20 April Saturday

സ്വപ്നച്ചിറകില്‍ മേഖ

എം സുരേഷ്‌ ബാബുUpdated: Sunday Sep 15, 2019


കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമച്വർ നാടക മത്സരത്തിന്റെ നാലാം ദിനം. വേദിയായ റീജിയണല്‍ തിയേറ്ററിലേയ്ക്ക് പതിവിലേറെ കാണികള്‍ എത്തിത്തുടങ്ങി . സമയം അഞ്ചായപ്പോഴേയ്ക്കും തന്നെ ഇരിപ്പിടങ്ങള്‍  നിറഞ്ഞു.  കൃത്യം ആറരയ്ക്ക് തിരശ്ശീലയുയര്‍ന്നു.  അടാട്ട് പഞ്ചമി തിയേറ്റേഴ്സിന്റെ 'മാളി 'യാണ് അരങ്ങത്ത് .  സമകാല സാമൂഹിക രാഷ്ട്രീയ വിഷയങ്ങളുടെ കഥ.  ഓരോ രംഗങ്ങളും ശ്വാസമടക്കിപ്പിടിച്ചു കണ്ടു ആസ്വാദകര്‍.  ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാതടപ്പിക്കുന്ന കയ്യടികള്‍ ഉയര്‍ന്നുപൊങ്ങി.  നാടകത്തിലെ മര്‍മ്മ പ്രധാനങ്ങളായ രണ്ടു കഥാപാത്രങ്ങള്‍ക്കും ജീവന്‍ പകര്‍ന്ന, സ്വതസിദ്ധമായ അഭിനയവൈഭവത്താല്‍ ഏവരേയും കോരിത്തരിപ്പിച്ച നടി തന്നെയായിരുന്നു അന്നത്തെ താരം.  ഒടുവില്‍ മത്സരഫലം പ്രഖ്യാപിച്ചപ്പോള്‍ അതുതന്നെ സംഭവിച്ചു.  എല്ലാവരും പ്രതീക്ഷിച്ചപ്പോലെ മികച്ച നടിക്കുളള അവാര്‍ഡ് മാളിയിലെ അഭിനയത്തിന് മേഖയ്ക്ക്.

കുരുന്നു നാളിലെ അഭിനയമോഹത്തെ താലോലിച്ച മേഖയ്ക്കിത് സ്വപ്നസാഫല്യം.  സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ആണ് അഭിനയത്തോട് മേഖയ്ക്ക് താല്പര്യമുണ്ടാകുന്നത്.  അതും മലയാള നാടകത്തില്‍ അഭിനയിക്കാനായിരുന്നു ഏറെയിഷ്ടം.  സെലക്ഷനു പോയെങ്കിലും അവസരം ലഭിച്ചത് സയന്‍സ് ഡ്രാമയില്‍ അഭിനയിക്കുന്നതിന്.  കിട്ടിയ വേഷം മേഖ ഗംഭീരമാക്കി.  'മണ്ണമ്മ' എന്ന കഥാപാത്രത്തിലൂടെ മേഖയുടെ കഴിവിനെ എല്ലാവരും തിരിച്ചറിഞ്ഞു.  പിന്നീട് സംസ്കൃതനാടകത്തിലും അഭിനയിച്ചു.  കൂടിയാട്ടം ബാലിവധത്തില്‍ സുഗ്രീവനായി ആട്ടവിളക്കിനുമുന്നില്‍ ആടാനും മേഖയ്ക്കു കഴിഞ്ഞു.  അപ്പോഴും മലയാള നാടകാഭിനയത്തെ ഒരു സ്വപ്നമായി മേഖ കൊണ്ടുനടന്നു.

ബിരുദ പഠനത്തിനായി കേരളവര്‍മ്മ കോളേജിലെത്തിയത് മേഖയുടെ കലാഭിരുചികള്‍ക്ക് ഒട്ടേറെ പ്രോത്സാഹനങ്ങളും അവസരങ്ങളും നല്‍കി.  സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണയും മേഖയുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നല്ല കരുത്തുപകര്‍ന്നു.  ആദ്യ വര്‍ഷം ഹിന്ദി നാടകമായ 'ക്രാന്തി'യില്‍ അഭിനയിക്കാനായിരുന്നു അവസരം കിട്ടിയത്.  'ഗിദ്ദ് ' എന്ന നെഗറ്റീവ് കഥാപാത്രമായി 'ഉപദ്വീജ്വാല' എന്ന ഹിന്ദി നാടകത്തിലായിരുന്നു രണ്ടാം വര്‍ഷം രംഗത്തെത്തിയത്.

