24 April Wednesday

റാബിയ ഉമ്മ സ്റ്റാറാ

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Thursday Oct 5, 2017
ഓർമ്മകൾക്ക് ഇലകളിൽ പെയ്യുന്ന മഴത്തുള്ളിയുടെ കനമാണെന്ന് തോന്നും ബീഗം റാബിയ പോയ കാലത്തിന്റെ പാട്ടുകൾ മൂളുമ്പോൾ... ചിരിയുടേയും കണ്ണീരിന്റേയും നനവ് പടർന്ന ആ വരികളിൽ റാബിയ പിടിച്ചുകെട്ടിയത് ഒരായുസ്സിന്റെ മുഴുവൻ സ്വപ്‌നങ്ങളുമാണ്.   
കോഴിക്കോടിന്റെ കലാസാംസ്‌കാരിക ഭൂമികയിൽ നിന്നും തന്റെ 80ാം വയസ്സിൽ സംവിധായകൻ ആദിയുടെ ചങ്ങരംകുളത്തെ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ബീഗം റാബിയ എത്തുമ്പോൾ പൂർണത നേടുന്നത് ഒരിക്കൽ കൈവിട്ടുപോയ ഒരു വലിയ കിനാവ് കൂടിയാണ്. 65 വർഷമായി ആകാശവാണിയിൽ 'എ' ഗ്രേഡ് ആർടിസ്റ്റായി  പാട്ടിലും നാടകത്തിലും നിറഞ്ഞാടിയെങ്കിലും തന്റെ യാഥാസ്ഥിതിക പഠാണി മുസ്ലിം കുടുംബാംഗങ്ങൾ സിനിമയുടെ വഴിയിൽ റാബിയയെ വിട്ടില്ല. സമ്മതിച്ചിരുന്നെങ്കിൽ മലയാള സിനിമയുടെ ചരിത്രം തന്നെ മാറിയേനെ. രാമു കാര്യാട്ടിന്റെ 'ചെമ്മീൻ' എന്ന സിനിമയിൽ കറുത്തമ്മയ്ക്ക് ബീഗം റാബിയയുടെ മുഖമായേനെ.... മലയാളത്തിന്റെ മഹാനടി മഞ്ജു വാര്യരുടെ കവിളിൽ നൽകിയ ഉമ്മയാണ് ഇപ്പോൾ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ ബീഗം റാബിയക്ക് അവസരമായത്. 
 
മഞ്ജുവിന്റെ ആരാധിക
 
ആഴ്ചകൾക്കു മുമ്പ് കോഴിക്കോട് ഒരു സ്വകാര്യ പരിപാടിക്കെത്തിയ മഞ്ജുവാര്യരെ കാണാനെത്തിയ ബീഗം റാബിയ ടി വി വാർത്തയിലും സോഷ്യൽ മീഡിയയിലും ഇടംനേടി. 'സല്ലാപം' ഉൾപ്പെടെ എല്ലാ സിനിമകളും കണ്ടതായും വലിയ ആരാധികയാണെന്നും പറഞ്ഞ് നിറകണ്ണുകളോടെ  ഉമ്മവെച്ചപ്പോൾ മഞ്ജുവും ചുറ്റും കൂടിയവരിൽ പലരും തിരിച്ചറിഞ്ഞിരുന്നില്ല ഒരു കാലത്ത് കോഴിക്കോട് കേൾക്കാനാഗ്രഹിച്ച ശബ്ദത്തിന്റെ ഉടമയാണ് അവരെന്ന്. മഞ്ജുവാര്യർക്കും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ആ ദിവസത്തേത്. ഫേസ് ബുക്കിൽ, തന്നെ കാണാനെത്തിയ അജ്ഞാതയായ ആ 'അമ്മ'യെ കുറിച്ച് മഞ്ജു വാര്യർ പോസ്റ്റിട്ടു, ''ആ സ്‌നേഹം നിറഞ്ഞ മുഖം എന്റെ മുന്നിൽ നിന്ന് മറഞ്ഞപ്പോൾ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മയ്ക്ക് എന്തൊക്കെയോ പറയാനും ബാക്കിയുണ്ടെന്നു തോന്നി... എവിടെയാണെങ്കിലും ആ സ്‌നേഹവും പ്രാർഥനയും എന്നെ താങ്ങി നിർത്തട്ടെ... എവിടെയാണെങ്കിലും ഈശ്വരൻ ആ അമ്മയ്ക്ക് ആരോഗ്യവും മനസ്സമാധാനവും നൽകട്ടെ...'' ഈ പോസ്റ്റ് വായിച്ച് നിരവധിപ്പേരാണ് അജ്ഞാതയായ ആ അമ്മയെ അന്വേഷിച്ചത്... ഇപ്പോഴും അന്വേഷിക്കുന്നത്. ടി വി വാർത്ത കണ്ട സംവിധായകൻ ആദി പൊന്നാനിയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന തന്റെ 'പന്ത്' എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തിനുള്ള തിരച്ചിൽ അങ്ങനെ റാബിയയിൽ അവസാനിപ്പിച്ചു. 
 
