30 June Thursday

അമ്പതിനായിരം കുഞ്ഞുങ്ങളുടെ ഡോക്ടറമ്മ

ബിജി ബാലകൃഷ്ണൻUpdated: Tuesday Jul 9, 2019

കേരളത്തിൽ രോഗനിർണ്ണയ രംഗത്തും ആരോഗ്യപരിപാലന രംഗത്തുംഅനവധി നേട്ടങ്ങൾ കൈവരിച്ചതിനു പിന്നിൽ പ്രഗൽഭരായ ഡോക്ടർമാരും നഴ്സു‌മാരുമടക്കമുള്ളവരുടെ ത്യാഗനിർഭരമായ പ്രവർത്തനമുണ്ട്‌.   ഇന്ത്യൻ വൈദ്യശാസ്‌ത്രത്തിനുതന്നെ  അഭിമാനമായ മലയാളി വനിത ഡോ. എം സുഭദ്രാ നായരുടേത്‌   ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട വ്യക്തിത്വമാണ്‌.  ഇരിങ്ങാലക്കുട സ്വദേശിയാണ്‌ ഈ ഈ തൊണ്ണൂറുകാരി ഗൈനക്കോളജിസ്‌റ്റ്‌.

തന്റെ അനുഭവങ്ങളെ കോർത്തിണക്കി 'ഇൻഫെർട്ടിലിറ്റി' എന്ന പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ആതുരസേവന രംഗത്തും സാമൂഹ്യ സേവന രംഗത്തുമുളള സേവനം  പരിഗണിച്ച് 2014ൽ  പദ്മശ്രീ നൽകി. പദ്മ ബഹുമതി നേടിയ ആദ്യ ഗൈനക്കോളജിസ്‌റ്റ്‌.   "ഗാന്ധിയൻഅനുഭാവിയായ അമ്മ മാധവിയമ്മയിൽ നിന്നുള്ള പ്രചോദനമാണ് ഈ രംഗത്ത് ശോഭിക്കുവാൻ കാരണമാക്കിയത്.ഗാന്ധി കൊച്ചിയിലേക്ക് കാൽകുത്തിയതു മുതൽ ഗാന്ധിയോടൊപ്പമുള്ള പ്രവർത്തനങ്ങളിൽ സജീവമായി ചർക്കയിൽ നിന്നുള്ള നൂൽ കൊണ്ടു നൂറ്റ വസ്ത്രങ്ങളാണ് അമ്മ മരണം വരെ ധരിച്ചിരുന്നത്. മക്കൾക്കും നെയ്ത്ത് പഠിപ്പിച്ചു കൊടുത്തു.  മൂന്ന് വയസ്സുള്ളപ്പോൾ തന്നെ അച്ഛൻ മരിച്ചു . പിന്നെയുള്ള കാര്യങ്ങൾ നോക്കിയത് അമ്മയാണ്. രണ്ട് സഹോ ദരൻമാർ. ഒരാൾ ഡയബറ്റോളജിസ്റ്റ്റ്റും മറ്റെയാൾ കെമിസ്റ്റും. സർക്കാർ സർവീസുകാരിയായ അമ്മയുടെ മാറ്റം അനുസരിച്ച്  വ്യത്യസ്ത സ്കൂളിൽ പഠിക്കേണ്ടി വന്നു.ആലുവ യു സി കോളേജിലും മഹാരാജാസിലും പഠിച്ചു. മഹാരാജാസിൽ നിന്ന് ഡിഗ്രി പാസായി മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.തുടർന്ന് ലക്‌നോ യിൽ നിന്ന് ഗൈനക്കോളജിയിൽ  പി ജി . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 22 വർഷ  സേവനം ചെയ്തു.  ട്യൂട്ടറായിട്ടാണ് ജോലിയിൽ പ്രവേശിച്ച്  വകുപ്പ് മേധാവിയായി വിരമിച്ചു. ഇപ്പോൾ കോസ് മോപോളിറ്റൻ ആശുപത്രിയുടെ  ചെയർപേഴസണാണ്‌. 

" ഏകദേശം അൻപതിനായിരം കുട്ടികളുടെ പിറവി ഈ ഡോക്ടറുടെ കൈകളിലൂടെ കടന്നുപോയി.  തികഞ്ഞ ലാളിത്യവും ആശയബോധവും ഉള്ള ഇവർ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. നിർധനരായ രണ്ടു ലക്ഷത്തോളം രോഗികൾക്ക് സൗജന്യ ഡയാലിസ് നടത്തി. നവജീവനം സൗജന്യ ഡയാലിസിസ് യൂണിറ്റ് അതിനുവേണ്ടി പ്രവർത്തിക്കുന്നു. അഭയ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനം ആദ്യകാലത്ത് തുടങ്ങിയിരുന്നു. അതിനു ശേഷം സായി നികേതൻ എന്ന പേരിൽ ചിൽഡ്രൻസ് ഹോം തുടങ്ങി. തുടർന്ന് സായൂജ്യം ഓൾഡേജ് ഹോമും . ഏത് പ്രായത്തിലുള്ളവരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും സത്യസായി വിദ്യാമന്ദിർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്ക് വേണ്ടി സായി കെയർ ഹോമും നിലവിലുണ്ട്. രണ്ട് പെൺമക്കളാണ് ഉള്ളത് ആശയും ശാന്തിയും. ആശ യു കെ യിൽ ഡോക്ടറാണ്. ശാന്തി തിരുവനന്തപുരത്ത്  സാമൂഹ്യ പ്രവർത്തക. ഡോക്ടറുടെ ഭർത്താവ് കേരള പോലീസിലെ ഉദ്യോഗസ്ഥനായിരുന്നു. വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ട്  തൊ ണ്ണൂറാം വയസ്സിലും ജോലി ചെയ്യുന്ന ഡോക്ടർ  ഇടവേളകളിൽ വായനക്കും എഴുത്തിനും സമയം കണ്ടെത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top