25 September Sunday

സിനിമയെ ഞാൻ മറക്കുകയോ, എന്നെ മറക്കുകയോ ഉണ്ടായിട്ടില്ല; ആഴമുള്ള കഥാപാത്രങ്ങളാണെങ്കില്‍ ഇനിയും ക്യാമറയ്ക്ക് മുന്നിലെത്തും- ജലജ (Interview)

ഭാനുപ്രകാശ്Updated: Wednesday Dec 6, 2017

''ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം
ചലിത ചാമര ഭംഗി വിടർത്തി
ലളിത കുഞ്ജകുടീരം
ലളിത കുഞ്ജകുടീരം''

ഒഎൻവിയുടെ ഈ വരികൾക്ക് എം ബി ശ്രീനിവാസന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും ചേർന്ന് സൃഷ്ടിച്ചെടുത്ത യവനികയിലെ രമണീയമായ ആ ഗാനം ഒരുപാട് ഓർമ്മകൾ കഥാപാത്രങ്ങളായി നിറയുന്ന അരങ്ങത്തേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഭരത് ഗോപിയും തിലകനും വേണു നാഗവള്ളിയും നെടുമുടി വേണുവും മമ്മൂട്ടിയുമെല്ലാം ആ സ്മൃതിപഥത്തിൽ ഒളിമങ്ങാതെ നിൽക്കുന്നുണ്ടാകും. ഇതേ നടനരംഗത്തിൽ ഇവർക്കൊപ്പം നിസ്സഹായതയുടെ ഒരു മുഖം കൂടി ഓർമ്മകൾ നമുക്ക് മുന്നിലേക്കെത്തിക്കാറുണ്ട്. ജലജ എന്ന അഭിനേത്രിയുടെ സൗമ്യഭാവങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ട യവനികയിലെ നായിക രോഹിണിയുടെ മുഖം.

മുപ്പത്തിയേഴു വർഷങ്ങൾക്കു ശേഷവും മലയാളികളുടെ മനസ്സിൽ ആ മുഖമുണ്ട്. രോഹിണിയുടെ രൂപത്തിൽ മാത്രമായി ആ ഭാവാവിഷ്‌കാരം അവസാനിക്കുന്നില്ല. 'വേനലി'ലെ രമണി, 'മർമ്മര'ത്തിലെ നിർമ്മല, 'ശാലിനി എന്റെ കൂട്ടുകാരി'യിലെ അമ്മു... അങ്ങനെ വിഷാദഛായ നിറഞ്ഞ അനേകം മുഖഭാവങ്ങളായി ജലജ ഇന്നും നമ്മുടെ ഓർമ്മകളിൽ ആർദ്രസ്പർശമായി നിൽക്കുന്നുണ്ട്. എൺപതുകളിലെ മലയാള സിനിമയിലൂടെ കടന്നുപോയ പ്രേക്ഷകർക്കെല്ലാം ഹൃദയത്തിൽനിന്നും ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്ത ഒരു മുഖം.

'താര'പരിവേഷത്തിലേക്ക് ഒരിക്കലും എത്തിച്ചേർന്നില്ലെങ്കിലും അഭിനയമികവിലൂടെ അതിലേറെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞ നടിയാണ് ജലജ. ഒന്നര ദശകത്തോളം നീണ്ട സിനിമാജീവിതത്തിൽ വ്യസനങ്ങൾ നിറഞ്ഞ വേഷങ്ങളിലൂടെയാണ് ജലജ ഏറെയും സഞ്ചരിച്ചത്. ശാരദയ്ക്ക് ശേഷം അത്തരം ഒരു ഇമേജ് ജലജയിലൂടെയാണ് മലയാള സിനിമയിൽ തുടർന്നത്.

