29 March Friday

498 എ വകുപ്പിനെ ആർക്കാണ് പേടി ?

ഡോ. ടി ഗീനാകുമാരിUpdated: Wednesday Feb 14, 2018

ലിംഗഭേദമില്ലാത്ത സമത്വം വാഗ്ദാനംചെയ്യുന്ന ഭരണഘടനയുടെ അടിസ്ഥാനത്തിൽ സ്ത്രീകളുടെയാകെ വിമോചന പരിശ്രമങ്ങൾക്ക് വേഗത പകരേണ്ട നീതിന്യായ കോടതികളിൽനിന്ന് ആണധികാരത്തിന്റെ മേധാവിത്വ സ്ഥാപനത്തിനു സഹായകമായ വിധിന്യായങ്ങളുണ്ടാകുമ്പോൾ വിമർശിക്കാതിരിക്കാനാവില്ല. വിമർശനവും തുറന്ന ചർച്ചയുമാണ് ജനാധിപത്യത്തിന്റെ അന്തസാരം. തുല്യതയിലും സാമൂഹ്യനീതിയിലും അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യമാറ്റത്തിനുള്ള രാസത്വരകമായി മാറുന്നവയാകണം കോടതിവിധികൾ. പരമോന്നത കോടതികളിൽനിന്ന്, നിർഭയമായി ജീവിക്കാനുള്ള സംരക്ഷണഉത്തരവുകളാണ് സ്ത്രീസമൂഹം പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ അടുത്തകാലത്ത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പിനെ സംബന്ധിച്ചുണ്ടായ ഉത്തരവ് ഈ പ്രതീക്ഷയെ അസ്ഥാനത്താക്കുന്നതാണ്. സുപ്രിംകോടതിയുടെ നിർദേശങ്ങൾ സ്ത്രീയുടെ അതിക്രമരഹിതമായ ജീവിതത്തേക്കാൾ ആത്യന്തികമായി കുടുംബമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന പാരമ്പര്യവാദികളുടെ വാദത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്.

ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചിന്റെതാണ് വിവാദ ഉത്തരവ്. ഐപിസി 498 എ വകുപ്പനുസരിച്ച് സ്ത്രീയുടെ ഭർത്താവോ ബന്ധുക്കളോ സ്ത്രീധനം ആവശ്യപ്പെട്ട് അവളെ പീഡിപ്പിക്കുന്നത് ശിക്ഷാർഹമാണ്. മൂന്നുവർഷംവരെ തടവും പിഴയുമാണ് ശിക്ഷ. 1984ലാണ് ഇന്ത്യൻ ശിക്ഷാനിയമം ഭേദഗതിചെയ്ത് ഈ വകുപ്പ് ഉൾപ്പെടുത്തിയത്. ജാമ്യമില്ലാത്ത വകുപ്പെന്ന നിലയിൽ കുറ്റവാളിക്കെതിരെ നിയമനടപടി തുടങ്ങുമ്പോൾത്തന്നെ ഒത്തുതീർപ്പിലേക്കെങ്കിലും നയിക്കാൻ ഈ വകുപ്പ് സഹായകമായിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ ഇത്തരം പരാതികളിൽ പ്രതിയെ സ്വമേധയാ അറസ്റ്റ് ചെയ്യുകയോ പ്രതിക്കെതിരെ ബലാൽക്കാരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിനും മജിസ്‌ട്രേറ്റിനും നിർദേശം നൽകിയിരിക്കുന്നത്.

ഭർത്താവിനെതിരെ ക്രൂരത ആരോപിച്ച് 498 എ വകുപ്പ് പ്രകാരം ധാരാളം കേസുകൾ ഫയൽ ചെയ്യുന്നുണ്ടെന്നും ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നുമാണ് സുപ്രിംകോടതി പുതിയ നിർദേശങ്ങൾക്ക് അടിസ്ഥാനമായി പറയുന്നത്. പുതിയ ഉത്തരവിന് ആധാരമായി അമിക്കസ് ക്യൂറി പരിശോധിച്ചത് 2012ലെ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ്. അതുപ്രകാരം, കുറ്റകൃത്യങ്ങൾ 93 ശതമാനമായി വർധിച്ചുവെങ്കിലും കേവലം 15.6 ശതമാനം മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളു. ശിക്ഷിക്കപ്പെടാത്തവയെല്ലാം കള്ളപ്പരാതികളാണെന്ന നിഗമനത്തിലെത്തുന്നതെങ്ങനെ? ഗാർഹിക ഇടത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന ക്രൂരത പൊതുഇടങ്ങളിൽ നടക്കുന്ന സംഭവങ്ങളേക്കാൾ തെളിയിക്കാൻ ഏറെ പ്രയാസമുള്ളതാണെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

മറ്റൊരു വാദം 'കള്ളക്കേസുകളാണ്' ഫയൽചെയ്യുന്നത് എന്നാണ്. സ്ത്രീയുടെ നില എങ്ങനെ മെച്ചപ്പെടുത്താമെന്ന നിലയിലാവണം സ്ത്രീപക്ഷ നിയമങ്ങൾ വ്യാഖ്യാനിക്കേണ്ടത്. സ്ത്രീകളെ പീഡിപ്പിക്കുന്നത് ശിക്ഷാർഹമാക്കുന്ന നിയമം വ്യാഖ്യാനിക്കേണ്ടത് പീഡനങ്ങൾ അവസാനിപ്പിക്കാനുള്ള ഇടപെടലുകളാക്കി മാറ്റിക്കൊണ്ടാവണം.

