29 January Sunday

പാട്ടിന്റെ പൊൻകതിരുമായി മലയാള സംഗീതലോകത്ത് പാറിവന്ന 'പച്ചപ്പനന്തത്ത' മച്ചാട്ട് വാസന്തി.

എ സുരേഷ്Updated: Tuesday Jun 5, 2018

 ജീവിതമേൽപിച്ച പരുക്കുകളോട് ഏറ്റുമുട്ടി പിൻവാങ്ങിയെങ്കിലും മലയാളത്തിന്റെ ആസ്വാദക ലോകത്തിനു മറക്കാനാവില്ല, ഈ പാട്ടുകാരിയെ, അഭിനേത്രിയെ. ഏകാന്തവും വിഷാദപൂർണവുമായ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന മൃതസഞ്ജീവനിയായി 2018ലെ ഭരത് പി ജെ ആന്റണി സ്മാരക അഭിനയ‐ സംഗീത പ്രതിഭാ അവാർഡ്. അഭിനയ ഗുരുവും ജ്യേഷ്ഠ തുല്യനുമായ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം തന്നെ തേടിയെത്തിയതിൽ വിവരിക്കാനാവാത്ത സന്തോഷത്തിലാണ് വാസന്തി. കോഴിക്കോട്ട് ഫറോക്കിനടുത്ത വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഗായികയെ മധുരിക്കുന്ന ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി, ആ അവാർഡ് വാർത്ത. 

"പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നൊക്കെ പറയുമ്പോലെ ഞങ്ങളുടെ അന്നത്തെ അഭിനയ കലാശാലയായിരുന്നു ആന്റണിചേട്ടന്റെ റിഹേഴ്സൽ ക്യാമ്പുകളെന്ന്്'' വാസന്തി. അദ്ദേഹം കോഴിക്കോട്ട് വന്നു കണ്ടതും നാടകത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോയതുമെല്ലാം ഇന്നലെ കഴിഞ്ഞപോലെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. "കൊച്ചി കേന്ദ്രമായി നാടകപ്രവർത്തനം നടത്തിയ ആന്റണിചേട്ടൻ വടക്കേമലബാറിൽനിന്നൊരു നടിയെ വേണമെന്ന് താൽപര്യപ്പെട്ടത് തന്റെ പാട്ട് കേട്ടിട്ടാണ്. കോഴിക്കോട്ട് ഒരു ഗാനമേളയിൽ ഞാൻ പാടുന്നതു കേട്ടശേഷമാണ് അദ്ദേഹം അച്ഛനോട് ആഗ്രഹം പ്രകടിപ്പിച്ചത്.''

പാട്ടിന്റെ പൊൻകതിരുമായി

പാട്ടുപാടിയാണ് വാസന്തി അരങ്ങിലേക്കും അഭ്രപാളിയിലേക്കുമെല്ലാം നടന്നുകയറിയത്. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളനവേദിയിൽ 'പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ...' എന്ന വിപ്ലവഗാനം പാടിയത് ഒമ്പതാം വയസ്സിൽ. ആ ആദ്യഗാനം ശ്രോതാക്കളെ ആകർഷിച്ചു. വിപ്ലവഗായകനും കലാപ്രവർത്തകനുമായ മച്ചാട്ട് കൃഷ്ണന്റെ മകൾക്ക് പാടാനറിയുമെന്ന് കേട്ടപ്പോൾ മുൻ മുഖ്യമന്ത്രി ഇ കെ നായനാരാണ് സ്റ്റേജിൽ കയറ്റിയത്. അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി പാർടി സമ്മേളന വേദികളിലെത്തിയ ബാലിക പിന്നീട് നാടിന്റെ പാട്ടുകാരിയായി. എം എസ് ബാബുരാജിന്റെ അടുപ്പക്കാരനായിരുന്ന അച്ഛന്റെ കലാസ്നേഹമാണ് അവരെ കണ്ണൂരിൽനിന്ന് കോഴിക്കോട്ടെത്തിച്ചത്. വാടകവീട്ടിൽ താമസിച്ച് സംഗീത പഠനം. മലബാറിൽ പാട്ടും നാടകവും ഉണർന്ന കാലം. സമ്മേളന സദസ്സുകളും ഗാനമേളകളും കടന്ന് നാടകത്തിലേക്ക് പാട്ടിന്റെ കൂടുമാറ്റം അതോടെ. ചെറുകാടിന്റെ നമ്മൊളൊന്ന് നാടകത്തിൽ പൊൻകുന്നം ദാമോദരൻ എഴുതി എം എസ് ബാബുരാജ് ഈണമിട്ട മനോഹരമായ ഗാനത്തിലൂടെ വാസന്തിയുടെ ശബ്ദം ആസ്വാദകലോകം ഏറ്റുവാങ്ങി. കോഴിക്കോട് അബ്ദുൽഖാദറിനൊപ്പം,

"പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ...''

