19 April Friday

ഒരമ്മ പെറ്റതെല്ലാം ഡോക്ടർ കുട്ടികൾ

ആർ സ്വാതിUpdated: Sunday Nov 7, 2021


2014ലെ ആ രാത്രി സൈനയ്‌ക്ക്‌ ഒരിക്കലും മറക്കാൻ പറ്റില്ല. നാദാപുരം താഴെ വയലിൽ പുതിയോട്ടിൽ ഹൗസിലെ സൈനയെയും  ആറു മക്കളെയും തനിച്ചാക്കി അന്നാണ് ഭർത്താവ് അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടി മരിക്കുന്നത്. അന്ന്,  പ്രവാസജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയിട്ട് രണ്ടുവർഷംമാത്രം. ആറും പെൺമക്കൾ. ഡോക്ടർമാരായ മൂത്ത രണ്ടുപേരുടെ വിവാഹം കഴിഞ്ഞു. രണ്ടുപേർ എംബിബിഎസിന് പഠിക്കുന്നു.  ഇളയ രണ്ടുപേർ സ്‌കൂൾ വിദ്യാർഥികൾ.
‘പെൺകുട്ടികളല്ലേ, മറ്റൊരു വീട്ടിലേക്ക് കയറിച്ചെല്ലേണ്ടതല്ലേ. അത്യാവശ്യം ക്ലീനിങ്ങും കുക്കിങ്ങും പഠിപ്പിക്കാം' എന്ന തിയറിയിൽ അഞ്ചാംക്ലാസ് വിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന  ഉമ്മയ്‌ക്ക്‌ വിശ്വാസമില്ല.

ഭർത്താവിനൊപ്പം 30 വർഷം നീണ്ട ഖത്തർ ജീവിതത്തിൽ പകർന്നുകിട്ടിയ പാഠങ്ങളായിരുന്നു കെെമുതൽ. ഭർത്താവിന്റെ വിയോഗത്തിൽ പകച്ചിരിക്കാതെ മക്കളെ പഠിപ്പിക്കാൻതന്നെ സെെന ഉറച്ചു. വർഷങ്ങൾക്കിപ്പുറം നിറം മങ്ങാൻ സമ്മതിക്കാതെ ചേർത്തുനിർത്തിയ ജീവിതത്തെ നോക്കി ചിരിക്കുകയാണ് സൈന. കൂടെ  നിശ്ചയദാർഢ്യത്തിൽ ഉമ്മ വിരിയിച്ചെടുത്ത ആറു പെൺ ഡോക്ടർമാരും.

പന്ത്രണ്ടാം വയസ്സിലായിരുന്നു സൈനയുടെ വിവാഹം. ഭർത്താവ് അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടി ബാപ്പയുടെ സഹോദരിയുടെ മകൻകൂടിയാണ്. ഖത്തറിൽ പെട്രോളിയം കമ്പനിയിലായിരുന്നു ഭർത്താവിന് ജോലി. പഠിക്കാൻ മിടുക്കിയായിട്ടും വിവാഹത്തോടെ  പഠനം മുടങ്ങി. ആ  നൊമ്പരം ഖത്തറിലെ പൊടിക്കാറ്റിനൊപ്പം ചിലപ്പോൾ  ചൂളമിട്ടെത്തും. അന്ന് ആശ്വാസമായത് ഭർത്താവിന്റെ സാന്നിധ്യം. നല്ല വായനക്കാരനായ അദ്ദേഹത്തിലൂടെയാണ് പിന്നെ സൈന ലോകം കണ്ടത്. ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറത്ത് വേറെയും പാഠങ്ങൾ ജീവിതത്തിലുണ്ടെന്ന് മൂന്നു പതിറ്റാണ്ടിന്റെ അനുഭവങ്ങളിലൂടെ അറിഞ്ഞു. വർഷത്തിലൊരിക്കൽ ലീവിന് നാട്ടിൽ വന്ന് പോകുമെന്നതിനപ്പുറം നാടുമായി വലിയ ബന്ധമില്ല. തിരക്കേറിയ പ്രവാസജീവിതത്തിന് കൂട്ടായി ഫാത്തിമ, ഹാജറ, ആയിഷ, ഫായിസ, റെയ്ഹാന, അമീറ എന്നിങ്ങനെ ആറു പെൺകുരുന്നുകൾ. പുസ്‌തകങ്ങളോടുള്ള തന്റെ ഇഷ്ടം ബാപ്പ മക്കളിലേക്കും പകർന്നു. മക്കൾ  സ്‌കൂളിൽ പോയാൽ സൈന തന്റെ ലോകത്താകും. തന്റെ അനുഭവം മക്കൾക്കുണ്ടാവരുതെന്ന വാശിയായിരുന്നു സൈനയ്‌ക്ക്‌. പഠിക്കേണ്ടതിന്റെയും ജോലി നേടേണ്ടതിന്റെയും പ്രാധാന്യം ബാപ്പയും ഉമ്മയും മക്കൾക്ക് പകർന്നുകൊടുത്തു.