ബാലലോകത്തിൽ തുടക്കം
 
കോഴിക്കോടിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം... 1950കളിൽ കോഴിക്കോട് ആകാശവാണിയുടെ തുടക്കകാലത്ത് 'ബാലലോകം'അവതരിപ്പിക്കാൻ നഗരത്തിലെ സ്‌കൂളുകളിൽ കുട്ടികളെ തേടിയിറങ്ങിയ തിക്കോടിയൻ, പി ഭാസ്‌കരൻ എന്നിവരുടെ മുന്നിൽ ബിഇഎം സ്‌കൂളിലെ ഹെഡ്മിസ്ട്രസ് മിസിസ് ചന്ദ്രനാണ് ആറാം ക്ലാസിൽ പഠിക്കുന്ന പാട്ടുകാരിയായ റാബിയ എന്ന കൊച്ചുമിടുക്കിയെ പരിചയപ്പെടുത്തുന്നത്. 

 
''ശനിയാഴ്ചകളിലായിരുന്നു ബാലലോകം റിഹേഴ്‌സൽ. ഞായറാഴ്ച ലൈവായിട്ടാണ് പ്രക്ഷേപണം ചെയ്തിരുന്നത്. ബാലലോകത്തിൽ സ്ഥിരം പരിപാടി അവതരിപ്പിച്ചു തുടങ്ങിയതോടെ പിന്നെപ്പിന്നെ നാടൻപാട്ടുകൾ, മാപ്പിളപ്പാട്ടുകൾ എന്നിവയെല്ലാം അവതരിപ്പിക്കാൻ അവസരം കിട്ടി. ബി എ ചിദംബരനാഥ്, ഗോപിനാഥ ഭാഗവതർ, ശാന്ത പി നായർ, മീനാക്ഷി തമ്പി, ശാന്താദേവി... ഇവരൊക്കെയായിരുന്നു അന്നത്തെ ആകാശവാണി താരങ്ങൾ. പിന്നീട് നാടകം, മഹിളാലയം, പഴയ ഹിന്ദി ഗാനങ്ങൾ കോർത്തിണക്കിയ ദിൽ സേ ദിൽ തക്ക്... തുടങ്ങിയ പരിപാടികളൊക്കെ അവതരിപ്പിക്കാനും 'എ' ഗ്രേഡ് ആർടിസ്റ്റ് ആകാനും  അവരുടെയൊക്കെ പ്രോത്സാഹനം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്'' ബീഗം റാബിയ ഓർക്കുന്നു. 
 
17ാം വയസ്സിലാണ് ബീഗം റാബിയക്ക്   ആകാശവാണിയിൽ റേഡിയോ ആർടിസ്റ്റായി ജോലി കിട്ടുന്നത്. അങ്ങനെ 10 രൂപാ പ്രതിഫലത്തിൽ  മഹിളാലയത്തിൽ പരിപാടി അവതരിപ്പിച്ചു തുടങ്ങി. അന്ന് പി വി കൃഷ്ണമൂർത്തിയായിരുന്നു അസിസ്റ്റന്റ് സ്‌റ്റേഷൻ ഡയറക്ടർ. 
ബാലൻ കെ നായർ, നിലമ്പൂർ ആയിഷ, കുതിരവട്ടം പപ്പു, ശാന്താദേവി... എന്നിവരോടൊപ്പം റാബിയ അഭിനയിച്ച റേഡിയോ നാടകങ്ങൾക്ക് കണക്കില്ല. എം ടി, എസ് കെ പൊറ്റക്കാട്ട്, കെ ടി, വാസു പ്രദീപ്, പി എൻ എം ആലിക്കോയ, ബി മുഹമ്മദ്, കെ തായാട്ട്... തുടങ്ങി നിരവധി എഴുത്തുകാരുടെ നാടകങ്ങളിൽ ബീഗം റാബിയ ശബ്ദംകൊണ്ട് അനശ്വരമാക്കിയ കഥാപാത്രങ്ങളെ പഴയതലമുറയിൽപെട്ടവർ ഇപ്പോഴും ഓർക്കുന്നുണ്ട്.  65 വർഷമായി കോഴിക്കോട് ആകാശവാണിയുടെ ഒപ്പം ബീഗം റാബിയ എന്ന കലാകാരി യാത്ര ചെയ്യാൻ തുടങ്ങിയിട്ട്. കോഴിക്കോട് ആകാശവാണിയുടെ ചരിത്രത്തോടൊപ്പം ചേർത്തുവെക്കാം ഈ കലാകാരിയെ. 
 
