02 June Friday

ഇടവഴികള്‍ താണ്ടി ഗ്രന്ഥശാലാ മുത്തശ്ശി

കെ സുരേഷ്‌കുമാര്‍Updated: Tuesday Jul 10, 2018

പ്രായത്തിന് വിട നല്‍കി എഴുപത്തിരണ്ടുകാരി തോളില്‍ പുസ്തകം നിറച്ച സഞ്ചിയും തൂക്കി സെറ്റ്‌സാരിയണിഞ്ഞ് കൈയില്‍ കുടയുമേന്തി മുഖത്ത് മന്ദസ്മിതവുമായി ഓരോ വീടുകളും കയറിയിറങ്ങുകയാണ്‌. വായനാലോകത്തെ മാതൃകയാണ് ബിരുധദാരിയായ ഈ മുത്തശ്ശി. കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെ സമരവഴികളിലെ ധീര ചരിത്രമുള്ള ബുധനൂര്‍എണ്ണയ്ക്കാട് മേഖലയിലെ അക്ഷര സ്‌നേഹിയുടെ ഈ സഞ്ചാരം വിപ്ലവമാണ്‌. യുവതലമുറയെ വായനയുമായി കൂടുതൽ അടുപ്പിക്കുക എന്നതുകൂടിയാണ്‌ മുത്തശ്ശിയുടെ ലക്ഷ്യം.

ബുധനൂര്‍ പടിഞ്ഞാറ് അടിമുറ്റത്ത് ശ്രീരംഗ മഠം ഉമാദേവി അന്തര്‍ജനമാണ് ഇടവഴികള്‍ താണ്ടി പുസ്തകശേഖരവുമായി കാല്‍നടയായി ഓരോ വീടുകളില്‍ എത്തുന്നത്. ഇവിടെ കലാപോഷിണി ഗ്രന്ഥശാലയിലെ ഫീല്‍ഡ് ലൈേബ്രറിയന്‍ കൂടിയായ ഇവര്‍ 12 വര്‍ഷമായി പുസ്തക ശേഖരങ്ങളുമായി വീടുവീടാന്തരം കയറി ഇറങ്ങി അക്ഷരസ്‌നേഹികളെ കണ്ടെത്തുന്നു. പുലര്‍ച്ചെ തുടങ്ങുന്ന ജോലി സൂര്യാസ്തമനം വരെ നീളും. ബുധനൂര്‍ ഈസ്റ്റ്, വെസ്റ്റ്, തയ്യൂര്‍, എണ്ണയ്ക്കാട്, കടമ്പൂര്‍, കോളച്ചിറ, തോപ്പില്‍ ചന്ത എന്നിവിടങ്ങളിലാണ് കനം തൂങ്ങിയ പുസ്തകസഞ്ചിയുമായി സഞ്ചരിക്കുന്നത്. വിവിധയിടങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരുന്നതിനാൽ  ശിഷ്യസമ്പത്തിന്റെ ഉടമയുംകൂടിയാണ്.

219 അംഗങ്ങള്‍ക്കാണ് പുസ്തക വിതരണം നടത്തുന്നത്. 20രൂപ വാങ്ങി മെമ്പര്‍ഷിപ്പ് എടുപ്പിച്ച് മാസംതോറും പത്ത് രൂപ വരിയായി സ്വീകരിച്ച് ഒരംഗത്തിന് രണ്ട് പുസ്തകം വായനയ്ക്കായി നല്‍കുന്നു. പുരാണകഥകള്‍, ഡിറ്റക്ടീവ്, നോവല്‍, മാന്ത്രികം, കവിത, ബാലസാഹിത്യം, ചെറുകഥകള്‍ എന്നീ പുസ്തകങ്ങളുടെ ശ്രേണിയാണ് വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ച് നല്‍കുന്നത്. പ്രായമായവര്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത്‌ പുരാണ പുസ്തകങ്ങളാണ്. കുട്ടികള്‍ക്ക് ഇഷ്ടം ബൈാല കഥകളും പുരാണ കഥകളുമാണ്.

കൊട്ടാരക്കര താഴെ മംഗലത്ത് മഠത്തില്‍ പരേതരായ മധുസൂതരരെ കണ്ഠരരുടെയും, ഉമാദേവീ അന്തര്‍ജനത്തിന്റെയും ഏഴ് മക്കളില്‍ മൂന്നാമത്തെയാളാണ് ഉമാദേവി അന്തര്‍ജനം. കൊട്ടാരക്കര മാര്‍ത്തോമ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി ഉപരിപഠനത്തിന് സെന്റ് ഗ്രീഗോറിയോസ് കോളേജില്‍ എത്തി ബിഎ പഠനം പൂര്‍ത്തിയാക്കിയശേഷമായിരുന്നു അടിമുറ്റത്ത് മഠം ശാരംഗ മഠത്തിലെ ജാതവേദഭട്ടതിരിപ്പാടുമായുള്ള വിവാഹം. മക്കൾ:  രാജേഷ് ഭട്ടതിരി, രഞ്ജിനി ദേവി ഭര്‍ത്താവിന്റെ മരണത്തോടെ വീട് മൂകമായി. ഇനി എന്തുചെയ്യുമെന്ന ചോദ്യത്തിന് മുമ്പില്‍ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയില്‍ പകച്ചുനിന്ന അന്തര്‍ജനത്തെ ബുധനൂര്‍ കലാപോഷിണി വായനശാലയുടെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. പി വിശ്വംഭരപണിക്കര്‍ വായനശാലയില്‍ ഫീല്‍ഡ് ലൈബ്രറിയനായി നിയമിച്ചു.

തുച്ഛവേതനത്തില്‍ അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം. ജോലിയുടെ ആത്മാര്‍ഥതയിലും സത്യസന്ധതയിലും ഇന്നും ഈ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരിക്കല്‍ പരിശോധനയക്കായി എത്തിയ സംഘം രജിസ്റ്റര്‍ ബുക്ക് പരിശേധിച്ച് ചുവപ്പ് മഷിയില്‍ ബുക്കില്‍ രേഖപ്പെടുത്തിയത് മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി. കൂടാതെ അലവന്‍സ് തടഞ്ഞു. വിതരണം ചെയ്യുന്ന പുസ്തകത്തിന്റെ നമ്പര്‍ രജിസ്റ്റര്‍ ബുക്കില്‍ രേഖപ്പെടുത്താതിരുന്നതാണ് കാരണം. പിഴവ് കണ്ടത്തി തിരുത്താന്‍ ഇതൊരു അവസരമായി. ഏല്‍പ്പിച്ച ജോലി ഒരുമടിയുംകൂടാതെ സത്യസന്ധതയിലും ആത്മാര്‍ഥതയോടുംകൂടി ചെയ്ത് കുടുംബംപോറ്റുന്ന അന്തര്‍ജനം മറ്റുള്ളവര്‍ക്കും മാതൃകയാണെന്ന്‌  ഗ്രന്ഥശാല പ്രസിഡന്റ് ഗോപി ബുധനൂര്‍ പറഞ്ഞു.

മനുഷ്യരോടാണ് സ്‌നേഹം, ജാതിയേയും സ്വത്തിനെയും ബഹുമാനിക്കുന്നില്ലെന്ന്‌ ഉമാദേവി പറഞ്ഞു. വായനാദിനത്തില്‍ വിവിധ സാംസ്‌ക്കാരിക സംഘടനകളുടെ ആദരവും അന്തര്‍ജനത്തിന് ലഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top