17 April Wednesday

ക്യാമ്പസിന്റെ അഭിമാനമായി 'ത്രീവുമണ്‍ ആര്‍മി'

ശ്രീരാജ് ഓണക്കൂര്‍Updated: Wednesday Mar 8, 2017

കൊല്ലം > പവിത്രയും ശ്രീലക്ഷ്മിയും റിയയും ഉറ്റ ചങ്ങാതിമാരാണ്. ചവറയില്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ ബസ് ജീവനക്കാരോട് ശക്തമായി പ്രതികരിച്ച് അവരെ പൊലീസ് സ്റ്റേഷന്‍ കാണിച്ചയാളാണ് പവിത്ര. ശ്രീലക്ഷ്മി അര്‍ബുദ രോഗികള്‍ക്ക് തന്റെ തലമുടി ദാനം ചെയ്ത് മറ്റ് വിദ്യാര്‍ഥികള്‍ക്ക് സ്വയം മാതൃകയായി. ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ ചരിത്രത്തിലുണ്ടായ അപൂര്‍വം ചെയര്‍പേഴ്സണ്‍മാരുടെ പട്ടികയിലാണ് റിയയുടെ സ്ഥാനം. 

കലാലയ രാഷ്ട്രീയമാണ് മൂന്നു പേരെയും സൌഹൃദ വലയത്തിലെത്തിച്ചത്. ജില്ലയിലെ പ്രധാന കോളേജുകളിലെ എസ്എഫ്ഐ ചെയര്‍പേഴ്ണ്‍മാരാണ് ഈ മൂന്നു മിടുക്കികളും. എസ്എഫ്ഐ പഠനക്യാമ്പിലാണ് ആദ്യമായി പരസ്പരം കണ്ടുമുട്ടുന്നത്. ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നില നിര്‍ത്തണമെന്നും ന്യൂനതകളുള്ള നിലവിലെ സെമസ്റ്റര്‍ സമ്പ്രദായം പൊളിച്ചെഴുതണമെന്നും വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ശബ്ദമുയര്‍ത്താതെ സമൂഹത്തിലിറങ്ങി പ്രതികരിക്കാന്‍ തയ്യാറാകണമെന്നും മൂവരും ഒരേ സ്വരത്തില്‍ പറയുന്നു.

ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണാണ് ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി അഞ്ചുകല്ലുംമൂട് തേന്‍മൂട്ട്മഠത്തില്‍ യു പവിത്ര.  കോളേജില്‍ എസ്്എഫ്ഐ ഇത്തവണ എതിരില്ലാതെയാണ് തെരഞ്ഞടുക്കപ്പെട്ടത്. ക്യാമ്പസുകളില്‍ സംഘടിക്കാനുള്ള സ്വാതന്ത്യ്രം കുറഞ്ഞു വരികയാണെന്ന അഭിപ്രായക്കാരിയാണ് പവിത്ര. സര്‍ക്കാര്‍ കോളേജിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ ചെയര്‍പേഴ്സണ്‍.

കോളേജിന്റെ സ്ഥലത്ത് ജൈവപച്ചക്കറിത്തോട്ടം ഉണ്ടാക്കി വിളവെടുക്കാന്‍ കഴിഞ്ഞു. കീമോ തെറാപ്പി കഴിഞ്ഞ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്യുന്നതിന് വിദ്യാര്‍ഥിനികളെ സന്നദ്ധരാക്കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. കോളേജ് മാഗസിനില്‍ ഇത്തവണ ദളിതര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കിയാണ് മാഗസിന്‍ ഒരുക്കുന്നത്.

വിദ്യാര്‍ഥികള്‍ സ്വന്തം കാര്യം മാത്രം നോക്കി 'അവനവനിസ'ത്തിലേയ്ക്ക് ഒതുങ്ങുന്ന കാലത്തെക്കുറിച്ചാണ് എസ് എന്‍ വുമണ്‍സ് കോളേജ് ചെയര്‍പേഴ്സണ്‍ മരുത്തടി മണിയന്റഴികത്ത് വീട്ടില്‍ ശ്രീലക്ഷ്മി എസ് ദാസിന് പറയാനുള്ളത്.

രാഷ്ട്രീയം വിലക്കുന്ന അവസ്ഥയാണ് പല ക്യാമ്പസുകളിലുമുള്ളത്. ആര്‍ട്സ് മത്സരങ്ങളില്‍ അധ്യാപകരുടെ പങ്കാളിത്തം കുറഞ്ഞു വരുന്നു. ആരെങ്കിലും കൊടി പിടിച്ചു പോയാല്‍ അധ്യാപകര്‍ വീട്ടിലറിയിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ശ്രീലക്ഷ്മി. ക്യാമ്പസിനെ പ്ളാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതിയ്ക്ക് ശ്രീലക്ഷ്മി തുടക്കം കുറിച്ചിട്ടുണ്ട്. ജൂണില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടി നടത്താനും പദ്ധതിയുണ്ട്.

ഫാത്തിമ മാതാ കോളേജിലെ ചെയര്‍പേഴ്സണായ കടപ്പാക്കട പനയ്ക്കല്‍ വീട്ടില്‍ റിയാ മേരി ജോജോയ്ക്ക് കോളേജില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വത്തെക്കുറിച്ചാണ് പറയാനുള്ളത്. ലെഗിങ്സ്, ജീന്‍സ് തുടങ്ങിയ വേഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന രീതിയോട് റിയയ്ക്ക് എതിര്‍പ്പാണ്. പെണ്‍കുട്ടികള്‍ക്ക് ഇരിക്കാന്‍ കോളേജില്‍ പ്രത്യേകം സ്ഥലം നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍, ക്യാമ്പസിനകത്ത് ചില സ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ ഇരിക്കരുതെന്ന് അടക്കമുള്ള വിലക്കുകള്‍ക്ക് താന്‍ എതിരാണെന്നും റിയ നയം വ്യക്തമാക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top