19 April Friday

ബുട്ടിനും തീപിടിക്കുന്നു ; നാമക്കുഴി പെരുമയിൽ

ആർ സാംബൻUpdated: Tuesday Oct 9, 2018

മെസ്സിയുടെ പേരെഴുതിയ പത്താം നമ്പർ ജഴ്സിയണിഞ്ഞ് നാലാംക്ലാസുകാരൻ യാദവ് മനോജ് സ്വപ്നങ്ങൾ കാണുകയാണ്. കാലുകളിൽ അഗ്നി നിറച്ച്  ഫുട്ബോൾ ലോകം കീഴടക്കണമെന്ന സ്വപ്നം പങ്കിടാൻ കൂട്ടുകാരായ  അഭിരാമും നബീലും മാത്രമല്ല കോളേജ് വിദ്യാർഥികൾ വരെ അവനൊപ്പമുണ്ട്. നാമക്കുഴിയിലെ റോളർ സ്പോർട്സ് അസോസിയേഷൻ  വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പിൽ, നാമക്കുഴിയുടെ പൈതൃകം പേറുന്ന  സഹോദരിമാരും കാവ്യയും അക്ഷരയും പുതിയ നക്ഷത്രങ്ങളെ കണ്ടെത്താനുള്ള തിരക്കിലാണ്. എല്ലാത്തിനും ഊർജം പകർന്ന് കായിക ഗുരുനാഥൻ ജോമോൻ ജേക്കബും കൂടെയുണ്ട്.

സ്മാഷുകളുടെ ഇടിമുഴക്കത്തിലൂടെ വനിതാ വോളിബോളിനെ ഉണർത്തിയ നാമക്കുഴി സഹോദരിമാരുടെ നാട്ടിൽ നിന്നാണ് ഫുട്ബോളിലെ ഈ വനിതാ പരിശീലകരുടെയും വരവ്.   സഹോദരിമാരായ കെ എം ശ്രീദേവിയും കെ എം ശ്രീവിദ്യയും  വെള്ളൂർ വാമനസ്വാമി ക്ഷേത്രത്തിൽ മാലകെട്ടി ഉപജീവനം നടത്തുന്ന മുരളീധരവാര്യരുടെയും ബാലാമണിയുടെയും മക്കളാണ്.  മേസ്തിരിപണിക്കാരന്റെ മകളാണ് കാവ്യ. അക്ഷരയാവട്ടെ, നട്ടെല്ലിന് പരിക്കേറ്റ് കിടപ്പുരോഗിയായ ഷാപ്പ് ജീവനക്കാരൻ അനിൽകുമാറിന്റെ മകൾ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഈ കുടുംബങ്ങളിലെ കുട്ടികൾ ഫുട്ബോളിന്റെ ലോകത്തെത്തിയത് യാദൃച്ഛികമായാണ്.

റോളർബാസ്ക്കറ്റ് ബോൾ പരിശീലകനായി അൺഎയ്ഡഡ്സ്കൂളുകളിൽ കറങ്ങി നടന്ന ജോമോൻ ജേക്കബ്, വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കുളിൽ  കായികാധ്യാപകനായി എത്തിയതോടെയാണ് എല്ലാത്തിനും തുടക്കം. സ്കൂളിൽ ആൺകുട്ടികളുടെ ഫുട്ബോൾ ടീമിനെ വാർത്തെടുക്കലായിരുന്നു ആദ്യ വർഷങ്ങളിൽ ജോമോന്റെ ജോലി. ദാരിദ്ര്യം വേട്ടയാടുന്ന കുടുംബങ്ങളിൽനിന്നുള്ള കുരുന്നുകൾ ഫുട്ബോളിന്റെ ലോകത്തേക്ക് ചുവടുവച്ചു. അതിലൊരാളായ അമൽ ബാബു അഖിലേന്ത്യാ തലത്തിലേക്ക് എത്തുകയും ചെയ്തതോടെ പെൺകുട്ടികളുടെ ടീമിനെയും കെട്ടിപ്പടുക്കണമെന്ന ആഗ്രഹത്തിലായി ജോമോൻ.

