29 March Friday

പടിയിറക്കാം സംഘർഷങ്ങളെ

ഡോ. പ്രിയ ദേവദത്ത്Updated: Sunday Mar 6, 2022


മാനസിക ക്ലേശങ്ങളുടെ  ചട്ടക്കൂടിനുള്ളിലാണ് നല്ലൊരു ശതമാനം സ്‌ത്രീജീവിതങ്ങളും. ചെറുപ്രശ്നങ്ങൾപോലും സമർഥമായ  ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിന് പകരം മാനസികമായ അനാരോഗ്യത്തിലേക്ക് കൂപ്പുകുത്തുന്നവരാണ്‌ കൂടുതലും. പുരുഷനെ അപേക്ഷിച്ച്‌ തികച്ചും വൈകാരികമായാണ് സ്‌ത്രീകൾ പ്രശ്നങ്ങളെ നേരിടുക. 

പ്രധാന കാരണങ്ങൾ
തൊഴിൽമേഖലയും കുടുംബസാഹചര്യങ്ങളും ഒരുമിച്ചുണ്ടാക്കുന്ന സംഘർഷങ്ങൾക്ക്‌ പുറമെ ജോലിയുടെ ഘടനയിൽ വന്ന മാറ്റങ്ങളും  സംഘർഷങ്ങളെ ഇരട്ടിപ്പിക്കുന്നു . മക്കളെക്കുറിച്ചുള്ള ആശങ്കകൾ, വീടുവിട്ട് ദൂരെ  താമസിക്കേണ്ടി വരിക, രാത്രി ജോലി, ജോലിയെക്കുറിച്ചുള്ള ഉൽക്കണ്ഠ, ദൈർഘ്യമേറിയ ജോലി എന്നിവയും സമ്മർദം വർധിപ്പിക്കാറുണ്ട്.

ആർത്തവാരംഭം, ഗർഭകാലം, പ്രസവം,  ആർത്തവവിരാമം തുടങ്ങിയ സ്വാഭാവിക ഘട്ടങ്ങളിലെല്ലാം തന്നെ  വിഷാദവും സമ്മർദങ്ങളും നേരിടുന്ന സ്‌ത്രീകളുടെ എണ്ണവും  കൂടുകയാണ്. കൂടാതെ  ഭാര്യ, അമ്മ, മകൾ  തുടങ്ങിയ ഉത്തരവാദിത്വമുള്ള റോളുകളോട് നീതി പുലർത്താനാകാതെ  വരുമ്പോഴും  വൈകാരിക സംഘർഷങ്ങളിൽപ്പെടുന്നു. തുടരെയുള്ള സമ്മർദങ്ങൾ സ്‌ത്രീകൾക്ക്  വിവിധ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം വിഷാദവും പകരുന്നു.  40 പിന്നിട്ട സ്‌ത്രീകളിൽ നല്ലൊരു ശതമാനത്തിനും ഉയർന്ന രക്തസമ്മർദമുണ്ട്. പ്രമേഹം, അൾസർ, ആസ്‌മ, ഹൃദ്രോഗം എന്നിവയും തുടർസമ്മർദങ്ങൾക്ക്‌ വഴിയൊരുക്കാറുണ്ട്.

വിഷാദത്തിന് വഴിയൊരുക്കുന്ന ഘടകങ്ങൾ
പാരമ്പര്യം, ചെറു പ്രായത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെടുക, വിവാഹമോചനം, ബാല്യത്തിൽ നേരിട്ട ലൈംഗിക പീഡനം, പങ്കാളിയുമായുള്ള അകൽച്ച, തൊഴിലിടങ്ങളിലും സമൂഹത്തിലും പിന്തുണ നഷ്ടപ്പെടുക ഇവയൊക്കെ സ്‌ത്രീകളിൽ സമ്മർദത്തിനും അതുവഴി  വിഷാദത്തിനും വഴിയൊരുക്കും.

ശ്രദ്ധിക്കേണ്ടതെന്ത്‌
തലച്ചോറിലെ പ്രധാന രാസ ഘടകങ്ങളായ സെറോട്ടോണിൻ, ഡോപാമിൻ, നോർ എപിനെഫ്റിൻ ഇവയുടെ ഉൽപ്പാദനം കുറയുന്നതാണ് വിഷാദത്തിലേക്ക് നയിക്കുന്നത്. രോഗങ്ങളെക്കുറിച്ച്‌  ബോധവതികളാണെങ്കിലും തുടർ സമ്മർദമുള്ളവർ മാനസികമായ അസ്വസ്ഥതകളെ  ഒട്ടും ചെറുതായി കാണരുത്. എപ്പോഴും സങ്കടം, നിരാശ, കരച്ചിൽ, അസ്വസ്ഥത, തീരുമാനങ്ങൾ  എടക്കാനുള്ള കഴിവില്ലായ്‌മ, ശരീരവേദന ഇവയൊക്കെ ശ്രദ്ധയോടെ കാണണം.

