20 April Saturday

മാതൃഭാഷ മധുരമായി നുകരട്ടെ അമ്മയിലൂടെ

ബിജിൻ സാമുവൽUpdated: Tuesday Jun 12, 2018

 പുത്തൻ വസ്ത്രവും കുടയും പാഠപുസ്തകവുമായി  പൊന്നോമനകൾ സ്കൂളിലേക്ക്. മാതൃഭാഷയിലൂടെയാകട്ടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.  മാതൃഭാഷയിലൂടെ ചിന്തിച്ചും പഠിച്ചും അവർ ജീവിതം പഠിക്കട്ടെ... അറിവ് സ്വായത്തമാക്കട്ടെ... മണലിൽ  കുഞ്ഞുവിരലുകൾ കൊണ്ട് ആദ്യാക്ഷരങ്ങൾ എഴുതി ഓലയിൽ അക്ഷരങ്ങൾ ചൊല്ലിപ്പഠിച്ച്‌ മാതൃഭാഷയുടെ മാധുര്യം  കുഞ്ഞുങ്ങളുടെ നാവിൽ പകരേണ്ടത് അമ്മമാരാണ്.

ഉച്ചാരണം ശുദ്ധമാകണം

ഭാഷാപഠനം ഇന്ന് പല കുട്ടികൾക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും മാതൃഭാഷ.  പഠനം കഴിഞ്ഞാലും  കുട്ടികൾ മാതൃഭാഷയിൽ അവഗാഹമില്ലത്തവരായി മാറുന്നു.  പ്രൈമറി തലത്തിലെ കുട്ടികളുടെ  ഭാഷാപഠനത്തിൽ അമ്മമാർപ്രത്യേകം  ശ്രദ്ധിക്കേണ്ടതുണ്ട്‌. കുട്ടികൾ  കൊഞ്ചി സംസാരിക്കുമ്പോൾ വാക്കുകൾ തെറ്റായി  ഉച്ചരിക്കുമ്പോൾ, കുഞ്ഞല്ലേ എന്നുകരുതി കണ്ണടയ്ക്കാതെ ശരിയായ ഉച്ചാരണങ്ങൾ പറഞ്ഞു നൽകുക. സ്വരാക്ഷരങ്ങളും വ്യഞ്ജനങ്ങളും കൂട്ടക്ഷരങ്ങളും  ഉച്ചരിക്കുവാൻ കുഞ്ഞുനാളിൽ തന്നെ കുട്ടികളെ പ്രാപ്തരാക്കണം. അക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞ കുട്ടികളിൽ  അക്ഷരങ്ങൾ മനസ്സിൽ ഉറയ്ക്കുന്നതിനായി പത്രങ്ങളിൽ നിന്നും  പുസ്തകങ്ങളിൽനിന്നും ഇത് ഏത് അക്ഷരങ്ങൾ എന്ന് ചോദിച്ചു കുട്ടികളെക്കൊണ്ട് പറയിപ്പിക്കുക. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തേണ്ടതും അമ്മമാരാണ്.

പ്രകൃതിയെ അറിഞ്ഞ്‌ വളരട്ടെ

കാർട്ടൂൺ ചാനലുകൾ കാണുന്ന കുട്ടികളിൽ  ഭാഷ വൈകല്യവും വളരെ കൂടുതലായിരിക്കും. ഇവ പലതരത്തിലും കുട്ടികളുടെ ഭാഷാപഠനത്തെ ബാധിക്കുന്നു. ഇത്തരം ചാനലുകളുടെ  മുന്നിൽ കണ്ണു തുറന്നിരിക്കുന്ന കുട്ടികളുടെ  ആശയ വിനിമയം ഒരു വശത്ത് നിന്ന് മാത്രമായി മാറുന്നു. റിമോട്ടുകളുടെ നിയന്ത്രണം കുട്ടികൾക്ക് നൽകാതിരിക്കുവാൻ അമ്മമാർ ശ്രദ്ധിക്കണം.  കാർട്ടൂൺ ചാനലുകൾ കാണുന്ന സമയം കുറയ്ക്കുകയും പ്രകൃതിയെ അറിയുവാൻ കുട്ടികൾക്ക് കൂടുതൽ സമയം നൽകുകയും ചെയ്യുക .ഓടിയും ചാടിയും മണ്ണിനെ അറിഞ്ഞ് പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയെ നിരീക്ഷിച്ച്  അവർ വളരട്ടെ . തുമ്പികളും പൂമ്പാറ്റകളും പൂക്കളും പക്ഷികളും ചെടികളും കണ്ട്‌ അവർ വളരട്ടെ. അമ്മമാർ കുഞ്ഞുകുഞ്ഞുപാട്ടുകൾ അവരെ ചൊല്ലികേൾപ്പിക്കുക.

