25 April Thursday

നല്ലെഴുത്തിൻ വഴിയേ നല്ല പെണ്ണുങ്ങൾ

ജിഷ അഭിനയUpdated: Tuesday Jul 10, 2018

എഴുത്തിൻ വഴിയിൽ നല്ല... ചീത്ത എന്നൊന്ന് ഇല്ലാതിരിക്കേ പിന്നെന്തിനീ തലക്കെട്ട്.... പക്ഷേ, ഒന്നുറപ്പ്. എഴുതുമ്പോൾ ശരീരത്തിലും മനസിലും നിറയുന്ന ആത്മസംഘർഷങ്ങൾ, അനുഭൂതി... അതെല്ലാം മറ്റാരേക്കാൾ കൂടുതൽ പെണ്ണെഴുതുമ്പോൾ അവൾ അനുഭവിച്ചറിയുന്നു...അതവളുടെ വാക്കിലും നോക്കിലും എന്തിന്‌ എഴുത്തിലും വഴിഞ്ഞൊഴുകും..  എന്തെന്നാൽ അവൾ എഴുതുമ്പോൾ ഒരു ലോകം ചുറ്റും കൺതുറന്നിരിക്കുക തന്നെ ചെയ്യുന്നു. അവൾ ഒരുക്കുന്ന ആ ലോകത്തിലെ രാജ്ഞിയും പ്രജയും അവളായിരിക്കേ തന്നെ.

കേരള സാഹിത്യഅക്കാദമിയും സ്ത്രീശബ്ദം മാസികയും സംയുക്തമായി സംഘടിപ്പിച്ച എഴുത്തുകാരികളുടെ സംഗമം ഒരുപിടി നല്ല സ്വപ്നങ്ങളുടെ ഇഴചേർക്കൽ കൂടിയായിരുന്നു. കേരളത്തിലെ നിരവധി എഴുത്തുകാരികൾ ഇവിടെ ഒത്തുചേർന്നു.

സ്ത്രീപുരുഷ തുല്യത യാഥാർഥ്യമാവുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ മാത്രമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. എം ലീലാവതി പറഞ്ഞു. സംവരണത്തിലൂടെയല്ല, അവകാശമായി തന്നെ നിയമ നിർമാണ സഭകളിലും ഭരണ നിർവഹണസ്ഥാപനങ്ങളിലും സ്ത്രീകൾക്ക് തുല്യ സ്ഥാനമുണ്ടാവണം. ‘ബില്ല്’ ഇല്ലെങ്കിലും അതിനുള്ള ‘വിൽ’ സമൂഹത്തിനുണ്ടായാൽ മതി. അവരുടെ വാക്കുകൾ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. സ്ത്രീശബ്ദം എഡിറ്റർ പി സതീദേവി, പ്രൊഫ. ആർ ബിന്ദു, ഡോ. ടി എൻ സീമ, സാഹിത്യഅക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ്, കെ പി സുധീര, സ്ത്രീശബ്ദം മാനേജർ സൂസൻ കോടി, സി എസ് സുജാത, കെ ആർ വിജയ  എന്നിവരുടെ സാന്നിധ്യവും അനുഭവങ്ങൾ നിറഞ്ഞ വാക്കുകളും സദസിനെ അക്ഷരവഴികളിലെ മറ്റൊരു സഞ്ചാരികളാക്കി.

