25 April Thursday

അമേരിക്കയിൽ "ആചാര' ലംഘനം

എ ശ്യാംUpdated: Tuesday Nov 13, 2018

അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളിലേക്കും കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ അലിഖിതമായി അവിടെ നിലനിന്നിരുന്ന പല വിലക്കുകളും ലംഘിച്ച് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് സ്ത്രീകൾ. ജനപ്രതിനിധികളായി തങ്ങൾക്ക് ഇതുവരെ പ്രവേശനമില്ലാതിരുന്ന യുഎസ് കോൺഗ്രസിലേക്ക് ഇതാദ്യമായി മുസ്ലീം, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 435 അംഗ ജനപ്രതിനിധിസഭയിൽ ആദ്യമായി സ്ത്രീ പ്രാതിനിധ്യം മൂന്നക്കം കടന്ന് 101 ആയിരിക്കുന്നു. 84 ആയിരുന്നു സഭയിൽ ഇതുവരെയുണ്ടായിരുന്ന സ്ത്രീ പ്രാതിനിധ്യ റെക്കോഡ്. ഈ 101 പേരിൽ 35 പേർ പ്രതിനിധിസഭയിൽ പുതുമുഖങ്ങളാണ്. തീവ്ര വംശീയവാദിയായ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പോർമുഖത്തുള്ളവരാണ് ചരിത്രം രചിച്ച സ്ത്രീകളിൽ പലരും.

മുസ്ലീംവിരുദ്ധനും ഇസ്രയേൽ പക്ഷപാതിയുമായ ട്രംപിന്റെ കാലത്ത് തന്നെ ഇതാദ്യമായി രണ്ട് മുസ്ലീംസ്ത്രീകൾ അമേരിക്കൻ ജനപ്രതിനിധിസഭയിൽ അംഗമാവുന്നു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും വലിയ സവിശേഷത. സോമാലിയൻ ആഭ്യന്തരയുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് കെനിയൻ അഭയാർഥി ക്യാമ്പിലെ ജീവിതത്തിനുശേഷം അമേരിക്കയിൽ കുടിയേറിയ ഇൽഹാൻ ഒമറും(37) പലസ്തീനിയൻ അമേരിക്കക്കാരിയായ റാഷിദ തലൈബും(42). ട്രംപിന്റെ ഇസ്രയേൽ പ്രേമത്തിന്റെയും കുടിയേറ്റവിരുദ്ധ നയത്തിന്റെയും രൂക്ഷ വിമർശകരാണ് ഇരുവരും. 

രണ്ട് വർഷം മുമ്പ് മിന്നെസോട്ട സംസ്ഥാന സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇൽഹാൻ ആ സ്ഥാനത്തെത്തിയ ആദ്യ സോമാലി അമേരിക്കനാണ്. ഇപ്പോൾ ഇതാ അമേരിക്കൻ പ്രതിനിധിസഭയിലെ തന്നെ ആദ്യ മുസ്ലിം അഭയാർഥി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മിന്നെസോട്ടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ സ്ത്രീ കൂടിയാണ് സാമൂഹ്യ പോഷകാഹാര പരിശീലക കൂടിയായ ഇൽഹാൻ. സോമാലിയയിൽ ഉദ്യോഗസ്ഥരുടെ കുടുംബത്തിലംഗമായ ഇൽഹാൻ 1991ലാണ് രാജ്യം വിട്ടത്. നാലുവർഷം കെനിയയിലെ ക്യാമ്പിൽ കഴിഞ്ഞു. 95ൽ അമേരിക്കയിലെത്തിയഅവർക്ക് 2000ൽ പൗരത്വം ലഭിച്ചു. 2014ൽ  പ്രാദേശിക കോക്കസ് യോഗത്തിൽ എതിരാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ ചരിത്രവും ഇൽഹാനുണ്ട്. ഭർത്താവ് അഹ്മദ് ഹിർസിയും മൂന്ന് മക്കളും അടങ്ങുന്നതാണ് ഇൽഹാന്റെ കുടുംബം. ഇടയ്ക്ക്് ഹിർസിയുമായി പിരിഞ്ഞ് അഹമദ് നൂർ സയിദ് ഇൽമി എന്ന ബ്രിട്ടീഷ് പൗരനെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിന് ശേഷം ആ ബന്ധം അവസാനിപ്പിച്ച് ഹിർസിയുമായി വീണ്ടും ഒന്നിക്കുകയായിരുന്നു.

