19 April Friday

അതിജീവനത്തിന്റെ താളം

ഉണ്ണി ഈന്താട്Updated: Sunday Nov 10, 2019


താളത്തിൽ ചുവടുവച്ചും മേളപ്പതക്കമൊരുക്കിയും വളയിട്ട കൈകളാൽ അവർ കൊട്ടിക്കയറിയത് വാദ്യകലയുടെ ചരിത്രത്തിലേക്ക്. കേരളത്തിലെ എല്ലാ ജില്ലകളിലും, രാജ്യത്തെ എല്ലാ മഹാനഗരങ്ങളിലും ഇവരുടെ കൊട്ടിന്റെ പ്രതിധ്വനി കേൾക്കാം. താളത്തിൽ, ലയത്തിൽ നൃത്തച്ചുവടുകളോടെയുള്ള ശിങ്കാരിമേളം. അതിജീവനത്തിന്റെ താളമാവുകയാണ് ഇവർക്ക് ശിങ്കാരിമേളം .

ഒരുപക്ഷെ വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുമായിരുന്ന അവരെ അതിന് പ്രാപ്തമാക്കിയത് കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് ഊടും പാവും നെയ്ത കുടുംബശ്രീ പ്രസ്ഥാനമാണ്.പുരുഷാധിപത്യവും പാരമ്പര്യവും നിലനിൽക്കുന്ന വാദ്യകലാരംഗത്തേക്കാണ് ഒരുകൂട്ടം സ്ത്രീകൾ വാദ്യകലയും ഒരു തൊഴിൽ സംരംഭമാക്കി മാറ്റാമെന്നുള്ള ബോധ്യവുമായി  കടന്നുവന്നത്.കോഴിക്കോട് കുരുവട്ടൂർ പഞ്ചായത്തിലാണ് കുടുംബശ്രീയുടെ ചരിത്രത്തിലെ അഭിമാനബോധമുയർത്തുന്ന ഈ തൊഴിൽ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

ഓരോ കുടുംബശ്രീ യൂണിറ്റും മറ്റു കുടുംബശ്രീ യൂണിറ്റിനെ അനുകരിച്ച് ഒരേ തൊഴിൽ സംരംഭം തുടങ്ങി പരാജയപ്പെടുന്ന അനുഭവപാഠമാണ് വ്യത്യസ്‌തമായ മേഖല തെരഞ്ഞെടുക്കാൻ കുടുംബശ്രീ പ്രവർത്തകരെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് സ്വരലയം വനിതാ ശിങ്കാരിമേളത്തിന്റെ ഉദയം.

മന്ത്രി എ കെ ശശീന്ദ്രനാണ്  ഉദ്ഘാടനം ചെയ്തത്. ആശയവും പ്രോജക്ട് തയ്യാറാക്കലും മാർഗനിർദേശങ്ങൾ ആവിഷ്ക്കരിക്കലുമെല്ലാം ചെയതത് പദ്ധതിയുടെ കോർഡിനേറ്ററും കുരുവട്ടൂർ പഞ്ചായത്ത് അംഗവുമായ പി അനിൽകുമാറാണ്. പഞ്ചായത്ത് വനിതാ ഫണ്ടിൽനിന്ന് ഒന്നരലക്ഷം രൂപയും കുന്നമംഗലം കോ-ഓപ് റൂറൽ ബാങ്കിൽനിന്ന് ഒന്നരലക്ഷം രൂപ വായ്‌പയും മൂലധനമാക്കി. വാദ്യകലയിൽ വിദഗ്ധനായ സുനിൽ കുമാർ പയിമ്പ്രയുടെ ശിക്ഷണത്തിൽ ആറുമാസം കൊണ്ടാണ് ഈ തൊഴിൽസംരംഭം സജ്ജമായത്.

ഒമ്പത് വർഷം പിന്നിട്ട ഈ തൊഴിൽ യൂണിറ്റ് ഇന്ന് ഇന്ത്യയിൽ 1427 വേദികളിൽ പരിപാടി അവതരിപ്പിച്ചു.ഉത്സവാഘോഷം,  ഉദ്ഘാടനം, ഓണം, മറ്റ്‌ സാംസ്‌കാരിക പരിപാടികൾ എന്നിവയിലെ സജീവ സാന്നിധ്യമായി മാറുകയാണ് ശിങ്കാരിമേളം. ചെന്നൈ, മൈസൂർ, ബംഗളൂരു, മുബൈ, ഡൽഹി, കൽക്കട്ട തുടങ്ങി എല്ലാ മഹാനഗരങ്ങളിലും പ്രധാന പരിപാടികളുടെ സ്വാഗതസന്ദേശവാഹകരായിരുന്നു സ്വരലയം ശിങ്കാരിമേളം.

2014ൽ മുബൈയിൽ നടന്ന ഭാരത നാടൻ കലാമേളയിൽ രണ്ടുദിവസവും 2016ൽ ചെന്നൈയിലെ ദക്ഷിണ ചിത്ര മ്യൂസിയത്തിൽ ഏഴുദിവസവും 2019 ഒക്ടോബർ 19 മുതൽ 23 വരെ ഡൽഹിയിൽ നടന്ന സരസ് മേളയിൽ ആറു ദിവസവും പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി. 2018ൽ കോഴിക്കോട് ജില്ലയിലെ മികച്ച തൊഴിൽ യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനത്തെത്തി. 15 അംഗങ്ങളുള്ള യൂണിറ്റായി തുടങ്ങിയ സ്വരലയത്തിൽ 24 സ്‌ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 35 പേരുണ്ട്. 24 സ്ത്രീകളിൽ വീട്ടമ്മമാർ, ജനപ്രതിനിധി, ആശാ വർക്കർമാർ, പാലിയേറ്റീവ് വളണ്ടിയർമാർ തുടങ്ങി വ്യത്യസ്‌ത മേഖലയിലുള്ളവരുണ്ട്‌. 

പ്രസിഡന്റായി എ റീജാകുമാരിയും സെക്രട്ടറിയായി ശ്രീജ പറമ്പിലും ട്രഷററായി കെ ശ്രീലതയും പ്രവർത്തിക്കുന്നു. ഇക്കാലയളവിൽ 2.80 കോടി രൂപയുടെ വരവുണ്ടാക്കാൻ ഈ കുടുംബശ്രീ കൂട്ടായ്മക്ക് കഴിഞ്ഞു. ശിങ്കാരിമേളത്തിനു പുറമെ വിളക്കാട്ടവും പാഞ്ചാരിമേളവും ചെമ്പട മേളവും പല വേദികളായി  അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ കാലത്തിനും അഭിരുചിക്കും  അനുസൃതമായി ഡിജെ മോഡലിലേക്കും ഈ തൊഴിൽ സംരംഭത്തെ വൈവിധ്യവൽക്കരിച്ച് വിജയഗാഥ തീർക്കാനുള്ള തയ്യാറാറെടുപ്പിലാണ് സ്വരലയം പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top