എന്ന ഹിറ്റ് പാടുമ്പോൾ പതിമൂന്ന് വയസ്സ്. കുഞ്ഞ് ശബ്ദത്തിലുള്ള ആ പാട്ട്, പാടിയതാരെന്നറിയാതെ തലമുറകളിലൂടെ സഞ്ചരിച്ചു.  വർഷങ്ങൾക്കുശേഷം എം ജയചന്ദ്രന്റെ ഈണത്തിൽ യേശുദാസ് വീണ്ടും ആലപിച്ചപ്പോൾ പലരും പാട്ടിന്റെ ആ കുഞ്ഞുശബ്ദം ഓർമിച്ചു. അത് ചില വിവാദങ്ങൾക്കും ഇടവരുത്തി. പാട്ടിന്റെ വഴിയിൽ കൈപിടിച്ചു നടത്തിയ ബാബുരാജ് തന്നെയാണ് സിനിമയിലേക്കും വഴിതുറന്നത്. ഓളവും തീരവും  എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ 'മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ... മധുരക്കിനാവിന്റെ കരിമ്പു തോട്ടം...' ബാബുരാജിന്റെ ഈണത്തിൽ പാടിയ ആ പാട്ടുമതി വാസന്തിയെന്ന ഗായികയെ മലയാളം എക്കാലവും ഓർക്കാൻ. അടുത്തവർഷം എം ടിയുടെ കുട്ട്യേടത്തിയിൽ 'അലർശര പരിതാപമെന്തേ.. എന്ന മോഹിനിയാട്ട പദം ആലപിച്ചത് കലാമണ്ഡലം സരസ്വതിയോടൊപ്പം. എന്നാൽ സിനിമാ സംഗീതലോകത്തുനിന്ന് ആരോരുമറിയാതെ അപ്രത്യക്ഷയാവാനായിരുന്നു ആ ഗായികയുടെ നിയോഗം. വർഷങ്ങൾക്ക് ശേഷം ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ മീശമാധവൻ, വടക്കുംനാഥൻ എന്നീ ചിത്രങ്ങളിൽ പാടാൻ അവസരമുണ്ടായെങ്കിലും വീണ്ടും തിളങ്ങാനായില്ല.

അരങ്ങുവാണ പാട്ടും ആട്ടവും

ഇ കെ അയമുവിന്റെ 'ജ്ജ് നല്ല മന്സനാകാൻ നോക്ക്' നാടകത്തിലെ 'കണ്ടില്ലേ കണ്ടില്ലേ കാലം പോണൊരു കോലം' എന്ന പാട്ട് വാസന്തിയും അച്ഛനും എസ് എ ജമീലും ചേർന്ന് പാടിയതാണ്. അതേപോലെ ബാബുരാജിനൊപ്പം ആലപിച്ച 'ഉച്ചമരപ്പൂന്തണലിൽ കൊച്ചു കളിവീടു കെട്ടി അച്ഛനമ്മയായി കളിച്ചതോർമയുണ്ടോ' എന്ന ഗാനവും ജനപ്രിയമായി. 'കറുത്ത പെണ്ണ്' നാടകത്തിൽ കെ രാഘവന്റെ ഈണത്തിൽ പാടിയ 'ചൂളിവരും കാറ്റിൽ മൂളിവരും വണ്ടേ' എന്ന പാട്ടുമെല്ലാം മറക്കാത്തവ. വേറെയും നിരവധി നാടകങ്ങളിൽ പാടി. പിന്നീട് അണിയറയിൽനിന്ന് അരങ്ങിലുമെത്തി. കെപിഎസിയുടെ പ്രശസ്തമായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിൽ അഭിനേത്രിയായത് യാദൃച്ഛികമായി. ബാലതാരം വിജയകുമാരിക്ക് അസുഖമായപ്പോൾ പകരം വാസന്തിയെ അഭിനയിപ്പിച്ചത് തോപ്പിൽ ഭാസി. നെല്ലിക്കോട് ഭാസ്ക്കരന്റെ 'തിളയ്ക്കുന്ന കടലി'ലെ ശാന്തടീച്ചർ, ബാലൻ കെ നായർ‐ കുഞ്ഞാണ്ടി ടീം ഒരുക്കിയ ഈഡിപ്പസ് നാടകത്തിലെ ജെക്കോസ്റ്റ, തിക്കോടിയന്റെ 'പരകായപ്രവേശ'ത്തിലെ അഞ്ജലി, കുതിരവട്ടം പപ്പു, കെ പി ഉമ്മർ ഒരുക്കിയ 'കറുത്തപെണ്ണി'ലെ ആമിന, ബഹദൂറിന്റെ 'ബല്ലാത്ത പഹയ'നിലെ സൽമ, 'കണ്ടംബെച്ച കോട്ടി'ലെ കുഞ്ഞീബി എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ. തിക്കോടിയന്റെയും കെ ടി മുഹമ്മദിന്റെയും നാടകങ്ങൾ നിരവധി വേദികളിൽ കളിച്ചു.

