27 April Saturday

അണിയിച്ചൊരുക്കാൻ ഏറെയിഷ്‌ടം

ആർ ഹേമലതUpdated: Tuesday Oct 9, 2018

അണിഞ്ഞൊരുങ്ങാൻ ഇഷ്ടമില്ലാത്ത സ്ത്രീകൾ ചുരുക്കമാണ്. എന്നാൽ സുഭയ്ക്ക് സ്വയം ഒരുങ്ങുന്നതിലും ഇഷ്ടം മറ്റുള്ളവരെ ഒരുക്കാനും അതിലേറെ ഒരുങ്ങുന്നതിന്റെ ടെക‌്നിക്ക‌ുകൾ പഠിപ്പിക്കാനുമാണ‌്. ജർമനിയിൽ മേയ്ക്കപ്പ് പഠിച്ച് ഫാഷൻ ചാനലിലും ദുബൈ മീഡിയ സിറ്റിയിലും ജോലി ചെയ്ത ശേഷം കലൂരിൽ മേയ്ക്കപ്പ് പഠിപ്പിക്കുന്ന സ്ഥാപനം നടത്തുകയാണ് സുഭ.

നാൽപ്പതുകാരിയായ ഒരു സ്ത്രീയെ മേയ്ക്കപ്പ് ചെയ്ത് 20 കാരിയും തുടർന്ന് 70കാരിയും ആക്കിയതാണ്  സുഭ ജോലിയിൽ ഏറ്റവും വലിയ വെല്ലുവിളിയായി കണ്ടത്. മൂന്നു കാലത്തിൽ ആ സ്ത്രീയുടെ ജീവിതം ചിത്രീകരിക്കേണ്ടി വന്നപ്പോൾ മേയ്ക്കപ്പ് ചെയ്ത് അവരെ മൂന്നു രീതിയിലാക്കി സുഭ. സിനിമയിലും സീരിയലിലും പരസ്യ രംഗത്തും സുഭ സ്ഥിര സാന്നിധ്യമാണെങ്കിലും ഏറ്റവും ആസ്വദിക്കുന്ന ജോലി മേയ്ക്കപ്പ്  പഠിപ്പിക്കുന്ന അധ്യാപികയുടേതാണ്. മലയാളത്തിൽ എബ്രിഡ‌് ഷൈൻ, മാർട്ടിൻ പ്രക്കാട്ട‌്, അനിൽകുമാർ എന്നിവർക്കൊപ്പം നിരവധി തവണ ജോലി ചെയ‌്തു. ആയിരത്തിലധികം പരസ്യ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക‌് സുഭ മിഴിവേകി.

തൃശൂർ ഇരിങ്ങാലക്കുട കരിവള്ളൂർ സ്വദേശിയായ സുഭ സിവിൽ എൻജിനിയറിങ് ഡിപ്ലോമ കഴിഞ്ഞാണ് ഈ രംഗത്ത് വരുന്നത്. ഗായകൻ യേശുദാസിന്റെ ട്രൂപ്പിൽ തബലിസ്റ്റായ അജയ്ഘോഷ് ആണ് സുഭയുടെ ഭർത്താവ്. വിവാഹ ശേഷം സിനിമ എഡിറ്റിങ് പഠിക്കാൻ താൽപ്പര്യപ്പെട്ട സുഭയെ ജർമനിയിലെ മേയ്ക്കപ്പ് കോഴ്സിനെ കുറിച്ച് മനസ്സിലാക്കി അതിന‌് പഠിക്കാൻ അയച്ചതും അജയ്ഘോഷ് ആണ്. പഠനം കഴിഞ്ഞ് ഇറ്റലിയിലെ മിലൻ എന്ന ഫാഷൻ ചാനലിലും ദുബൈ മീഡിയ സിറ്റിയിലും സുഭ വർഷങ്ങളോളം ജോലി ചെയ്തു. നാട്ടിലെത്തി മക്കളൊക്കെ വിവാഹം കഴിച്ച് പോയപ്പോഴാണ് കലൂരിൽ മേയ്ക്കപ്പ് പഠിപ്പിക്കുന്ന സ്ഥാപനം ആരംഭിച്ചത്.

പഠിപ്പിക്കുന്നതിനൊപ്പം ഓരോ ദിവസവും മാറുന്ന ഇൻഡസ്ട്രിക്കൊപ്പം സുഭ സ്വന്തമായി പഠിക്കാനും സമയം കണ്ടെത്തുന്നുണ്ട്. മാറി മാറി വരുന്ന മേയ്ക്കപ്പ് പ്രയോഗങ്ങൾ ഹെയർ സ്റൈലുകൾ എന്നിവ പഠിക്കാനും അത് തന്റെ വിദ്യാർഥികൾക്ക് പകർന്നു നൽകാനും എന്നും ഇഷ്ടമാണ്. ന്യൂഡൽഹിയിലെ പ്രശസ‌്ത ഹെയർ സ‌്റ്റൈലിസ‌്റ്റ‌് അമൻ യാദവിന്റെ അടുത്തു നിന്നാണ‌് മാറുന്ന ഹെയർ സ‌്റ്റൈലുകളെ കുറിച്ച‌് പഠിച്ചത‌്. കോസ‌്മറ്റോളജിയിലും ഡെർമറ്റോളജിയിലും സുഭ ക്ലാസുകൾ എടുക്കുന്നുണ്ട‌്.  ത്രിഡി മേയ‌്ക്കപ്പ‌് എന്ന നൂതന വിദ്യ സ്വന്തമാക്കിയത‌്  ചെന്നൈയിൽ നിന്നും.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം സുഭഘോഷ് മേയ്ക്കപ്പ് സ്റ്റുഡിയോ ആന്റ് അക്കാദമി എന്ന സ്ഥാപനം നാലു വർഷമായി നടത്തി വരുന്നു. 50 ദിവസം മുതൽ മൂന്നു മാസം വരെയുള്ള ഡിപ്ലോമ കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. ഓരോ ബാച്ചിലും പത്തിലധികം നിർധനരായ കുട്ടികളെ സുഭ സൗജന്യമായി പഠിപ്പിക്കുന്നുമുണ്ട്. തനിക്ക‌് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അർഹതപ്പെട്ടവർക്ക‌് നൽകാൻ മടിയില്ലാത്തതിനാൽ സമ്പാദ്യ മോഹമില്ലെന്നും സുഭ അതിന‌് വിശദീകരണം നൽകുന്നു. 

അക്കാദമിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക‌് തൊഴിൽ അവസരങ്ങളും നേടി കൊടുക്കാൻ ഇവർ ശ്രമിക്കാറുണ്ട‌്. അക്കാദമിക്ക‌് പുറത്തും മേയ്ക്കപ്പ‌് ക്ലാസുകൾ കൈകാര്യം ചെയ്യാൻ സുഭ സമയം കണ്ടെത്തും. ഏഴു വർഷത്തിലധികം ഡാൻസ‌് പഠിച്ച സുഭ ഇടയ‌്ക്കൊക്കെ അതും പൊടി തട്ടിയെടുക്കാൻ ശ്രമിക്കാറുണ്ട‌്. പാരമ്പര്യ വഴിയിൽ ആരും ഇല്ലാത്ത തൊഴിൽ ഇടത്തിൽ വിജയിച്ചതിന‌് പിന്നിൽ സുഭയുടെ കുടുംബത്തിന്റെ കൈത്താങ്ങ്‌ ഏറെ പ്രധാനം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top