ശാരീരിക, മാനസിക, സാമ്പത്തിക, ലൈംഗിക പീഡനങ്ങളുണ്ടായാൽ പോലും സമൂഹം ഒറ്റപ്പെടുത്തുമെന്നും കുടുംബം തകർന്നുപോകുമെന്നുമുള്ള ധാരണമൂലം പരമാവധി നിശബ്ദരായി സഹിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. നിയമ, നീതിന്യായ സംവിധാനങ്ങളെ തങ്ങളുടെ ജീവിതസുരക്ഷക്കായി ഉപയോഗിക്കാത്തവർ, മറ്റെല്ലാ വാതിലുകളും അടയുമ്പോൾ മാത്രമാണ് നിയമപരിരക്ഷക്കായി സാമാന്യേന പെണ്ണിറങ്ങുന്നത്. പുരോഗമനാത്മക ഇടപെടലുകളിലൂടെ സമൂഹവും നീതിന്യായവ്യവസ്ഥയും ഭരണകൂടവും അരക്ഷിതരായ സ്ത്രീകളുടെമേൽ കൂടുതൽ ശ്രദ്ധയും സഹാനുഭൂതിയും കാണിക്കുകയും അതിക്രമരഹിതമായി ജീവിക്കാൻ നിയമനീതിന്യായ സംവിധാനങ്ങളെ ഉപയോഗിക്കാൻ അവരെ പ്രാപ്തമാക്കുകയുമാണ് വേണ്ടത്. മറിച്ച് കള്ളമെന്ന് ആരോപിച്ച് നിരുത്സാഹപ്പെടുത്തലല്ല.

സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ കൊണ്ടുവന്ന വകുപ്പ് വ്യാഖ്യാനിച്ച് കോടതി 'നിരപരാധികളായ ഭർത്താക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും'  മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നതിന് നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത് വിരോധാഭാസമാണ്. പുതിയ നിർദേശമനുസരിച്ച് 498 എ വകുപ്പ്പ്രകാരമുള്ള പരാതി പൊലീസിന് ലഭിച്ചാൽ അവ 'ഫാമിലി വെൽഫെയർ കമ്മിറ്റി'യുടെ പരിഗണനയ്ക്ക് വിടണം. കമ്മിറ്റിക്ക് നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്താം. ഒരു മാസത്തിനകം വസ്തുതാവിവരണങ്ങളും അഭിപ്രായവും ഉൾപ്പെടുത്തി സംക്ഷിപ്തമായ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനോ മജിസ്‌ട്രേറ്റിനോ നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവണം തുടർനടപടികൾ. ജാമ്യാപേക്ഷയിൽ അന്നേദിവസം തന്നെ ഉത്തരവ് പാസാക്കണമെന്നും സ്ത്രീധനമായി കൈപ്പറ്റിയ സാധനങ്ങൾ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തുവെന്ന ഒറ്റക്കാരണംകൊണ്ട് ജാമ്യം നിഷേധിക്കരുതെന്നും സുപ്രിംകോടതി കീഴ്‌കോടതികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഫാമിലി വെൽഫെയർ കമ്മിറ്റിയിൽ ഒരു സ്ത്രീ എങ്കിലും വേണമെന്ന നിർദേശമില്ല. നീതിന്യായസംവിധാനത്തിനും പരാതിക്കാരിക്കും ഇടയിൽ വരുന്ന ഈ സമിതി എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. നമ്മുടെ സുസജ്ജമായ പൊലീസിനില്ലാത്ത എന്ത് അന്വേഷണ സാധ്യതയാണ് ഈ കമ്മിറ്റിക്കുള്ളത്? കമ്മിറ്റിക്ക് റിപ്പോർട്ട് നൽകാനുള്ള ഒരു മാസക്കാലത്ത് തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലത്ത് എല്ലാത്തരം സ്ത്രീസംരക്ഷണ നിയമങ്ങളും കർശനമാക്കുകയാണ് വേണ്ടത്. മറിച്ച് നിലവിലുള്ളവ തന്നെ ലഘൂകരിച്ച് ദുർബലമാക്കുന്നത് കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top