28 March Thursday

‘ശ്രീമതി’ ഡബ്ബാവാല

സതീഷ്‌ ഗോപിUpdated: Sunday Nov 10, 2019


ഉച്ചഭക്ഷണം ആവശ്യക്കാർക്ക്‌ എത്തിക്കുന്ന മുംബൈയിലെ ഡബ്ബാവാലകൾ ലോകത്ത്‌ സമാനതകളില്ലാത്ത തൊഴിൽസംരംഭമാണ്‌. മഹാനഗരത്തിലെ ഓഫീസുകളിൽ എന്നും ഉച്ചക്ക് കൃത്യമായി ഇവർ ചോറ്റുപാത്രങ്ങളെത്തിക്കാൻ തുടങ്ങിയിട്ട് 125 വർഷം. 5000 പേരടങ്ങുന്ന കൂട്ടായ്മ കോർപറേറ്റ് സംരംഭത്തെയും വെല്ലും. ചോറ്റുപാത്രമേന്തി നടക്കുന്നയാൾ എന്നാണ് ഡബ്ബാവാല എന്ന മറാഠി വാക്കിനർഥം. നഗരത്തിലെ വീടുകളിൽനിന്ന് ചോറും ചപ്പാത്തിയും കറിയും നിറച്ച പാത്രങ്ങൾ ഓഫീസുകളിൽ എത്തിക്കുകയാണ്‌ ദൗത്യം. മുംബൈയിലും സമീപ നഗരങ്ങളിലുമായി അയ്യായിരത്തോളം ഡബ്ബാവാലകകൾ ദിവസം രണ്ടു ലക്ഷത്തോളം ചോറ്റുപാത്രങ്ങളാണ്  വിതരണം ചെയ്യുന്നത്.

കാസർകോട്ടെ കുടുംബശ്രീ ഡബ്ബാവാല
മുംബൈ നഗരത്തിലെ  ഡബ്ബാവാലകളുടെ സ‌്ത്രീ മാതൃകയാണ്‌ കാസർകോട്ടെ  കുടുംബശ്രീ സംരംഭമായ അന്നപൂർണ. ചെമ്മനാട‌് സിഡിഎസിന‌് കീഴിൽ പെര‌ുമ്പള ചെല്ലുഞ്ഞിയിലെ   പുലരി, തുഷാരം, ശ്രീദുർഗ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലുള്ള  അന്നപൂർണ കാറ്ററിങ് യൂണിറ്റാണ‌് കാസർകോട‌് കലക്ടറേറ്റിലെ വിവിധ ഓഫീസുകളിൽ ടിഫിനുകളിൽ ചൂടോടെ ഉച്ചഭക്ഷണം എത്തിക്കുന്നത‌്. പാചകവും  വിതരണവും സ‌്ത്രീകൾ. കൈയും കഴുകിയിരുന്നാൽ ഒരുമണിക്ക്‌ കുത്തരിച്ചോറ്‌, മീൻകറി, സാമ്പാർ അല്ലെങ്കിൽ പുളിശേരി, തോരൻ, അച്ചാർ എന്നിവ സ‌്റ്റീൽ പാത്രത്തിൽ മുന്നിലെത്തും. ചക്ക, പപ്പായ, വാഴക്കൂമ്പ‌് തുടങ്ങിയ നാടൻ സമാഗ്രികളാണ്‌ വിഭവം. വില 40 രൂപ മാത്രം. പൊരിച്ച മീനിന‌് സീസൺ അനുസരിച്ച‌് 20 മുതൽ 30 രൂപ വരെ. ചിക്കൻ സുക്കക്ക‌് 20 രൂപ.

ഓമ്നി‌ വാനിലെത്തിക്കുന്ന ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങളും ശേഖരിച്ച‌് സംഘം മടങ്ങും. പ്ലാസ‌്റ്റിക‌് ഒഴിവാക്കി  സ‌്റ്റീൽ, അലുമിനിയം പാത്രങ്ങൾ മാത്രം ഉപയോഗിച്ച‌് ഹരിതചട്ടം പാലിച്ചാണ‌് ഭക്ഷണ പാചകവും വിതരണവും. കലക്ടറേറ്റിൽ നൂറോളം ടിഫിനുകളാണ‌് ദിവസം എത്തിക്കുന്നത‌്.

കലക്ടർ പറഞ്ഞു; കലക്കൻ ആശയം
കാസർകോട്‌ കലക്ടർ ഡോ. ഡി സജിത്‌ബാബുവാണ്‌ ഈ ആശയം കുടുംബശ്രീക്കാർക്ക്‌ പറഞ്ഞുകൊടുത്തത്‌. പ്രളയബാധിതപ്രദേശങ്ങളിൽ എത്തിക്കാനുള്ള അച്ചാറിന്റെ ഓർഡർ ഇവർക്കാണ്‌ നൽകിയത്‌. പപ്പായ അച്ചാറുമായി കലക്ടറേറ്റിലെത്തിയ സ്‌ത്രീകളോട്‌ ഇവിടെ ഉച്ചഭക്ഷണമെത്തിക്കാൻ അദ്ദേഹം നിർദേശം നൽകി. ദിവസങ്ങൾക്കുള്ളിൽ സംഗതി ഹിറ്റായി. വീട്ടുരുചിയുള്ള ഊണ്‌ സ്വപ്‌നമായ നാട്ടിൽ അന്നപൂർണ കുറിച്ചത്‌ രുചിയുടെ പുതുചരിതം.

