20 April Saturday

പാടുകയാണ് രൂപയുടെ വയലിന്‍; സംഗീതമേ ജീവിതം

ശ്രീരാജ് ഓണക്കൂർUpdated: Wednesday Dec 6, 2017

 

''വയലിൻ വായിക്കുമ്പോൾ നിങ്ങൾ അതിലൂടെ ഒരു കഥ പറയുകയാണ്.'' ലോകപ്രശസ്ത വയലിനിസ്റ്റ് ജോഷ്വ ഡേവിഡ് ബെല്ലിന്റെ വാക്കുകളിലൂടെ രൂപ രേവതിയെന്ന ചെറായിക്കാരിയെ പരിചയപ്പെടാം. മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ രൂപയുടെ കൈവിരലിന്റെ തഴുകലേറ്റ് കഥകളായി ഹൃദയത്തോട് ചങ്ങാത്തം കൂടുന്നു. നനുത്ത മഴയും കുളിർമഞ്ഞും മനസ്സിന് പകരുന്ന അതേ അനുഭൂതി. രൂപ വയലിൻ വായിക്കുകയല്ല. വയലിൻ പാടുകയാണ്.... രൂപയുടെ വയലിൻ സംഗീതം കേട്ടിട്ടുള്ള ആർക്കും ഇങ്ങനെ തോന്നാം.

ചലച്ചിത്ര പിന്നണി ഗായികയായും വയലിനിസ്റ്റായും നമ്മുടെ മുന്നിലെത്തിയ രൂപയുടെ വയലിൻ സംഗീതം ഫേസ്ബുക്കിലും യൂട്യൂബിലുമായി ലക്ഷങ്ങളാണ് ഇതിനകം കണ്ടത്. രൂപയുടെ സംഗീതം വേദന കൊണ്ടു പുളയുന്ന തന്റെ രോഗികൾക്ക് ആശ്വാസമാകാറുണ്ടെന്ന് ഒരു ഡോക്ടർ യൂട്യൂബ് വീഡിയോയുടെ കമന്റിൽ കുറിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പേരാണ് 'രൂപ' സംഗീതത്തിന്റെ ആരാധകരായി മാറിയത്.

രണ്ട് കൂട്ടുകാരികൾ...

വീട്ടിൽ ഡാൻസ് കളിക്കുന്ന അഞ്ചു വയസ്സുകാരി രൂപയെ നൃത്തം പഠിപ്പിക്കാനാണ് അച്ഛൻ എൻ രാമപൈയും അമ്മ പുഷ്പലതയും ആദ്യം തീരുമാനിച്ചത്. അഞ്ച് വയസ്സുകാരിയെ ഡാൻസ് പഠിപ്പിക്കില്ല എന്ന് പറഞ്ഞപ്പോൾ ഇരുവർക്കും വിഷമമായി. തൊട്ടടുത്തുള്ള പാട്ടു ക്ലാസ്സിൽ മകളെ ചേർത്തു. സംഗീതമെന്ന കൂട്ടുകാരി രൂപയുടെ ജീവിതത്തിലേക്ക് കടന്നു വന്നു.

രൂപയുടെ സ്‌കൂളിലെ സീനിയർ വിദ്യാർഥി വയലിൻ വായിക്കുന്നത് കേട്ട ചിത്രകലാ അധ്യാപകൻ കൂടിയായ അച്ഛൻ ഒരു തീരുമാനമെടുത്തു. ആ തീരുമാനമാണ് വയലിൻ എന്ന രണ്ടാമത്തെ കൂട്ടുകാരിയെ രൂപയ്ക്ക് സമ്മാനിച്ചത്. മൂന്നാം ക്ലാസ്സ് മുതൽ തുടങ്ങിയ വയലിൻ പഠനം ആദ്യം അവൾ ഗൗരവമായി എടുത്തില്ല. പക്ഷേ പതിയെ വയലിൻ രൂപയുടെ ജീവിതനാദമായി. അനുഗ്രഹീത ഗായകരായ ജയചന്ദ്രനും ചിത്രയ്ക്കും ഉണ്ണി മേനോനുമൊപ്പം  നിരവധി സ്‌റ്റേജുകളിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ 'പുള്ളിക്കാരി സ്റ്റാറാ'

ജോൺസൺ മാഷിന്റെയും എ ആർ റഹ്മാന്റെയും ബാബുരാജിന്റെയുമെല്ലാംമധുരഗാനങ്ങൾ രൂപയുടെ വയലിനിൻ പുനർജനിച്ചപ്പോൾ സംഗീതാസ്വാദകർക്ക് ലഭിച്ചത് മറക്കാനാവാത്ത നിമഷങ്ങളാണ്. ഫേസ്ബുക്കിലും യൂ ട്യൂബിലുമെല്ലാം പോസ്റ്റ് ചെയ്ത വീഡിയോകൾക്ക് ലഭിച്ചത് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരും ആയിരക്കണക്കിന് അഭിനന്ദനങ്ങളുമാണ്.