‘വനിതാ പ്രസിദ്ധീകരണങ്ങളുടെ സമകാലിക ദൗത്യം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എൻ സുകന്യ വിഷയം അവതരിപ്പിച്ചു. ഡോ. ടി കെ ആനന്ദി മോഡറേറ്ററായി. പ്രൊഫ. ടി എ ഉഷാകുമാരി, എ കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. വനിതാ പ്രസിദ്ധീകരണങ്ങൾക്ക്‌ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു വലിയ  ദൗത്യം നിർവഹിക്കാനുണ്ട്‌.  സമകാലീന രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നില്ല. ഇതിൽ നിന്ന്‌ വ്യത്യസ്‌തമാണ്‌ സ്‌ത്രീശബ്‌ദത്തിലെ ഉള്ളടക്കമെന്ന്‌ എ കൃഷ്‌ണകുമാരി പറഞ്ഞു. വനിതാ പ്രസിദ്ധീകരണങ്ങൾ സ്‌ത്രീകളെ സമൂഹത്തോട്‌ അടുപ്പിക്കുന്നതാവണം മറിച്ച്‌ സാമൂഹിക യാഥാർഥ്യങ്ങളിൽ നിന്ന്‌ അകറ്റി നിർത്തുന്നതാവരുത്‌ എന്ന്‌ സെമിനാർ അഭിപ്രായപ്പെട്ടു.
“സ്ത്രീ, സ്വാതന്ത്ര്യം സർഗാവിഷ്ക്കാരം’ എന്ന വിഷയത്തിൽ സംവാദവുമുണ്ടായി.  ഡോ. ബിന്ദു കൃഷ്ണൻ മോഡറേറ്ററായി. ഡോ. മ്യൂസ് മേരി ജോർജ്‌ വിഷയം അവതരിപ്പിച്ചു. വിജയരാജമല്ലികയെന്ന പേരിൽ നിന്നും സഹജയെന്നറിയപ്പെടുന്ന ട്രാൻസ‌്ജെൻഡർ എഴുത്തുകാരിയുടെ കവിതകളും സദസിനെ തെല്ലൊന്നു ഞെട്ടിയുണർത്തി.

അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്ത്രീകളെ പരിഹസിക്കുന്ന സമൂഹമാണ് ഇവിടെയുള്ളതെന്ന് ബിന്ദു കൃഷ്ണൻ അഭിപ്രായപ്പെട്ടു. കൃതിയേക്കാൾ ശ്രദ്ധ എഴുത്തുകാരികളിലേക്ക് നീളുന്ന പ്രവണതയും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഓരോ വരി എഴുതുമ്പോഴും സ്ത്രീകൾ രണ്ടുവട്ടം ചിന്തിക്കുന്നു. അവർ പറഞ്ഞു. 

തീവ്രമായിരുന്നു മ്യൂസ് മേരിയുടെ വാക്കുകൾ. സ്ത്രീ എഴുത്തിന്റെ ആവശ്യം ഉള്ളതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളിലും ഈ അടയാളപ്പെടുത്തൽ സംഭവിക്കുന്നു.  പുരുഷന്റെ ഇഷ്ടങ്ങളെ അംഗീകരിക്കുന്ന സ്ത്രീകളെ ഒരു വശത്ത് അവതരിപ്പിച്ചപ്പോൾ മറുവശത്ത് അതിനെ ചോദ്യം ചെയ്യുന്ന സ്ത്രീകളേയും എഴുത്തുകാരികൾ തങ്ങളുടെ കൃതികളിലൂടെ ഉയർത്തിക്കാട്ടി. സ്ത്രീകളുടെ എഴുത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെയും കടന്നുപോവുമ്പോൾ ബുദ്ധിയുള്ള സ്ത്രീയെ അംഗീകരിക്കാത്ത സമൂഹത്തെയും സൗന്ദര്യമുള്ള സ്ത്രീകൾ സ്വീകാര്യതയും ആവുന്ന പ്രവണത തുടരുന്നു. സ്‌ത്രീ ജന്മം ഒരു വ്യവസ്ഥയാവുന്നിടത്തേക്കാണ് അവരുടെ വാക്കുകൾ വിരൽ ചൂണ്ടുന്നത്.

