിക്കുകയും സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. ’

ഫിലിപ്പ്‌ സിഡ്നിയുടെ കവിതയുണ്ട്‌; ‘ അവന്റെ ഹൃദയം അവളുടെ കൈവശവും അവളുടെ ഹൃദയം അവന്റെ കൈവശവുമാണ്. അവർ പരസ്പരം മറ്റെയാളുടെ ഹൃദയത്തെ സ്നേഹിക്കുകയും ലാളിക്കുകയും സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. ’ ഞാനാലോചിക്കുകയാണ് നമ്മളിൽ എത്ര പേരുടെ കയ്യിൽ നമ്മുടെ പ്രണയിയുടെ ഹൃദയം ഉണ്ട്? നമ്മൾ എങ്ങനെയാണ് മറ്റെയാളുടെ ഹൃദയത്തെ പരിപാലിക്കുന്നത്? പ്രണയത്തിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ ആത്മനോട്ടത്തിലുണ്ട്.

ദീർഘകാലം പ്രണയിക്കുക, ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുക, വൻസംഭവവും വാർത്തയുമാക്കി വിവാഹം മാറ്റുക, മൂന്നിന്റന്ന‌് പിരിഞ്ഞു പോവുക. ഇന്ന‌് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പ്രണയ ജീവിതങ്ങളുടെ ദുരന്ത വാർത്തകൾ നമ്മുടെ വാട‌്സാപ്പുകളിലെ ദുഷിപ്പുകളാണ‌്. പ്രണയവും ആത്മാർഥതയും ഇഴപിരിക്കാനാവാത്ത ജൈവരൂപങ്ങളല്ലേ. ഇന്ന് പ്രണയത്തിന്റെ മുഖം മൂടിയണിഞ്ഞ് നടത്തുന്ന ചതികളെയും ഉടലാക്രമണങ്ങളെയും ധാരാളമായി കണ്ടു വരുന്നു. അതിനാൽ പ്രണയമെന്ന് കേൾക്കുമ്പോൾ നാം മുഖം തിരിക്കുകയും ചെയ്യുന്നു.  നമ്മുടേത് രോഗാതുരമായ ഒരു മാനസികനിലയാണ്. തലമുറകളായി കേട്ടുപഴകിയ ചിലതൊക്കെ കറകളായി ജീനുകളിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. ‘തുല്യത' എന്ന പദം ധാരാളമായി കേൾക്കുന്നു. എന്തൊരു അധീശ മനോഭാവമാണ് മനുഷ്യവർഗ്ഗം തങ്ങളുടെ തന്നെ വർഗ്ഗത്തോടു കാട്ടുന്നത്. തുല്യത ഒരു സംസ്കാരമാണ്. ഒരാൾ മറ്റേയാളെ വർണമോ  വർഗമോ ശാരീരിക സാമ്പത്തിക വ്യതാസമോ  സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസമില്ലാതെ അംഗീകരിക്കാൻ മനസ്സു വയ്ക്കുന്നിടത്താണ് തുല്യത എന്ന ആശയം മനുഷ്യവർഗ്ഗത്തിന്റെ ആഘോഷമാകുന്നത്. പെട്രാൾ കുപ്പിയും കത്തിയുമായി പ്രണയിക്കാൻ പോകുന്ന യുവതലമുറ എന്താണ‌് നമ്മിൽ നിന്ന‌് പഠിച്ചത‌്.  ലജ്ജ തോന്നുന്നു. പ്രണയം ഒരു അയിത്ത വസ‌്തുവല്ല. പക്ഷെ, പ്രണയിച്ച‌് ജീവിക്കുന്നവർ പോലും മക്കൾ ആ വഴിക്ക‌് നീങ്ങുമ്പോൾ തടയുന്നത‌് കണ്ടിട്ടുണ്ട‌്. അത്ഭുതം തോന്നിയിട്ടുണ്ട‌്. നാം അറിഞ്ഞ ആശയത്തെയെങ്കിലും അടുത്ത തലമുറയ്‌ക്ക്‌ പകരണ്ടേ. നാമെന്താണ‌് പ്രണയത്തെ കുറിച്ച‌് അറിഞ്ഞിട്ടുള്ളത‌് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പൂവിടരുന്ന നൈർമല്യത്തെ വെട്ടുകത്തിയുടെ മൂർഛയുമായി എങ്ങിനെ താരതമ്യം ചെയ്യും ?

പ്രണയത്തിന്റെ മറ്റൊരു മൂലയല്ല ഉയിർപ്പ‌്. പൂത്തുലയുന്ന നിമിഷങ്ങളിൽ മാത്രം അവൾ എല്ലാമാവുകയും ഋതുഭേതങ്ങളിൽ അവൾ അശുദ്ധമാവുകയും ചെയ്യുന്നതിൽ എവിടെ പ്രണയമിരിക്കുന്നു ?  വിവാഹിതനായ പുരുഷനെയാണ‌് എനിക്ക‌് പ്രണയിക്കാൻ ഇഷ‌്ടം എന്ന‌് പറയുന്നതിനു  പിന്നിൽ ചില ‘ആചാര’ങ്ങളോടുള്ള പകയുണ്ട‌്. വിവാഹത്തലേന്ന‌് മനസിൽ നിന്ന‌് പറിഞ്ഞുപോകുന്ന ഒന്നാണോ പ്രണയം ? അല്ലെന്ന്‌ ഓരോരുത്തരുടേയും ജീവിതാനുഭവം തെളിയിക്കുന്നു, ആലോചിച്ചു നോക്കു.

ഋതു കാലങ്ങൾ ആഘോഷമാക്കുന്ന ഒരു പെൺ ജനതയുടെ ഉയിർപ്പ് സന്തോഷം തരുന്നുണ്ട്. എന്റെ ശരീരം എന്റെ യാണ്, അതിലെ വസന്തങ്ങളും എന്റേതു മാത്രമാണെന്ന ഉറക്കെപ്പറച്ചിലുകൾ. അഞ്ചാംപുരകളുടെ ഇരുട്ടിൽ നിന്നും വാക്കുകൾ മാത്രമല്ല പെണ്ണും പുറത്തേക്കു വന്ന് പൂത്തുലയുന്നു. അത്‌ തിരിച്ചറിയുക, ലോകമേ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top