18 April Thursday

ബിനാലെയുടെ കലാകാരികൾ

ആർ ഹേമലതUpdated: Tuesday Jan 15, 2019


ലോകത്ത‌് ആദ്യമായി സ‌്ത്രീ നയിക്കുന്ന ബിനാലെ എന്ന ഖ്യാതി ഉള്ള കൊച്ചി മുസിരിസ‌് ബിനാലെയിൽ സ‌്ത്രീ കലാകാരികൾക്ക‌് അർഹിക്കുന്ന പ്രാധാന്യമാണ‌് നൽകിയിരിക്കുന്നത‌്. സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിരവധി സ്ത്രീകളുടെ രൂപകൽപ്പനകൾ ഇവിടെ കാണാം.

അനിതാ ദുബെ
കൊച്ചി മുസിരിസ‌് ബിനാലെ 2018ന്റെ ക്യൂറേറ്ററായി എത്തുന്നതിന‌് മുമ്പ‌് 2012 ലെ കൊച്ചി മുസിരിസ‌് ബിനാലെയിലും മറ്റ‌് ബിനാലെകളിലും അനിത പങ്കെടുത്തിട്ടുണ്ട‌്. ലക‌്നൗവിൽ ജനിച്ച അനിത ഡൽഹി സർവ്വകലാശാലയിൽ നിന്നും ആർട്ട‌് ക്രിറ്റിസിസത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട‌്.

അനിതയുടെ തന്നെ വാക്കുക‌ളിൽ ബിനാലെയെ കുറിച്ച‌് വിശദീകരിച്ചാൽ ‘വിശിഷ്ടവും സുന്ദരവുമായ നമ്മുടെ ഈ ഭൂമിയിൽ മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നെങ്കിൽ മൂലധനത്തെ സേവിച്ചു കൊണ്ടുള്ള ഇപ്പോഴത്തെ അവസ്ഥ ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകണം. മനുഷ്യർ ഒത്തുചേരുമ്പോൾ പുതിയ സാധ്യതകൾ ജനിക്കുന്നു. ആ സാധ്യതകളുടെ പ്രഭയിൽ, ഒരു പുതിയ സംവാദത്തിന്റെ പ്രതീക്ഷയിൽ നമുക്ക്‌ പുതിയ ചിന്തകളും ചോദ്യങ്ങളും മുന്നോട്ടുവെയ്‌ക്കാം.’

പ്രിയ രവീഷ് മെഹ്‌റ

നെയ്ത്തിന്റെ ലോകത്തേക്കുള്ള പ്രിയ രവീഷ് മെഹ്‌റയുടെ യാത്ര തുടങ്ങുന്നത് കുട്ടിക്കാലത്താണ്. വടക്കേയിന്ത്യയിലെ നജീബബാദിലെ പ്രിയയുടെ വീട്ടിൽ തുന്നൽ വിദഗ്ധരായ റഫൂഗർമാർ കശ്മീരിലെ കാനി ഷാളുകളും മറ്റ് അമൂല്യമായ തുണിത്തരങ്ങളും കൊണ്ടുവരുമായിരുന്നു. പ്രിയയുടെ ആദ്യകാല ചിത്രകമ്പളങ്ങൾ പ്രകൃതിയിൽ നിന്നുൾക്കൊണ്ട മാതൃകകളോടുള്ള അവരുടെതന്നെ പ്രതികരണങ്ങളായത‌് ഈ കമ്പളങ്ങളുടെ ചുവട‌് പിടിച്ചാണ‌്. പുരാതന ഭാരതീയ തത്വദർശനങ്ങൾ ചിലപ്പോൾ പ്രകൃതിയെയും സൃഷ്ടിയെയും നെയ്‌ത്തുമായി ഉപമപ്പെടുത്തുന്നുണ്ട്. പ്രകൃതിയിലെ മൗലിക താളങ്ങൾ മനുഷ്യന്റെ ആത്മബന്ധത്തിലും സാക്ഷാത്ക്കരിച്ചിരിക്കുന്നു എന്ന വിചാരം പ്രിയയുടെ കലയിൽ അടങ്ങിയിരിക്കുന്നതും ഈ പാരമ്പര്യത്തിന്റെ ചുവ‌ട‌് പിടിച്ചാണ‌്.

റഫൂഗർമാർ കൈവെച്ചാൽ വസ്ത്രങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നുവെന്ന് തോന്നുകയേയില്ലെന്നാണ‌് ക‌ശ‌്മീരികളുടെ വിശ്വാസം‌. കാരണം അത്രയ്ക്കാണ‌് അവരുടെ നൈപുണ്യം എന്നതു തന്നെ. ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികളിൽ പ്രീയ സംവദിക്കുന്ന ആശയവും റാഫുഗാറി നെയ്ത്തിലെ ഈ ‘അദൃശ്യമായ അഴിച്ചുപണി'  തന്നെയാണ‌്. നെയ്ത്തിൽ ഒഴിവാക്കിയ തുണികളുടെ തുണ്ടുകളും പേപ്പർ പൾപ്പും കൂട്ടിയോജിപ്പിച്ചു രണ്ടു ഫൈബറുകളെയും പുനഃസംഘടിപ്പിച്ചുകൊണ്ടാണ് ബിനാലെയിലെ സ‌ൃഷ‌്ടി ചെയ്തിട്ടുള്ളത്.
പേപ്പർ പൾപ്പും പുനചംക്രമണം ചെയ്ത ഉപേക്ഷിച്ച വസ്ത്രതുണ്ടുകളും പ്രകൃതിദത്തമായ നാരുകളിൽ നിന്നുണ്ടായതാണ‌്. ഈ പ്രവർത്തനത്തിനു പരീക്ഷണാത്മകമായ സാങ്കേതികവിദ്യ അനിവാര്യമായിരുന്നു. പേപ്പറിൽ നിന്നും തുണിയിൽ നിന്നുമുള്ള പ്രകൃതിദത്തമായ ഫൈബറുകൾ  സംയോജിപ്പിച്ച‌് പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചാണ‌്  പ്രിയ രൂപകൽപ്പന ചെയ‌്തിരിക്കുന്നത‌്.

