29 March Friday

ഗാനഗന്ധർവന്റെ അനുഗ്രഹം ഐശ്വര്യമായി; ഐശ്വര്യ ഗായികയായി

എം എസ് ദാസ് മാട്ടുമന്തUpdated: Wednesday Feb 14, 2018

ഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഗാനഗന്ധർവൻ യേശുദാസിനൊപ്പം പാടാൻ അവസരം കിട്ടുക ഐശ്വര്യയുടെ തുടക്കംതന്നെ ഐശ്വര്യമായി. തരംഗിണി പുറത്തിറക്കിയ മാപ്പിളപ്പാട്ടുകളുടെ 'റംസാൻകിനാവ്' എന്ന കാസറ്റിലാണ് അച്ഛനായി യേശുദാസും മകളായി ഐശ്വര്യയും പാടി ഗംഭീരമാക്കിയത്.

ശാസ്ത്രീയസംഗീതം പഠിക്കണമെന്ന യേശുദാസിന്റെ ഉപദേശം ഐശ്വര്യയുടെ സംഗീതജീവിതത്തിന് വഴികാട്ടിയായി. നാനൂറിലധികം കാസറ്റുകളിലായി ശാസ്ത്രീയസംഗീതവും ഹിന്ദുസ്ഥാനിയും ലളിതഗാനവും ചലച്ചിത്രഗാനവും മാപ്പിളപ്പാട്ടും നാടകഗാനങ്ങളും ഭക്തിഗാനങ്ങളും പാടി ഈ യുവഗായിക പ്രസിദ്ധയായി. ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീതത്തിൽ മനസ്സർപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് ഗാന്ധിനഗറിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ദേവദാസിന്റെയും പ്രമീളയുടെയും മകളായ ഐശ്വര്യ ദൂരദർശനിൽ സംപ്രേഷണംചെയ്ത കുട്ടികളുടെ സീരിയലായ ഹീമാൻ ഹിറ്റായതോടെ ശ്രദ്ധിക്കപ്പെട്ടു. ഗിരീഷ് പുത്തഞ്ചേരി രചിച്ച് തേജ് മെർവിൻ സംഗീതം നൽകിയ ഹീമാനിലെ കുട്ടികളുടെ കോറസിൽ  ഇവൾ വേറിട്ട ശബ്ദമായി. പിന്നീട് നിരവധി കാസറ്റുകളിലും സിഡികളിലും ഐശ്വര്യയുടെ മധുരസ്വരം മലയാളികൾക്ക് പരിചിതമായി. തുടർന്ന് നിരവധി സിനിമകളിലും പിന്നണി പാടാൻ അവസരമുണ്ടായി.

പത്താം വയസുമുതൽ കോഴിക്കോട് കെ വി എസ് ബാബുവിന്റെ കീഴിൽ കർണാടകസംഗീതം അഭ്യസിച്ചു. ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമയിൽനിന്ന് രമേശ് നാരായണന്റെ ശിഷ്യനായ മോഹൻകുമാറിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീത പഠനം തുടങ്ങി. നിരവധി വേദികളിൽ ഗാനമാലപിക്കുകയും കച്ചേരി അവതരിപ്പിക്കുകയും ചെയ്ത ഐശ്വര്യ മഹാരാഷ്ട്രയിലെ അഖിലഭാരതീയ ഗാന്ധർവ മഹാവിദ്യാലയത്തിൽനിന്ന് ഏഴ് വർഷത്തെ സംഗീത് വിശാരദ് ബിരുദം നേടി. ഇപ്പോൾ മുംബൈയിൽ ഹിന്ദുസ്ഥാനിയിൽ ഉപരിപഠനം നടത്തുന്നുണ്ട്.

ഹിന്ദുസ്ഥാനിയിൽ കൗശുകിചക്രബർത്തി, ഭീംസെൻജോഷി, പണ്ഡിറ്റ് ജസ്‌രാജ്, കർണാടകസംഗീതത്തിൽ എം എസ് സുബ്ബലക്ഷ്മി എന്നിവരാണ് ഐശ്വര്യയുടെ ആരാധഗായകർ. ഹിന്ദുസ്ഥാനി സംഗീതത്തെ കൂടുതൽ ജനകീയവൽക്കരിക്കാനാണ് തന്റെ ശ്രമങ്ങളെന്ന് ഐശ്വര്യ പറഞ്ഞു.

പാലക്കാട് ചെന്നൈ സ്മാരക സംഗീത കോളേജിൽ എം എ വോക്കൽ പഠിക്കുകയാണ് ഇവർ. ഭർത്താവ് മനോജ് പുതുപ്പാടിയും മകൻ പ്രജ്വലുമൊത്ത് പാലക്കാട് വലിയപാടത്താണ് താമസം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top