26 April Friday

തോറ്റു മടങ്ങുന്നൊരമ്മ വീണ്ടും തേടി വരുന്നുണ്ടൊരമ്മ!

സ്‌മിത ഗിരീഷ്‌Updated: Tuesday May 14, 2019


ഒട്ടുമിക്ക അമ്മമാരേയും പോലെ മമ്മിയെ എനിക്ക് ജീവിത പാഠപുസ്തകമായോ, അത്യപാര ഗുണങ്ങളുടെ വിളനിലമായോ തോന്നിയിട്ടേയില്ല..! മമ്മി ഒരിക്കലും എന്റെ റോൾ മോഡലും അല്ലായിരുന്നു.... മമ്മിയുടെ പത്തൊൻപതാം വയസിലാണ് ഞാൻ പിറന്നത്... ആ നിറമോ, സൗന്ദര്യമോ ഒന്നും ഞാൻ പകർത്തിയില്ല... ചൈനക്കാരുടെ മൂക്കും പുരികവുമാണെങ്കിലും ഗർഭകാലത്ത് മമ്മി തലയിൽ തേച്ച കരടി നെയ്യ് കാരണമാവാം എനിക്ക് തലയിൽ പക്ഷേ നിറയെ കരടി രോമം പോലുള്ള മുടി ഉണ്ടായത് എന്ന് മമ്മി പറയാറുണ്ട്.. ഞാൻ പക്ഷേ ഒരോ ഇഞ്ചിലും അച്ഛൻ കുട്ടിയായിരുന്നു.. ഇടയ്ക്കിടെ മാറുന്ന മൂഡുകളിൽ, മുൻകോപത്തിൽ, ഭ്രാന്തുകളിൽ.... എല്ലാം.. മമ്മി ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല.. ചെറുപ്പത്തിലോ വലുപ്പത്തിലോ പഠിക്കാൻ പറഞ്ഞ് ശല്യപ്പെടുത്തിയിട്ടില്ല... സദാചാര പാഠങ്ങളോ, സംസ്‌കാരങ്ങളോ പറഞ്ഞു തന്നിട്ടില്ല... ഒന്നിനും ഒരിക്കലും നിർബന്ധിച്ചിട്ടില്ല.. മമ്മി പാട്ടുകൾ കേട്ടു... ഒരു പാട് കഥകൾ  പറഞ്ഞു തന്നു. സ്വന്തം കുതൂഹലങ്ങളും അബദ്ധങ്ങളും, ചിന്തകളുമെല്ലാം ചെറുപ്രായം മുതൽ മകളോട് കൂട്ടുകാരിയോട് എന്ന പോൽ പങ്കുവെച്ചു...  എല്ലായ്‌പോഴും കൗമാരക്കാരിയായ ഒരു പെൺകുട്ടിയെപ്പോലെ ചിരിച്ചും 'കളിച്ചും ഒരുങ്ങിയും ചെറിയ കാര്യങ്ങളിൽ സന്തോഷിച്ചും ജീവിതത്തിന്റെ വിഷമസന്ധികളെ അവഗണിച്ചും ജീവിച്ചു.ഒരു വേദനയിലും മമ്മി ഉലഞ്ഞില്ല.. അവർ പണം ശ്രദ്ധയോടെ വിനിമയം ചെയ്യാനോ, നാളേക്ക് കലവറയിൽ കരുതാനോ ഒരിക്കലും തുനിഞ്ഞുമില്ല... മമ്മി എല്ലാവരേയും, എല്ലാത്തിനേയും വിശ്വസിച്ചു. . അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിൽത്തന്നെ ഉൾച്ചിരി നഷ്ടപ്പെട്ട ആകുലയായ ഒരു  ,വൃദ്ധയെപ്പോലെ ഞാൻ വളർന്നു വന്നു. എന്റെ ഇപ്പോഴുള്ള ചിരികൾ പോലും ഗൗരവത്തെ മറയ്ക്കുന്ന അഭിനയമായി.വരുംവരായ്കകളെപ്പറ്റി കടന്നു ചിന്തിക്കാൻ പഠിച്ചു.

