29 March Friday

ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ

ആനി അന്ന തോമസ്‌Updated: Sunday Sep 11, 2022


ബ്രിട്ടീഷ് രാജവാഴ്ചയുടെ എലിസബത്തൻ യുഗത്തിന് അന്ത്യമായി. ഏഴ് പതിറ്റാണ്ടുകാലം ബ്രിട്ടന്റെയും 14 കോമൺവെൽത്ത്  രാജ്യത്തിന്റെയും രാജ്ഞിയായി വിരാജിച്ച് പ്രക്ഷുബ്ധ സാഹചര്യത്തിലൂടെ ബ്രിട്ടീഷ് രാജവാഴ്ചയെ നയിച്ച വനിതയ്ക്ക് ഇനി അന്ത്യവിശ്രമം. രണ്ടാം ലോകയുദ്ധശേഷം ലോകഗതിയെ നിർണയിക്കുന്നതിൽ പങ്കുവഹിച്ച നേതാവായിരുന്നു എലിസബത്ത് രാജ്ഞി എന്നാണ്  അന്ത്യാഭിവാദ്യം അർപ്പിച്ച്‌ ആഗോളതലത്തിലുള്ള വാഴ്ത്തുകൾ. എലിസബത്തിന്റെ അന്ത്യത്തോടെ ചരിത്രം സ്‌തംഭിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ. ജനാധിപത്യം പിറവിയെടുത്തതായി വാദിക്കുന്ന രാജ്യത്ത് സാമ്രാജ്യത്വം  എത്ര സുശക്തമായി ആദരിക്കപ്പെടുന്നുവെന്ന ചർച്ചയിൽ പ്രസക്തമാണ്‌ ഈ മരണം. യാഥാസ്ഥിതിക പിന്തുണയോടെ അധികാരത്തിലേറി, മരണംവരെ ദുസ്സഹമായ ആചാരങ്ങളുടെയും കീഴ്വവഴക്കങ്ങളുടെയും  മാമൂലുകളുടെ തടവറയിലായിരുന്നു രാജ്ഞിയെന്ന സത്യം ലോകം മനഃപൂർവം വിസ്മരിക്കുന്നു.

അധികാരത്തിൽ എത്താൻ സാധ്യതയില്ലാതിരുന്നിട്ടും രാജകുടുംബവും രാജഭക്തരും പിന്തുടർന്ന ചട്ടങ്ങൾ മാത്രമായിരുന്നു എലിസബത്തിനെ കിരീടം അണിയിച്ചത്.  ആ നിയമങ്ങൾക്ക് അടിമയായിരുന്നു എന്നും എലിസബത്ത്.  ജോർജ് അഞ്ചാമന്റെ ഭരണകാലത്ത്‌ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്റെ പുത്രിയായി മേഫറിലെ ബ്രുട്ടൺ സ്ട്രീറ്റിലെ വസതിയിൽ 1926 ഏപ്രിൽ 21ന് എലിസബത്ത് അലക്സാൻഡ്രിയ മേരി വിൻഡ്സർ ജനിച്ചു. 1936 ജനുവരി 20ന് ജോർജ് അഞ്ചാമന്റെ മരണത്തോടെ  മൂത്തമകൻ എഡ്വേർഡ്‌ എട്ടാമൻ അധികാരത്തിൽ എത്തി. എന്നാൽ, അമേരിക്കൻ പൗരത്വമുള്ള വാലിസ് സിംപ്സണുമായുള്ള എഡ്വേർഡിന്റെ പ്രണയവും വിവാഹ തീരുമാനവും  കിരീടമണിഞ്ഞ് മാസങ്ങൾക്കുള്ളിൽ  ബ്രിട്ടനിൽ വൻ ഭരണഘടനാ പ്രതിസന്ധിക്ക് കാരണമായി. ബ്രിട്ടീഷ് സർക്കാരും കോമൺവെൽത്ത് അംഗരാജ്യങ്ങളും എഡ്വേർഡിന്റെ തീരുമാനത്തെ എതിർത്തു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സാങ്കേതികത്തലവൻകൂടിയായിരുന്ന രാജാവിന്റെ നീക്കത്തിനെതിരെ മത, നിയമ, രാഷ്ട്രീയപരമായ തടസ്സങ്ങൾ ഉന്നയിച്ചു.  ഏറ്റവും പ്രധാനം, വാലിസിന്റെ ആദ്യ വിവാഹമോചനവും  ‌രണ്ടാമത്തെ വിവാഹമോചനക്കേസുമായിരുന്നു.

