29 March Friday

എങ്ങോ മറഞ്ഞ രക്തതാരകം

ആർ പാർവതി ദേവിUpdated: Sunday Mar 15, 2020


ദേവകി പണിക്കർ. സാമൂഹ്യമാറ്റത്തിനുതകുന്ന മഹത്തായ സംഭാവനകൾ നൽകിയാലും ചരിത്രത്തിന്റെ ഇരുണ്ട മൂലകളിലേക്ക് തള്ളിമാറ്റപ്പെടുന്ന അനേകം സ്‌ത്രീകളിൽ ഒരാൾ. പ്രഗത്ഭരായ അച്ഛന്റെയും ഭർത്താവിന്റെയും പേരുകൾ ചരിത്രത്തിൽ ആവർത്തിക്കുമ്പോൾ ദേവകി പണിക്കർക്ക് മേൽവിലാസംപോലും നഷ്ടം. മാർച്ച് 10ന്‌ ഡൽഹിയിൽ തൊണ്ണൂറ്റഞ്ചാം വയസ്സിൽ ദേവകി പണിക്കർ നമ്മെ വിട്ടുപിരിഞ്ഞപ്പോൾ മാധ്യമങ്ങൾക്ക് അവർ കമ്യൂണിസ്റ്റ്‌ നേതാവ് എം എൻ ഗോവിന്ദൻനായരുടെ ഭാര്യ, സർദാർ കെ എം പണിക്കരുടെ മകൾ. സമർഥയായ പ്രസംഗക, ബുദ്ധിജീവി,  കമ്യൂണിസ്റ്റ്‌ നേതാവ്‌ എന്നീ വിശേഷണങ്ങളൊന്നും എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. കമ്യൂണിസ്റ്റ്‌ സാഹിത്യത്തിന് ഒട്ടും പഞ്ഞമില്ലാത്ത മലയാളത്തിൽ ദേവകി പണിക്കരെക്കുറിച്ച്  എന്താണ്‌ എഴുതപ്പെട്ടത്‌?

1949ൽ ചൈനീസ് വിപ്ലവത്തെ തൊട്ടറിഞ്ഞു അവർ. അത്‌ ആ ജീവിതത്തിൽ വഴിത്തിരിവായി. പണ്ഡിതനും ചൈനയിലെ ഇന്ത്യൻ സ്ഥാനപതിയുമായിരുന്ന സർദാർ പണിക്കരുടെയും  ഗൗരിക്കുട്ടി അമ്മയുടെയും മകൾ.  ഓക്‌സ്‌ഫഡിൽ പഠനം പൂർത്തിയാക്കി അച്ഛനൊപ്പം ചൈനയിലേക്ക് പോകാൻ അവസരം ലഭിച്ചു. സ്വാതന്ത്ര്യാനന്തരം  പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ നിർദേശപ്രകാരമാണ് സർദാർ കെ എം പണിക്കർ ചൈനയിൽ പോയത്. പണിക്കരും മകളും  ചൈനയുടെ ആരാധകരായി. ദേവകിയുടെ ആരാധന വെറുംവാക്കുകളിൽ ഒതുങ്ങിയില്ല. കമ്യൂണിസത്തിനായി ജീവിതം ഉഴിഞ്ഞുവയ്‌ക്കാൻ തീരുമാനിച്ചു. ദേവകിയുടെ നിർബന്ധബുദ്ധിക്കുമുന്നിൽ കീഴടങ്ങാതെ നിർവാഹം ഉണ്ടായിരുന്നില്ല മാതാപിതാക്കൾക്ക്‌. ഡൽഹിയിൽ എത്തി പാർട്ടി കേന്ദ്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടു. എ കെ ജിക്കൊപ്പം കേരളത്തിലെത്തി.


