27 April Saturday

എന്താല്ലേ... ഒറ്റ ക്ലിക്കിലാണ്‌ പാചകം!

ആർ സ്വാതിUpdated: Monday Jan 13, 2020


അങ്ങനെയിരിക്കെയാണ് തലശേരിക്കാരി റസിയക്ക് നോർത്തിന്ത്യൻ  ദഹി ചിക്കൻ കഴിക്കാൻ പൂതി തോന്നുന്നത്. ആരോടും ചോദിക്കാനൊന്നും പോയില്ല. സ്‌മാർട്‌ ഫോൺ എടുത്ത്‌ യൂട്യൂബ് തുറന്നു. ടൈപ്പ് ചെയ്‌തപ്പോൾ ദേ കിടക്കുന്നു നൂറുകൂട്ടം റെസിപ്പി.

പഴയ നോട്ടുപുസ്‌തകത്തിന്റെ പുറകിലോ കലണ്ടറിന്റെ സൈഡിലോ ചെറിയ  അക്ഷരത്തിൽ എഴുതിയിരുന്ന ‘സ്‌പെഷ്യൽ ചിക്കൻ കറി' റെസിപ്പികൾക്കൊക്കെ ഡോഡോ പക്ഷിയുടെ ഗതിയാണ്‌, കുറ്റിയറ്റുപോയി. നോർത്ത് ഇന്ത്യനും സൗത്ത് ഇന്ത്യനും ഇറ്റാലിയനും ചൈനീസും അറേബ്യനുമെല്ലാം ചേരുവകൾ മുതൽ വിളമ്പേണ്ട വിധം വരെ ഇന്ന് വിരൽത്തുമ്പിൽ കിട്ടും. അതോടെ പാവം പാചകക്കുറിപ്പുകളൊക്കെ സ്റ്റാൻഡ്‌ വിട്ടു.  ഗ്യാസ് സ്റ്റൗ കത്തിക്കും മുൻപ് കൈയിലെ സ്മാർട്ട് ഫോണോ ലാപ്‌ ടോപ്പോ ഓണാക്കി വച്ചാൽ മതി. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് ആപ്പ് ആയ യൂട്യൂബിൽ പാചകവീഡിയോകളുടെ ചാകരയാണ്.

ഒരു പക്ഷേ മേക്കപ്പ്  ട്യൂട്ടോറിയലിനെക്കാൾ കൂടുതൽ ആളുകൾ തെരയുന്നതും ഇത്തരം റെസിപ്പികൾ. മില്യണിലധികം ഫോളോവേഴ്‌സ്‌ ഉള്ള ഫുഡ് വ്‌ളോഗർമാർ മലയാളത്തിലുമുണ്ട്. നൂറ്റിയാറാം വയസ്സിലും നാടൻ വിഭവങ്ങളുമായി ലക്ഷക്കണക്കിന് പേരുടെ വായിൽ കപ്പലോടിച്ച  മസ്‌താനമ്മയുടെ ‘കൺട്രി ഫുഡ്‌സ്‌' ചാനൽ നിരവധി തവണ വാർത്തയായതാണ്. ഐസ്‌ക്രീം മുതൽ നാടൻ പുട്ടുവരെയുണ്ടാക്കാൻ പറഞ്ഞു തരുന്ന കൊച്ചിക്കാരൻ കുട്ടി നിഹാലിന്റെ വ്ളോഗ് കണ്ടാൽ ആർക്കും തോന്നും ഒരു കൈ നോക്കാന്ന്‌.

പ്രവാസികൾ മുതൽ വീട്ടമ്മമാരും വിദ്യാർഥികളും യൂട്യൂബ് പാചകത്തിന്റെ കാഴ്‌ചക്കാരാണ്. ചേരുവകളൊക്കെ കയ്യിലുണ്ടെങ്കിൽ വ്‌ളോഗറോടൊപ്പം തന്നെ പാചകം ചെയ്യാം. ഇത്തിരി വാചകവും കേൾക്കാം. ഫേസ്‌ബുക്കിലുമുണ്ട്‌ രുചി വിളമ്പുന്ന ഒരു പാട്‌ പേജുകൾ.

പാചക പരീക്ഷണങ്ങൾക്ക് മൊബൈൽ ആപ്പുകളുമുണ്ട്. അഗ്രിമ ഇന്‍ഫോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ റെസിപ്പി ബുക്ക് എന്ന ആപ്പാണ് ഇതിൽ വെറൈറ്റി. അടുക്കളയിൽ എന്തൊക്കെയുണ്ടെന്ന്‌ ഫോട്ടോ ആയോ ലിസ്റ്റായോ ആപ്പിൽ നൽകിയാൽ അതുപയോഗിച്ചുണ്ടാക്കാൻ കഴിയുന്ന വിഭവങ്ങളുടെ നീണ്ട നിര  കിട്ടും. ഒപ്പം പാചകരീതിയും. അല്ലെങ്കിൽ കൈവശമുള്ള ചേരുവകളുടെ ചിത്രങ്ങളിൽ വിരൽ തൊടുക. ഫോൺ ഒന്നു കുലുക്കുക! ആ ചേരുവകൾ ഉൾപ്പെടുത്തി തയാറാക്കാവുന്ന വിഭവങ്ങൾ സ്‌ക്രീനിൽ  തെളിയും. എന്താല്ലേ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top