വിവാഹമോചിതയുടെ മുൻ പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹത്തിന് ചർച്ച് എതിരായിരുന്നു. ബ്രിട്ടന്റെ രാജ്ഞിയാകാനുള്ള വാലിസിന്റെ അധികാരക്കൊതി മാത്രമാണ്‌ പ്രണയമെന്ന് വാദമുയർന്നു. വിവാഹം കഴിഞ്ഞാൽ എഡ്വേർഡിന് അധികാരം നഷ്ടപ്പെടുമെന്നും  ഊഹമുണ്ടായി. അധികാരങ്ങൾക്കും പദവികൾക്കും മേലെയാണ് വാലിസിനോടുള്ള പ്രണയമെന്നും ഏത് എതിർപ്പിനെയും അവഗണിച്ച് വിവാഹിതരാകുമെന്നും എഡ്വേർഡ്‌ എട്ടാമൻ പ്രഖ്യാപിച്ചു. അധികാരമേറ്റെടുത്ത് 11 മാസത്തിനുശേഷം 1936 ഡിസംബർ 10ന് എഡ്വേർഡ്‌ ബ്രിട്ടീഷ് കിരീടം സ്ഥാനത്യാഗം ചെയ്തു. പ്രണയിനിക്കായി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കിരീടം അഴിച്ചുവയ്ക്കാനുള്ള എഡ്വേർഡ്‌ എട്ടാമന്റെ തീരുമാനമാണ് ഇളയ സഹോദരൻ ജോർജ് ആറാമനെയും അതുവഴി മകൾ എലിസബത്തിനെയും അധികാരത്തിൽ എത്തിച്ചത്.


 

കൂടുതൽ കാലം അധികാരത്തിലിരുന്നതു മാത്രമല്ല,  ഏറ്റവും നീണ്ടുനിന്ന വിവാഹജീവിതം നയിച്ച ബ്രിട്ടീഷ്‌ രാജകുടുംബാംഗവുമായിരുന്നു  എലിസബത്ത്. 13–ാം വയസ്സിൽ ആരംഭിച്ച പ്രണയത്തെക്കുറിച്ച് വിവാഹത്തിന് മാസങ്ങൾക്കുമുമ്പ് എഴുത്തുകാരി ബെറ്റി ഷൂവിന് എഴുതിയ കത്തിൽ എലിസബത്ത് വിശദീകരിക്കുന്നുണ്ട്.
രണ്ടാം ലോകയുദ്ധ സമയത്താണ് ഈ പ്രണയം. അതേക്കുറിച്ച് അക്കാലത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 1947 നവംബർ 20നു വിവാഹം. 1952ൽ രാജ്ഞി. ബ്രിട്ടനിൽ രാജ്ഞിയുടെ ഭർത്താവിന് ഭരണഘടനാപരമായ ഒരധികാരവുമില്ല. എങ്കിലും രാജ്ഞിയുടെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും  ഒരു നിഴലായി ഫിലിപ് രാജകുമാരനും ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്‌ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. 2021 ഏപ്രിൽ ഒമ്പതിന് ഫിലിപ് രാജകുമാരൻ അന്തരിക്കുംവരെ ആ ബന്ധം  ഊഷ്മളമായി നിലനിന്നു.

എന്നാൽ, അതിനപ്പുറത്തേക്ക് കുടുംബജീവിതം ഇഴപൊട്ടാതെ പിടിച്ചുനിർത്താൻ രാജ്ഞിക്കായില്ല. മക്കളുടെ ജീവിതത്തിലെ താളപ്പിഴകൾ മാധ്യമങ്ങൾ  ആഘോഷിച്ചു. അതിൽ പലതും രാജ്ഞിയുടെയും കുടുംബത്തിന്റെയും യാഥാർഥ്യങ്ങളെ പുറത്തു കൊണ്ടുവരുന്നതായിരുന്നു. പ്രത്യേകിച്ച് മൂത്തമകൻ ചാൾസിന്റെയും ഭാര്യ ഡയാനയുടെയും ജീവിതം. ഇടുങ്ങിയ ചിന്തകളും സദാചാരബോധവും നിറഞ്ഞ കൊട്ടാര മതിൽക്കെട്ടിൽ താനനുഭവിച്ച കഥ ഡയാന തുറന്നു പറഞ്ഞപ്പോഴാകണം  എലിസബത്ത് രാജ്ഞി ഏറ്റവും വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടത്.