പാട്ടിന്റെ വഴി
 
ഉറുദു, ഹിന്ദി ഭാഷകളിൽ റാബിയക്ക് നല്ല പ്രാവീണ്യമുണ്ടായിരുന്നു. അക്കാലത്ത് മികച്ച ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ ക്രൗൺ തിയേറ്ററിൽ വരുമായിരുന്നു. സഹോദരൻ ഹിന്ദി സിനിമ കണ്ട്, അതിലെ പാട്ടുകൾ വീട്ടിൽ  ഉച്ചത്തിൽപാടുന്നത് കേട്ട് കേട്ടാണ് റാബിയയുടെ ഹൃദയത്തിൽ സൈഗാളും ലതാമങ്കേഷ്‌കറുമൊക്കെ കൂടുകൂട്ടുന്നത്. തൊട്ടടുത്ത വീട്ടിലെ ഗ്രാമഫോണിൽ നിന്നും റാബിയ പാട്ടുകൾ കേട്ടുപഠിച്ചു. ആകാശവാണിയിൽ റാബിയയുടെ നാടൻ പാട്ട് കേൾക്കാൻ അന്ന് കോഴിക്കോട് അൻസാരി പാർക്കിൽ വലിയ ജനക്കൂട്ടം എല്ലാ വൈകുന്നേരങ്ങളിലും എത്തിയിരുന്നു. 'നാട്ടിൻപുറം' പരിപാടിയിലെ റാബിയയുടെ നാടൻപാട്ടുകൾക്ക് നിരവധി ആരാധകർ അന്നുണ്ടായിരുന്നു.  80ന്റെ ചെറുപ്പത്തിൽ ഇന്നും റാബിയ പാട്ടിന്റെ ലോകത്ത്  ആകാശവാണിയിൽ സജീവമാണ്. 
 
കുടുംബം
 
ഭർത്താവ് ഷെയ്ഖ് മുഹമ്മദ് നാടകകൃത്തും ബിസിനസ്സുകാരനുമായിരുന്നു.1956ലായിരുന്നു വിവാഹം. കുടുംബത്തിൽ നിന്നും എതിർപ്പ് വന്നതോടെ ആകാശവാണിയിലെ ജോലി താൽക്കാലികമായി നിർത്തേണ്ടിവന്നു. പൊലീസുകാരനായ പിതാവ് ഷെയ്ഖ് ചിന്താമിയ സാഹിബും ഉമ്മ ബീജുബിയും 10ാം ക്ലാസുവരെ പഠിപ്പിച്ചതുകൊണ്ട് കുട്ടിക്കാലം മുതൽ തന്നെ എല്ലാ കാര്യങ്ങളേയും സൂക്ഷ്മമായി കാണാനും പഠിക്കാനുമുള്ള കഴിവ് റാബിയക്ക് കിട്ടി. 
 
കറുത്തമ്മയാകാൻ ക്ഷണം
 
1956ൽ കോഴിക്കോട്ടും ഇന്ത്യയിൽ തന്നെയുമുള്ള പ്രഗത്ഭരായ ആർടിസ്റ്റുകളെ അണിനിരത്തി കോഴിക്കോട്ട് നടത്തിയ പരിപാടി ഇന്നലെയെന്ന പോലെ  ബീഗം റാബിയയുടെ കണ്ണുകളിലുണ്ട്.
 
