28 March Thursday

പോരാടി നേടിയ ഇരിപ്പിടം

ജി അനിൽകുമാർUpdated: Tuesday Jul 10, 2018

ഇനി അൽപ്പനേരം ഇരിക്കാം...അതും നിയമത്തിന്റെ പിൻബലത്തിൽ. മാനേജരുടെ കണ്ണുരുട്ടൽ പേടിയില്ലാതെ, അന്യായപ്പിഴയോ മുകൾ നിലകളിലേക്ക‌് അടിക്കടി പടികയറ്റി ജോലി ചെയ്യിക്കുമെന്ന ഭീതിയോ ഇല്ലാതെ... ഒരിത്തിരിനേരം...അതും തിരക്കില്ലാത്ത നേരത്ത‌്, ചെറുതല്ല... വലിയൊരു  ആശ്വാസമാണത്‌.  ‘ഇരിപ്പിടം’ നിയമത്തിലൂടെ സുരക്ഷിത ഇടമായതോടെ തൊഴിൽ ശാലകളിലെങ്ങും ആവേശമാണ്‌. സമരത്തിലൂടെ ഉയർത്തിയ ആവശ്യം നാടിന്റെ നിയമമാകുമ്പോൾ അഭിമാനമുണ്ട്‌ അവർക്ക്. അതിലെറെ സന്തോഷവും.  രാവിലെ മുതൽ രാത്രി വൈകുംവരെ ഒരേ നിൽപ്പിൽ ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക‌് ഇനി അവകാശബോധത്തോടെ ഇരിക്കാം.

പുരോഗമന കേരളത്തിലാണ‌് ഇരിപ്പിടത്തിനായി ഒരു നിയമം വേണ്ടിവന്നത‌്. തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന ഒട്ടും മാനുഷികമല്ലാത്ത, അപരിഷ‌്കൃതമായ ചൂഷണത്തിലേക്കാണ‌് ഇത‌് വിരൽ ചൂണ്ടിയത‌്. വസ‌്ത്രശാലകൾ, ജ്വല്ലറികൾ, ഹോട്ടലുകൾ, റെസ‌്റ്റോറന്റുകൾ തുടങ്ങി അസംഘടിത മേഖലയിലെ മൂന്നുലക്ഷത്തോളം  തൊഴിലാളികൾക്ക്‌ പുതിയ നിയമ ഭേദഗതി ആശ്വാസം പകരും. മണിക്കൂറുകൾ നീണ്ട നിൽപ്പ്‌ സ്‌ത്രീ ജീവനക്കാരിൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിലുണ്ട്‌.

1960 ലെ കേരള ഷോപ‌്സ‌് ആൻഡ‌് എസ‌്റ്റാബ്ലിഷ‌്മെന്റ ആക്ടിൽ ഭേദഗതി വരുത്തിയാണ‌് പുതിയ നിയമം സാധ്യമാക്കിയത‌്. മികച്ച തൊഴിൽ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുക നിയമത്തിന്റെ ലക്ഷ്യമാണ്‌. തൊഴിൽശാലകളിൽ സ‌്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം മുതൽ ലൈംഗിക സൂചനകളോടെയുള്ള പെരുമാറ്റവും സംസാരവും വരെ തടയേണ്ട ഉത്തരവാദിത്തം തൊഴിലുടമയ‌്ക്കാണ‌്. പരാതി പരിഹാര സമിതികൾ രൂപീകരിക്കാനും വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ 20 മടങ്ങ‌് വരെ വർധിപ്പിച്ചുമാണ‌് പുതിയ നിയമഭേദഗതി. സ്ഥിരം തൊഴിൽ ഇല്ലാതാക്കി തൊഴിലുടമയ‌്ക്ക‌് അനുകൂലമായ  കേന്ദ്ര തൊഴിൽ നിയമ ഭേദഗതി വന്ന‌് ഏറെക്കഴിയും മുമ്പാണ‌്  സംസ്ഥാനത്ത‌് തൊഴിലാളികൾക്ക‌് അനുകൂലമായ ഈ നിയമം.

ഒരുകൂട്ടം സ‌്ത്രീ തൊഴിലാളികൾ നടത്തിയ അത്യുജ്ജ്വല സമരമാണ‌് ഈ നിയമത്തിന‌് ഹേതു. കുത്തക മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വിജയിച്ച സമരം എന്ന പ്രത്യേകതയുമുണ്ട‌്. ആലപ്പുഴയിൽ സീമാസ‌് വെഡ്ഡിങ‌് കലക്ഷൻസിലും, തൃശൂർ കല്യാൺ സിൽക‌്സിലുമായിരുന്നു സമരം. 2015 ആഗസ‌്ത‌ിൽ ഇൻഡസ്‌ട്രിയൽ ആൻഡ്‌ കൊമേഴ്‌സിയൽ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു സീമാസിലെ സമരം. രാവിലെ മുതൽ രാത്രി കടയടയ്‌ക്കുംവരെ സ്ഥാപനത്തിനു മന്നിൽ  നിന്നും കുത്തിയിരുന്നും സമരം. യുഡിഎഫ‌് സർക്കാരും, തൊഴിൽ വകുപ്പും, പൊലീസും അടക്കം സ്ഥാപന ഉടമയ‌്ക്ക‌് അനുകൂലമായി നിലയുറപ്പിച്ചിട്ടും  ഒമ്പതാം ദിവസം ആവശ്യങ്ങൾ നേടിയെടുത്താണ‌് സമരം അവസാനിച്ചത‌്.