 

ചുവപ്പൻ പതിറ്റാണ്ടെന്നറിയപ്പെടുന്ന അമ്പതുകളിൽ അതീവസാഹസികമായ പാർടി പ്രവർത്തനം കത്തിജ്വലിക്കുമ്പോഴാണ് ദേവകിയുടെ വരവ്. സർദാർ പണിക്കരുടെ വിദ്യാസമ്പന്നയായ മകൾ നിസ്വരുടെ മോചനത്തിനായി എല്ലാം ഉപേക്ഷിച്ച് എത്തിയിരിക്കുന്നു. സഖാക്കൾ വർധിച്ച ആവേശത്തോടെ സ്വീകരിച്ചു. രാജകുമാരിയെപ്പോലെ ജീവിച്ച ദേവകി കേരളത്തിലെ ഗ്രാമങ്ങളിൽ സഖാക്കളുടെ വീടുകളിൽ കഞ്ഞി കുടിച്ചും പട്ടിണി കിടന്നും പാർടി പ്രവർത്തനം നടത്തി. ‘പുതിയ ചീന എങ്ങോട്ട്’ എന്ന പ്രഭാഷണ പരമ്പരതന്നെ പാർട്ടി സംഘടിപ്പിച്ചു.  ദേവകി കേരളത്തിൽ  ചുവന്ന താരമായി മാറി. പ്രസംഗം കേൾക്കാൻ ജനം തടിച്ചുകൂടി. ആഭരണങ്ങൾ ഉപേക്ഷിച്ച് വെളുത്ത വോയിൽ സാരി ധരിച്ചു. മുട്ടറ്റം നീണ്ടുകിടക്കുന്ന മുടി പിന്നിയിട്ട് അവർ ഒരു കേരളീയ വനിതയായി മാറാൻ ശ്രമം തുടങ്ങി. ഇതിനിടയിൽ എപ്പോഴോ എം എൻ ഗോവിന്ദൻനായരും ദേവകിയും പ്രണയബദ്ധരായി. കൊല്ലത്തെ ഒരു പുരയിടത്തിൽ പന്തലിട്ട് പാർടി ഇവരുടെ വിവാഹം നടത്തി. രക്തഹാരം കൈമാറി ഒരു പാർടി കല്യാണം. കല്യാണംകൂടിയ സഖാക്കൾക്ക് നാരങ്ങാവെള്ളം. പന്തളത്തുകാരനായ തനി നാട്ടിൻപുറത്തുകാരനായിരുന്നു എം എൻ. അടുപ്പമുള്ളവരുടെ ചെല്ലപ്പൻ. പരിഷ്‌കാരങ്ങളിലൊന്നും താൽപ്പര്യമില്ലാത്ത പച്ചമനുഷ്യൻ.  എന്നാൽ, ദേവകിക്കാകട്ടെ ഇംഗ്ളീഷുകാരിയുടെ ചിട്ടകളും മര്യാദകളും.  ഇവരെ പരസ്‌പരം ചേർത്തുനിർത്തിയ ശക്തി കമ്യൂണിസത്തോടുള്ള അടിയുറച്ച വിശ്വാസം.  ദുരിതങ്ങളുടെ നീണ്ട യാത്രയായിരുന്നു ദേവകിയുടെ ജീവിതം. 

ദാരിദ്ര്യംമുതൽ ഗ്രാമജീവിതത്തിന്റെ അല്ലലുകൾവരെ. ഒളിവിലും തടവിലും കഴിയുന്ന ഭർത്താവിനെ കാണാതെ ദീർഘകാലം. മൂത്ത മകൻ മൂന്നാം വയസ്സിൽ രോഗം മൂർച്ഛിച്ച്‌ നല്ല ചികിത്സ കിട്ടാതെ മരിച്ചു. സർദാർ പണിക്കരുടെ കൂറ്റൻ ബംഗ്ലാവുകളിൽ ആർഭാടത്തിലും സമ്പന്നതയിലും കഴിഞ്ഞ ദേവകിക്ക്  ഏതൊക്കെയോ സ്ഥലങ്ങളിൽ അപരിചിതരായ സഖാക്കളുടെ വീടുകളിൽ താമസിക്കേണ്ടി വന്നു. ഭാഷയും സംസ്‌കാരവും തികച്ചും അപരിചിതം. മലയാളം പിന്നീട്‌  സംസാരിക്കുമായിരുന്നെങ്കിലും ഇംഗ്ലീഷായിരുന്നു അവർക്ക്‌ എന്നും മാതൃഭാഷപോലെ വഴങ്ങിയിരുന്നത്. അടുത്തടുത്തുള്ള പ്രസവവും കുടുംബ പ്രാരാബ്ധവും ആകാം സജീവമായ പാർടി പ്രവർത്തനത്തിന്  തടസ്സമായത്‌. രണ്ടാമത്തെ മകൻ നാരായണനും 13–-ാം വയസ്സിൽ മരിച്ചത് ദേവകിക്കും എം എന്നും കനത്ത ആഘാതമായി. ഇളയ മകൾ അംബികയ്‌ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകാൻ ദേവകി ശ്രദ്ധിച്ചു. നിയമ ബിരുദധാരിയായ അംബിക സുപ്രീംകോടതിയിൽ അഭിഭാഷകയായിരുന്നു. എം എൻ പിന്നീട് മന്ത്രി ആയെങ്കിലും സാമ്പത്തികമായി എന്നും ബുദ്ധിമുട്ടിയിരുന്നു. ഇരുവരും സ്വന്തം കുടുംബത്തിൽനിന്ന്‌ സ്വത്ത്‌ വാങ്ങാൻ തയ്യാറായില്ല. തിരുവനന്തപുരത്ത്‌ പട്ടത്ത്  ഒരു വീട് സ്വന്തമായുണ്ടാകുന്നത് എമ്മെന്റെ അവസാന കാലത്തുമാത്രം. ദേവകി എം എന്നിന്‌  എന്നും തുണയായി നിന്നു.  അവസാന ശ്വാസംവരെയും ഒപ്പം നിന്നു. എമ്മെന്റെ മരണശേഷം മകൾക്കൊപ്പം ഡൽഹിയിലേക്ക് താമസം മാറ്റി. 

