20 April Saturday

അമ്മക്ക് തേത്തേ ഹില്‍ഡക്കും അലൈഡക്കും ചെ

എ ശ്യാംUpdated: Wednesday Oct 11, 2017

മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടത്തിന്റെ, വിപ്ലവ  സാർവദേശീയതയുടെ മുഖമാണ് ചെ ഗുവേര. സാഹസികതയും സഞ്ചാരവും കവിതകളും ഇഷ്ടപ്പെട്ടിരുന്ന ചെയുടെ അനശ്വര രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട് പിന്നിടുമ്പോൾ ആ വിപ്ലവകാരിയുടെ ജീവിതത്തെ സ്വാധീനിച്ച മൂന്ന് സ്ത്രീകളും ലോകമെങ്ങും ഓർമിക്കപ്പെടുകയാണ്.

 
അമ്മയുടെ ഇടതുപക്ഷ  രാഷ്ട്രീയം മകനിലേക്ക്
 
അർജന്റീനയിലെ റൊസാരിയോയിൽ ഏണസ്‌റ്റോ ഗുവേര ലിഞ്ചിന്റെയും സീലിയ ഡി ലാ സെർനയുടെയും അഞ്ച് മക്കളിൽ മൂത്തയാളായി 1928 ജൂൺ 14ന് ജനിച്ച ഏണസ്‌റ്റോ ഗുവേര ഡി ലാ സെർന എന്ന ചെ എന്നും അമ്മയുടെ മകനായിരുന്നു. ഗർഭപാത്രത്തിൽ പൂർണ വളർച്ചയെത്തുംമുമ്പ് എട്ടാം മാസത്തിൽ പിറവി. ചെയുടെ ജീവിതം എന്നും രോഗങ്ങൾക്കെതിരായ പോരാട്ടമായിരുന്നു. ആദ്യ സ്വന്തം ആരോഗ്യ പ്രശ്‌നങ്ങൾ. പിന്നെ അമ്മൂമ്മയും അമ്മയുമടക്കമുള്ളവരെ ബാധിച്ച മാരകരോഗം. ഒടുവിൽ സമൂഹത്തെ എന്നും രോഗിയാക്കുന്ന വ്യവസ്ഥിതിക്കെതിരായ പോരാട്ടം. ആ പോരാട്ടത്തിൽ 39ാം വയസിൽ അനശ്വരത്വം. ചെ എന്നും യൗവനത്തിന്റെ പ്രതീകമാണ്.
 
അമ്മയിൽ നിന്ന് പകർന്നുകിട്ടിയ ആസ്തമയായിരുന്നു ചെയെ അലട്ടിയ ആദ്യ വില്ലൻ. രണ്ട് വയസ് തികയുന്നതിന് മുമ്പ് അമ്മയ്‌ക്കൊപ്പം നീന്തൽക്കുളത്തിൽ പോയപ്പോഴായിരുന്നു രോഗത്തിന്റെ ആദ്യാനുഭവം. അതുകൊണ്ട് ഒരു ഗുണമുണ്ടായി. യൗവനത്തിലേക്ക് കടക്കുംവരെ പിന്നീടെന്നും അമ്മയുടെ പരിചരണത്തിലായിരുന്നു ചെ. പലപ്പോഴും സ്‌കൂളിൽ വിടാൻ സാധിക്കാത്ത മകനെ മടിയിലിരുത്തി സീലിയ എഴുതാനും വായിക്കാനും പഠിപ്പിച്ചു. പാഠങ്ങൾ പറഞ്ഞുകൊടുത്തു. അതിനൊപ്പം അമ്മയുടെ ഇടതുപക്ഷ രാഷ്ട്രീയവും മകനിലേക്ക് പകർന്നു.
 