നാലു വർഷത്തെ പ്രണയത്തിനൊടുവിൽ 1981 ജൂലെെ 29നായിരുന്നു ഡയാനയും ചാൾസ് രാജകുമാരനും വിവാഹിതരായത്.  ആ നൂറ്റാണ്ടിലെതന്നെ ഏറ്റവും പ്രൗഢമായ വിവാഹം. ബ്രിട്ടീഷ്‌ കുതിരപ്പടയിലെ ഓഫീസർ പാർക്കർ ബൗൾസിന്റെ ഭാര്യ കാമിലയുമായുള്ള ചാൾസിന്റെ അനുരാഗം വിവാഹത്തിനുമുമ്പേ പരസ്യമായിരുന്നു.  അത് വകവയ്ക്കാതെയാണ് ഡയാന ചാൾസിനെ  സ്വീകരിച്ചത്. മധുവിധുനാളുകളിൽത്തന്നെ ദമ്പതികൾക്കിടയിൽ കല്ലുകടിയായി കാമില. ആ പ്രണയവും  കൊട്ടാരവും ഭർത്താവും തന്നെ കേൾക്കാത്തതും ഡയാനയെ വിഷാദരോഗിയാക്കി. മനോവേദന മറക്കാൻ ശരീരമാകെ മുറിവുകൾ ഉണ്ടാക്കി. ഒടുവിൽ കൊട്ടാരത്തിന്റെ ദുരഭിമാനത്തെ വിലയ്‌ക്കെടുക്കാതെ രാജകുമാരി ചികിത്സ തേടി.

രണ്ടു മക്കൾ ജനിച്ചിട്ടും ചാൾസ് കാമിലയെ വിട്ടുപോരാൻ തയ്യാറായില്ല. ചാൾസിന്റെ ഈ ബന്ധത്തെക്കുറിച്ച്  രാജ്ഞിക്കു മുമ്പിൽ പരാതിയുമായി എത്തിയ ഡയാനയ്‌ക്ക് നിരാശയായിരുന്നു ഫലം. തെല്ലൊരാശ്വാസം തേടി അവർ സാധാരണക്കാർക്കിടയിൽ ഇറങ്ങി. കുഷ്‌ഠരോഗികൾക്കും എച്ച്ഐവി ബാധിതർക്കുമിടയിൽ  പ്രവർത്തിച്ചത് ലോകത്താകെ അവർക്ക് വലിയ സ്വീകാര്യത നൽകി. ഭർത്താവിന്റെ അവഗണന ഡയാനയെ മറ്റു ബന്ധങ്ങളിലേക്ക് എത്തിച്ചു. ഡയാനയുടെ പരസ്യജീവിതവും സൗഹൃദങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അത്‌ എന്നും കൊട്ടാരത്തെ അസ്വസ്ഥമാക്കി. 1995ൽ കൊട്ടാരത്തിന്റെ അനുവാദമില്ലാതെ ഡയാന ബിബിസിക്കു നൽകിയ അഭിമുഖം രാജ്ഞിയെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു. കൊട്ടാരത്തിലെ ദുരിതജീവിതത്തെയും ചാൾസും കാമിലയും തമ്മിലുള്ള ബന്ധത്തിൽ രാജ്ഞി  നൽകുന്ന മൗനാനുവാദത്തെയുംപറ്റി  ഡയാന തുറന്നടിച്ചു. മക്കളെക്കുറിച്ചു പറഞ്ഞ് ‌പൊട്ടിക്കരഞ്ഞു. കാമില തന്റെ കുട്ടികളുടെ രണ്ടാനമ്മയായി വരുമെന്ന് അന്ന് ഡയാന പറഞ്ഞത്  കാലം തെളിയിച്ചു. രാജ്ഞിയുടെ അനുവാദമില്ലാതെ നൽകിയ അഭിമുഖം വിവാദമായതോടെ ഡയാനയും ചാൾസും  നിയമപരമായി വേർപിരിഞ്ഞു.

1997 ആഗസ്ത്‌ 31ന്‌ സുഹൃത്തിനോടൊപ്പം സഞ്ചരിക്കവെ ഡയാനയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, തുടർന്നുള്ള കൊലപാതക ആരോപണം ഇതിലൊക്കെ മൗനംപാലിച്ചതും ബക്കിങ്ഹാം കൊട്ടാരത്തിലെ പതാക താഴ്ത്തിക്കെട്ടാൻ വിസമ്മതിച്ചതും രാജ്ഞിക്കുനേരെ വിമർശങ്ങളായെത്തി. വിവാഹമോചിതയെ ജീവിതസഖിയാക്കിയ എഡ്വേർഡ് ആറാമൻ നേരിട്ട ചട്ടം രാജ്ഞി സ്വന്തം മകന്റ കാര്യത്തിൽ പ്രാവർത്തികമാക്കിയില്ല. ചാൾസ് അധികാരത്തിൽ എത്തുന്ന ഘട്ടത്തിൽ കാമില രാജ്ഞിയായിരിക്കുമെന്ന് പ്രഖ്യാപിക്കുകകൂടി ചെയ്തിരുന്നു എലിസബത്ത്.


