25 April Thursday

അവഗണനയെ തട്ടിമാറ്റി മിസോ വനിതകൾ

ബച്ചു ചെറുവാടിUpdated: Sunday Nov 6, 2022

bachucheruvadi@gmail.com

മിസോറാമിന്റെ തലസ്ഥാന നഗരമായ ഐസ്‌വാളിൽ ഗവ. കോംപ്ലക്സ് എന്നറിയപ്പെടുന്ന കൊച്ചു വില്ലേജിലാണ് എന്റെ ആതിഥേയർ, സജിയും കുടുംബവും. മലയാളിയാണ് സജി. മിസോറം പൊലീസ് ഉദ്യോഗസ്ഥൻ. ഭാര്യ മിസോയാണ്. പ്രണയിച്ച് വിവാഹം കഴിച്ചതാണ്. മകൾ സെഫി ബിരുദ വിദ്യാർഥിനിയാണ്.

പ്രകൃതിമനോഹരവും ശാന്തവുമാണ് ഗവ. കോംപ്ലക്സ് പ്രദേശം. ദൂരെ ദൂരെ ഒന്നിനു പിറകെ ഒന്നൊന്നായി അടുക്കിവച്ച കൂറ്റൻ മലനിരകൾ. നീലാകാശവും വെള്ളിമേഘങ്ങളും. കുന്നിൻ ചരിവുകളിൽ അടുത്തടുത്തായി കൊച്ചു കൊച്ചു വീടുകൾ.പ്രകൃതി ഭംഗിയെക്കാൾ എന്നെ ആകർഷിച്ചത് മിസോകളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വൈവിധ്യ ജീവിത രീതികളാണ്. എന്തെങ്കിലുമൊക്കെ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ് വനിതകളിൽ ഭൂരിഭാഗവും.  സജിയുടെ ഭാര്യ സുസാനി രാവിലെ പള്ളിയിൽ പോയി വന്നാൽ വസ്ത്ര നെയ്ത്തിൽ ഏർപ്പെടും. മിസോ വനിതകളുടെ പരമ്പരാഗത വസ്ത്രമായ ‘പുവാങ്’  ആണ്  നെയ്യുന്നത്. കാര്യമായ യന്ത്രങ്ങളൊന്നുമില്ല. മരം കൊണ്ട് ഉണ്ടാക്കിയ പ്രത്യേകമായ സ്റ്റാൻഡ്‌. അതിൽ കളർ നൂലുകൾ പാകി, ചില കട്ടകൾ അങ്ങോ ട്ടുമിങ്ങോട്ടുമൊക്കെ നീക്കിയാണ് നെയ്ത്ത്. മൂളിപ്പാട്ടുപാടിക്കൊണ്ട് ശ്രദ്ധാപൂർവമുള്ള അവരുടെ നെയ്ത്ത് കണ്ടിരിക്കാൻ രസമാണ്.

നമ്മുടെ പുരുഷന്മാരുടെ മുണ്ടിന് സമാനമായ ഒന്നാണ് പുവാങ്. മിസോ സ്ത്രീകൾ പള്ളിയിൽ പ്രത്യേക കുർബാനയ്‌ക്ക് ​പോകുമ്പോഴും കല്യാണം പോലെയുള്ള പ്രധാനപ്പെട്ട ചടങ്ങുകൾക്കുമൊക്കെയാണ് ഈ വസ്ത്രം ധരിക്കുക. വില 15,000മുതൽ -20,000 രൂപയൊക്കെയാണ്.  മിക്ക വീട്ടുകാരും പന്നി, കോഴി എന്നിവയെ വളർത്തുന്നു. ചുരുങ്ങിയത് 50 വീടുകൾക്കിടയിൽ ഒരു കടയുണ്ടാകും. ഐസ് ക്രീം മുതൽ  അരി വരെ കിട്ടുന്ന കൊച്ചു കടകൾ മിക്കതും വീടിന്റെ ഒരു മുറി ത​ന്നെ. വീട്ടുജോലിക്കൊപ്പം കച്ചവടവും.

സിറ്റിയിലും തെരുവിലും കച്ചവടവും ചായക്കടകളും നടത്തുന്നതും ഭൂരിഭാഗവും സ്ത്രീകൾ തന്നെ.  രാവിലെ നടക്കാനിറങ്ങുമ്പോൾ ആപുയി എന്ന സ്ത്രീയുടെ കൊച്ചു ചായക്കടയിൽ കയറി. ആപുയിയും മകളുമാണ് കട നടത്തുന്നത്. ഭർത്താവ് ഇടയ്‌ക്കൊക്കെ സഹായിയാകും. ആപുയി നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിലും അവർ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ധാരാളം മിസോ അറിവുകൾ അവരിൽനിന്ന് കിട്ടി. മുറുക്കാൻ ചവച്ച് സിഗരറ്റ് വലിച്ച് ആപുയി ഉറക്കെ കഥകൾ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യും.

ഇന്ത്യൻ ലേബർ ആൻഡ്‌ എംപ്ലോയ്മെന്റ് മിനിസ്ട്രിയുടെ പഠന പ്രകാരം മിസോ വനിതകളിൽ 59 ശതമാനം വിവിധ ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവരാണ്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്കിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ് മുന്നിൽ. ഇത് നാഗാലാൻഡിൽ 50 ശതമാനവും  സിക്കിമിൽ 48.2 ശതമാനവും മണിപ്പുരിൽ 45 ശതമാനവുമാണ്.