കുടുംബം, തൊഴിൽ, വ്യക്തിത്വം അതിനെല്ലാമപ്പുറത്താണ് സർഗാത്മഗത. ഭാഷക്ക് വെളിച്ചവും, തെളിച്ചവും വേണമെന്ന ഓർമ്മപ്പെടുത്തലായിരുന്നു എഴുത്തുകാരി ലിസി പങ്കുവെച്ചത്.  ചിത്രകാരിയെന്നതിലപ്പുറം ഏറെ സംസാരിച്ചു, കവിത ബാലകൃഷ്ണൻ. ലിംഗവ്യത്യാസത്തിന്റെ മാത്രമല്ല, മനുഷ്യാവകശത്തിന്റെ പ്രശ്്നമാണ് സ്‌ത്രീകൾ സാഹിത്യരംഗത്ത് അനുഭവിക്കുന്നത്. അവർ പറഞ്ഞു.

പൊതുവായി ശാക്തീകരിക്കപ്പെട്ടവളാണ് സ്ത്രീകൾ. എഴുത്തിൽ ജീവിതത്തിൽ, അകത്തുള്ള സംഘപരിവാരത്തെ തൊടാൻ മടിക്കുന്നവരാണേറെയും. ബിലു പത്മിനി നാരായണൻ വർത്തമാന യാഥാർഥ്യബോധത്തെ തുറന്നുകാട്ടുന്നു. എഴുതാനിരിക്കുമ്പോൾ അയാം ദി ഹിറ്റ്ലർ ഓഫ് റൈറ്റിംഗ് എന്ന് സ്വയം പ്രഖ്യാപിച്ചവളാണ് ഞാൻ. ജീവിതമെടുത്തുനോക്കിയാൽ എല്ലായിടത്തും എല്ലാക്കാലത്തും മറ്റുള്ള കൈകളിൽ ചൂരലുകളായിരുന്നു.

അടുക്കളയിലെ ഞാനും എഴുത്തുമേശക്കരികിലെ ഞാനും രണ്ടും രണ്ടാണ്. എഴുതാനിരിക്കുമ്പോൾ നമുക്കുതന്നെയുണ്ടാവുന്ന കുറ്റബോധം, അതുമാറിയാലേ സ്വാതന്ത്ര്യബോധമുണ്ടാവു. ഇ സന്ധ്യ പറഞ്ഞു.

യുവഎഴുത്തുകാരികളിൽ ഏറെ ശ്രദ്ധേയയാണ് വിജില ചിറപ്പാട്. സ്ത്രീകൾ സാഹിത്യരംഗത്ത് പട്ടികജാതിക്കാരായിരുന്നുവെന്ന് ലളിതാംബിക അന്തർജനം പറഞ്ഞ കാലം വെച്ചുനോക്കുമ്പോൾ വിവേചനം എത്ര ശക്തമായിരുന്നുവെന്ന് കാണാം. എന്റെ എഴുത്തിന് സ്വീകാര്യത കിട്ടുന്നത് ഞാൻ ഇന്നേ വരെ അടയാളപ്പെടുത്താത്ത ജീവിതങ്ങളെ അടയാളപ്പെടുത്തുന്നത് കൊണ്ടാണ്. സൗഹൃദങ്ങൾ എഴുത്തിന് വലിയ ഗുണം ചെയ്യും. വിജില പറയുന്നു.

പുരുഷാധിപത്യത്തിന്റെ ചിട്ടകളിലേക്ക് വഴങ്ങാൻ സ്ത്രീ ഒരുക്കമല്ലെന്നിരിക്കേ അവളുടെ എഴുത്തും വേറിട്ടതാക്കുന്നു. ഇത്തരം മാറ്റിനിർത്തപ്പെടലുകളുടെ കാലം അതിക്രമിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് സാഹിത്യഅക്കാദമിയിൽ അന്നുചേർന്ന പെൺകൂട്ടായ്മയുടെ എണ്ണത്തിലുള്ള കാഴ്ചപോലും. അവിടെ ഒന്നു മാത്രം പറഞ്ഞുനിർത്താം. അല്ലാ... തുടങ്ങാം. ജീവിതം, അതിന്റെ നെടുങ്കൻ അധ്യായം തുറന്നുവെച്ചിരിക്കേ എന്റെ പേനയിലെ മഷിയൊഴിയുവതെങ്ങനെ.......


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top