ഇൻഫോ പാർക്കിലെ ഐടി ഉദ്യോഗസ്ഥനായ സഹോദരൻ ജിത്തുവാണ് രൂപയോട് വയലിൻ ആൽബങ്ങൾ ഫേസ്ബുക്കിലും യൂട്യൂബിലും ഇടാൻ പറഞ്ഞത്. ശ്രീകുമാരൻ തമ്പി സിനിമയിൽ 50 വർഷം പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തിന്റെ മികച്ച പത്തു ഗാനങ്ങൾക്ക് വയലിൻ  ശബ്ദമൊരുക്കി വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ സമർപ്പിച്ചു. നല്ല പ്രതികരണമാണ് ലഭിച്ചത്. ശ്രീകുമാരൻ തമ്പി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു. ഇതും ജോൺസൺ മാഷിന്റെ ഗാനങ്ങളുമായി ചെയ്ത വയലിൻ വീഡിയോയും രൂപയെ സോഷ്യൽ മീഡിയിലെ താരമാക്കി. എം ജയചന്ദ്രന്റെ നിലാവേ നിലാവേ, പാട്ടിൽ... ഈ പാട്ടിൽ എന്നീ ഗാനങ്ങളുമായി 'ബിയോൺഡ് ടൈം' എന്ന ആദ്യ വയലിൻ ആൽബവും രൂപ പുറത്തിറക്കി.

വയലിൻ വീഡിയോകളിൽ കീബോർഡിൽ സുഹൃത്തും തൃപ്പൂണിത്തുറ സ്വദേശിയുമായ സുമേഷ് ആനന്ദാണ് രൂപയ്ക്ക് അകമ്പടിയേകിയത്. നേവിയിൽ നിന്ന് വിരമിച്ച് മുഴുവൻ സമയം സംഗീതത്തിനായി നീക്കി വച്ചിരിക്കുകയാണ് സുമേഷ്.

'റിയാലിറ്റി ഷോ' വഴി സിനിമ

കൈരളി ചാനലിലെ ഗന്ധർവസംഗീതം 2002ൽ ജേതാവായതോടെയാണ് രൂപയെ സംഗീതപ്രേമികൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. അമൃത ചാനലിലെ സൂപ്പർസ്റ്റാർ ഗ്ലോബലിലും 2008ൽ രൂപ ജേതാവായി. ചാനലിൽ വിധി കർത്താവായ സംഗീത സംവിധായകൻ എം ജയചന്ദ്രൻ 'മാടമ്പി' എന്ന ചിത്രത്തിലെ 'എന്റെ ശാരികേ' എന്ന ഗാനം പാടാൻ രൂപയെ ക്ഷണിച്ചു. എന്നാൽ, വേദിയിൽ മറ്റൊരാളുടെ ഗാനം പാടുന്നതു പോലെ എളുപ്പമായിരുന്നില്ല തനിക്കതെന്ന് രൂപ. അതുകൊണ്ട് ഒരു മാസത്തെ സമയം ചോദിച്ചു. അവർ അനുവദിച്ചു. പാട്ട് ഹിറ്റായി. തുടർന്ന് കാസനോവ, തിലോത്തമ, ജെമിനി തുടങ്ങിയ ചിത്രങ്ങളിലും പാടി. തമിഴിൽ ചന്ദ്രമൗലി, കാട്ടുപുലി എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

സിനിമയിലെ റീ റെക്കോഡിങ് രംഗത്ത് ഹരിശ്രീ കുറിച്ചത് ഉറുമി എന്ന ദീപക് ദേവ് ചിത്രത്തിലൂടെയാണ്. കിങ് ലയർ, ജേക്കബിന്റെ സ്വർഗരാജ്യം, മഹേഷിന്റെ പ്രതികാരം, ലീല, സൈറാ ബാനു, ക്യാപ്പുചീനോ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലെല്ലാം രൂപയുടെ വയലിന്റെ ശബ്ദം  നാം കേട്ടിട്ടുണ്ട്. എം എസ് വിശ്വനാഥന് വേണ്ടിയും തമിഴിൽ റീ റെക്കോഡിങ് രംഗത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