അമേരിക്കയിലെ പലസ്തീൻ കുടിയേറ്റക്കാരുടെ മകളായ റാഷിദ തലൈബ് 2008ൽ മിഷിഗൻ സംസ്ഥാന സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രംകുറിച്ചിരുന്നു. അമേരിക്കൻ ചരിത്രത്തിൽ അന്നാദ്യമായാണ് ഒരു സംസ്ഥാന സഭയിലേക്ക് മുസ്ലീം സ്ത്രീ തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന റാഷിദ ഡെമോക്രാറ്റിക് പാർടിയിലെ ഇടതുപക്ഷക്കാരിയാണ്്. രണ്ട് മക്കളുള്ള റാഷിദ ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. ഇസ്രയേലിനോട് മൃദുസമീപനം പുലർത്തിവന്ന ഇവർ അടുത്തകാലത്ത് പലസ്തീൻ അഭയാർഥികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുളള അവകാശത്തിന് ശബ്ദമുയർത്തിതോടെ വലതുപക്ഷത്തിന്റെ നോട്ടപ്പുള്ളിയായി. ഇൽഹാനിന്റെയും റാഷിദയുടെയും വിജയം അമേരിക്കൻ ഭരണകൂടത്തിന്റെ ഇസ്രയേൽ അനുകൂല വിദേശനയത്തിനേറ്റ പ്രഹരം കൂടിയായി.

ഏൻസാസിൽ നിന്നുള്ള ആയോധനവിദ്യാ പരിശീലകയായ ഷാറൈസ് ഡേവിഡ്സും(38) ന്യൂ മെക്സിക്കോയിൽ നിന്നുള്ള അഭിഭാഷക ഡെബ് ഹാലൻഡും(58) ആണ് ജനപ്രതിനിധിസഭാ അംഗങ്ങളായി ചരിത്രമെഴുതിയ ആദിവാസി സ്ത്രീകൾ. അമേരിക്ക വെള്ളക്കാർക്കുള്ളതാണെന്ന് വിചാരിക്കുന്ന ട്രംപിനെതിരായ വിജയമാണ് ഇവരുടേതും. സ്വവർഗപ്രണയിയാണ് എന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുള്ള ഷാറൈസ് കൻസാസിൽ നിന്ന് ഈ വിഭാഗത്തിൽ പെടുന്ന ആദ്യഅംഗമാണ്. ഷാറൈസിന്റെ വിജയം അമേരിക്കൻ വലതുപക്ഷക്കാരെ എത്രമാത്രം പ്രകോപിപ്പിച്ചു എന്നതിന് തെളിവാണ് ഒരു റിപ്പബ്ലിക്കൻ നേതാവ് ഫേസ്ബുക് സുഹൃത്തിനോട് നടത്തിയ പ്രതികരണം. ‘നിങ്ങളുടെ തീവ്ര സോഷ്യലിസ്റ്റ് കിക്ബോക്സിങ്ങ് ലെസ്ബിയനെ ആദിവാസികൾക്കായുള്ള വനപ്രദേശത്തേക്കയക്കും’ എന്നാണയാൾ പറഞ്ഞത്.

അഭിഭാഷകയായ ഡെബ് ഹാലൻഡ് സാമൂഹ്യ സംഘാടകയായാണ് പൊതുജീവിതം ആരംഭിച്ചത്. ന്യൂ മെക്സിക്കോ സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാർടിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ള ഡെബ്ബിന്റെ അച്ഛൻ നോർവീജിയൻ അമേരിക്കക്കാരനാണ്. ഏക മകളോടൊത്ത് ജീവിക്കുന്ന ഇവർ മാരത്തൺ ഓട്ടക്കാരി കൂടിയാണ്. ഷാറൈസിന്റെയും ഡെബ്ബിന്റെയും വിജയത്തോടെ അമേരിക്കൻ കോൺഗ്രസിൽ ആദിവാസികളുടെ എണ്ണം നാലായി. 1924ൽ മാത്രമാണ് അമേരിക്കയിൽ ആദിവാസികൾക്ക് വോട്ടവകാശം ലഭിച്ചത്. ട്രംപ് നയങ്ങൾക്കെതിരെ സ്ത്രീകളിലുണ്ടാവുന്ന പുത്തനുണർവിന്റെ പ്രതിഫലനം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top