മമ്മി പക്ഷേ ഉപാധികളില്ലാതെ ഭർത്താവിനെയും മക്കളേയും അന്ധമായി സ്നേഹിച്ചു... സമർപ്പണവും ,  കരുണയുമായിരുന്നു മമ്മി. അവർ നിമിഷ കവിതകൾ എഴുതിയിരുന്നു... പാട്ടുകളും ഓർമ്മകളും കുറിച്ചു വെച്ചു.. സമയം കിട്ടുമ്പോഴൊക്കെ കൈയ്യിൽ കിട്ടുന്നതെന്തും വായിച്ചു.. സീരിയലുകൾ കണ്ടു.. ഏതൊരു വേദനയേയും സ്വതസിദ്ധമായ ചിരി എന്ന ഔഷധം കൊണ്ട്നേരിട്ടു. എല്ലായ്‌പോഴും ഒരു പെണ്ണ് വാക്കിലും, നോക്കിലും ഉടുപുടവകളിലും സുന്ദരിയായിരിക്കണമെന്ന് എന്നെ ജീവിതം കൊണ്ട് ഓർമ്മിപ്പിച്ചു. എല്ലാം   ഒരു പാട്  കളയുന്നു എന്ന് ധരിച്ച് ജീവിതത്തിൽ ഏറ്റവുമധികം ഞാൻ വഴക്കുകൾ കൂടിയത് മമ്മിയുമായി ആവണം... അടുത്ത നിമിഷം അതെല്ലാം മറന്ന്  മമ്മി ചായയുമായി വന്ന് നെറുകയിൽ തലോടും.

പക്ഷേ ഞാൻ വന്നു കയറിയ വീട്ടിലെ മമ്മി അങ്ങനെയേ ആയിരുന്നില്ല... അവർ നാളെയെക്കുറിച്ചും മറ്റന്നാളെക്കുറിച്ചും വേവലാതിയോടെ ചിന്തിച്ചു. കലവറകളിൽ വിവേകത്തോടെ കരുതലിട്ട് ഭരണികൾ നിറച്ചു.. പെണ്ണുങ്ങൾ അണിഞ്ഞൊരുകയല്ല, വേണ്ടത് പകരം അടുക്കളയും തൊടിയും പാകം ചെയ്തും നട്ടുവളർത്തിയും ഒരുക്കി ഭംഗിയാക്കി ജീവിക്കുകയാണ് ,എന്നു വിശ്വസിച്ചു. അവരും സദാ പ്രസന്നയും പരാതിയില്ലാത്തവരും, ഏറ്റവും സ്വയം ആസ്വദിച്ച്  അടുക്കളയിൽ നിന്ന് പാചകം ചെയ്ത് വിളമ്പിക്കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരാളുമാണ്.. അൻപത്തിമൂന്നാം വയസിൽ രോഗം ഒരു കാൽ തളർത്തി എങ്കിലുമവർ മറുകാലിൽ ഏന്തി നടന്ന്  അടയ്‌ക്ക പൊളിച്ചു, കുരുമുളക് മെതിച്ചു.വീട്ടിലാകെ അടിതെറ്റാതെ സൂക്ഷിച്ച് നടന്ന് ഭർത്താവിനും മക്കൾക്കും കൊച്ചു മക്കൾക്കും ചിലപ്പോൾ മരുമക്കൾക്കും ഇഷ്ടമുള്ളതൊക്കെ വെച്ചു വിളമ്പിത്തന്നു.. അവർ ആരേയും മുഷിപ്പിച്ചില്ല. ചിട്ടയുടെ, ഒരു പാഠപുസ്തമാണ് അവരുടെ വീട് .അവർ അടയുണ്ടാക്കുന്നത് പോലും ഒരു അനുഷ്ഠാനമാണ്...  ഇല ചീന്തുന്നതിൽ, മാവ് കുഴയ്‌ക്കുന്നതിൽ, പരത്തുന്നതിൽ... അട മടക്കുന്നതിൽ..എല്ലാം ഒരു ദൈവശില്പം കൊത്തുന്ന അർപ്പണം...