സോണിയ ഖുറാന
ഡെൽഹിയിൽ ജനിച്ച സോണിയ ഇന്ത്യയിലെ പ്രമുഖ ഫെമിനിസ്റ്റ് കലാകാരികളിൽ ഒരാളാണ‌്. അതിനാൽ തന്നെ സോണിയയുടെ രചനകൾ സ്ത്രീ സ്വത്വത്തിന്റെ അതിലംഘനങ്ങൾ അവതരിപ്പിക്കുന്നതിൽ പുതിയ പാത തെളിച്ചിട്ടുണ്ട്.

സ്വന്തം ശരീരം ഉപയോഗിച്ച‌് സ്വകാര്യവും പൊതുവുമായ പലതരം ഇടങ്ങളിൽ 'ഉണ്ടായിരിക്കുന്നതിന്റെ' രാഷ്ട്രീയ കർതൃത്വം ആരായുകയാണ് സോണിയ. വീഡിയോ, ഫോട്ടോഗ്രഫി, അവതരണം തുടങ്ങി സമയാധിഷ്ഠിത മാധ്യമങ്ങളാണ് ഈ കലാകാരിക്ക് പ്രിയം.

പെണ്ണുടൽ പൊതുജീവിതത്തിൽ നേരിടുന്ന അന്യവൽക്കരണത്തെയും ഈ കലാകാരി സദാ വെല്ലുവിളിക്കുന്നു.

 

കെ വി ശാന്ത

ബേപ്പൂരിൽ ജനിച്ച ശാന്ത സ്വയം ശിക്ഷണം നേടിയ ഒരു ടെക്സ്റ്റൈൽ ആർട്ടിസ്റ്റും പരമ്പരാഗത നെയ്‌ത്ത്‌ അഭ്യസിപ്പിക്കുന്ന ആളുമാണ്. 1989-ൽ സഹോദരങ്ങളായ വാസുദേവന്റെയും ബാലകൃഷ്ണന്റെയുമൊപ്പം ബേപ്പൂരിൽ ‘തസര’ ഇന്റർനാഷണൽ വീവിങ് സെന്ററിന് രൂപം നൽകി. കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ നിന്നും പാരമ്പരാഗത കൈത്തറി നെയ്‌്ത്ത്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത‌്. നെയ്‌ത്തുകോൽ എന്നർത്ഥം വരുന്ന സംസ്‌കൃത പദമാണ് ‘തസര’. സമകാലിക കലാകാരന്മാർക്ക് വേണ്ടിയുള്ള വാസസ്ഥലമായും ഈ സ്ഥാപനം ഇന്ന‌് പ്രവർത്തിക്കുന്നു. നെയ്‌ത്തിന്റെ സൗന്ദര്യശാസ്ത്രത്തിനുവേണ്ടി സമർപ്പിച്ചിട്ടുള്ള തന്റെ ജീവിതത്തിൽ അതിന്റെ പരമ്പരാഗത രൂപത്തിന് സമകാലികമായ ഒരു സ്‌പർശം നൽകാനാണ് ശാന്ത ശ്രമിക്കുന്നത്.

ബിനാലെക്കു വേണ്ടി ചിത്രതിരശീലയിലുള്ള സൃഷ്ടിയുടെ ശ്രേണിയോടൊപ്പം തുറസ്സായസ്ഥലത്തുള്ള ഒരു പ്രതിഷ്ഠാപനം കൂടി ശാന്ത അവതരിപ്പിക്കുണ്ട്. ആസ്പിൻവാൾ ഹൗസ് ഉദ്യാനത്തിലെ മാവിൻമേലാണ് ഈ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. ചില്ലകളിൽനിന്നുവള്ളികൾ പോലെ കിടക്കുന്ന വ്യത്യസ്തവർണ്ണങ്ങളിൽ ചാലിച്ചെടുത്ത് നെയ്തെടുത്ത തുണിത്തരങ്ങളാണ് ഈ പ്രതിഷ്ഠാപനത്തിലെ ഘടകങ്ങൾ. ആലിന്റെ ഞാണു കിടക്കുന്ന വേരുകളാണ് അവരെ ഇതിനായി പ്രചോദിപ്പിച്ചത്.  ആൽവേരുകളുടെ തമ്മിലുള്ള കെട്ടുപിണയലുകൾ നെയ്‌ത്തിൽ നൂലുകൾ കെട്ടുപിണക്കുന്ന അതേ രീതിയിലാണെന്നു അവൾ കണ്ടെത്തി.

തെക്കേഷ്യയിൽ ആൽമരത്തിനു ‘അനുഗ്രഹം നൽകുന്ന മരം’ എന്ന അർഥവും ഉള്ളതായി അവർ മനസിലാക്കി. ആൽമരത്തിന്റെ ഞാണുകിടക്കുന്ന വേരുകളുടെ പകർപ്പിനെ മറ്റൊരു മരത്തിൽ നെയ്തുണ്ടാക്കിയ തുണിത്തരങ്ങളുടെ രൂപങ്ങളിലൂടെ നിർമ്മിക്കുന്നതുവഴി ശാന്തക്ക്‌ ഒരു ആരാധനാകർമത്തെ മതേതരമാക്കാൻ കഴിയുന്നതായും ആർട്ട‌് ക്രിറ്റിക്കുകൾ വിലയിരുത്തുന്നു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top