കുഞ്ഞിന്‌ ട്യൂഷൻടീച്ചർ അമ്മതന്നെ

പഠനം കുട്ടിക്ക്  ഭാരമാകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ചെറിയ പ്രായത്തിൽ കുട്ടികൾക്ക്  ട്യൂഷൻ ആവശ്യമില്ല. അമ്മ തന്നെയാകട്ടെ കുട്ടിയുടെ ട്യൂഷൻ ടീച്ചർ . എല്ലായ്‌പോഴും പാഠപുസ്തകത്തിലേക്ക് കണ്ണും നട്ട് ഇരിക്കണമെന്ന് നിർബന്ധം പിടിക്കരുത് .. ടിവി കാണുവാനും, കളിക്കുവാനുമുള്ള സമയം അവർക്ക് അനുവദിച്ചുകൊടുക്കുക. ആഹാരത്തോടൊപ്പം തന്നെ പ്രായത്തിന് ഇണങ്ങുന്ന പുസ്തകങ്ങളും അവർക്ക് നൽകുവാൻ ശ്രദ്ധിക്കുക.

അവർ പറയട്ടെ, കേൾക്കുക

ഈസോപ്പ് കഥകളും  പഞ്ചതന്ത്ര കഥകളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനും കഥയുടെ ഗുണപാഠം  കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കുവാനും  അമ്മമാർ ശ്രദ്ധിക്കുക. കുട്ടികളെക്കൊണ്ട് കഥ പറയിക്കുവാനും ശ്രമിക്കണം . കുട്ടികളിൽ ഭാവനയുടെ ലോകം വിടരുവാനും ഭാഷപഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും ഇത് സഹായകമാകും.  മറ്റുള്ളവരുടെ മുൻപിൽ സഭാകമ്പമില്ലാതെ സംസാരിക്കുവാനും ഇത് കുട്ടികളെ സഹായിക്കും. ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ  സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളിൽ നിന്നെത്തുന്ന കുട്ടികളോട് അന്നന്നത്തെ  വിശേഷങ്ങൾ തിരക്കുക.  ഇത് കുട്ടികളുടെ ആശയവിനിമയ പാടവം  വർധിപ്പിക്കുന്നതിനും അമ്മയും കുഞ്ഞും തമ്മിൽ സൗഹൃദാന്തരീക്ഷം ഉടലെടുക്കുന്നതിനും സഹായിക്കും . എത്ര തിരക്കുകൾ ഉണ്ടെങ്കിലും അവർക്ക് പറയാനുള്ളത്  ശ്രദ്ധയോടെ കേൾക്കുവാനുള്ള ക്ഷമ മാതാപിതാക്കൾ കാണിക്കണം .

മലയാളത്തെ സ്‌നേഹിക്കട്ടെ, അമ്മയെപ്പോലെ


പദ പ്രശ്നങ്ങൾ പൂരിപ്പിക്കുക, ചോദ്യോത്തരങ്ങൾ കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഭാഷാപഠനത്തെ സഹായിക്കും . ചെറിയ കേട്ടെഴുത്തുകൾ ദിവസവും നടത്തുക. ഡയറി എഴുതുവാനും ചെറിയ പ്രായത്തിൽ തന്നെ ശീലിപ്പിക്കുക. കഥകളിലൂടെയും കളികളിലൂടെയും കുട്ടികളെ പഠിപ്പിക്കുവാൻ പ്രത്യേകം  ശ്രദ്ധിക്കണം. വാക്കുകളുടെ അർത്ഥവും പര്യായവും വിപരീതപദങ്ങളും ചെറിയ കളികളിലൂടെ പഠിപ്പിക്കുക . ഇത്തരം പ്രവർത്തനങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ശീലിപ്പിച്ചാൽ കുട്ടികളിൽ മാതൃഭാഷാ പഠനം തലവേദനയാകില്ല. അവർ അറിയാതെ തന്നെ അമ്മയെപ്പോലെ മാതൃഭാഷയെയും സ്നേഹിക്കും. അമ്മ മലയാളത്തെ  നെഞ്ചോട് ചേർത്ത നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കുവാൻ ശ്രമിക്കേണ്ടത് അമ്മമാരാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top