വിവാഹാനന്തരം ചലച്ചിത്രജീവിതത്തോട് താൽക്കാലികമായി വിടപറഞ്ഞ് ഭർത്താവിനോപ്പം ബഹ്‌റിനിലേക്ക് പറന്ന ജലജ പിന്നീടൊരിക്കലും സിനിമയുടെ ചതുരവടിവുകളിലേക്ക് കടന്നുവന്നില്ല. വർഷത്തിലൊരിക്കൽ മാത്രം അവർ കേരളത്തിലേക്കെത്താറുണ്ട്. ക്ഷേത്രസന്ദർശനങ്ങളും കുടുംബകാര്യങ്ങളും അപൂർവമായി ചില സാംസ്‌കാരിക പരിപാടികളുമായി ഒന്നോ രണ്ടോ മാസങ്ങൾ.
വിദേശവാസത്തിനിടയിൽ വീണുകിട്ടുന്ന ആ ചെറിയ ഇടവേളയിൽ ജലജ വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ്.

സിനിമയിലെ തുടക്കം

''സിനിമ എന്റെ സ്വപ്‌നത്തിൽപോലും ഉണ്ടായിരുന്നില്ല; ഒരിക്കലും. പക്ഷെ ഒരു നിയോഗമെന്നോണം അതെന്നെത്തേടിവരികയായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വേണുച്ചേട്ടനെ (നെടുമുടി വേണു) ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരനായിരുന്നു ഫാസിൽ (സംവിധായകൻ). രണ്ടുപേരും കലാതത്പരർ. ഇവർ ഒരുക്കിയ 'സാലഭഞ്ജിക' നാടകത്തിൽ ഞാനും അഭിനയിച്ചിരുന്നു. കുറച്ചുനാൾ കഴിഞ്ഞ്, അരവിന്ദൻ സാർ എടുക്കുന്ന 'തമ്പ്' എന്ന സിനിമയിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നും ജലജയ്ക്ക് താത്പര്യമുണ്ടെങ്കിൽ ഒരു ഫോട്ടോ തരണമെന്നും വേണുച്ചേട്ടൻ എന്നോട് പറഞ്ഞു. ഞാൻ ഫോട്ടോ കൊടുത്തു. അങ്ങനെയാണ് തമ്പിലെത്തുന്നത്.''

ഓർമകളുടെ തമ്പിൽ


''തിരുനാവായക്ക് സമീപമായിരുന്നു ലൊക്കേഷൻ. അവിടെവെച്ചാണ് അരവിന്ദൻ സാറിനെ ഞാനാദ്യമായി കാണുത്. ശ്രീരാമൻ ചേട്ടന്റെ ഒപ്പമായിരുന്നു ആദ്യ സീൻ. അദ്ദേഹത്തിന്റെയും ആദ്യ സിനിമയായിരുന്നു തമ്പ്. ഭാരതപ്പുഴയിൽനിന്ന് കുളിച്ച് കയറിവരുന്ന സീനായിരുന്നു ആദ്യമെടുത്തത്. ഒറ്റ ഡയലോഗ് പോലുമുണ്ടായിരുന്നില്ല. ഭാവങ്ങളിലൂടെ മാത്രമാണ് എല്ലാം പ്രകടിപ്പിച്ചത്. അരവിന്ദൻ സാറിന്റെ സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം മുൻകൂട്ടി പറഞ്ഞുതന്നിരുന്നു. അതുകൊണ്ട് ഒട്ടും ടെൻഷനില്ലാതെ അഭിനയിക്കാൻ കഴിഞ്ഞു.''

'അപരാഹ്‌ന'ത്തിൽ എത്തുമ്പോഴേക്കും സിനിമയ്ക്ക് പുറത്ത് ഒരു പുതിയ ജീവിതം ജലജയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബഹ്‌റിനിലെ വെതർ ഫോർഡ് ഓയിൽ കമ്പനിയിൽ ഏരിയാ മാനേജരായ പാലക്കാട്ടുകാരൻ പ്രകാശ് നായരെ വിവാഹം കഴിച്ച് ജലജയും പ്രവാസജീവിതത്തിലേക്ക് പ്രവേശിച്ചു. ഭർത്താവിനും മകൾ ദേവിനായർക്കുമൊപ്പമുള്ള സന്തോഷകരമായ ജീവിതത്തിനിടയിൽ പലപ്പോഴും ആ പഴയ സിനിമാനുഭവങ്ങൾ ജലജയിൽ ഓർമ്മകളായെത്തും.