തൊഴിലിടങ്ങളിലെ സമ്മർദം  
കൂടെ ജോലിചെയ്യുന്നവരുടെ സഹകരണം ഉറപ്പാക്കുക. ജോലി സമയം ആസൂത്രണം ചെയ്യുക,  സമയനഷ്ടം ഉണ്ടാകാതെ നോക്കുക എന്നിവ അനിവാര്യം. പുതിയ കാര്യങ്ങൾ പഠിക്കുകയും  കഴിവുകൾ വളർത്തുകയും വേണം. ചില തോന്നലുകളുടെ പേരിൽ സ്വയം കുറ്റപ്പെടുത്താതിരിക്കുക. അടുത്ത സുഹൃത്തുക്കളുമായി പ്രശ്നങ്ങൾ ചർച്ചചെയ്‌ത്‌ രമ്യമായി പരിഹരിക്കുക. ആധി, വിഷാദം, ക്ഷീണം ,നെഞ്ചിടിപ്പ്, രക്തസമ്മർദത്തിലേ വ്യതിയാനങ്ങൾ ഇവ തുടക്കത്തിലേ ശ്രദ്ധിക്കണം.

ആർത്തവകാലം പ്രശ്നമാകുമ്പോൾ
ആർത്തവത്തിന് ഏകദേശം ഒരാഴ്‌ച മുമ്പു തുടങ്ങി ആർത്തവാരംഭത്തോടെ അവസാനിക്കുന്ന ആർത്തവപൂർവ അസ്വസ്ഥതകളിൽ (പ്രീ മെൻസ്‌ട്രുൽ സിൻഡ്രോം) വിഷാദം, വിഷമം, കരച്ചിൽ, ഉറക്കക്കുറവ്, ഉൽക്കണ്‌ഠ, ദേഷ്യം, സ്‌തനവേദന, പേശീവേദന എന്നിവ  ചിലരിൽ ഉണ്ടാകും.  ഓരോ മാസവും എത്തുന്ന ഈ പ്രശ്നം മനഃക്ലേശത്തിനിടയാക്കുന്നു. ആർത്തവത്തെ സ്വാഭാവികമായി കാണുകയാണ് ആദ്യ പടി.  ലഘുചികിത്സയും വേണം. 

ഗർഭകാലത്തും സമ്മർദം
ചെറുപ്രായത്തിൽ ഗർഭിണിയാകുന്നവർ, ഗർഭകാലത്ത് കുടുംബത്തിന്റെ പിന്തുണ ലഭിക്കാത്തവർ, ഭർത്താവുമായി അകൽച്ചയുള്ളവർ, ഒറ്റയ്‌ക്ക്‌ താമസിക്കുന്നവർ എന്നിവരെയും മാനസിക സമ്മർദവും  വിഷാദവും അലട്ടാറുണ്ട്.

ഗർഭച്ഛിദ്രം വിഷാദത്തിനിടയാക്കുമോ?
അപ്രതീക്ഷിതമായി സംഭവിക്കുന്ന ഗർഭച്ഛിദ്രവും അടിക്കടി ഉണ്ടാകുന്ന ഗർഭച്ഛിദ്രവും  കടുത്ത വിഷാദത്തിനുള്ള സാധ്യതയേറ്റും. ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാൻ ചികിത്സയും കൗൺസലിങ്ങും  അനിവാര്യമാണ്.

വന്ധ്യതയും  വിഷാദവും
കുട്ടികൾ ഇല്ലാത്തതിൽ  സമ്മർദം അനുഭവിക്കുന്നവരിൽ സ്‌ത്രീകളാണ് മുമ്പിൽ. വിഷാദം, നിസ്സഹായത, കടുത്ത വിഷമം, ഉൾവലിവ് ഒക്കെ ഇവരിൽ കാണാം.

ആർത്തവ വിരാമം ഒരു രോഗമല്ല
മധ്യവയസ്സുള്ള സ്‌ത്രീകളിൽ വളരെ സ്വാഭാവികമായി വന്നുചേരുന്ന അനിവാര്യതയാണ് ആർത്തവ വിരാമം. ഹോർമോൺ ഉൽപ്പാദനം തീരെ കുറയുന്ന സമയമായതിനാൽ വിഷാദം, ദേഷ്യം, തലവേദന, സങ്കടം, ലൈംഗിക താൽപ്പര്യം കുറയുക ഇവയൊക്കെ ഉണ്ടാകാം. വൈദ്യ നിർദേശം അനുസരിച്ചുള്ള ലഘുചികിത്സകൾ ആശ്വാസമേകും.

പരിഹാരങ്ങൾ
സംഘർഷങ്ങളെ നേരിടാനുള്ള കഴിവ് ഓരോരുത്തരിലുംവ്യത്യസ്‌തമാണ്.  ചെറിയ പ്രതിസന്ധികളിൽപ്പോലും സമ്മർദം അനുഭവിക്കുന്ന സ്‌ത്രീകൾ നിരവധിയാണ്. ചികിത്സയും കൗൺസലിങ്ങും മികച്ച ഫലം തരും. സ്വയം ചികിത്സ ഒഴിവാക്കുകയും വേണം. ഒപ്പം കുടുംബത്തിന്റെ സ്‌നേഹപരിപാലനങ്ങളും അനിവാര്യമാണ്.

ജോലിക്കൊപ്പം വിശ്രമത്തിനും ആനന്ദത്തിനുമുള്ള വഴികൾ  സ്വയം കണ്ടെത്തുക. യോഗ, നൃത്തം, പാട്ട്, വായന ഇവയൊക്കെ ജീവിതത്തിന്റെ ഭാഗമാക്കാം. ഒപ്പം ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണം. പ്രഭാതഭക്ഷണം,  പോഷകാഹാരം ഇവ ഒഴിവാക്കുന്ന പ്രവണത ഒട്ടും നന്നല്ല. നല്ല സൗഹൃദങ്ങളെ വളർത്തിയെടുക്കുക.

സംസ്ഥാന ഔഷധ സസ്യ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറാണ്‌ ലേഖിക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top