26 April Friday

വിത്ത്‌ വിതറി പറന്നുപോയ പക്ഷി

അജില പുഴയ്‌ക്കൽUpdated: Sunday Apr 12, 2020


എല്ലാ വീടും ഒരു കോട്ടയാണ്‌
നമ്മുടെഅഭയകേന്ദ്രങ്ങൾ ഒരു പള്ളിക്കൂടമാണ്‌
നമ്മുടെ ഭാഷയിൽ വിപ്ലവം വിജയിക്കട്ടെ
എല്ലാ വീട്ടിലും ഒരു പ്രതിരോധമുണ്ട്‌
എല്ലാ വീട്ടിലും ഒരു ചാവേർ  ഉണ്ട്‌
നമ്മുടെ ഭാഷയിൽ വിപ്ലവം വിജയിക്കട്ടെ


പലസ്‌തീനെ പിന്തുണച്ച്‌ ഹെലിൻ ബൊലേക്ക്‌ പാടിയതാണിത്‌. 2020 ഏപ്രിൽ മൂന്നുവരെ ഞാൻ അവരെപ്പറ്റി കേട്ടിട്ടേ ഇല്ലായിരുന്നു. എന്നാൽ, അന്നേ ദിവസം അവളെ നമ്മളറിഞ്ഞു. അന്നാണ്‌ തുർക്കി ഭരണകൂടത്തിന്റെ ഫാസിസ്റ്റ്‌ ശൈലിക്കെതിരെ സമരംചെയ്‌ത്‌ ഹെലിൻ ബൊലേക്ക്‌ രക്തസാക്ഷിയാകുന്നത്‌. നിരാഹാര സമരത്തിന്റെ 288–-ാം ദിവസം. ഭക്ഷണം കഴിക്കാത്ത 288 പകലുകളും രാത്രികളും. കേവലം 28 വയസ്സുമാത്രമുള്ള പെൺകുട്ടി കടന്നുപോയ വഴികളാണ്‌.


 

2016ലാണ്‌ അവൾ അംഗമായ ഗ്രൂപ്പ്‌ യൂറത്തിന്‌ റസിപ്‌ തയ്യിപ്‌ എർദോഗന്റെ ഭരണകൂടം നിരോധനമേർപ്പെടുത്തുന്നത്‌. ഇടതുപക്ഷ ആഭിമുഖ്യമുള്ള ബാൻഡ്‌ ആയതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു ഗ്രൂപ്പ്‌ യൂറം. 1985ൽ തുർക്കിഷ്‌‐ കുർദിഷ്‌ വിദ്യാർഥികൾ തുടങ്ങിയ  ബാൻഡിന്റെ  പരിപാടികൾക്ക്‌ നൂറുകണക്കിന്‌ ആളുകളാണ്‌ പങ്കെടുത്തിരുന്നത്‌. ഓസ്‌ട്രേലിയ, ജർമനി, ഫ്രാൻസ്, സിറിയ, ബ്രിട്ടൻ, ഡെന്മാർക്ക്, ബെൽജിയം, ഇറ്റലി, നെതർലൻഡ്‌സ്‌ എന്നിവിടങ്ങളിൽ അവർ പ്രതിരോധ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. സ്വേച്ഛാധിപതികൾ ഇല്ലാതാകുമെന്നും ചൂഷണത്തിന്‌ അറുതിയുണ്ടാകുമെന്നും അവർ പാടി.

ചില പാട്ടുകൾക്ക്‌ സിംഹാസനങ്ങൾ ഇളക്കാൻ കഴിവുണ്ടല്ലോ. അതുകണ്ട്‌ പേടിച്ച്‌ ഭരണകൂടം എല്ലാറ്റിനെയും നിരോധിക്കാൻ ശ്രമിക്കും. കിളിയെ കൂട്ടിലടച്ച്‌ പാട്ടിനെ തടവിലാക്കിയെന്ന്‌ വെറുതെ വിശ്വസിക്കും. എന്നാൽ, ഹെലിനും കൂട്ടുകാരും പാട്ടിനെ തടവിലിടാൻ തയ്യാറല്ലായിരുന്നു. ബാൻഡിന്റെ നിരോധനം പിൻവലിക്കാൻ സാമൂഹ്യപ്രവർത്തകരും കമ്യൂണിസ്റ്റുകാരും ആവശ്യപ്പെട്ടു. എന്നാൽ, നിഷേധാത്മക നിലപാടാണ്‌ ഭരണകൂടം സ്വീകരിച്ചത്‌. അതോടെ ബാൻഡംഗങ്ങൾ നിരാഹാരം തുടങ്ങി. 2020 മാർച്ച്‌ 12ന്‌ ഹെലിൻ ബൊലേക്കിനെയും സുഹൃത്ത്‌ ഇബ്രാഹിം ഗോക്ചെക്കിനെയും ഇവർ നിരാഹാരം കിടന്ന സ്ഥലം റെയ്‌ഡ്‌ ചെയ്‌ത്‌ അറസ്റ്റുചെയ്‌തു.  ഇരുവരെയും ഉമ്രാനിയെ ട്രെയ്‌നിങ്‌ ആൻഡ്‌ റിസർച്ച്‌ ഹോസ്‌പിറ്റലിലേക്ക്‌ മാറ്റി. നിർബന്ധിത ഭക്ഷണം തിരസ്‌കരിച്ച അവരെ ക്രൂരമായി പീഡിപ്പിച്ചു.  ശുചീകരണ സംവിധാനംപോലും നിഷേധിക്കപ്പെട്ടു. ആറു ദിവസത്തെ പീഡനത്തിനുശേഷം ഹെലിനെയും ഇബ്രാഹിമിനെയും ഇസ്‌താംബുളിനു സമീപം  താമസസ്ഥലത്ത്‌ കൊണ്ടുവിട്ടു.  


 

അറസ്റ്റ്‌ ചെയ്യുമ്പോൾത്തന്നെ ആരോഗ്യം ക്ഷയിച്ച അവസ്ഥയിലായിരുന്നു ഇരുവരും. അതിനുശേഷം നില കൂടുതൽ വഷളായി. ബാൻഡിനെതിരായുള്ള നിരോധനം നീക്കണമെന്നും ഇവരുടെ ജീവൻ രക്ഷിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, ബാൻഡ്‌ അംഗങ്ങൾ ആദ്യം നിരാഹാരം നിർത്തട്ടെ എന്നിട്ട്‌ ആലോചിക്കാം എന്നായിരുന്നു ഭരണകൂടം പ്രതികരിച്ചത്‌. ഒടുവിൽ 2020 ഏപ്രിൽ മൂന്നിന്‌ തങ്ങളുടെ പ്രതിരോധവീട്ടിൽ ഹെലിൻ രക്തസാക്ഷിയായി. അവരുടെ ആവശ്യങ്ങൾ ചെവിക്കൊള്ളാൻ എർദോഗൻ ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല. നിരാഹാരം തുടരുന്ന ഇബ്രാഹിമിന്റെ നിലയും നാൾക്കുനാൾ വഷളാകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top