26 April Friday

ഡോ.ശോഭ വരയ്ക്കുന്നത് മനസ്സുകൊണ്ട്

അശ്വതി ജയശ്രീUpdated: Sunday Jun 12, 2022


കേരളാദിത്യപുരത്തെ തിരുവമ്പാടിയെന്ന വീടിന്റെ വാതിൽ തുറക്കുന്നത്‌ നിറങ്ങളിലേക്കാണ്‌. ഭിത്തികളിൽ മ്യൂറൽ പെയിന്റിങ്ങും രംഗോലിയെ ഓർമിപ്പിക്കുന്ന മണ്ഡല ആർട്ടുമൊക്കെയുണ്ട്‌. ചെമ്പൻകൊക്കുമുതൽ പീലിവിടർത്തിയാടുന്ന മയിലുകൾവരെ തറയിലെ ക്യാൻവാസിൽ ഉയർന്നുനിൽക്കുന്നു. തിരുവനന്തപുരം മണ്ണന്തല കേരളാദിത്യപുരത്തെ വെറ്ററിനറി ഡോക്ടർ ശോഭ സതീഷാണ്‌ വരയിലൂടെ ജീവിതത്തിനും നിറംനൽകുന്നത്‌. പാലോട്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അനിമൽ ഹെൽത്ത്‌ ആൻഡ്‌ വെറ്ററിനറി ബയോളജിക്കൽസിലെ ജീവനക്കാരിയാണ്‌. വെഞ്ഞാറമൂട്‌ വേളാവൂർ സ്വദേശിനി. മകളുടെ ചികിത്സാർഥം രണ്ടുവർഷത്തേക്ക്‌ അവധിയിലാണ്‌ ഡോ. ശോഭ. അതിനിടെയാണ്‌ ലഭ്യമായ സമയത്ത്‌ നിറക്കൂട്ടുകളെ പ്രണയിക്കുന്നത്‌. 

വീട്ടിലെ ഓരോ മുറിയും ശോഭയുടെ ചിത്രം നിറഞ്ഞതാണ്‌. എപ്പോഴും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കണമെന്ന ആഗ്രഹത്തോടെയാണ്‌ മ്യൂറൽ പെയിന്റിങ്ങിന്റെ ലോകത്തേക്ക്‌ കടന്നത്‌. സുഗുണ രാജനെന്ന പ്രശസ്ത കലാകാരിയുടെ ശിക്ഷണത്തിൽ മ്യൂറൽ ബാലപാഠങ്ങൾ പഠിച്ചു. യു ട്യൂബ്‌ വീഡിയോകളിലൂടെ കഴിവിന്‌ കൂടുതൽ നിറംചാലിച്ചു. ഗുരുവായൂരിലുള്ള ശ്രീജിത്‌ രവീന്ദ്രനും ശോഭയുടെ ഗുരുതന്നെ. വീടിനെ സ്റ്റുഡിയോയാക്കി മാറ്റിയിരിക്കുകയാണ്‌ ഡോക്ടർ. സ്വന്തം മനസ്സാണ്‌ തന്റെ ചിത്രങ്ങളെന്ന്‌ ശോഭ പറയും. ‘ജീവിതത്തിൽ അനുഭവിക്കുന്നതും അനുഭവിക്കേണ്ടതല്ലാത്തതുമായ പലതിന്റെയും കലൈഡോസ്‌കോപ്. ജീവിതംപോലെയാണ്‌ വരയും വർണങ്ങളും. എത്ര വരച്ചാലും തീരാത്തതുപോലെ.’ പതിനാലുകാരി മകൾ സുമേഖയും ചിത്രരചനയിൽ മുൻപന്തിയിലാണ്‌.


 

അനിമേഷൻ കഥാപാത്രങ്ങളാണ്‌ സുമേഖയുടെ ചിത്രങ്ങളിൽ കൂടുതലും. ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ ശോഭ പലതവണ ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്‌. സുഹൃത്തുക്കളും മറ്റും ആവശ്യപ്പെടുന്നത്‌ അനുസരിച്ച്‌ ചിത്രങ്ങൾ വരച്ചുനൽകാറുമുണ്ട്‌. വലിയ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കാൻ ഏറെ ഇഷ്ടമാണ്‌. വീടിന്റെ കോണിപ്പടിക്ക്‌ സമീപം  മുളങ്കാട്‌ വരച്ചുതീർക്കുന്ന തിരക്കിലാണ്‌ ഇപ്പോൾ. അക്രലിക്‌, വാട്ടർ കളർ ഉൾപ്പെടെ ഏതു മീഡിയവും കൈക്കിണങ്ങും. വിവിധ പുസ്‌തകങ്ങൾക്കും മാസികകൾക്കും കവർചിത്രങ്ങളും നിരവധി വരച്ചിട്ടുണ്ട്‌.  തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ഈവനിങ്‌ ബാച്ച്‌ ജേർണലിസം കോഴ്‌സ്‌ വിദ്യാർഥിനികൂടിയാണ്‌. ഭർത്താവ്‌ സതീഷ്‌ കുമാർ ഐസിഐസിഐ ബാങ്ക്‌ ചീഫ്‌ മാനേജരാണ്‌. മകൻ: സുദേവ്‌.

aswathyjayasree55@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top