അമ്മായിയമ്മ എന്ന മമ്മി  ഉപ്പു തിരുമ്മി, വെയിലത്ത് ഉണക്കി, വീണ്ടുമുണക്കി     പല തരം കൊണ്ടാട്ടവും, മാവ് ഉണ്ടാക്കി പലഹാരങ്ങളും, പലതരം പാചകപ്പൊടികളും കഷ്ടപ്പെട്ട്   ഉണ്ടാക്കുമ്പോൾ ഓ എന്തിനാ ഇത്ര മെനക്കെടുന്നത് എന്ന് ചോദിച്ച് എന്റെ മമ്മി ആയതിന്റെയൊക്കെ പായ്ക്കറ്റുകൾ ഒരു ചെറു ചിരിയോടെ ഗുണനിലവാരത്തെ കരുതാതെ വാങ്ങി..! മമ്മി പെൺകുട്ടിക്കാലത്തെ വിട്ടുകൊടുക്കാൻ ഇഷ്ടപ്പെടാത്ത ഒരാളെങ്കിൽ ഭർത്താവിന്റെ അമ്മ എന്ന മമ്മി ഉള്ളിലെ പെൺകുട്ടിക്കായി ജരാനരകളെ ഏറെ നേരത്തെ ഏറ്റുവാങ്ങിയ മറ്റൊരാളാണ്.. എന്റെ മമ്മിയുടെ പൊട്ടിച്ചിരികളോ, ഉന്മാദമോ,ഭർത്താവിന്റെ മമ്മിയുടെ ഒതുക്കച്ചിരികളോ അർപ്പണമോ എന്നെ സ്വാധീനിക്കാൻ ഞാൻ അനുവദിച്ചിട്ടില്ല.. ക്ഷമയാണ് ഈ രണ്ടമ്മമാരുടേയും മുഖമുദ്ര. വൈരുധ്യങ്ങളുടെ രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്ന ഈ അമ്മമാരെ കൂടാതെ പക്ഷേ എന്റെ ജീവിതം സാധ്യവുമല്ല... പനി വന്നാൽ എനിക്ക് വീട്ടിൽ എന്റെ മമ്മി വേണം. കുഞ്ഞിനൊരു അസുഖം വന്നാൽ മറ്റേ മമ്മിയും.. എത്ര ചീത്ത പറഞ്ഞാലും  ഞാൻ കൊള്ളേണ്ട വെയിലും മഴയും ഏറെ എന്റെ മമ്മി എനിക്ക് വേണ്ടി കൊണ്ടിട്ടുണ്ട്..! ഈ അമ്മമാർ മാത്രമല്ല, എന്റെ കൂട്ടുകാരികളുടെ അമ്മമാരും എന്റെ അമ്മമാരായിരുന്നു. ഞാൻ വിളിക്കാത്തതിൽ പരിഭവിക്കുന്ന, എനിക്ക് വേണ്ടി ചോറു കരുതി കാത്തിരിക്കുന്ന രണ്ടമ്മമാരായിരുന്നു ടൈനിയുടേയും, സുമയുടേയും അമ്മമാർ...! ഞാനൊരമ്മയായപ്പോഴാണ് അമ്മത്തം എത്രമാത്രം സമർപ്പണമാണെന്ന് മനസിലായത്.. കുഞ്ഞ് ഉണ്ടാൽ നിറഞ്ഞു എന്ന് തോന്നിപ്പിക്കുന്ന സ്വന്തം വയർ,അവനു വേണ്ടി ചാലുകീറുന്ന കൺതടങ്ങൾ, ജട പിടിച്ച മുടിക്കുരുക്കുകൾ,ഓടിക്കിതക്കാത്ത കാൽത്തഴമ്പുകൾ...! അമ്മ റോൾ ഞാനെന്ന സുഖജീവിയെ എത്രയോ മാറ്റിമറിച്ചു എന്നോർക്കുമ്പോൾ നിർവൃതി മാത്രമേ ഇപ്പോൾ തോന്നാറുള്ളു.!

ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ  അമ്മമാരോളം ആദരം മറ്റാരും അർഹിക്കുന്നുണ്ടാവില്ല.. കുഞ്ഞുങ്ങൾക്ക് വേണ്ടി നിശ്ശബ്ദ നിലവിളികളോടെ,പ്രാർത്ഥനയോടെ ഉരുകുന്ന  മെഴുകുതിരികളാണ് അവർ.   അമ്മയാകണമെങ്കിൽ പ്രസവിക്കണമെന്നില്ല..... ഗർഭപാത്രത്തിന്റെ കരുതലുള്ള മനസ് മാത്രം മതി എന്നാണ് അനുഭവം.. ഇടശ്ശേരിയുടെ  നങ്ങേലി എന്ന അമ്മയേക്കാളും, അലിവും അനുതാപവും തോന്നുന്നത് പക്ഷേ പൂതത്തിന്റെ നെഞ്ചിലെ തോറ്റു മടങ്ങുന്ന, മകരക്കൊയ്ത്തു കഴിഞ്ഞാൽ  ഉണ്ണിയെ ഓർത്ത്  തേടി വരുന്ന ആ  അമ്മയോട് തന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top