21 May Tuesday

എന്തും ചെയ്യും വനിതാ സെല്‍ഫി

കെ എസ് ലാലിച്ചന്‍Updated: Tuesday Sep 12, 2017

കേട്ടാല്‍ അദ്ഭുതം തോന്നും, ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി എന്ന കൊച്ചുഗ്രാമത്തില്‍ നിന്നാണ് 'വനിതാ സെല്‍ഫി' വരുന്നത്. വിവാഹാലോചന മുതല്‍ ക്ഷണക്കത്ത് അച്ചടിക്കലും വിതരണം ചെയ്യലും പന്തലും പാചകക്കാരനും വധുവിനെ ഒരുക്കാനുള്ള ബ്യൂട്ടീഷ്യനും വാഹനവും കലാപരിപാടികളും ഭക്ഷണം വിളമ്പി നല്‍കലും എല്ലാം ചെയ്യുകയാണ് ഈ വനിതാ സെല്‍ഫി. ആഘോഷങ്ങള്‍ക്ക് മാത്രമല്ല, രാഷ്ട്രീയസാംസ്കാരിക സമ്മേളനങ്ങളുടെ നടത്തിപ്പിനും വനിതാകൂട്ടായ്മ തയാര്‍. കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കാണ് വനിതാ സെല്‍ഫിയുടെ ഉപജ്ഞാതാക്കള്‍.

സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം സാധാരണക്കാര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കി സഹകരണ രംഗത്ത് വ്യത്യസ്തത പുലര്‍ത്തുന്ന കഞ്ഞിക്കുഴി സഹകരണ ബാങ്കിനു കീഴിലുള്ള സ്ത്രീ കൂട്ടായ്മയാണ് വനിതാ സെല്‍ഫി. ഇന്ന് സെല്‍ഫിയെ തേടി എത്തുന്നവര്‍ ഏറെയാണ്. എഡിജിപി ബി സന്ധ്യ എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത ഈ വനിതാ സംരംഭം 500ല്‍ ഏറെ പരിപാടികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു. കഞ്ഞിക്കുഴിയിലെ സാധാരണ വീട്ടമ്മമാരും വിദ്യാര്‍ഥിനികളും കൂലി പണിക്കാരും ചേര്‍ന്ന ഈ സ്ത്രീക്കൂട്ടായ്മയില്‍ 50 പേരുണ്ട്. ഇവര്‍ക്ക് നേതൃത്വം കൊടുക്കാന്‍ കുടുംബശ്രീയുടെ സംസ്ഥാന ഫാക്കല്‍റ്റി അംഗം സുദര്‍ശനാഭായി ടീച്ചറും ഒപ്പമുണ്ട്. ഇവിടെ എംബിഎ ക്കാര്‍ ചെയ്യുന്നതിലും മികച്ച നിലയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഇവര്‍ക്ക് കഴിയുന്നു. കഞ്ഞിക്കുഴിയിലെ മുന്‍ വനിതാ പഞ്ചായത്തംഗങ്ങള്‍ സൂപ്പര്‍വൈസര്‍മാരായി പ്രവര്‍ത്തിക്കുന്നു.

പൊതുരംഗത്ത് പ്രവര്‍ത്തിച്ച അനുഭവ പാരമ്പര്യമുള്ളതുകൊണ്ട് പ്രയാസങ്ങള്‍ ഒന്നുമില്ലാതെ ഒന്നിച്ചിണക്കി കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. എം      സന്തോഷ് കുമാര്‍ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തില്‍ പതിനഞ്ച് വര്‍ഷം പ്രസിഡന്റ,് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഗീതാ കാര്‍ത്തികേയന്‍ ആണ് സെല്‍ഫിയുടെ പ്രസിഡന്റ് . മൂന്നു ടേമില്‍ ഇവിടെ ചെയര്‍പേഴ്സണും പഞ്ചായത്തംഗവുമായിരുന്ന അനിലാ ബോസ് സെക്രട്ടറിയും ഭരണ സമിതിയംഗം പ്രസന്ന മുരളി കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായിരുന്ന റജി പുഷ്പാംഗദന്‍, കമലമ്മ, ഉമാദേവി, പുഷ്പ എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ട്. വനിതാ സംവരണ വാര്‍ഡുകള്‍ക്ക് മാറ്റം വന്നപ്പോള്‍ പൊതുരംഗത്ത് സജീവമായി തുടരണമെന്നുള്ള തങ്ങളുടെ തീരുമാനമാണ്് സഹകരണ ബാങ്കിന്റെ വനിതാ സെല്‍ഫി എന്ന് അഭിമാനത്തോടെ ഇവര്‍ പറയുന്നു.