അച്ഛനമ്മമാർ ചെറുപ്പത്തിലേ മരിച്ച സീലിയയെ വളർത്തിയത്  സഹോദരി കാർമെനാണ്. അവരുടെ ഭർത്താവ് കവി കതേയാനോ കോഡോവാ ഇതുർബുറു(ഇരുവരും കമ്യൂണിസ്റ്റ് പാർടി അംഗങ്ങൾ). അവരുടെ സ്വാധീനത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടയായ സീലിയ മത വിശ്വാസിയായിരുന്നെങ്കിലും പൗരോഹിത്യത്തിന്റെ ദുശാസനങ്ങൾക്ക് എതിരായിരുന്നു. സീലിയക്ക് ചെ എന്നും തന്റെ കൊച്ചു 'തേത്തേ'ആയിരുന്നു. തന്റെ പാരമ്പര്യത്തിൽ നിന്നാണല്ലോ മകന് രോഗമുണ്ടായതെന്ന വേദന എന്നും അവരെ നീറ്റി. അതുകൊണ്ടുതന്നെ മക്കളിൽ മൂത്തവനെങ്കിലും  തേത്തേ യോടായിരുന്നു അവർക്ക് വാൽസല്യം കൂടുതൽ.
 
സീലിയയുടെ  സ്വഭാവഗുണത്തെ കുറിച്ച് ചേയുടെ ഒരു അധ്യാപിക അനുസ്മരിച്ചിട്ടുണ്ട്. ഇടയ്ക്കിടെ സ്‌കൂളിലെത്തി വിശേഷങ്ങൾ അന്വേഷിക്കുന്ന സീലിയ സ്‌കൂളിലെ എന്താവശ്യത്തിനും മുന്നിലുണ്ടാവുമായിരുന്നു. സ്‌കൂളിലെ മറ്റു കുട്ടികളെയും എടുത്ത് ലാളിക്കുകയും അവരെ കാറിൽ തന്റെ വീട്ടിൽ കൊണ്ടുപോവുകയും ചെയ്തിരുന്ന സീലിയ വലിപ്പചെറുപ്പമില്ലാതെ എല്ലാ കുട്ടികളെയും സ്‌നേഹിച്ചു. ഈ മനുഷ്യപ്പറ്റാണ് എന്നും ചേയ്ക്ക് മാതൃകയായത്. 
 
ബ്യൂനസ് ഐറിസ് സർവകലാശാലയിൽ എഞ്ചിനിയറിങ്ങ് പഠനത്തിന് പ്രവേശനം കിട്ടിയ ചെ പിന്നീട് വൈദ്യശാസ്ത്ര പഠനത്തിലേക്ക് തിരിയാൻ കാരണം അമ്മൂമ്മയേയും അമ്മയേയും ബാധിച്ച രോഗമായിരുന്നു. എന്നാൽ പഠനം കഴിഞ്ഞപ്പോഴേക്ക് ചെ ലോകത്തിന്റേതായി. കുടുംബത്തിന്റേതല്ലാതായി. ഫിദലിന്റെ നേതൃത്വത്തിൽ വിപ്ലവകാരികൾ ക്യൂബയിൽ അധികാരമേറ്റശേഷം മകനെ സന്ദർശിച്ച സീലിയ പിന്നീട ചെ ക്യൂബയിൽ തുടർന്ന കാലത്തോളം വർഷത്തിൽ ഒരിക്കലെങ്കിലും വന്ന് മകനൊപ്പം അൽപനാൾ തങ്ങുമായിരുന്നു. പിന്നീട് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വിമോചന പോരാട്ടങ്ങൾ നയിക്കാൻ ചെ ക്യൂബയിലെ അധികാരസ്ഥാനങ്ങൾ വിട്ടിറങ്ങി. ചേയുടെ പോരാട്ടങ്ങളുടെ  പേരിൽ സീലിയ അർജന്റീനയിൽ ഭരണകൂട പീഡനത്തിനിരയായി. ചേയുടെ രക്തസാക്ഷിത്വത്തിന് രണ്ട് വർഷം മുമ്പായിരുന്നു സീലിയയുടെ മരണം. ആ സമയം കോംഗോയിൽ വിമോചന പോരാട്ടത്തിലായിരുന്ന ചേയ്ക്ക് അമ്മയെ അവസാനമായി കാണാനായില്ല.
 
