28 November Tuesday

അതിജീവനത്തിന്‌ ‘ഡൊണേറ്റ്‌ എ കൗ’

കെ എ അനിൽകുമാർUpdated: Tuesday Nov 13, 2018

പ്രളയാനന്തര അതിജീവനത്തിന് വയനാട്ടിൽ വനിതാ ഉദ്യോഗസ്ഥയുടെ ധീരമായ ഇടപെടൽ. പ്രളയം തകർത്തെറിഞ്ഞ ജില്ലയിൽ പാലൊളി തീർക്കുകയാണ് കൽപ്പറ്റ ക്ഷീരവികസന ഓഫീസർ വി എസ് ഹർഷ. സ്വന്തം ജീവനേക്കാൾ വിലപ്പെട്ടതും ജീവിതമാർഗവുമായിരുന്ന വളർത്തുമൃഗങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുന്നത് കണ്ണീരോടെ കണ്ടുനിൽക്കേണ്ടിവന്ന ക്ഷീരകർഷകരുടെ കണ്ണീരൊപ്പുകയാണ് ഈ ഉദ്യോഗസ്ഥ. നൂറ്റമ്പതോളം കുടുംബങ്ങൾക്ക്  പശുക്കളെ നൽകിയാണ് മാതൃകാപരമായ പുനരധിവാസ പ്രവർത്തനം.  സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി ഇവർ തുടങ്ങിയ “ഡൊണേറ്റ് എ കൗ’ ക്യാമ്പയിൻ സംസ്ഥാനശ്രദ്ധ നേടുകയാണ്. സർവവും നഷ്ടപ്പെട്ട വയനാട്ടിലെ കർഷകന് നിത്യവരുമാനമൊരുക്കി താങ്ങാവാൻ ഓരോദിനവും നിരവധി സുമനസ്സുകളാണ് വരുന്നത്.

വരുമാനമാർഗമായിരുന്ന പശുക്കളും കൃഷിയിടവും നഷ്ടമായ കുടുംബങ്ങൾക്ക് പശുവിനെ നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു  വാട്‌സ് ആപ്, ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ക്യാമ്പയിന്റെ തുടക്കം. ഒരു പശുവിന്റെ വില നൽകാൻ തയ്യാറാകുക. ഇതായിരുന്നു ചലഞ്ച്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർ ഇതേറ്റെടുത്തു. ക്ഷീരസംഘങ്ങൾ മുഖേന അർഹരായവരെ കണ്ടെത്തി പശുവിനെ വാങ്ങി നൽകുകയാണ്.  ആലപ്പുഴ ജില്ലയും ഈ മാതൃക പിന്തുടരുന്നു.

വർഷങ്ങളായി പശുക്കളെ വളർത്തി ജീവിച്ചിരുന്നവരായിരുന്നു പൊഴുതന മേൽമുറി പാടത്തുംപീടിയേക്കൽ മൊയ്തുവു കുടുംബവും. തരിയോട് ക്ഷീരസംഘത്തിലെ മികച്ച ക്ഷീരകർഷകൻ. കഴിഞ്ഞ ആഗസ്ത് എട്ടിന്  രാവിലെ ചായകുടിക്കുമ്പോഴാണ് വൻ അലർച്ചകേട്ടത്.  ഉരുൾപൊട്ടി തൊട്ടടുത്ത മല ഒഴുകിവരികയാണ്. വീട്ടിലുണ്ടായിരുന്ന മകന്റെ കുട്ടികളെയെമെടുത്ത് പുറത്തേക്ക് ഓടി. തിരിഞ്ഞു നോക്കുമ്പോൾ വീടും സമീപത്തെ തൊഴുത്തും കാണാനില്ല. തൊഴുത്തിലുണ്ടായിരുന്ന ഏഴ് പശുക്കളെയും മലവെള്ളപ്പാച്ചിൽ കൊണ്ടുപോയി. ധരിച്ച വസ്ത്രംമാത്രമായി ദിവസങ്ങളോളും ഇവർ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞു.