''പരിപാടിയുടെ ഭാഗമായി 'ന്റെപ്പുപ്പാക്കൊരാനെണ്ടാർന്നു' നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. കെ ടി മുഹമ്മദാണ് സംവിധാനം. സമുദായത്തിൽ നിന്നുള്ള എതിർപ്പൊക്കെ അറിയിച്ച് ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. ഒടുവിൽ ആരോടും പറയാതെ നോട്ടീസിൽ പേരുവെക്കാതെ അഭിനയിച്ചു. രമണി എന്നാണ് എന്നെ അന്ന് വേദിയിൽ പരിചയപ്പെടുത്തിയത്. കുഞ്ഞുപാത്തുമ്മയായിട്ടാണ് ഞാൻ അഭിനയിച്ചത്. നിലമ്പൂർ ആയിഷയൊക്കെ നാടകത്തിലുണ്ടായിരുന്നു. ഗവ. മോഡൽ സ്‌കൂളിലായിരുന്നു നാടകം. കെ പി ഉമ്മറായിരുന്നു പ്രധാന കഥാപാത്രം. തൊട്ടഭിനയിക്കാൻ പേടിച്ചിട്ട് അദ്ദേഹത്തിന്റെ കൈയിൽ പിടിക്കേണ്ട സമയത്ത് ഒരു ടവ്വൽ കൊടുത്ത് അതിൽ പിടിച്ചാണ് അഭിനയിച്ചത്. 
 
നാടകം കഴിഞ്ഞപ്പോൾ രാമു കാര്യാട്ട്, നടൻ സത്യൻ എന്നിവർ വേദിക്കു പുറകിൽ വന്നാണ് ചെമ്മീനിലെ കറുത്തമ്മയാകാൻ ക്ഷണിച്ചത്. കെ രാഘവൻ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ നിർബന്ധിച്ചെങ്കിലും സമുദായത്തെയും കുടുംബത്തേയും പേടിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു''. നഷ്ടബോധം ഒട്ടുമില്ലാതെ റാബിയ പറഞ്ഞു നിർത്തി. 
 
ഇപ്പോൾ 'പന്ത് 'എന്ന സിനിമയിൽ നിലമ്പൂർ ആയിഷയും ഒപ്പം അഭിയിക്കുന്നു എന്നത് ചരിത്ര നിയോഗമായി കാണാം. ''സംവിധായകൻ പറയുന്നതുപോലെ ചെയ്യാൻ ശ്രമിക്കുന്നു. എല്ലാവരും ഒപ്പം തന്നെയുണ്ട്. അതുകൊണ്ട് അഭിനയിക്കുകയാണെന്നൊന്നും തോന്നുന്നില്ല.'' 
കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനകം ഈ വലിയ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്. തപാൽ വകുപ്പിലെ 'മൈ സ്റ്റാമ്പ്' പദ്ധതി പ്രകാരം കോഴിക്കോട് പോസ്റ്റ് ഓഫീസ് ബീഗം റാബിയയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.  
 
സൗകര്യമുള്ള ഒരു വീടില്ല എന്നതടക്കമുള്ള  വ്യക്തിപരമായ ചില സങ്കടങ്ങൾ കൂടെയുണ്ടെങ്കിലും  ഹൃദ്യമായ ഒരു ചിരിയിൽ ബീഗം റാബിയ എല്ലാം ഒതുക്കുന്നു. ആരെ കണ്ടാലും പാട്ടുപാടി അവരെ കൂടെക്കൂട്ടുന്നു...
 
മഴയിൽ അലിഞ്ഞിറങ്ങുന്ന വിഷാദമായ്, പ്രാർഥനയായ്, പ്രണയമായ് സൈഗാളിന്റെ ജബ് ദിൽ ഹീ ടൂട് ഗയാ... ലതാമങ്കേഷ്‌കറിന്റെ ആയെഗാ..ആയെഗാ...ആനെവാലാ...നൂർജഹാന്റെ ആജാ..ആജാ... മേരി ബർബാദ്... ബാബുരാജിന്റെ കണ്ണീരും സ്വപ്‌നങ്ങളും.... ബീഗം റാബിയ പാടിക്കൊണ്ടിരിക്കുന്നു.... ഓർമ്മകൾക്കുമേൽ പെയ്തുതീരാത്ത മഴപോലെ...
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top