ചിന്തകളിലെ ഐക്യം ഹിൽഡയോട് അടുപ്പം
 
സീലിയയെ പോലെ ചേയുടെ രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചയാളാണ് അദ്ദേഹത്തിന്റെ ആദ്യഭാര്യ ഹിൽഡ ഗഡിയ. പെറുവിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഹിൽഡ അതിന്റെ പേരിൽ പ്രവാസജീവിതത്തിന് നിർബന്ധിതയായപ്പോഴാണ് ഗ്വാട്ടിമാലയിലെത്തിയത്. അന്ന് ലാറ്റിനമേരിക്കയിലെ ഏക പുരോഗമന സർക്കാർ നിലവിലുണ്ടായിരുന്ന ഗ്വാട്ടിമാലയിൽ വച്ചാണ് ചേയുമായി കണ്ടുമുട്ടിയത്. യാക്കോബോ അർബൻസിന്റെ സർക്കാരിനെതിരായ അട്ടിമറി നീക്കം അമേരിക്ക ശക്തമാക്കിയ കാലം. അതിനെതിരെ പ്രവർത്തിച്ച ചേയും ഹിൽഡയും സുഹൃത്തുക്കളും സഖാക്കളുമായി. അവരുടെ സായാഹ്നങ്ങൾ ചൂടുപിടിച്ച സംവാദങ്ങളുടേതായി. രാഷ്ട്രീയവും തത്വചിന്തയും സാഹിത്യവുമെല്ലാം അതിൽ കടന്നുവന്നു. അത് ഇരുവരുടെയും ചിന്തകളെ സ്വാധീനിച്ചു. കാഴ്ചപ്പാടുകൾക്ക് മൂർച്ചയേകി. 
 
ഗ്വാട്ടിമാലയിലെ അട്ടിമറിയെ തുടർന്ന് ഇവർ മെക്‌സിക്കോയിലെത്തി. ആ സമയം മെക്‌സിക്കോയിൽ തമ്പടിച്ച് ക്യൂബയിൽ വിമോചനപോരാട്ടത്തിന് ഒരുക്കം കൂട്ടുകയായിരുന്ന ക്യൂബൻ സഖാക്കളിൽ ചിലരുമായി പരിചയപ്പെട്ട ഹിൽഡയാണ് അവരെ ചേയ്ക്ക് പരിചയപ്പെടുത്തിയത്. അർജന്റീനക്കാരനെങ്കിലും യൂറോപ്യൻ വംശജനായ ചേയ്ക്ക് പെറുവിയൻ തദ്ദേശ വേരുകളുള്ള ഹിൽഡയോട് അടുപ്പമായി ഇതിനകം അവരുടെ ബന്ധം വളർന്നു. ചിന്തകളിലെ അടുപ്പം അവരെ ഒരുമിപ്പിച്ചു. 1955ലായിരുന്നു വിവാഹം. ചേയെക്കാൾ എഴുവയസ് മൂത്തതായിരുന്നു ഹിൽഡ. വൈകാതെ മകളുണ്ടായി. ഹിൽഡ ഗുവേര. മൗ സെ ദോങ്ങിനോടുള്ള ആരാധനയിൽ ചെ അവളെ മൗ എന്ന് വിളിച്ചു. പിന്നീട് ക്യൂബൻ സഖാക്കളുമൊത്ത് പോരാട്ടത്തിനായി യാത്ര തിരിച്ച ചെയും ഹിൽഡയും വിപ്ലവശേഷം ക്യൂബയിലാണ് കണ്ടുമുട്ടിയ ത്. എന്നാൽ വൈകാതെ അവർ വിവാഹമോചിതരായി. അപ്പോഴും നല്ല സഖാക്കളും സുഹൃത്തുക്കളുമായി തുടർന്നു. 74ൽമരണം വരെ ക്യൂബയിലായിരുന്നു ഹിൽഡ. മകൾ ഹിൽഡ 95ൽ മരിച്ചു.
 