''കലാകാരിയായിരുന്ന ആ കാലം ഞാനിന്നും അഭിമാനത്തോടെയാണ് ഓർക്കാറുള്ളത്. പ്രഗല്ഭരായ എത്രയോ ആർട്ടിസ്റ്റുകൾക്കും സംവിധായപ്രതിഭകൾക്കുമൊപ്പമാണ് എന്റെ അഭിനയജീവിതം കടന്നുപോയത്. അതിലെനിക്ക് അഭിമാനിക്കാതിരിക്കാനാവില്ലല്ലോ.''

ജലജകുമാരി എന്ന ജലജ

മലേഷ്യയിലായിരുന്നു എന്റെ ജനനം. അച്ഛൻ വാസുദേവൻ പിള്ള കോളേജ് പ്രൊഫസറായിരുന്നു. അമ്മ സരസ്വതി അമ്മ. എന്നിലെ കലാകാരിയുടെ വളർച്ചയിൽ അവർ ഏറെ ആഹ്ലാദിച്ചിരുന്നു. ആറുമക്കളിൽ മൂത്തവളായിരുന്നു ഞാൻ. മലേഷ്യയിലെ ജോലി രാജിവെച്ച ശേഷം അച്ഛൻ ഞങ്ങളുമായി തകഴിയിലേക്കു മടങ്ങി. അച്ഛന്റെയും അമ്മയുടെയും നാട് തകഴിയായിരുന്നു. ജലജകുമാരിയെന്ന നീളൻപേര് സിനിമയിലെത്തിയപ്പോൾ ജലജയായി ചുരുങ്ങി. തമ്പ് കണ്ടശേഷമാണ് ബാലചന്ദ്രമേനോൻ 'രാധ എന്ന പെൺകുട്ടി'യിലേക്ക് വിളിക്കുന്നത്. ആ കഥാപാത്രം ഹിറ്റായി. തുടർന്ന് നിരവധി ചിത്രങ്ങളിലേക്ക് ഞാൻ കാസ്റ്റ് ചെയ്യപ്പെട്ടു. ഷീല, ജയഭാരതി, സീമ, ശ്രീവിദ്യ തുടങ്ങിയവരെല്ലാം താരപ്രഭാവത്തോടെയാണ് സ്‌ക്രീനിൽ നിറഞ്ഞിരുന്നത്. എന്നെ അവരുമായി റിലേറ്റ് ചെയ്യാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടായിരുന്നു. മേക്കപ്പ് അധികമില്ലാതെ, വളരെ റിയലിസ്റ്റിക്കായി അഭിനയിച്ചിരുന്ന ഭരത്‌ഗോപിക്കും നെടുമുടി വേണുവിനും വേണുനാഗവള്ളിക്കുമൊപ്പം കടന്നുവന്നതിനാൽ ഞാനും വളരെ വ്യത്യസ്തയായാണ് പരിഗണിക്കപ്പെട്ടത്. ഒരർത്ഥത്തിൽ പാരലൽ സിനിമയുടെ വഴിയിലൂടെയാണ് ഞാൻ ഏറെ സഞ്ചരിച്ചതെന്ന് പറയാം.

ഒരേസമയം ആർട്ട്കൊമേഴ്‌സ്യൽ സിനിമയിലെ പ്രതിഭാധനന്മാർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. വ്യത്യസ്തമായ സംവിധാനരീതിയായിരുന്നു ഓരോരുത്തരുടേതും. അരവിന്ദൻ സാറിന്റെ രീതിയായിരുന്നില്ല അടൂർസാറിന്റേത്. അടൂർ സാർ ഭയങ്കര പെർഫെക്ഷനിസ്റ്റ് ആയിരുന്നു. പല സിനിമകളിലും ഡയലോഗ് പറയുമ്പോൾ ഒരു വാക്ക് തെറ്റിയാൽ അത് ഡബ്ബ് ചെയ്യുമ്പോൾ ശരിയാക്കാമെന്ന് സംവിധായകർ പറയും. പക്ഷെ അടൂർ സാറിന്റെ കാര്യത്തിൽ അങ്ങനെയല്ല. അദ്ദേഹം എഴുതിയ ഡയലോഗ് അതുപോലെ പറഞ്ഞിരിക്കണം. വിഷ്വലൈസ് ചെയ്യുന്നത് എങ്ങനെയാണെന്നും എന്താണ് ആർട്ടിസ്റ്റിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും ഓരോ സീനിലും കൃത്യമായി പറഞ്ഞുതരും. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റിയത് വലിയ അനുഭവമാണ്.

