25 September Sunday

ലോക കുതിപ്പിന്‌ ഈ സ്വർണ്ണപ്പറവകൾ

ജിജോ ജോർജ്‌Updated: Sunday Dec 8, 2019


ഡൽഹിയിൽനിന്ന്‌ പാരീസിലേക്ക്‌ 6560 കിലോമീറ്ററുണ്ടെന്നാണ്‌ ഗൂഗിൾ കണക്ക്‌. 2024ലെ ഒളിമ്പിക്‌സിന്‌ വേദിയാകുന്ന പാരീസിലേക്ക്‌ പോകാൻ അപർണ റോയിക്കും സാന്ദ്ര ബാബുവിനും എം ജിഷ്‌ണയ്‌ക്കും ഏതാനും ചുവടുകൂടി വച്ചാൽ മതി.  അതിനുള്ള ആദ്യ കാൽവയ്‌പായിരുന്നു നേപ്പാളിലെ കാഠ്‌മണ്ഡുവിൽ നടന്ന സൗത്ത്‌ ഏഷ്യൻ ഗെയിംസ്‌(സാഫ്‌).

ഇന്നലെവരെ സ്‌കൂൾ കായികമേളകളിലെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്ന ഈ മലയാളിപ്പെൺകുട്ടികൾ രാജ്യാന്തര തലത്തിലേക്കുള്ള വരവറിയിച്ചു. സാഫ്‌ ഗെയിംസിൽ മൂവരും മെഡൽ നേടി. പി ടി ഉഷക്കും അഞ്‌ജുബോബി ജോർജിനും ശേഷം ലോക കായികവേദികളിലേക്ക്‌ കുതിക്കാനുള്ള ഒരുക്കത്തിലാണ്‌ ഈ പുതിയ താരങ്ങൾ.

ജിഷ്‌ണ ഹൈജമ്പിൽ(1.73മീറ്റർ) പൊന്നണിഞ്ഞപ്പോൾ അപർണ 100 മീറ്റർ ഹർഡിൽസിൽ(14.13 സെ) വെള്ളിയും സാന്ദ്ര ലോങ്‌ജമ്പിൽ(6.02മീറ്റർ) വെങ്കലവും സ്വന്തമാക്കി. കാഠ്‌മണ്ഡുവിലെ ദശരഥ്‌ രംഗശാല സ്‌റ്റേഡിയത്തിൽ അത്ഭുതങ്ങളൊന്നും ഇവർ കാട്ടിയില്ല. പക്ഷേ പ്രതിഭയുടെ മിന്നലാട്ടം കാണാനായി. ലോക വേദികളിൽ തിളങ്ങാൻ കെൽപ്പുള്ളവരാണ്‌ മൂവരുമെന്ന്‌ കായിക വിദഗ്‌ധർ പറയുന്നു. സ്‌കൂൾ മീറ്റുകളിൽനിന്ന്‌ മാറി രാജ്യാന്തര വേദിയിൽ മാറ്റുരയ്‌ക്കാൻ പോയതിന്റെ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. സീനിയർ തലത്തിലെ ആദ്യ രാജ്യാന്തര മേളയിൽ മെഡൽ നേടാൻ കഴിഞ്ഞ സന്തോഷത്തിലാണ്‌ മൂവരും. ഇന്ത്യയുടെ ഒളിമ്പിക്‌സ്‌ മെഡൽ എന്ന വലിയ സ്വപ്‌നത്തിന്‌ നിറം പകരാൻ ഇവർക്ക്‌ കഴിയുമെന്ന്‌ പ്രതീക്ഷിക്കാം.

അപർണ റോയി

സ്‌കൂൾ കായികമേളകളിൽ ഹർഡിൽസുകൾക്ക്‌ മീതെ അനായാസം പറന്നിരുന്ന അപർണ റോയിക്ക്‌ വേഗപ്പറവ എന്ന വിശേഷണമാണ്‌ മാധ്യമങ്ങൾ ചാർത്തി നൽകിയത്‌. പരിചയ സമ്പന്നരായ താരങ്ങൾക്കൊപ്പം മത്സരിച്ചാണ്‌ ഈ പതിനെട്ടുകാരി സാഫ്‌ ഗെയിംസിൽ വെള്ളി മെഡൽ നേടിയത്‌. ദേശീയ സ്‌കൂൾ, ജൂനിയർ, യൂത്ത്‌ മേളകളിലെ പെൺകുട്ടികളുടെ ഹർഡിൽസിലെ റെക്കോഡുകളെല്ലാം സ്വന്തം പേരിൽ കുറിച്ച ചരിത്രമാണ്‌ അപർണക്കുള്ളത്‌. ബാങ്കോക്കിൽ നടന്ന ഏഷ്യൻ യൂത്ത്‌ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. ലോക സ്‌കൂൾ കായികമേളയിലും പങ്കെടുത്തു.