അലൈഡ ചേയുടെ സന്തത സഹചാരി
 
വിപ്ലവ പോരാട്ടത്തിന്റെ അവസാന ആഴ്കളിലാണ് അലൈഡ മാർച്ച് ചേയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.  സമ്പന്ന കുടുംബത്തിലംഗമായിരുന്നെങ്കിലും അലൈഡ ബാറ്റിസ്റ്റക്കെതിരെ ക്യൂബൻ വിപ്ലവകാരികൾക്കൊപ്പമായിരുന്നു. അതേസമയം കമ്യൂണിസ്റ്റുകാർക്ക് എതിരുമായിരുന്നു. ചേയുടെ നേതൃത്വത്തിലുണ്ടായിരുന്ന വിപ്ലകാരികളുടെ ദളത്തിന് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിക്കാൻ നിയുക്തയായിരുന്നു അലൈഡ. ബോംബുകൾ പോലും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് വിപ്ലവ പോരാളികൾക്ക് എത്തിക്കുമായിരുന്ന അലൈഡയും പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഒരു സായാഹ്നത്തിൽ ചെ ജീപ്പിൽ താവളത്തിലേക്ക് മടങ്ങുമ്പോഴാണ് പാതയോരത്ത് ഇരിക്കുകയായിരുന്ന അലൈഡയെ കണ്ടത്. ചേയെ ഒരു പരുക്കനായാണ് അലീഡ കണ്ടിരുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ അപകടകരമായ ആ കാലത്ത് വഴിയിൽ ഒറ്റയ്ക്ക് കണ്ട അലൈഡയോട് ചെ കാര്യമന്വേഷിച്ചു. തന്നോടൊപ്പം വരുന്നുണ്ടോയെന്ന് ആരാഞ്ഞു. ആ യാത്ര മുതൽ അലൈഡ ചേയുടെ സന്തത സഹചാരിയായി. ചേയുമൊത്തുള്ള പ്രവർത്തനം അലൈഡയുടെ കമ്യൂണിസ്റ്റ് വിരോധത്തെ മായ്ച്ചു.

സ്വേഛാധിപതിയായ ബാറ്റിസ്റ്റയെ തുരത്തിയശേഷം ചേയും സഖാക്കളും ആദ്യമായി ഹവാന നഗരത്തിൽ പ്രവേശിച്ചപ്പോൾ അലൈഡയും അവർക്കൊപ്പമുണ്ടായിരുന്നു. ചെ ഹിൽഡയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഇവരുടെ വിവാഹം. ക്യൂബൻ വിപ്ലവസർക്കാരിൽ പല ഔദ്യോഗിക ചുമതലകളുമുണ്ടായിരുന്ന ചേയുടെ സെക്രട്ടറിയായും അലൈഡ പ്രവർത്തിച്ചു. അലൈഡയിൽ ചേയ്ക്ക് നാല് മക്കൾ. അവരിൽ മൂത്തയാളായ അലൈഡ ഗുവേര രണ്ട് പതിറ്റാണ്ട് മുമ്പ് കേരളത്തിൽ വന്നിട്ടുണ്ട്. 80 വയസുള്ള അലൈഡ മാർച്ച് ഇപ്പോഴും ക്യൂബയിൽ ജീവിക്കുന്നു. വിപ്ലവത്തിൽ പങ്കെടുത്തവരിൽ അവശേഷിക്കുന്ന ചുരുക്കം സഖാക്കളിൽ ഒരാളായി; പുതുതലമുറയ്ക്ക് ആവേശം പകർന്ന്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top