 

ഐസ്‌വാളിലെ ‘ബഡാ മാർക്കറ്റ്’ എന്ന വലിയ മത്സ്യ-മാംസ പച്ചക്കറി മാർക്കറ്റിൽ  സ്ത്രീകൾ മാത്രമാണ് കച്ചവടക്കാർ. കച്ചവട മേഖലയിൽ 73 ശതമാനം സ്ത്രീകൾ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. സർക്കാർ ഓഫീസുകളിൽ വനിതാ ജീവനക്കാരുടെ പ്രാതിനിധ്യം 54 ശതമാനവും അധ്യാപന മേഖലയിൽ 62 ശതമാനവുമാണ്.  കരിങ്കൽ ക്വാറികളിൽ 36 ശതമാനം സ്ത്രീകളാണ്.

ജോലി ചെയ്യുന്നതിൽ മാത്രമല്ല പഠന മികവിലും  കായിക മേഖലയിലുമൊക്കെ മിസോ വനിതകൾ ഏറെ പുരോഗതി കൈവരിച്ചു. സംസ്ഥാന വനിതാ ഫുട്‌ബോൾ, വോളിബോൾ, ഹോക്കി ടീമുകളിലൊക്കെ മികച്ച താരങ്ങൾ ഇന്നുണ്ട്. മിസോറം ഫുട്ബാൾ അസോസിയേഷൻ പുരുഷ ടീമിനെന്നപോലെ വനിതാ ടീമിനും ആധുനിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ട്. മികച്ച പരിശീലനം, എഐഎഫ്എഫ് അംഗീകരിച്ച കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവയെല്ലാം അനുവദിക്കുന്നു.

സ്ത്രീകൾ സ്വയം പര്യാപ്തരായതോടെ വീട്ടിലും സമൂഹത്തിലും അവരുടെ സ്ഥാനം ഉയർന്നതായി 40 വർഷത്തോളം ഇവിടെ അധ്യാപക​ ജോലി ചെയ്ത് ഇവിടെത്തന്നെ ജീവിതം ഉറപ്പിച്ച മലയാളി ജോർജ് പറഞ്ഞു. മിസോ യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ജോർജ്. ‘​The wisdom of Woman does not extend beyond the limit of the village water source’ (സ്ത്രീകളുടെ അറിവ് ഗ്രാമത്തിലെ കുടിനീർ ടാങ്കിനപ്പുറം വളരില്ല) എന്ന പഴമൊഴി ‘Wisdom of Woman has reached beyond the other side of the river’ (സ്ത്രീകളുടെ ജ്ഞാനം ഒരു നദിക്കക്കരെയെത്തും വരെ പരന്നു കിടക്കുന്നു) എന്ന അവസ്ഥയിലേക്ക്  പുരോഗമിച്ചതായി മിസോ വനിതകൾ അവകാശപ്പെടുന്നു.

എങ്കിലും പഴയ ചില ഗോത്രവർഗ സമ്പ്രദായങ്ങൾ മിസോ സമൂഹം ഇന്നും തുടരുന്നു.  അതിൽ പ്രധാനം വിവാഹ സമ്പ്രദായം തന്നെ. യുവതീയുവാക്കൾ പ്രേമബന്ധങ്ങൾ സ്ഥാപിക്കുകയും കുടുംബങ്ങളുടെ ആശീർവാദത്തോടെ വിവാഹിതരാവുകയും ചെയ്യുന്നതാണ്‌ രീതി.
സ്ത്രീകളെ പണം കൊടുത്ത് വാങ്ങുന്നതുപോലെയാണ് ആചാരം. വരൻ പെണ്ണിന്റെ അച്ഛന് 420 രൂപ പെൺപണം കൊടുക്കണം. പഴയ കാലത്ത് ഇത് 42 രൂപയായിരുന്നു.

പ്രണയിച്ച പുരുഷനാൽ ഗർഭിണിയാവുകയും കല്യാണം ഏതെങ്കിലും കാരണത്താൽ മുടങ്ങിപ്പോവുകയും ചെയ്താൽ ആ യുവതി സമൂഹത്തിൽ കൊള്ളരുതാത്തവളായി മാറുന്ന ദുരവസ്ഥ  മിസോ സംസ്‌കാരത്തിൽ ഇല്ല. അവൾ പ്രസവിക്കുന്ന കുട്ടിക്കും സാധാരണ കുട്ടികളുടെതുപോലെയുള്ള പരിഗണന ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഗർഭഛിദ്രം മിസോ സമൂഹത്തിൽ വളരെ അപൂർവമാണ്. അധ്വാനിക്കുക, സന്തോഷമായി ജീവിക്കുക എന്നതാണ് ഇന്ന് മിസോ സ്ത്രീകളുടെ മുദ്രാവാക്യം. വസ്ത്രങ്ങൾക്ക് ഇവർ ധാരാളമായി പണം ചെലവഴിക്കുന്നു.  അന്യസംസ്ഥാനങ്ങളിൽനിന്നുവരുന്ന ഫാഷൻ വസ്ത്രങ്ങൾക്ക് നല്ല ഡിമാൻഡ്‌ ആണ്‌ ഇവിടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top