ഒരുവർഷം മുമ്പാണ്‌ അന്നപൂർണയുടെ അടുക്കള ഒരുങ്ങിയത്‌. പെര‌ുമ്പള ചെല്ലുഞ്ഞിയിലെ ശാരദയും ലക്ഷ‌്മിയുമാണ‌് പ്രധാന പാചകക്കാരികൾ. ചന്ദ്രഗിരി പാലം നിർമാണ സമയത്ത‌് തൊഴിലാളികൾക്ക‌് ഭക്ഷണം  പാചകംചെയ‌്ത‌ിരുന്ന 60 വയസ്സായ ശാരദയ്‌ക്ക‌് പാചകത്തിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട‌്.  സമാന വയസ്സുള്ള ലക്ഷ‌്മി ശാരദയുടെ സഹായിയായിട്ട്‌ ഏഴ‌് വർഷമായി.  ഏതാനും വർഷങ്ങളായി ഇരുവരും നായന്മാർമൂലയിലെ ഹോട്ടലിൽ പാചകക്കാരായിരുന്നു. റിട്ട. അധ്യാപികയും സ‌്കൗട്ട‌് ആൻഡ‌് ഗൈഡ‌് ജില്ലാ കമീഷണറുമായ ചെല്ലൂഞ്ഞിയിലെ  ഭാർഗവിക്കുട്ടിയാണ‌് വീട്ടുമുറ്റത്ത‌് ചെറിയയൊരു ഷെഡ‌് കെട്ടി  ശാരദയെയും ലക്ഷ‌്മിയെയും പ്രചോദിപ്പിച്ച‌് അന്നപൂർണയ്‌ക്ക‌് തുടക്കമിടുന്നത‌്. സ്ഥലസൗകര്യവും വെള്ളവും ഇവർ സൗജന്യമായാണ‌് നൽകുന്നത‌്. ശ്യാമളയും ശ്രീജയും കൂടെക്കൂടി. 2018 ആഗസ‌്ത‌് 16ന‌ായിരുന്നു ഉദ‌്ഘാടനം. കഴിഞ്ഞ ഓണത്തിന‌് ചെമ്മനാട‌് പഞ്ചായത്തിലെ ഓണച്ചന്തയിൽ ഓണസദ്യയോടെയായിരുന്നു തുടക്കം. 21  ഇനങ്ങളുള്ള സദ്യയ്‌ക്ക‌് നല്ല പ്രതികരണമുണ്ടായി. 

രുചിക്ക്‌ ഒരു കൈസഹായം

കലക്ടറും കുടുംബശ്രീ ജില്ലാ മിഷനും സഹായിച്ചതോടെ ചെമ്മനാട‌് സിഡിഎസ‌് അനുവദിച്ച  ഒരുലക്ഷം രൂപയുടെ വായ‌്പ മുതൽമുടക്കാക്കി ഉച്ചഭക്ഷണ വിതരണം  ആരംഭിച്ചു. ഗുണമേന്മയിലും അളവിലും  തനത‌് രുചിയിലും വിട്ടുവീഴ‌്ച കാണിക്കാത്തതിനാൽ അന്നപൂർണയ്‌ക്ക‌് പുരോഗതിയാണ‌്. കലക്ടറേറ്റിലെയും കുടുംബശ്രീയുടെയും പരിപാടികൾക്ക‌് ഭക്ഷണം തയ്യാറാക്കുന്നത‌ും അന്നപൂർണയാണ‌്. ചക്ക, മുളയരി, ചാമ എന്നിവയിൽ പായസവും ബിരിയാണിയും നൽകുന്നുണ്ട്‌. വ്യക്തികളും തേടിയെത്തുന്നു. പെരുമ്പള കരിച്ചേരി തറവാട്ടിലെ പാത്രങ്ങളാണ‌് ആദ്യം ഉപയോഗിച്ചിരുന്നത‌്. ഇപ്പോൾ സ്വന്തമായി  നാല‌് ലക്ഷം രൂപയുടെ പാത്രങ്ങളുണ്ട‌്.  മൂന്ന‌് ലക്ഷം രൂപ ചെലവിൽ വിശാലമായ അടുക്കള നിർമിച്ചു. മാസം അഞ്ച‌് ലക്ഷം രൂപയുടെ വിറ്റുവരവുണ്ട‌്. സഹായികളായ നാല‌് സ‌്ത്രീ തൊഴിലാളികൾക്ക‌ും വരുമാനം ലഭിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top