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ ഇന്നും എന്നെ ഓർക്കുന്നുണ്ട് എന്നതിൽ ഞാൻ സന്തുഷ്ടയാണ്. യവനികയിലെ രോഹിണിയെ കുറിച്ച് ഇപ്പോഴും ആളുകൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഏറെ അഭിമാനം തോന്നാറുണ്ട്. തബലിസ്റ്റ് അയ്യപ്പന്റെ ഭാര്യയായി നരകിച്ചു ജീവിക്കേണ്ടി വരുന്ന ആ കഥാപാത്രത്തെ ഓർക്കുമ്പോൾ ഇന്നും ഞാൻ  അസ്വസ്ഥയാകാറുണ്ട്.

സ്റ്റാർ വാല്യു ഇല്ലാത്ത നടി?

മികച്ച നടിക്കുള്ള സംസ്ഥാന അംഗീകാരം എനിക്ക് നേടിത്തന്ന വേനലിനു പിറകിൽ രസകരമായൊരു കഥയുണ്ട്. അതിലെ നായികയായി എന്നെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റാർ വാല്യു ഇല്ല എന്ന കാരണത്താൽ എന്നെ പരിഗണിക്കാൻ പ്രയാസമുള്ളതായും അറിഞ്ഞു. പതിനഞ്ചിലധികം ചിത്രങ്ങളിൽ ഞാനഭിനയിച്ച വർഷമാണത്. വേനലിലേക്ക് സ്റ്റാർ വാല്യു ഉള്ള ഒരു നടിയെ കാസ്റ്റ് ചെയ്തു. സൂപ്പർ ഹിറ്റുകളുടെ ഡയറക്ടറുടെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ വേനലിൽനിന്നും ആ നടി പിന്മാറി. സിനിമയുടെ അണിയറപ്രവർത്തകർ ജലജ തന്നെ അഭിനയിക്കണമെന്ന് പറഞ്ഞ് എന്നെ സമീപിച്ചു. 'ജലജയ്ക്ക് സ്റ്റാർ വാല്യു ഇല്ലല്ലോ?' എന്ന് ഞാൻ തമാശയായി അവരോട് പറഞ്ഞു. പരിഭവങ്ങളൊന്നുമില്ലാതെ ആ വേഷം ഞാൻ സ്വീകരിച്ചു. ഭരതേട്ടന്റെ മർമ്മരത്തിനുപിന്നിലും ഇങ്ങനെയൊരു കഥയുണ്ട.് പകരം അഭിനയിച്ച നടിക്ക് സുഖമില്ലാത്തതിനാൽ ഷൂട്ടിംഗ് മുടങ്ങിപ്പോയി. പിന്നീട് ഞാൻ തന്നെ 'മർമ്മര'ത്തിൽ അഭിനയിച്ചു. ചില കാര്യങ്ങൾ അങ്ങനെയാണ്, ദൈവം നിശ്ചയിച്ചത് നമുക്ക് മുന്നിൽ എത്താതിരിക്കില്ല.

