29 March Friday

മധുരം മഴക്കാലം

ലത ജയകുമാർUpdated: Tuesday May 14, 2019

കാർമേഘം കണ്ട് അമ്മ പറയും. ഇന്ന് മഴ പെയ്യും. അത് കേൾക്കുമ്പോൾ അതിയായ സന്തോഷമാണ്. കാരണം വീടിന് മുന്നിലെ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മാവിൽ ധാരാളം പഴുത്ത മാങ്ങകളുണ്ട്. മഴയ്ക്ക്  മുമ്പുള്ള തണുത്ത കാറ്റടിക്കുമ്പോൾ റോഡിലും പറമ്പിലുമായി മാങ്ങ ചിതറി വീഴും. ഈ മാങ്ങ കൈക്കലാക്കാൻ ഒരു ഓട്ടമത്സരം തന്നെയാണ്. വാഹനങ്ങൾ കയറി കുറച്ച് ചതഞ്ഞുപോകും. അത് കാണുമ്പോൾ വിഷമമാണ്. ചെറിയ മാങ്ങ, നെല്ലിക്ക വലുപ്പം. മിഠായി നുണയുന്നതുപോലെ കഴിക്കാൻ നല്ല സ്വാദാണ്. പിന്നെ നമ്മുടെ പഴുത്ത മാങ്ങാ പുളിശ്ശേരി... നാവിൽ കൊതിയൂറും.

കനത്ത മഴയിൽ വീടിന്റെ മുകളിൽനിന്നുളള ഓവിലൂടെ ശക്തിയായി വരുന്ന വെള്ളത്തിനടിയിൽനിന്ന് കുളിക്കാൻ നല്ല രസമാണ്. പനിവരുമെന്ന് പറഞ്ഞ് അമ്മ ഓടിക്കും. പിന്നെ അമ്മയെ പറ്റിച്ച് ഞങ്ങൾ വീണ്ടും ഓരോ ഓവിന്റെയും കീഴിൽ മാറിമാറി നിൽക്കും. ശക്തമായ മഴയ്ക്ക്  സാധ്യതയുണ്ടെങ്കിൽ സകൂളിൽനിന്ന്് ഒരു പീരിയഡ്  നേരത്തെ വിടും. അതുകൊണ്ട് മഴ വരണമെന് പ്രാർഥിക്കും. സകൂൾ വിട്ടുവരുമ്പോൾ മഴയാണെങ്കിൽ വഴിയിൽ ധാരാളം വെള്ളം ...

അപ്പോൾ ഞങ്ങൾ ബുക്കുപേപ്പർകൊണ്ട് വള്ളമുണ്ടാക്കി ഒഴുക്കി വിടും. ഇതൊരു മത്സരമാണ.് മഴക്കാലത്ത് വീടിന്റെ സമീപമുള്ള കുളവും വയലും കരകവിഞ്ഞൊഴുകും. നീന്തൽ പഠിക്കുവാനായി അച്ഛൻ വാഴപ്പിണ്ടികൾ ചേർത്തുവച്ച് കെട്ടിത്തരും. ഞങ്ങൾ അതിന്റെ മുകളിൽ കയറി യാത്ര തുടങ്ങും. ആളെണ്ണം കൂടുമ്പോൾ വാഴപ്പിണ്ടി മുങ്ങും. വെള്ളം കുടിക്കും. ചൂണ്ടയിടുന്നത് അമ്മ കാണാതെയാണ്.

ചൂണ്ടയിൽ മീൻ കൊത്തുമ്പോഴുള്ള ആകാംക്ഷ ഒന്നുവേറെ.... ഒരുദിവസം ചൂണ്ടയിടാൻ കൊണ്ടുപോയ തീറ്റസാധനം കൈയിൽനിന്ന് വെള്ളത്തിലേക്ക് വീണു. ഞങ്ങൾ നിന്നിരുന്നത് വെള്ളത്തിലാണ്. ഈ തീറ്റ തിന്നാൻ നീർക്കോലി  എത്തിയത് അറിഞ്ഞില്ല,  എന്റെ സഹോദരി അത് എടുക്കാൻ നോക്കിയപ്പോൾ നീർക്കോലി അവളെ കടിച്ചു. ഞാൻ ബഹളംവച്ചു ‘പാമ്പ് കടിച്ചേ...’ എന്നുപറഞ്ഞ്. നാട്ടുകാർ ഓടിക്കൂടി, അവർ കണ്ടെത്തി നീർക്കോലിയാണ് കടിച്ചതെന്ന്. അന്നത്തെ സംഭവത്തോടെ ചൂണ്ടയിടൽ അവസാനിച്ചു.

വെള്ളം പൊങ്ങുമ്പോൾ അച്ഛനെ നിർബന്ധിച്ച് ആരുടെയെങ്കിലും വള്ളം സംഘടിപ്പിക്കും. ഞങ്ങളും അയൽവാസികളും ചേർന്നാണ് വള്ളത്തിൽ സഞ്ചാരം. ഒരിക്കൽ എല്ലാവരുംകൂടി കയറി തോടിന്റെ മധ്യത്തിലെത്തിയപ്പോൾ നല്ല കാറ്റും മഴയും. വള്ളം ആടിയുലയുന്നുണ്ടായിരുന്നു. കുറച്ചുപേരെങ്കിലും ഭയന്നിട്ടുണ്ട്. അപ്പോൾ ഒരു വിരുതൻ

“വള്ളം മുങ്ങിയാൽ വെള്ളം കുടിക്കും
തൈയ് തൈയ് തകതെയ് തെയ് തോം’’.

പിന്നെ പാട്ടും മേളവുമായി. ആമ്പൽ പറിച്ചുകൊണ്ട് കരയിലേക്ക്. അങ്ങനെ എത്രയെത്ര മഴക്കാല ഓർമകൾ....
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top