അതിനിടെയാണ് എറണാകുളത്തെ പിജെ തിയേറ്റേഴ്സിന്റെ നാടകത്തിൽ അഭിനയിക്കാൻ ക്ഷണമുണ്ടായത്. പി ജെ ആന്റണിയുടെ 'ഉഴവുചാൽ' നാല് വർഷത്തോളം ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിനു പുറത്ത് പലയിടത്തും ആ നാടകം അരങ്ങേറി. അതിലെ മനോഹരമായ നാല് പാട്ടുകൾ ഇന്നും വാസന്തിയുടെ ചുണ്ടിലൂറുന്നു.

സംഗീതത്തിൽ തിളങ്ങിനിന്ന കാലത്താണ് കലാസാഗർ മ്യൂസിക് ക്ലബ്ബ് സെക്രട്ടറി പി കെ ബാലകൃഷ്ണനുമായി വിവാഹം. ഇൻഡസ്ട്രിയലുടമയായ അദ്ദേഹത്തിന് വാസന്തി സിനിമയിൽ പാടുന്നതിൽ വിയോജിപ്പില്ലെങ്കിലും ദൂരെയൊന്നും പോകുന്നത് ഇഷ്ടമായില്ല. തുടർന്ന് ഗാനമേളകളിലും കോഴിക്കോട് ആകാശവാണിയിലും പാട്ട് തുടർന്നു. അച്ഛന്റെയും തൊട്ടുപിന്നാലെ 48ാം വയസ്സിൽ ഭർത്താവിന്റെയും മരണം വാസന്തിയെ തികച്ചും ഒറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പേരിലുള്ള കടബാധ്യത തീർക്കാൻ ഉള്ളതെല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നു. ഏതാനും സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചെങ്കിലും അവസരങ്ങൾ കുറഞ്ഞു. പാട്ടും നാടകവുമായിരുന്നു ആകെ ജീവിതമാർഗം. തൊണ്ടയിൽ മുഴ വളർന്നത് പാടാൻ തടസ്സമായി. അടിക്കടിയുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ് പുറത്തേക്കുള്ള യാത്രകളും വയ്യാതായി. കലാലോകത്തെ സുമനസ്സുകളുടെ സഹായത്താലാണ് അവർ ഇക്കാലത്ത് പിടിച്ചുനിന്നത്. പാടി മതിവരാതെ പിൻമടങ്ങേണ്ടിവന്നത് വലിയ വേദനയായി അവർ കൊണ്ടുനടന്നു.

പ്രതികൂല സാഹചര്യങ്ങളാൽ വെള്ളിവെളിച്ചത്തിൽനിന്ന് പിന്മാറേണ്ടിവന്നെങ്കിലും അവരെ അവഗണിക്കാൻ മലയാള നാടക‐സംഗീത ലോകത്തിനു കഴിയില്ല. പി ജെ ആന്റണി സ്മാരക അവാർഡ് അവരിലേക്കെത്തിയതും അതുകൊണ്ടുതന്നെ. 15,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ജൂൺ ഒമ്പതിന് സാഹിത്യ അക്കാദമി ഹാളിൽ വാസന്തിക്ക് സമ്മാനിക്കുമ്പോൾ മലയാളത്തിന്റെ ജനകീയ കലാചരിത്രവും കൂടിയാണ് സ്മരിക്കപ്പെടുന്നത്. ജീവിതം, അതിജീവനം, സമരം എന്നാണ് പുരസ്കാര സമിതി ഇതിനെ നാമകരണം ചെയ്തിരിക്കുന്നതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top