കൃത്യമായ നിലപാടുകളും സൂക്ഷ്‌മമായ രാഷ്ട്രീയ നിരീക്ഷണങ്ങളും അവസാനംവരെയും ദേവകി പണിക്കർക്കുണ്ടായിരുന്നു. സംസ്‌കൃതവും ബംഗാളിയും ഹിന്ദിയും വശമുണ്ടായിരുന്നു. ധാരാളം വായിച്ചിരുന്ന ദേവകിയുടെ വായനശീലത്തിന് ഒരിക്കലും കുറവ് വന്നില്ല. 

ഒരിക്കൽ കത്തിജ്വലിച്ചുനിന്ന ഈ വിപ്ലവനായികയ്‌ക്ക് മങ്ങൽ സംഭവിച്ചത് എന്തുകൊണ്ടാണെന്ന്‌ പഠിക്കേണ്ടിയിരിക്കുന്നു. അനിതര സാധാരണമായ നിശ്ചയദാർഢ്യവും ധീരതയും ആണ് ദേവകിയെ കേരളത്തിൽ എത്തിച്ചത്. പക്ഷേ, കേരളം അവർക്കെന്തു മടക്കിനൽകി എന്ന ചോദ്യം അവശേഷിക്കുന്നു. ദേവകി പണിക്കരെ പോലെയൊരു പ്രതിഭാധനയെ ഉപയോഗിക്കുന്നതിൽ  കേരളം പരാജയപ്പെട്ടുപോയി. ഒരുപക്ഷേ, ദേവകി കേരളത്തിലേക്ക് വന്നിരുന്നില്ലെങ്കിൽ ഓക്സ്ഫോർഡ് വിദ്യാഭ്യാസത്തിനുശേഷം ലോകപ്രശസ്തയായ ഒരു പണ്ഡിതയോ അച്ഛനെപ്പോലെ  സ്ഥാനപതിയോ എങ്കിലും ആകുമായിരുന്നു.  പാർടിയിൽ ഉന്നത സ്ഥാനത്ത്  അവർ എത്തുമായിരുന്നു.

പക്ഷേ, ദേവകി ഒരിക്കലും തന്റെ തീരുമാനങ്ങളിൽ പശ്ചാത്തപിച്ചില്ല. തന്റെ ശരിയിൽ അവർ ഉറച്ചുനിന്നു. ഏതൊക്കെയോ കാർമേഘപടലങ്ങൾ ഈ നക്ഷത്രത്തെ ചരിത്രത്തിൽനിന്ന്‌ മറച്ചുപിടിച്ചു എന്നുമാത്രം. ഈ ചെറു കുറിപ്പിലൂടെ എന്റെ വല്യമ്മായിക്ക് (എന്റെ  അമ്മ പ്രൊഫ. എം ജെ രാജമ്മയുടെ വല്യമ്മാവനാണ് എം എൻ ഗോവിന്ദൻനായർ ) വിനീതമായ ശ്രദ്ധാഞ്ജലി അർപ്പിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top