ഇവരുടെ ദയനീയത “ദേശാഭിമാനി’ വാർത്തയിലൂടെയറിഞ്ഞ് കൽപ്പറ്റ ക്ഷീരവികസന ഓഫീസിലെ ജീവനക്കാർ ഒരു പശുവിനെ വാങ്ങി നൽകി. വിദേശമലയാളിയും വയനാട്ടിലെ ഫാം ഉടമയും കുടുംബത്തിന് പശുവിനെ നൽകാൻ തയ്യാറായി. ഇതോടെയാണ് ഹർഷ “ഡൊണേറ്റ് എ കൗ’ ക്യാമ്പയിൻ തുടങ്ങുന്നത്.  കൂടുതൽപേർ പശുക്കളെ വാങ്ങി നാൽകാൻ തയ്യാറായി. വാങ്ങിനൽകുന്നവരെയും വിൽക്കാൻ തയ്യാറുള്ളവരെയും ബന്ധപ്പെടുത്തി. പ്രളയാനന്തര അതിജീവനമാണെന്നറിഞ്ഞ്  വിൽക്കുന്നവർ വില കുറച്ചു. ഗുണഭോക്താവിനെ ക്ഷീരസംഘങ്ങളും ജനപ്രതിനിധികളും ചേർന്നാണ് കണ്ടെത്തുന്നത്. എല്ലാത്തിനും നേതൃത്വം നൽകി ഹർഷയും ഓഫീസിലെ ജീവനക്കാരും കൂടെനിന്നു. 

സുൽത്താൻബത്തേരി- സെന്റ്-- മേരീ-സ്-- ഹയർ-സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്നൽകിയ കറവപശുവിനെ മന്ത്രി പ്രൊഫ. സി രവീന്ദ്രനാ-ഥ്- കൈമാറുന്നു-

സുൽത്താൻബത്തേരി- സെന്റ്-- മേരീ-സ്-- ഹയർ-സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്നൽകിയ കറവപശുവിനെ മന്ത്രി പ്രൊഫ. സി രവീന്ദ്രനാ-ഥ്- കൈമാറുന്നു-

പാതിരാത്രിയിൽ പുഴവെള്ളം ഇരച്ചുവന്ന് അഞ്ച് പശുക്കൾ ചത്ത പനമരത്തെ മേരി, അഞ്ചുകുന്ന് വാറുമ്മൽക്കടവിലെ രാേജഷ് ഇവരെല്ലാം “ഡോണേറ്റ് എ കൗ’ ക്യാമ്പയിനിലൂടെ ജീവിതമാർഗം തിരിച്ചുപിടിച്ചവരാണ്. നിറകണ്ണുകളോടെയാണ് എല്ലാവരും പശുക്കളെ ഏറ്റുവാങ്ങിയത്. പൊഴുതനയിൽ പശുക്കളെ വിതരണം ചെയ്യാനെത്തിയ വയനാട് സബ് കലക്ടർ എൻ എസ് കെ ഉമേഷ് താനും പദ്ധതിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. സ്വന്തം നാടായ തമിഴ്നാട്ടിലെ സുഹൃത്തുക്കളിൽനിന്നും ഒമ്പത് പശുക്കളെ സംഭാവനയായി ലഭ്യമാക്കി.

മണ്ണൂത്തി വെറ്ററിനറി കോളേജിലെ സഹപാഠികളുടെ വാട്സ് ആപ്പ് ഗ്രൂപ്പ്, പൂക്കോട് വെറ്ററിനറി കോളേജ് വാട്സ് ഗ്രൂപ്പ്, ബത്തേരി സെന്റ് മേരീസ് കോളേജ് എൻഎസ്എസ് യൂണിറ്റ്, പേരാവൂർ മണത്തണ വാട്സ്ആപ്പ് ഗ്രൂപ്പ്, മണ്ണൂത്തി 2002 ഡെയ്റി സയൻസ് ആൻഡ് ടെക്നോളജി ബാച്ച് എന്നിവരെല്ലാം പണം സമാഹരിച്ച് നൽകി. സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഹർഷയുടെ ഭർത്താവ് ഇ വി പ്രേമരാജനും  സുഹത്തുക്കളുമുൾപ്പെട്ട ഗ്രൂപ്പിലൂടെയും പശുവിനെ നൽകി. ബംഗളൂരിലെ റീച്ച് ദി ഹാന്റ് എന്ന സംഘടന നൂറ് കന്നുകുട്ടികളെ നൽകാൻ സന്നദ്ധമായി.    മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, കെ രാജു, എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു, കലക്ടർ അജയകുമാർ, സബ് കലക്ടർ എൻഎസ്കെ ഉമേഷ് എന്നിവരിൽ നിന്നെല്ലാം നിറകണ്ണുകളോടെയാണ് നിലാരംബരായ കുടുംബങ്ങൾ പശുക്കളെ ഏറ്റുവാങ്ങിയത്.

സംസ്ഥാനത്ത് പാൽ ഉൽപ്പാദനത്തിൽ വയനാട് രണ്ടാമതാണ്. പ്രളയാനന്തര അതിജീവനത്തിനൊപ്പം തന്റെ ധവള വിപ്ലവത്തിലുടെ ജില്ല ഒന്നാമതാകുമെന്ന പ്രതീക്ഷയാണ് അമ്പലപ്പുഴ സ്വദേശിയായ ഹർഷ പങ്കുവയ്ക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top