സ്‌റ്റേജ് ഷോ അനുഭവങ്ങൾ


കോഴിക്കോട് ഒരു വേദിയിൽ വയലിൻ വായിച്ചപ്പോൾ സദസ്സിലിരുന്ന ഒരാൾ പറഞ്ഞു. ''നിങ്ങൾ വയലിൻ വായിക്കുകയല്ല. അഭിനയിക്കുകയാണ്.'' ഇലക്ട്രിക് വയലിനാണ് അന്ന് ഉപയോഗിച്ചിരുന്നത്. ആസ്വാദകർ പറയുന്ന പാട്ടുകൾ വായിക്കാമെന്ന വെല്ലുവിളി താൻ ഏറ്റെടുത്തു. സദസ്സിൽ നിന്ന് പിന്നെ ലഭിച്ചത് നിറഞ്ഞ കൈയടി. അത്തരം അനുഭവങ്ങൾ മറക്കാൻ സാധിക്കില്ല. എല്ലാത്തരം ഗാനങ്ങളും വയലിനിൽ അവതരിപ്പിക്കാൻ പറ്റില്ലെന്ന പക്ഷക്കാരിയാണ് ഞാൻ.  എല്ലാ സംഗീത സംവിധായകരുടെയും ഗാനങ്ങൾ വായിക്കാൻ  ഇഷ്ടമാണ്. എ ആർ റഹ്മാന്റെ ഗാനങ്ങൾ ലോകത്തെവിടെ അവതരിപ്പിച്ചാലും ജനങ്ങൾ ഏറ്റെടുക്കുന്നു.

ഗാനഗന്ധർവൻ യേശുദാസിന്റെ 60ാം പിറന്നാൾ ആഘോഷ സമയത്ത് മൂകാംബികയിൽ അദ്ദേഹത്തോടൊപ്പം കച്ചേരിയിൽ വയലിൻ വായിക്കാൻ അവസരം ലഭിച്ച നിമിഷങ്ങൾ മറക്കാനാവില്ല. ഭാവഗായകൻ ജയചന്ദ്രനും ചിത്രയ്ക്കുമൊപ്പം നിരവധി വേദികളിൽ പാടാൻ അവസരം ലഭിച്ചതും ഭാഗ്യമായി കരുതുന്നു. ചിത്ര ചേച്ചിയുടെ പ്രോഗ്രാമുകളിൽ എപ്പോഴും എന്റെ വയലിനായി ഒരു സെഷൻ മാറ്റിവയ്ക്കും. വേദിയിൽ വച്ച് തന്നെ ചിത്ര ചേച്ചി ഉമ്മ തന്നിട്ടുണ്ട്. ഇതൊക്കെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ്.

പാട്ടു പാടി, വയലിൻ വായിച്ച്

ഞാനിപ്പോൾ വേദികളിൽ പാട്ടു പാടി കൊണ്ട് തന്നെ വയലിൻ വായിക്കാറുണ്ട്. ഇത്തരത്തിൽ പെർേഫാം ചെയ്യുന്ന എന്റെ അടുത്ത വയലിൻ ആൽബം ഉടൻ പുറത്തിറങ്ങും. ഇപ്പോഴും സംഗീതത്തെ കൂടുതൽ അടുത്തറിയാനുള്ള യാത്രയിലാണ്. എത്ര തിരക്കുണ്ടെങ്കിലും ഒരാഴ്ച ചെന്നൈയിൽ പാട്ടും വയലിനും പഠിക്കാൻ സമയം കണ്ടെത്തും. പ്രശസ്ത ഗായകൻ പി ഉണ്ണികൃഷ്‌ന് കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. കലൈമാമണി എംബാർ കണ്ണനാണ് വയലിനിൽ ഇപ്പോൾ ഗുരു.

അഞ്ചാം വയസ്സിൽ ഡോ. മാലിനി ഹരിരന്റേയും താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെയും ശിക്ഷണത്തിലാണ് രൂപ തന്റെ  സംഗീത പഠനം ആരംഭിച്ചത്. സുനിൽ ഭാസ്‌കറാണ് വയലിനിൽ ആദ്യ ഗുരു.

എം ജി സർവകലാശാല കലോത്സവത്തിൽ കർണ്ണാടക സംഗീത മത്സരത്തിൽ ജേതാവായിരുന്നു രൂപ. തൃപ്പൂണിത്തുറ ആർഎൽവിയിൽ നിന്ന് എംഎ മ്യൂസിക്ക് ഒന്നാം റാങ്കോടെയാണ് രൂപ പാസ്സായത്. അച്ഛനും അമ്മയ്ക്കും മകൾ നാലരവയസ്സുകാരി ശിവാരാധ്യയ്ക്കും ഒപ്പം എറണാകുളം ചെറായിയിലെ 'ശിവസ്മൃതി' എന്ന വീട്ടിലാണ് താമസം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top