പതിനഞ്ചുവർഷത്തെ അഭിനയജീവിതത്തിൽ നൂറിലേറെ കഥാപാത്രങ്ങൾ. ഒപ്പമഭിനയിച്ചവർ, സംവിധായകർ പലരും ജീവിതം വിട്ടുപോയത് അകലെയിരുന്നാണ് ഞാനറിഞ്ഞത്. അരവിന്ദൻ സാർ, ഭരതേട്ടൻ, പത്മരാജേട്ടൻ, വിശ്വംഭരൻ സാർ, ഐ. വി. ശശി സാർ പിന്നെ പ്രേനസീർ, ജയൻ, ഭരത്‌ഗോപി, വേണുനാഗവള്ളി, സോമൻ, സുകുമാരൻ, രതീഷ്, ശ്രീനാഥ്, രവിമേനോൻ, കരമന ജനാർദ്ദനൻ നായർ, തിലകൻ, ശ്രീവിദ്യ... ബഹ്‌റിനിൽനിന്നും നാട്ടിലെത്തുമ്പോഴൊക്കെ പഴയ സഹപ്രവർത്തകരെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. പക്ഷെ ഒപ്പമഭിനയിച്ച പലരും ഇന്നില്ലല്ലോ എന്നോർക്കുമ്പോൾ വലിയ വേദന തോന്നും.

ഏറെക്കുറെ എന്റെ സിനിമാപ്രവേശത്തിനടുത്തായിരുന്നു മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയജീവിതവും ആരംഭിച്ചത്. മമ്മൂട്ടിയുടെ ആദ്യ ചിത്രമായ 'വിൽക്കാനുണ്ട് സ്വപ്നങ്ങളി'ൽ ഞാനും അഭിനയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നായികയായും വേഷമിട്ടു. മോഹൻലാലിനൊപ്പം 'ആൾക്കൂട്ടത്തിൽ തനിയെ'യിലും 'അതിരാത്ര'ത്തിലും നായികയായി. രണ്ടുപേരും ഇന്ത്യൻ സിനിമയുടെ അഭിമാനമായി നിറഞ്ഞുനിൽക്കുന്നതു കാണുമ്പോൾ എനിക്കും അഭിമാനം മാത്രമേയുള്ളൂ. പരിചയപ്പെട്ട കാലം മുതൽക്കുള്ള സ്‌നേഹസൗഹൃദം ഇപ്പോഴും അവരിൽനിന്നും ലഭിക്കുന്നുമുണ്ട് എന്നതിൽ അതിലേറെ സന്തോഷം.
ഓർമകളിന്നും പാടുന്നു…

സിനിമയുടെ ലോകത്തിൽ നിന്നെല്ലാം അകന്ന്, കുടുംബിനി മാത്രമായി വിദേശത്ത് കഴിയുമ്പോൾ ഓർമ്മകൾ പഴയ കാലത്തെ പലപ്പോഴും മുന്നിൽ വരച്ചിടാറുണ്ട്. അഭിനയം ഞാൻ നിർത്തിയിട്ടില്ല. എന്റെ കലാജീവിതത്തിന് ഭർത്താവിൽനിന്ന് എന്നും പ്രോത്സാഹനം മാത്രമേ ഉണ്ടായിട്ടുള്ളൂ. വിവാഹശേഷവും ഞാൻ ചില സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. പക്ഷെ ഭർത്താവിന്റെ ജോലി, മകളുടെ പഠനം... ഈ ചുറ്റുപാടിൽ സിനിമയിൽ അഭിനയിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അല്ലാതെ സിനിമയെ ഞാൻ മറക്കുകയോ, സിനിമ എന്നെ മറക്കുകയോ ഉണ്ടായിട്ടില്ല. വളരെ ആഴമുള്ള കഥാപാത്രങ്ങളാണെങ്കിലേ ഇനി ഞാൻ ക്യാമറയ്ക്ക് മുന്നിലേക്കുള്ളൂ. എന്റെ മകൾക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ താത്പര്യമുണ്ട്. അതിനൊരിക്കലും ഞങ്ങൾ തടസ്സമാകില്ല. സ്വന്തം കുടുംബത്തിലെ ഒരു അംഗത്തോട് കാണിക്കുന്ന പരിഗണനയായിരുന്നു പ്രേക്ഷകർ എനിക്ക് നൽകിയത്. ആ വികാരവായ്പ്പുകൾ വർഷങ്ങൾക്കുശേഷവും നിലനിൽക്കുന്നു. അതുതന്നെയാണ് എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top