കോഴിക്കോട്‌ പൂല്ലൂരാംപാറ മലബാർ സ്‌പോർട്‌സ്‌ അക്കാദമിയിലെ ടോമി ചെറിയാന്റെ കീഴിൽ പരിശീലനം തുടങ്ങി. നിലവിൽ തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിനിയായ അപർണ സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ പരിശീലകനായ പി ബി ജയകുമാറിന്റെ കീഴിലാണ്‌ പരിശീലനം. 100 മീറ്റർ ഹർഡിൽസിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന അപർണയെ രാജ്യാന്തര തലത്തിലെ കൂടുതൽ മെഡൽ സാധ്യത കണക്കിലെടുത്ത്‌ 400 മീറ്റർ ഹർഡിൽസിലേക്ക്‌ മാറ്റുന്ന കാര്യവും പരിശീലകരുടെ പരിഗണനയിലുണ്ട്‌. ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക്‌ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്ന മത്സരയിനങ്ങളിലൊന്നാണ്‌ 400 മീറ്റർ ഹർഡിൽസ്‌. കോഴിക്കോട്‌ കൂടരഞ്ഞിയിലെ അധ്യാപക ദമ്പതിമാരായ ഓവേലിൽ റോയിയുടെയും ടീനയുടെയും മകളായ അപർണ ഫുട്‌ബോളിലൂടെയാണ്‌ കായിക രംഗത്തേക്ക്‌ വന്നത്‌.

എം ജിഷ്‌ണ

രാജ്യാന്തര തലത്തിലെ ആദ്യ മേളയിൽ തന്നെ സ്വർണം നേടാൻ കഴിഞ്ഞത്‌ ജിഷ്‌ണയുടെ കരിയറിലെ വലിയ നേട്ടമായി. 1.73 മീറ്റർ ഉയരമാണ്‌ ജിഷ്‌ണ താണ്ടിയത്‌. 2012ൽ സഹനകുമാരി സ്ഥാപിച്ച 1.92 മീറ്ററാണ്‌  ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ ഉയരം മറികടക്കാൻ ഏറെ താമസിയാതെ ജിഷ്‌ണയ്‌ക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഉയരത്തോട്‌ മത്സരിക്കാൻ കൊതിക്കുന്ന ഈ പെൺകുട്ടിയുടെ  കരിയറിലെ മികച്ച പ്രകടനം 1.74 ആണ്‌.

കല്ലടി എംഇഎസ്‌ കോളേജിലെ ഒന്നാം വർഷ ബിഎ ചരിത്ര വിദ്യാർഥിനിയാണ്‌. കുമരംപുത്തൂർ കല്ലടി സ്‌കൂളിലെ കായിക അധ്യാപകനായ രാമചന്ദ്രനാണ്‌ പരിശീലകൻ. പാലക്കാട‌് നെന്മാറ തേവർകണ്ടി പാറക്കൽ രമയുടെയും മോഹനന്റെയും മകളാണ‌്.സാന്ദ്ര ബാബു

ലോങ്‌ജമ്പ്‌ പിറ്റിൽനിന്ന്‌ രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പേരാണ്‌ സാന്ദ്ര ബാബുവിന്റെത്‌. സ്‌കൂൾ പഠന കാലത്താണ്‌ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആറ്‌ മീറ്ററിലധികം ദൂരം താണ്ടി കായിക ലോകത്തേക്കുള്ള വരവറിയിച്ചത്‌. ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ലോങ്‌ജമ്പ്‌ താരമായ അഞ്‌ജു ബോബി ജോർജിന്റെ കരിയറിലെ മികച്ച ദൂരം 6.83 മീറ്ററാണ്‌. പതിനെട്ട്‌ വയസ്സ്‌ മാത്രമുള്ള സാന്ദ്രക്ക്‌ നിരന്തര പരിശീലനത്തിലൂടെ ഈ ദൂരം അനായാസം മറികടക്കാനാവുമെന്നാണ്‌ വിലയിരുത്തൽ.

രാജ്യാന്തര താരങ്ങളായ അഞ്‌ജു ബോബി ജോർജ്‌, ബോബി അലോഷ്യസ്‌ അടക്കമുള്ള താരങ്ങളുടെ പരിശീലകനായ ടി പി ഔസേഫിന്റെ കീഴിലാണ്‌ സാന്ദ്രയുടെ പരിശീലനമെന്നതും നേട്ടമാണ്‌. കണ്ണൂർ കേളകം തയ്യുള്ളതിൽ ബാബുവിന്റെയും മിസ്‌റയുടെയും മകളാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top