18 April Thursday

ആക്‌ഷനും കട്ടും വീട്ടിൽത്തന്നെ

ആർ സ്വാതിUpdated: Sunday Apr 12, 2020


"An idle brain is a devil's workshop.' മടിയന്റെ(മടിച്ചിയുടെയും) മസ്‌തിഷ്‌കം പിശാചിന്റെ പണിപ്പുര. പതിരില്ല ഈ പഴഞ്ചൊല്ലിലെന്ന്‌ കരുതിയെങ്കിൽ തെറ്റി.  ലോക്ക്‌ഡൗണിൽ ഏതാണ്ട്‌ ലോകം മുഴുവൻ വീട്ടിലിരിക്കുമ്പോൾ വെറുതെയിരിക്കുന്നവന്റെ തലയിൽ പിശാചല്ല, വമ്പൻ ഭാവനകളുടെ മാലാഖമാരാണ്‌  കൂടുകെട്ടുന്നത്‌.  ഏറ്റവും ജനപ്രിയമായ മൊബൈൽ ആപ്ലിക്കേഷനാണ് ടിക്‌ടോക്. ചെറു വീഡിയോകളുടെ പ്ലാറ്റ്ഫോം. യുവാക്കളുടെ കൂത്തരങ്ങ്‌.  വെറുതെ ഒന്ന്‌ കയറിനോക്കിയാൽ കാണാം,  ക്രിയേറ്റിവിറ്റിയുടെ പൂരം. ലോക്ക്‌ഡൗൺ കാലത്തെ തമാശകൾക്കും നേരം കൊല്ലാനുള്ള ടിപ്പുകൾക്കുമൊപ്പം മഹാമാരിയെ പ്രതിരോധിക്കാനും സ്വന്തം സുരക്ഷയ്‌ക്കുമുള്ള ഗൗരവമുള്ള ആശയങ്ങൾ പങ്കുവയ്‌ക്കുന്ന വീഡിയോകളും കാണാം.

മലയാളി പൊളിയല്ലേ !
2020ന്റെ തുടക്കത്തിൽത്തന്നെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടിക പുറത്തുവന്നിരുന്നു. ടിക്‌ടോക് വീഡിയോ ഷെയറിങ് ആപ്പാണ് ജനുവരിയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ്.  ലോക്ക്‌ഡൗൺകൂടി വന്നതോടെ ഇത്‌ പിന്നെയും കൂടി.

ഒന്നിച്ച്‌ വീട്ടിലിരിക്കുന്ന നേരമായതിനാൽ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നുള്ള ടിക്‌ടോക്കാണ്‌ ഇപ്പോ ട്രെൻഡ്‌. സ്‌ത്രീകളുടെ സാന്നിധ്യമാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. നാൽപ്പതും അമ്പതും വയസ്സുള്ള സ്‌ത്രീകൾ അടുക്കളപ്പണിക്കിടയിലും വീട്ടുജോലിക്കിടയിലും സ്വതസിദ്ധമായി നർമം കൈകാര്യം ചെയ്യുന്നതെന്നു കണ്ടാൽ അന്തംവിട്ടുപോകും. സിനിമാ ഡയലോഗുകളുടെ പുനരവതരണം മാത്രമല്ല, സ്‌ക്രിപ്‌റ്റും സംവിധാനവും അഭിനയവുമടക്കം സ്വന്തമായി കൈകാര്യം ചെയ്യുന്ന പ്രതിഭകളെക്കൂടിയാണ്‌ ഈ ലോക്ക്‌ഡൗൺ കാലം സമ്മാനിച്ചത്‌.

അച്ഛനും അമ്മയും മക്കളും ചേർന്നുള്ള വീഡിയോകൾ ഒരുപാടുണ്ട്‌, പലതും വൈറൽ. ബോറടി മാറ്റാനുള്ള കളികളും വർക്ക്‌ ഫ്രം ഹോം തമാശകളും ചിരിക്കാനും ചിന്തിക്കാനുമുള്ള വക നൽകുന്നു.  വീട്ടിലിരിക്കുന്നവരുടെ ബോറടി മാറ്റാൻ പഴയ രാമായണം സീരിയൽ സംപ്രേഷണം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായപ്പോൾ അതിനെയും ട്രോളി കുറേ വീഡിയോകളിറങ്ങി. ജസ്റ്റ്‌ മല്ലു തിങ്‌സ്‌ എന്ന ഹാഷ്‌ടാഗിന്‌ ഏറെ ആരാധകർ ഉണ്ടാക്കിക്കൊടുത്ത കാലമാണിത്‌. 
ലോക്ക്‌ഡൗണിനോടനുബന്ധിച്ച്‌ ഖർ ബൈഠോ ഇന്ത്യ എന്ന ക്യാമ്പയിനും ടിക്‌ടോക്‌ അവതരിപ്പിച്ചിരുന്നു. ജനങ്ങളെ വീട്ടിലിരിക്കാനും വീട്ടിലെ സമയം സന്തോഷത്തോടെ ചെലവിടാനും പ്രേരിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഒരുപക്ഷേ, ഈ ക്യാമ്പയിനിൽ കൂടുതൽ വീഡിയോകൾ ഒരുക്കിയിട്ടുള്ളതും മലയാളികളായിരിക്കും.

കൂട്ടിന്‌ പാട്ടും വരയും
ടിക്‌ടോക്കിനുപുറമേ സമയംപോകാൻ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള നിരവധി പരിപാടികളുണ്ട്‌. മുമ്പത്തേക്കാൾ കൂടുതൽ സ്‌ത്രീകൾ സജീവമായി ഇതിൽ ഇടപെടുന്നുമുണ്ട്‌. ഡിവൈഎഫ്‌ഐ ഫെയ്സ്ബുക്ക് പേജിൽ ‘ബോറടി പാട്ടിനു പോട്ടേ’ എന്ന ക്യാമ്പയിനിൽ പ്രമുഖ ഗായകർ ലൈവിലെത്തി പാട്ടുപാടി. ലക്ഷക്കണക്കിന്‌ കാഴ്‌ചക്കാരാണ്‌ ഈ പരിപാടി വീക്ഷിച്ചത്‌.  ടിക്‌ടോക്, ഹലോ തുടങ്ങിയവയിലും ഡിവൈഎഫ്ഐയുടെ ലോക്ക്ഡൗൺ പരിപാടികളുണ്ട്‌. നവമാധ്യമങ്ങൾ വഴി ചിത്രരചന, ഫോട്ടോഗ്രഫി, സംഗീതം, വായന തുടങ്ങി നിരവധി മത്സരങ്ങളും ബോറടി മാറ്റാനുണ്ട്‌. ഉപയോഗശൂന്യമായ വസ്‌തുക്കൾകൊണ്ട്‌ ക്രാഫ്‌റ്റ്‌വർക്കുകൾ ചെയ്യുന്നവരും ഒരുപാടുണ്ട്‌. നിരവധി വായനശാലകൾ പുസ്‌തകങ്ങൾ വീട്ടിലെത്തിക്കുന്ന പരിപാടിയും തുടങ്ങിയതോടെ ലോക്ക്‌ഡൗൺ വിരസതയ്‌ക്ക്‌ ഒരു പരിധിവരെ വഴിമാറേണ്ടി വന്നിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top