പന്ത് കാണുമ്പോൾ പേടിച്ചുമാറിയിരുന്ന പെൺകുട്ടികളെ കളിക്കളത്തിലിറക്കുന്നത് ചെറിയ കാര്യമല്ലായിരുന്നു. വോളിബോളിൽ നാമക്കുഴി സഹോദരിമാർ രചിച്ച വീരഗാഥകളായിരുന്നു ജോമോന്റെ വജ്രായുധം. 70കളിൽ ജോർജ് വർഗീസ് എന്ന കായികാധ്യാപകൻ നാമക്കുഴി സഹോദരിമാരെ വോളിബോൾ കോർട്ടിലിറക്കാൻ നേരിട്ട വെല്ലുവിളികൾ ജോമോന് നന്നായി അറിയാം. അതിൽപ്പെട്ട പി കെ ഏലിയാമ്മയുടെയും വി കെ സാറാമ്മയുടെയും സഹോദരൻകൂടിയാണ് ജോമോൻ.
എതിർ കോർട്ടുകളെ കിടിലം കൊള്ളിച്ച വെടിയുണ്ടകളുതിർത്ത  കെ സി ഏലമ്മ, വി കെ ലീല, എം എൻ അമ്മിണി, പി സി ഏലിയാമ്മ, വി വി അന്നക്കുട്ടി, പി കെ ലീലാമ്മ എന്നിവരുടെ ചിത്രങ്ങൾകൂടി പെൺകുട്ടികളുടെ ഹൃദയത്തിൽ ചേക്കേറിയതോടെ ജോമോന്റെ സ്വപ്നം പൂവണിഞ്ഞു.

നേട്ടങ്ങളുടെ നെറുകയിലേക്കായി പിന്നീട് പ്രയാണം. സ്കൂൾ പഠനം പൂർത്തിയാക്കി പോകുന്നവരെക്കുടി ഉൾക്കൊള്ളാനായി ബ്ളോക്ക് പഞ്ചായത്ത് അംഗം ടി എം വേണുഗോപാലിന്റ സഹായത്തോടെ വെള്ളൂരിൽ വനിതാ സ്പോട്സ് അക്കാദമിക്കും ജോമോൻ രൂപം നൽകി. ലക്ഷ്മിക റാവു, അഞ്ജന എം ബാബു തുടങ്ങിയവർക്കു പിന്നാലെ കാവ്യയും അക്ഷരയും ശ്രീവിദ്യയും ശ്രീദേവിയും എല്ലാം ജോമോന്റെ കണ്ടുപിടുത്തങ്ങളായി.

മേസ്ത്തിരിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന മനോജിന്റെ മകളായ കാവ്യ ആറാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ക്യാമ്പിലെത്തിയത്. ദേശീയ ഹോക്കിതാരം കൂടിയാണ് ഇപ്പോൾ കാവ്യ.
സഹോദരിമാരിൽ

ഇളയവളായ ശ്രീവിദ്യയാണ് ആദ്യം ബൂട്ടണിഞ്ഞത്. അഖിലേന്ത്യാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നു തവണ കേരളത്തിന്റെ ജഴ്സിയണിഞ്ഞു. എം ജി സർവകലാശാല ടീം അംഗവുമാണ്. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ശ്രീവിദ്യ ക്യാമ്പിലെത്തിയതെങ്കിൽ ചേച്ചി ശ്രീദേവിയുടെ ഊഴമെത്തിയത് ഒമ്പതിൽ പഠിക്കുമ്പോൾ. തുടർന്ന്, സായ് സ്കൂളിൽ ചേർന്ന ശ്രീദേവി അന്തർ സർവകലാശാല ഫുട്ബോൾ താരമായി വളർന്നു. സംസ്ഥാന ഹോക്കി ടീമിലും അംഗമാണ്.

ഏഷ്യൻചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടുതവണ പങ്കെടുത്തിട്ടുള്ള അക്ഷര ഏഴുവട്ടം ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് നിരവധി ഗോളുകളും നേടിയിട്ടുണ്ട്. വിവിധ ക്യാമ്പുകളിൽ പരിശീലിക്കുന്നതിനൊപ്പം അടുത്ത ഏഷ്യൻചാമ്പ്യൻഷിപ്പിലേക്ക് തീവ്രപരിശീലനം നേടുന്നതിന് സ്പോൺസറെ കാത്തിരിക്കുകയാണ് ഇപ്പോൾ.

ഗുരുവിന്റെ പാതയിൽ കുരുന്നുകളെ സൗജന്യമായി പരിശീലിപ്പിക്കാൻ ശിഷ്യകളും ഇറങ്ങുകയായിരുന്നു. റോളർ സ്കേറ്റിങ്ങ് അസോസിയേഷൻ നാമക്കുഴി നേരത്തെ വൈക്കം കുലശേഖരമംഗലത്തും ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.  നാമക്കുഴിയിയിലെയും വെള്ളൂരിലെയും ക്യാമ്പുകൾക്കു പുറമേയാണിത്. ഏറ്റവും ഒടുവിലായി വഴിത്തലയിൽ സീക്കോ ക്ലബിന്റെ സഹകരണത്തോടെയാണ് വഴിത്തലയിലെ ക്യാമ്പ്. സായ് നൽകുന്ന ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പരിശീലനം നേടാൻ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാർഥികളാണ് എത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top