കോളേജിലെ രണ്ടു ഹിന്ദി നാടകങ്ങളും ചെയ്തത് മാളിയുടെ സംവിധായകനായ നിഖില്‍ ദാസാണ്.  ആ പരിചയമാണ് മാളിയിലേയ്ക്കെത്തിച്ചത്.  മലയാള നാടകമായതുകൊണ്ടുതന്നെ ഏതു കഥാപാത്രമായാലും അഭിനയിക്കാനുറച്ചു മേഖ.  മേഖയിലെ കഴിവിനെ തിരിച്ചറിഞ്ഞ സംവിധായകന്‍ രണ്ടു കഥാപാത്രങ്ങളാണ് നല്‍കിയത്.  ആദ്യ പകുതിയിലെ ഒരു സാധാരണ അമ്മൂമ്മയുടെ വേഷവും  രണ്ടാം പകുതിയിലെ അഭിനയസാധ്യത ഏറെയുളള 'മഹിഷി' എന്ന കഥാപാത്രവും.  അനീതിക്കെതിരെ പോരാടുന്ന, സത്യത്തിനൊപ്പം നില്‍ക്കുന്ന, അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെയുളള, ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍.  പക്ഷേ നാല്പതു ദിവസത്തിലധികം നീണ്ട കഠിനപരിശീലനത്തിലൂടെ ഇരു കഥാപാത്രങ്ങളും മേഖയുടെ കയ്യില്‍ ഭദ്രമായി.

“ ഏതു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയും ക്ഷമയും കാണിക്കും.  ഓരോന്നും കഴിയുന്നത്ര മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ട് . അതിനായി നല്ല കഠിനാധ്വാനം ചെയ്യാനും അവള്‍ക്കു മടിയില്ല.” മകളുടെ കഴിവിന് അമ്മ കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലെ ലൈബ്രേറിയന്‍ ഡോ.എ ലേഖ എപ്പോഴും നല്‍കുന്നത് ഫുള്‍ എ പ്ലസ്സ് .

മലയാള നാടകത്തെ ഇത്രയേറെ ഇഷ്ടപ്പെടാനുളള വ്യക്തമായ കാരണം മേഖയ്ക്കുണ്ട്.  "മലയാള നാടകത്തിലഭിനയിക്കുമ്പോള്‍ നമുക്കേറെ സ്വാതന്ത്രമുണ്ട്.  അത് കാണികള്‍ തരുന്നതാണ്.  നമ്മള്‍ രംഗത്തുളളപ്പോ അവർ തരുന്ന പ്രോത്സാഹനം നമ്മളെ വല്ലാത്തൊരു തലത്തിലേയ്ക്കെത്തിക്കും. ” മേഖ സ്വന്തം അനുഭവങ്ങളെ സാക്ഷിനിര്‍ത്തി പറഞ്ഞു.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് മേഖ നൃത്തപഠനം ആരംഭിച്ചത്.   ഭരതനാട്യം, മോഹിനിയാട്ടം എന്നിവ കലാമണ്ഡലം ലീലാമ്മയില്‍ നിന്ന് പഠിച്ചു.  പൈങ്കുളും നാരായണചാക്യാരില്‍നിന്നാണ് കൂടിയാട്ടത്തിന്റെ മുദ്രകളും പാഠങ്ങളും അഭ്യസിച്ചത്.  "നൃത്തം പഠിക്കുമ്പോൾ തന്നെ സ്വയം നൃത്തസംവിധാനവും അവള്‍ ചെയ്യും.  സമീപത്തെ കുട്ടികള്‍ക്ക് നൃത്തം ചിട്ടപ്പെടുത്തി പഠിപ്പിച്ച്    പരിപാടികളിൾ പങ്കെടുക്കാൻ പരിശീലനം നല്‍കുമായിരുന്നു‐അച്ഛന്‍ സി വി മനോജ് പറഞ്ഞു.

കേരളവര്‍മ്മയിലെ  മൂന്നാം വര്‍ഷ ബി എസ് സി ഫിസിക്സ് വിദ്യാര്‍ത്ഥിനിയായ മേഖ എസ് എഫ് ഐയുടെ നേതൃത്വത്തിലുളള കലാജാഥയില്‍  തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് .

 “അവസരം കിട്ടുമ്പോഴെല്ലാം നാടകത്തില്‍ അഭിനയിക്കണം. പഠനവും നാടകവും ഒന്നിച്ചുകൊണ്ടുപോകാന്‍ തന്നെയാണ്‌ താല്പര്യം.” മുളങ്കുന്നത്തുക്കാവ് കൃഷ്ണപുരിയിലെ മയൂഖത്തിലിരുന്ന് മേഖ ഭാവിതീരുമാനം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top