 

എട്ടു പതിറ്റാണ്ടിനുശേഷം എഡ്വേർഡ് എട്ടാമന്റെ ചരിത്രം കുടുംബത്തിൽ ആവർത്തിച്ചപ്പോൾ എലിസബത്ത് രാജ്ഞി  പുരോഗമനവാദിയായില്ല.  
ചാൾസ് –-ഡയാന ദമ്പതികളുടെ  രണ്ടാമത്തെ മകനായ ഹാരിയുടെയും അമേരിക്കക്കാരിയായ മേഗന്റെയും പ്രണയവും വിവാഹവും തുടർന്നുണ്ടായ സംഭവങ്ങളും കൊട്ടാരത്തിലെ യാഥാർഥ്യം കൂടുതൽ തുറന്നുകാട്ടി. ബ്രിട്ടീഷ് പൗരയല്ല എന്നതിനുപരി മേഗൻ വിവാഹമോചിതയും  പാതി കറുത്തവംശക്കാരിയുമായത്  കൊട്ടാരത്തിലും പുറത്തും വരേണ്യരുടെ വിമർശങ്ങൾക്ക്  ഇരയാക്കി.  അവഗണനയും വേർതിരിവും രൂക്ഷമായപ്പോഴാണ് കൊട്ടാരവും പദവികളും ഉപേക്ഷിക്കുന്നതായി 2020ൽ ഹാരിയും മേഗനും അറിയിച്ചത്. ചരിത്രത്തിൽ ആദ്യത്തേതായിരുന്നു ഇങ്ങനെയൊരു ഇറങ്ങിപ്പോക്ക്. ഇവരുടെ കുട്ടിയുടെ നിറംപോലും സംസാരമായതും ആത്മഹത്യ ചെയ്യാൻ ചിന്തിച്ച സാഹചര്യത്തെക്കുറിച്ചുമെല്ലാം മേഗൻ തുറന്നുപറഞ്ഞു.  കാലമെത്ര കഴിഞ്ഞിട്ടും കൊട്ടാരത്തിൽ പുരോഗമനത്തിന്റെ വെളിച്ചം എത്തിനോക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്‌.

ഇപ്പോൾ രാജ്ഞിക്കോ രാജകുടുംബത്തിനോ രാഷ്ട്രീയാധികാരം ഇല്ലെങ്കിലും ജനാധിപത്യവാഴ്ചയുടെ കാവലായി രാജകുടുംബം തുടരണമെന്നാണ് ഒരുവിഭാഗം ബ്രിട്ടീഷുകാരുടെ താൽപ്പര്യം.  സമ്പന്ന വിഭാഗത്തിൽനിന്നും രാജഭക്ത മാധ്യമങ്ങളിൽനിന്നും  അതിനു പിന്തുണ ലഭിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധശേഷം കോളനിവാഴ്ച അവസാനിച്ചു എന്നാണ് രാജകുടുംബത്തിന്റെയും ബ്രിട്ടന്റെയും അവകാശവാദം. എന്നാൽ, എലിസബത്ത്‌ അധികാരത്തിലേറിയശേഷവും ബ്രിട്ടന്റെ കോളനികളായി തുടർന്ന ഒരു രാജ്യവും കൊട്ടാരത്തിന്റെ ഔദാര്യത്തിൽ സ്വതന്ത്രമായതല്ല. കൃത്യമായ സ്വാതന്ത്ര്യപോരാട്ടങ്ങൾ അവിടങ്ങളിൽ നടന്നിട്ടുണ്ട്.  വിവിധ ഭാഗങ്ങളിൽ ദുർബല ജനവിഭാഗങ്ങൾക്കും രാജ്യങ്ങൾക്കുമെതിരെ ബ്രിട്ടനും സഖ്യകക്ഷികളും നടത്തിയ ആക്രമണങ്ങൾക്കും അധിനിവേശങ്ങൾക്കുമെതിരെ എലിസബത്ത് രാജ്ഞിയുടെ സ്വരം ഒരിക്കലും ഉയർന്നുകേട്ടിട്ടില്ല. അധികാരങ്ങളില്ലാത്ത വെറുമൊരലങ്കാരം മാത്രമായിരുന്നു രാ‍ജ്ഞിയുടെ കിരീടം.

anieannathomas3@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top