20 April Saturday

രണ്ട് വയസ്സുള്ള ചിത്രവൈവിധ്യം

കെ വി ഹരീന്ദ്രൻUpdated: Sunday Apr 12, 2020


കൊച്ചുകുഞ്ഞുങ്ങളായിരുന്നു നസീമയുടെ ലോകം. അവർക്ക്‌ അറിവിന്റെ വെട്ടം തെളിക്കുന്ന ലോകത്തുനിന്ന് മുപ്പത്തി ഒമ്പതാം വയസ്സിൽ നസീമ ചായക്കൂട്ട്  തിരഞ്ഞു. കേവലം  രണ്ട് കൊല്ലത്തിനിടയിലാണ് നസീമയിലെ ചിത്രകാരി വളർന്നത്‌. പെൻസിൽ,  പേന,  സ്‌കെച്ച് പേന,  അക്രിലിക്ക് തുടങ്ങിയവയെല്ലാം ചിത്രങ്ങൾ.
നാൽപ്പത്തൊന്നുകാരി ടി എസ് നസീമ വരയ്‌ക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഏതൊരുതരം ആസ്വാദകരെയും മോഹിപ്പിക്കുന്നതാണ്.

ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേർന്ന ചില വഴിത്തിരിവുകളാണ് ഇതിനുപിന്നിൽ. തൃശൂർ ജില്ലയിലെ  തൊമ്മാനയിൽ താമസിക്കുന്ന ഈ മറ്റത്തൂർ സ്വദേശിനി  പത്താംക്ലാസും ടിടിസിയും പാസായ ഉടൻ വിവാഹിതയായതാണ്. പിന്നീടാണ് ജോലി കിട്ടുന്നതും ബിരുദ പഠനം പൂർത്തീകരിക്കുന്നതും. നസീമയുടെ വീട്ടിലാരും കാര്യമായ കലാഭിനിവേശം ഉള്ളവരല്ല. 

കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗമായി സംഘടനാ പ്രവർത്തനത്തോടൊപ്പം സ്വസ്ഥമായി കുടുംബ ജീവിതവും നയിച്ച നസീമ ചില വഴിത്തിരിവുകൾക്കുമുന്നിൽ പകച്ചുനിന്നപ്പോഴാണ് അലൻ ഷിറാസ് മുസ്‌തഫ എന്ന ചിത്രകലാ അധ്യാപകനെ പരിചയപ്പെടുന്നത്. ഇദ്ദേഹമാണ് നസീമയെ കലാലോകത്തേക്ക്‌ വഴിനടത്തിയത്‌.

രണ്ട്‌ വർഷംകൊണ്ട് മുസ്‌തഫയിൽനിന്ന് പെൻസിൽ,  കളർ പെൻസിൽ, ചാർക്കോൾ, ഇന്ത്യൻ ഇങ്ക്, സോഫ്റ്റ്‌ പെൻസിൽ,  ഓയിൽ പേസ്റ്റൽ,  പേന,  വാട്ടർ കളർ എന്നിവ ഉപയോഗിച്ച് ചിത്രരചന സ്വായത്തമാക്കിയ നസീമയ്‌ക്ക്‌ ഇപ്പോൾ ബോട്ടിൽ പെയിന്റിങ്ങിലും മ്യൂറൽ പെയിന്റിങ്ങിലുമാണ്  ശ്രദ്ധ. കൊടകര ജിഎൽപി സ്‌കൂൾ അധ്യാപികയായ ഇവർ ഇതിനിടെ സ്‌കൂളിൽ തന്റെതന്നെ ചിത്രങ്ങളുടെ രണ്ട്  പ്രദർശനവും വിജയകരമായി  നടത്തി.  രണ്ട് കുട്ടികൾ ഉണ്ട്. മൂത്ത മകൻ എൻജിനിയറിങ്‌ പാസായി. രണ്ടാമത്തെ മകൻ ഹോട്ടൽ മാനേജ്‌മെന്റ്‌ വിദ്യാർഥി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top