സ്ഥാപനങ്ങളിൽ നിലനിന്ന കൊടിയ ചൂഷണങ്ങളാണ്‌ സമരമായി പൊട്ടിപ്പുറപ്പെട്ടത്‌. ഓരോ സ്ഥാപനത്തിലും തോന്നുംപടിയാണ്‌ പെരുമാറ്റച്ചട്ടം. ലംഘിച്ചാൽ കനത്ത പിഴയും. തുഛ വേതനത്തിൽനിന്നാണ്‌ ഇൗ അന്യായപ്പിഴ ഈടാക്കുന്നത്‌. അഞ്ചും ആറും നിലകളുള്ള സ്ഥാപനത്തിൽ ജീവനക്കാർ ലിഫ്‌റ്റിൽ കയറാൻ പാടില്ല. കയറിയാൽ 100 മുതൽ 150 രൂപവരെ പിഴ. ഉപഭോക്താക്കൾക്കൊപ്പമെത്താൻ ബഹുനിലക്കെട്ടിടത്തിൽ പടികൾ ഓടിക്കയറുന്ന ജീവനക്കാർ. 10 മുതൽ 12 മണിക്കൂർ വരെ ജോലി.  യൂണിഫോം, കഴുത്തിൽ തൂക്കുന്ന ഐഡി കാർഡ്‌ തുടങ്ങിയവയ്‌ക്കെല്ലാം തുകയീടാക്കും. ധരിച്ചില്ലെങ്കിൽ അതിനും പിഴ. എന്തിനുമേതിനും പണംപിടുങ്ങും.

കാന്റീനിൽ പഴകിയതും ദുർഗന്ധം പരത്തുന്നതുമായ ഭക്ഷണം, വൃത്തിഹീനവും ഇടുങ്ങിയതും അസൗകര്യം നിറഞ്ഞതുമായ താമസ സൗകര്യം...ഇതിനെല്ലാം പണവും നൽകണം. വൃത്തിയില്ലാത്ത ശൗചാലയം. സമരത്തെത്തുടർന്ന്‌ സംസ്ഥാന യുവജന കമീഷൻ നടത്തിയ പരിശോധനയിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നവയാണ്‌.

തൊഴിൽ ചൂഷണമില്ലെന്നും നിയമ പ്രകാരമുള്ള മിനിമം വേതനവും  ബോണസും മറ്റ്‌ ആനുകൂല്യങ്ങളും സ്ഥാപന ഉടമ നൽകുന്നുണ്ടെന്നായിരുന്നു  ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട‌്. തൊഴിൽ സമരങ്ങളിൽ പൊലീസ‌് ഇടപെടരുതെന്ന വ്യവസ്ഥ നിലനിൽക്കെ 64 ഓളം സ‌്ത്രീകളെ പൊലീസ‌് അറസ‌്റ്റുചെയ‌്ത‌് പൊലീസ‌് വാനിൽ കയറ്റിക്കൊണ്ടുപോയി. ഇതോടെ സമരം സിപിഐ എം ഏറ്റെടുത്തു. അന്ന്‌ എംഎൽഎമാരായിരുന്ന ഡോ. ടി എം തോമസ്‌ ഐസക്‌, ജി സുധാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ,  യൂണിയൻ നേതാവ്‌ പി പി ചിത്തരഞ്‌ജൻ തുടങ്ങിവർ ശക്തമായ പിന്തുണയേകി ഒപ്പംനിന്നു.

മാനുഷികമായ മൂല്യങ്ങൾക്കും അവകാശങ്ങൾക്കം വേണ്ടി  പടപൊരുതിയ നാട്ടിൽ ബഹുഭൂരിപക്ഷം സ‌്ത്രീകൾ വരുന്ന ഒരു തൊഴിൽ സമൂഹത്തിന്‌ പുതിയ നിയമം പരിരക്ഷയുടെ വലയം തീർക്കും. നിയമം അനുഭവവേദ്യമാക്കാൻ ഇനിയും പോരാടേണ്ടിവരും. അതാണ‌് മുൻകാല അനുഭവവും. പക്ഷെ ആശ്വസിക്കാം. ഒപ്പമുണ്ട്‌ ഈ സർക്കാർ.    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top