കൈ നിറയെ പൈസയാണ് സെല്‍ഫി പ്രവര്‍ത്തകരുടെ കൈയില്‍ എത്തുന്നത്. തുടങ്ങിയപ്പോള്‍ എന്താകും എന്ന് ചോദിച്ചവര്‍ പോലും ഇന്ന് വനിതാ സെല്‍ഫിയെ തിരക്കി എത്തുന്നു. ബാങ്ക് നല്‍കിയ വായ്പയിലൂടെ യൂണിഫോമും അവശ്യം വേണ്ട ഉപകരണങ്ങളും വാങ്ങി. എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല തങ്ങളുടെ ഏറെ ആവശ്യങ്ങളും നിറവേറ്റാനും സമൂഹത്തില്‍ ഒരു സ്ഥാനം നേടുവാനും കഴിഞ്ഞു എന്നുള്ള ആത്മസംതൃപ്തിയും ഇവര്‍ക്കുണ്ട്. ആഘോഷ പരിപാടികള്‍ ഇല്ലാത്ത സമയങ്ങളില്‍ വരുമാനത്തിനായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കഞ്ഞിക്കുഴിയില്‍ മുട്ട ഗ്രാമം പദ്ധതി ആരംഭിച്ചപ്പോള്‍ വില്‍ക്കാന്‍ കഴിയാത്ത തരത്തില്‍ മുട്ട ഉല്‍പ്പാദനം വന്നപ്പോള്‍ ബാങ്കിന്റെ സഹായത്തോടെ മുട്ട സംഭരിച്ച് വനിതാ സെല്‍ഫി നാടന്‍ കോഴിമുട്ട എന്ന ബ്രാന്‍ഡില്‍ പായ്ക്കു ചെയ്ത് വിപണിയിലിറക്കി.

ഇന്ന് വനിതാ സെല്‍ഫിയുടെ പേരില്‍ ശുദ്ധമായ പുഞ്ച അരിപ്പൊടി, റാഗി, ചോളം പൊടികള്‍, മുളക്, മല്ലിപ്പൊടി, നാടന്‍ മഞ്ഞള്‍ പൊടി എന്നിവയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. നാടന്‍ സ്ക്വാഷ് നിര്‍മ്മാണമാണ് മറ്റൊരു വരുമാന മാര്‍ഗ്ഗം. നാട്ടിന്‍പുറത്ത് സുലഭമായി ലഭിക്കുന്ന ചെമ്പരത്തിപൂവ് കൊണ്ട് നിര്‍മ്മിക്കുന്ന സ്ക്വാഷിന് ആവശ്യക്കാര്‍ ഏറെയാണ്. ഇരുമ്പന്‍ പുളി, ജാതിക്ക, പച്ചമാങ്ങ എന്നിവ കൊണ്ടും ഇവര്‍ സ്ക്വാഷുകള്‍ ഉണ്ടാക്കുന്നു. ന്യായവില കൂടിവെള്ള പാര്‍ലര്‍ ആണ് മറ്റൊരു പദ്ധതി. സഹകരണ ബാങ്കുമായി ചേര്‍ന്ന് ദേശീയ പാതയില്‍ കേരളത്തിലെ ബ്രാന്‍ഡഡ് കമ്പനി  കുപ്പിവെള്ളം 10 രൂപ നിരക്കില്‍ ഇവര്‍ വില്‍ക്കുന്നു. ഇപ്പോള്‍ ആവിയില്‍ വേവിച്ച പലഹാരവും ചായയും കുടി പന്ത്രണ്ട് രൂപയ്ക്ക് ലഭിക്കുന്ന കോഫി ഷോപ്പും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

ദേശീയപാതയില്‍ കഞ്ഞിക്കുഴിയിലുള്ള സഹകരണ ബാങ്കിന്റെ ഹെഡ്ഓഫിസില്‍ രുചികരമായ വിവിധ ഇനം അടകള്‍, കൊഴുക്കട്ട, വെള്ളയപ്പം എന്നിവയ്ക്ക് വലിയ ഡിമാന്‍ഡാണ്. വാഹനത്തില്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവര്‍ ചായ കുടിക്കാന്‍ എത്തുന്ന ഒരു കേന്ദ്രമാണിത്. ഇലക്കറികള്‍ വൃത്തിയായി പായ്ക്ക് ചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കുന്നതും ഇവരുടെ വരുമാന മാര്‍ഗ്ഗമാണ്. അവിയല്‍, സാമ്പാര്‍, തോരന്‍ കഷണങ്ങള്‍ അരിഞ്ഞു നല്‍കുന്ന പദ്ധതിയും വിജയകരമായി ഇവര്‍ നടത്തുന്നുണ്ട്.

ഓണ പാക്കേജിലൂടെ വലിയ വരുമാനമാണ് വനിതാ സെല്‍ഫിക്ക് കിട്ടിയത്. നാടന്‍ പൂവുകളുടെ പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും നാടന്‍ ഉപ്പേരിയും എല്ലാം ചേര്‍ത്ത് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് ഓണം ആഘോഷിക്കുവാന്‍ ഇവര്‍ക്കായി. പത്തു ദിവസക്കാലം സംഘടിപ്പിച്ച പായസ മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. മൂന്നു പേര്‍ ചേര്‍ന്ന വനിതാ സെല്‍ഫി അംഗങ്ങള്‍ ഓരോ ദിവസവും വ്യത്യസ്ത പായസങ്ങളാണ് ആവശ്യക്കാര്‍ക്ക് നല്‍കിയത്. ഇതിലൂടെ വ്യത്യസ്ത രുചി ആസ്വദിക്കുവാന്‍ ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞു. അങ്ങനെ വനിതാ കൂട്ടായ്മ വനിതാ സെല്‍ഫിയിലുടെ പ്രഖ്യാപിക്കുന്നു 'മനസ്സുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ല'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top