വൈകുന്നേരങ്ങളിൽ വിശ്രമിക്കുന്ന സമയം കുടുംബാംഗങ്ങളൊക്കെ ഒരുമിച്ചിരിക്കും. അതായിരുന്നു മക്കൾക്ക് വിലമതിക്കാനാകാത്ത സമയം. നല്ല മനുഷ്യരായി വളരാനും സ്വന്തംകാലിൽ നിൽക്കാനുമുള്ള വിള പാകലായിരുന്നു ഈ സായാഹ്‌നങ്ങൾ. തങ്ങളിലെ മനുഷ്യരെ രൂപപ്പെടുത്തുന്നതിൽ  ഇത്തരം സമയങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് സൈനയുടെ രണ്ടാമത്തെ മകൾ ഡോ. ഹാജറ സാക്ഷ്യപ്പെടുത്തുന്നു.

മക്കളെ ഡോക്ടറാക്കണമെന്നത് സൈനയുടെയും ഭർത്താവിന്റയും ആഗ്രഹവും തീരുമാനവുമായിരുന്നു. നാടിനെ സേവിക്കുന്ന തൊഴിലായിരിക്കണം മക്കൾക്കെന്ന നിർബന്ധം ഇരുവർക്കുമുണ്ടായിരുന്നു. ബാപ്പയും ഉമ്മയും കാണിച്ച വഴിയേ നടന്ന ആറു മക്കൾക്കും അത് പൂർണസമ്മതം. മൂത്ത മക്കളായ ഫാത്തിമയും ഹാജറയും ഡോക്ടർമാരായശേഷമാണ് പ്രവാസജീവിതം മതിയാക്കി സൈനയും അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടിയും  നാട്ടിലെത്തുന്നത്.   സ്വസ്ഥമായ നാട്ടുജീവിതം സ്വപ്‌നം കണ്ടുതുടങ്ങി ഏറെനാൾ കഴിഞ്ഞില്ല. നിനച്ചിരിക്കാതെ ആ ദുരന്തം സൈനയുടെ ജീവിതത്തിലുണ്ടായി, ഭർത്താവിന്റെ മരണം. 

ജീവിതം  അനിശ്ചിതമായി പരന്നുകിടക്കുമ്പോഴും സൈന കുലുങ്ങിയില്ല. സ്വപ്‌നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാതെ മക്കളുടെ പഠനം എന്ന ലക്ഷ്യത്തിനായി ജീവിച്ചു. ആറു ഡോക്ടർമാരെ നാടിന്‌ നൽകിയ ഉമ്മ എന്ന നിലയിൽ ഇന്ന്‌ അഭിനന്ദനങ്ങളേറ്റുവാങ്ങുമ്പോൾ പാതിയായ പഠനത്തിന്റെ നൊമ്പരത്തെ ആറു പെൺമക്കളിലൂടെ കെടുത്തുകയാണ്‌ സൈന.

മൂത്ത മകൾ ഡോ. ഫാത്തിമ അബുദാബിയിൽ ഇന്റേണൽ മെഡിസിൻ ചെയ്യുകയാണ്‌. മറ്റു മക്കളായ ഡോ. ഹാജറ യുഎഇയിൽ ദന്തഡോക്ടർ,  ഡോ. ആയിഷ കൊടുങ്ങല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ, ഡോ. ഫായിസ ചെന്നൈയിൽ. അവസാനത്തെ രണ്ടു മക്കളായ റെയ്‌ഹാനയും അമീറയും എംബിബിഎസ്‌ വിദ്യാർഥികളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top