29 September Friday

പ്രാണവായുവും നിഷേധിക്കുമ്പോള്‍...

സാജന്‍ എവുജിന്‍Updated: Wednesday Sep 13, 2017

ഉത്തര്‍പ്രദേശില്‍ ഗൊരഖ്പുരിലെയും ഫറൂഖാബാദിലെയും ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചത് മാധ്യമങ്ങളില്‍ വലിയ തലക്കെട്ട് സൃഷ്ടിച്ചു. രാജ്യത്തിന്റെ മനഃസാക്ഷിയെ നടുക്കി. ഇതേതുടര്‍ന്ന് ആശുപത്രികളിലെ അപര്യാപ്തതയും സര്‍ക്കാരുകളുടെ അനാസ്ഥയും തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെടുന്നു. കുഞ്ഞുങ്ങളുടെ പെട്ടെന്നുള്ള മരണത്തിനു കാരണം ആശുപത്രികളിലെ സംവിധാനങ്ങളുടെ  പരാജയമാണെന്നതില്‍ തര്‍ക്കമില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകളും നടപടികളും ആവശ്യമാണ്. അതേസമയം,  ഈ കുഞ്ഞുങ്ങളുടെ അമ്മമാരെക്കുറിച്ചും ചര്‍ച്ചകള്‍ വേണ്ടതാണ്.

നവജാതശിശുക്കള്‍ അടക്കമുള്ളവര്‍ കൂട്ടത്തോടെ ആശുപത്രി ചികിത്സ തേടേണ്ടിവരുന്ന സാഹചര്യം പരിശോധിക്കപ്പെടണം. കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യം മോശം നിലവാരത്തില്‍ എത്തുന്നതിനു ഒട്ടേറെ കാരണങ്ങളുണ്ട്. കൌമാരപ്രായത്തിലുള്ള വിവാഹവും ഗര്‍ഭധാരണവും ഇന്ത്യയില്‍ പ്രധാന പ്രശ്നമാണ്. പെണ്‍കുട്ടിക്ക് 18 വയസ് തികയാതെയാണ് രാജ്യത്തെ മൂന്നിലൊന്ന് വിവാഹങ്ങളും നടക്കുന്നതെന്ന് 2011ലെ സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു. ഹിന്ദു, മുസ്ളിം സമുദായങ്ങളില്‍ ഈ പ്രവണത തുല്യ തോതിലാണ്. 2011ലെ കണക്കുപ്രകാരം 78.5 ലക്ഷം പെണ്‍കുട്ടികള്‍ ദാമ്പത്യത്തിലേക്ക് കാലൂന്നിയത് 10 വയസ് തികയുംമുമ്പാണ്. രാജ്യത്തെ പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും വിളര്‍ച്ചബാധിതരാണെന്ന ആരോഗ്യസര്‍വെ റിപ്പോര്‍ട്ടുകളും ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. പെണ്‍കുട്ടികള്‍ കുടുംബങ്ങള്‍ക്കുള്ളില്‍ അനുഭവിക്കുന്ന വിവേചനവും അവരുടെ അനാരോഗ്യത്തിനു വഴിതെളിക്കുന്നു. പുരുഷാധിപത്യ മനോഭാവം നിലനില്‍ക്കുന്ന സമൂഹത്തില്‍ പോഷകാഹാരസമൃദ്ധമായ ഭക്ഷണം പോലും പെണ്‍കുട്ടികള്‍ക്ക് അന്യമാണ്. ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന പെണ്‍കുട്ടികളില്‍നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങളും അനാരോഗ്യത്തിന്റെ പിടിയിലമരുന്നത് സ്വാഭാവികം.

സാമൂഹികക്ഷേമ, പൊതുജനാരോഗ്യമേഖലകളോട് സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണനയാണ് മറ്റൊരു പ്രശ്നം. സാമൂഹികക്ഷേമ മേഖലകളിലെ സൂചികകള്‍ പ്രകാരം  ഇന്ത്യയുടെ ശരാശരി ലോകനിലവാരത്തില്‍നിന്ന് എത്രയോ താഴെയാണ്. 2015ലെ കണക്കുപ്രകാരം രാജ്യത്ത് ലക്ഷത്തില്‍ 217 പേര്‍ ക്ഷയരോഗ ബാധിതരാണ്.  അഥവാ ലോകത്തെ ക്ഷയരോഗ ബാധിതരില്‍ നാലിലൊന്നുപേര്‍ ഇന്ത്യയിലാണ്. പട്ടിണിയും പോഷകാഹാരക്കുറവും തന്നെയാണ് ക്ഷയരോഗം പടരാന്‍ കാരണം. ഒരുവശത്ത് ജനങ്ങള്‍ പോഷകാഹാരക്കുറവ് നേരിടുമ്പോള്‍ മറുവശത്ത് ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ദുര്‍ബലമാകുന്നു.  തുടര്‍ച്ചയായി ഭരണത്തിലിരുന്നവര്‍ പൊതുജനാരോഗ്യമേഖലയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചില്ല. നിലവില്‍ പൊതുജനാരോഗ്യമേഖലയില്‍ ചെലവിടുന്നത് മൊത്തം ആഭ്യന്തരവരുമാനത്തിന്റെ(ജിഡിപി) 1.2 ശതമാനം മാത്രമാണ്. ഈ മേഖലയില്‍— ആഗോളതല ശരാശരി 5.99 ശതമാനമാണ്.

ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ദുരവസ്ഥ ഇന്ത്യയിലെ പൊതുജനാരോഗ്യ മേഖല നേരിടുന്ന ദുര്‍ഗതിയുടെ നേര്‍ചിത്രമാണ്. ആയിരക്കണക്കിനു രോഗികള്‍ ചികിത്സ തേടുന്ന ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി  തികച്ചും ശോച്യാവസ്ഥയിലാണ്. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ശമ്പളം പോലും മാസങ്ങളായി കുടിശികയാണ്. ഡോക്ടര്‍മാരിലും നേഴ്സുമാരിലും ഗണ്യമായ പങ്ക് കരാര്‍ അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്; മസ്തിഷ്കജ്വരബാധിതരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഔഷധങ്ങളുമില്ല.

പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്താനും മതിയായ ഫണ്ട് അനുവദിക്കാനും നടപടിയെടുക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ആരോഗ്യമേഖലയെ കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കുകയാണ്. രണ്ട്, മൂന്ന് നിലവാരത്തിലുള്ള നഗരങ്ങളിലെ ജില്ലാ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിതി ആയോഗ് ഈയിടെ ശുപാര്‍ശ ചെയ്തു. പൊതു-സ്വകാര്യ പങ്കാളിത്തം എന്ന പേരില്‍ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണ്. സ്വകാര്യആശുപത്രികളിലെ ചികിത്സ ചെലവ് ഉത്തരേന്ത്യയിലെ പട്ടിണിപാവങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് ആര്‍ക്കും ബോധ്യമുള്ളതാണ്. ഇടത്തരം കുടുംബങ്ങളെപ്പോലും ചികിത്സാ—ചെലവുകള്‍ കടക്കെണിയില്‍ തള്ളുന്നു.

സ്വച്ഛ് ഭാരത് പോലുള്ള കൊട്ടിഘോഷിച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടും വൃത്തിയുടെ കാര്യത്തില്‍ രാജ്യം ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല. നഗരങ്ങളിലെ മാലിന്യനിര്‍മാര്‍ജ്ജന പ്രശ്നങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. എന്നാല്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായ വയലുകളും ഗോശാലകളും പന്നിക്കുഴികളും ചര്‍ച്ചകളില്‍പോലും കടന്നുവരുന്നില്ല. ഓരോ ഗ്രാമവും മാലിന്യങ്ങള്‍ എന്തുചെയ്യുന്നുവെന്ന് ആരും അന്വേഷിക്കുന്നില്ല. ഉത്തരേന്ത്യയിലെ ചന്തകള്‍ പ്ളാസ്റ്റിക് കവറുകളുടെ വിവേകശൂന്യമായ ഉപയോഗത്തിന്റെ കൂത്തരങ്ങുകളാണ്. പ്ളാസ്റ്റിക് കവറുകള്‍ ഉപയോഗശേഷം വലിച്ചെറിയുന്നു. വെള്ളം കെട്ടിനിന്ന് ഇവ കൊതുക് ഉല്‍പാദനകേന്ദ്രങ്ങളായി മാറുന്നു. ആരോഗ്യം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക് കൊതുകിന്റെ ആക്രമണം നേരിടാനുള്ള ത്രാണിയുണ്ടാകില്ല. കൊതുകുവലയും കൊതുക്തിരിയുമൊക്കെ ഇവിടെ ചിന്തിക്കാന്‍ കഴിയാത്ത സാധനങ്ങളാണ്. ഇത്തരത്തില്‍ ഇന്ത്യന്‍സാമൂഹിക ജീവിതം നേരിടുന്ന ദുരന്തത്തിന്റെ ഒരു അധ്യായം മാത്രമാണ് ഗൊരഖ്പുര്‍.

ഗൊരഖ്പുര്‍ ദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ചിലര്‍— ഗൊരഖ്പുരിനെ കേരളവുമായി താരതമ്യം ചെയ്യരുതെന്ന് ഉപദേശിച്ചു. കേരളം സാമൂഹികമായി പുരോഗതി കൈവരിച്ച പ്രദേശമാണെന്ന് സമ്മതിക്കുകയാണ് ഇതുവഴി അവര്‍. കേരളം കൈവരിച്ച പുരോഗതി ആകസ്മികമായി സംഭവിച്ചതല്ല. സാമൂഹിക നവോത്ഥാന മുന്നേറ്റവും— പുരോഗമന, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷസര്‍ക്കാരുകളും ചേര്‍ന്ന് കേരളത്തെ മാറ്റിമറിച്ചതിന്റെ ഫലമാണ് ഈ പുരോഗതി. ജാതിയുടെയും മതത്തിന്റെയും പേരില്‍ കോട്ടകള്‍ തീര്‍ത്ത്, ജനങ്ങളെ അവയില്‍ തളച്ചിട്ട് ചൂഷണം ചെയ്യുന്ന രാഷ്ട്രീയപാര്‍ടികള്‍ക്ക് സാമൂഹികപുരോഗതി ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. വിഭജിച്ച് ഭരിക്കല്‍ തന്ത്രത്തിന്റെ ഉപാജ്ഞാതാക്കള്‍ക്കും പ്രയോക്താക്കള്‍ക്കും ജനങ്ങളെ സാമൂഹിക മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കില്ല. “ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്നിങ്ങനെ പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ മാത്രമേ ഇത്തരം ഭരണാധികാരികള്‍ക്ക് കഴിയൂ. വനിത, ശിശുക്ഷേമ മന്ത്രാലയത്തിനുള്ള ഫണ്ടില്‍ 50 ശതമാനം വെട്ടിക്കുറവ് വരുത്തിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. 2015-16ലെ ബജറ്റിലാണ് ഈ വെട്ടിക്കുറവ് വരുത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് വിഹിതം കണക്കാക്കിയത്. ഇതിന്റെയൊക്കെ പ്രതിഫലനമാണ് ആരോഗ്യമേഖലയില്‍ കാണുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top